ഇന്ത്യയിൽ ഉന്നതപഠനം സ്വപ്നം കാണുന്ന ദലിതരെ കാത്തിരിക്കുന്നത് വേട്ടയാടലിന്റെ കെണികൾ

ഇന്ത്യയിൽ ഒരാൾ തന്റെ ജാതീയവും, സാമൂഹികവുമായ പിന്നോക്കാവസ്ഥയിലും ഉന്നത സർവ്വകലാശാലയിൽ പഠനം സ്വപ്നം കാണുന്നുണ്ടെങ്കിൽ അവിടെ അവളെ-അവനെ കാത്തിരിക്കുന്നത് അറിവിന്റെ, സാധ്യതയുടെ അനന്തമായ ലോകം മാത്രമല്ല, നിരന്തരമായ വേട്ടയാടലിന്റെ കെണികൾ കൂടിയാണ്…


വിഷ്ണു വിജയൻ

ഏതാനും മാസം മുമ്പ് ഒരു സുഹൃത്ത് മെസേജ് അയച്ച് ചോദിക്കുകയുണ്ടായി, ഉത്തരേന്ത്യയിൽ പഠിക്കുന്ന ആരെയെങ്കിലും നേരിട്ട് പരിചയമുണ്ടോയെന്ന് !

ഉണ്ടല്ലോ, എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ, പുള്ളിക്കാരി നൽകിയ മറുപടി, മെഡിക്കൽ ഫീൽഡിൽ ഹയർ എഡ്യൂക്കേഷൻ ചെയ്യാൻ നോർത്തിൽ പോകാനാണെന്ന്.

അതിനെന്താണ് ഇത്ര പ്രത്യേകത എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, നമ്മൾ ഇങ്ങനെ നിരന്തരം കാണുന്ന വാർത്തകളിൽ ഒക്കെ നല്ല പേടിയുണ്ട്, പ്രത്യേകിച്ച് Caste Discrimination ഒക്കെ അതുകൊണ്ടാണ് അതിനെക്കുറിച്ച് അന്വേഷിച്ചു പറയാമോ എന്ന്. നോക്കൂ ഉന്നത വിദ്യാഭ്യാസം ആർജ്ജിച്ചെടുക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർഥി ഈ രാജ്യത്ത് എന്തൊക്കെ ജാഗ്രത പുലർത്തണം എന്ന്.

മറ്റൊരു സംഭവം സൂചിപ്പിച്ചു തുടങ്ങാം, ഉത്തരേന്ത്യയിലല്ല കേരളത്തിൽ തന്നെയാണ്. കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിൽ (CUK) ഭാഷാ ഗവേഷണ വിഭാഗത്തിൽ (PhD) വിദ്യാർത്ഥിയാണ് ജി.നാഗരാജു. തെലുങ്കാനയിലെ ഒരു പിന്നോക്ക ഗ്രാമത്തിൽ നിന്നുള്ള വിദ്യാർത്ഥി.

മുൻപ് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി കൂടിയായിരുന്ന നാഗരാജു രോഹിത് വെമുലയുടെ സുഹൃത്തും അംബേദ്കർ സ്റ്റുഡൻ്റ് അസോസിയേഷൻ പ്രവർത്തകനും ആയിരുന്നു, ഒടുവിൽ രോഹിത് വെമുലയുടെ ശരീരം സർവ്വകലാശാലയിലെ ഹോസ്റ്റൽ റൂമിൽ തൂങ്ങിയാടുന്നത് ആദ്യമായി കണേണ്ടിവന്നവരിൽ ഒരാൾ.

പിന്നീട് കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ഹൈദരാബാദിൽ രോഹിത്തിന് നേരിടേണ്ടി വന്ന സമാനമായ സാഹചര്യത്തിലേക്കാണ് നാഗരാജു എന്ന ഗവേഷണ വിദ്യാർത്ഥിയുടെ ജീവിതവും കടന്നു പോയത്.

കോളേജ് ഹോസ്റ്റലിലുണ്ടായ ചെറിയൊരു പിഴവിന് പത്ത് ദിവസത്തേക്ക് ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും, ശേഷം ഹോസ്റ്റലിൽ നിന്ന് സസ്‌പെൻഡ്ചെയ്യുകയും, യൂണിവേഴ്‌സിറ്റി അധികൃതർ തുടർച്ചയായി ഭീക്ഷണി മുഴക്കുകയും പോലീസിൽ കേസ് രജിസ്റ്റർ ചെയ്ത നാഗരാജുവിനെ പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയും ചെയ്തു.

പതിവായി ദളിത്, കീഴാള യുവാക്കളെ കുറ്റവാളികളാക്കാൻ മുദ്രകുത്തുന്ന മാവോയിസ്റ്റ്, തീവ്രവാദി, ഡ്രഗ്സ് ഡീലർ തുടങ്ങിയ ആരോപണങ്ങളെല്ലാം പതിവ് തെറ്റിക്കാതെ തന്നെ നാഗരാജുവിന്റെ കാര്യത്തിലും യൂണിവേഴ്‌സിറ്റി അധികൃതർ ഉന്നയിച്ചത്.

തുല്യത നിഷേധിക്കപ്പെടുമ്പോൾ എല്ലാം നിഷേധിക്കപ്പെടുന്നു. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാനുള്ള ഇടം നിഷേധിക്കുന്നു, അരികുകളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു.

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിൽ രോഹിത് വെമുലയുടെ ബാച്ച്‌മേറ്റും, പിന്നീട് ഡൽഹി ഡൽഹി ജവഹര്‍ലാല്‍ നെഹ്റു സർവ്വകലാശാലയിൽ പൊളിറ്റിക്കല്‍ സയന്‍സ് എംഫില്‍ വിദ്യാര്‍ത്ഥിയും ആയിരുന്ന മുത്തുകൃഷ്ണന്‍ എന്നയാൾ ഫെയ്സ്ബുക്കിൽ എഴുതിയ ഒടുവിലത്തെ വരികളാണ്.

മുത്തുകൃഷ്ണന്‍ എന്ന ദളിതനായ വിദ്യാര്‍ത്ഥി ഇപ്പോൾ നമ്മോടൊപ്പമില്ല, സുഹൃത്ത് രോഹിത്തിൻ്റെ വഴികളിലൂടെ അയാളും യാത്രയായാട്ട് നാളുകളായി.

ഡിപ്പാര്‍ട്ട്മെന്റില്‍ സഹാപാഠികള്‍ക്കിടയില്‍ വലിയ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കാര്യം മുത്തുകൃഷ്ണന്‍ സുഹൃത്തുക്കളോട് പലപ്പോഴും വെളിപ്പെടുത്തിയിരുന്നു.

ഇവരുടെ കാര്യങ്ങൾ ഇപ്പോൾ എടുത്തു പറയാൻ കാരണം, കഴിഞ്ഞ ദിവസം മുംബൈയിൽ ഗൈനക്കോളജി വിദ്യാർത്ഥിനിയും ജൂനിയർ ഡോക്ടറുമായ Payal Tadvi എന്ന ഇരുപത്തിയാറ് വയസ്സുകാരി സീനിയർ വിദ്യാർത്ഥികളിൽ നിന്ന് നേരിടേണ്ടി വന്ന തീവ്രമായ ജാതീയ അതിക്ഷേപങ്ങളിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു.

നിരന്തരം ജാതിയ അധിക്ഷേപം നടത്തൽ. പായലിന്റെ സാധനങ്ങൾ വലിച്ചെറിയൽ. നാലു മുതൽ അഞ്ച് ദിവസം വരെ കുളിക്കാൻ പോലും അനുവാദിക്കാതിരക്കൽ, വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടെ ജാതി പേര് പറഞ്ഞ് പരിഹസിക്കൽ. പായലിന്റെ കിടക്ക വിരിയിൽ കാലു തുടയ്ക്കൽ. പഠനം പൂർത്തിയാക്കാൻ അനുവദിക്കില്ല എന്ന് നിരന്തരം ഭീക്ഷണി മുഴക്കൽ, എത്രത്തോളം രൂക്ഷമായ സാഹചര്യങ്ങളിൽ കൂടിയാണ് ആ വിദ്യാർത്ഥി കടന്നു പോയതെന്ന് ശ്രദ്ധിക്കുക.

ഇന്ത്യയിൽ ഒരാൾ തന്റെ ജാതീയവും, സാമൂഹികവുമായ പിന്നോക്കാവസ്ഥയിലും ഉന്നത സർവ്വകലാശാലയിൽ പഠനം സ്വപ്നം കാണുന്നുണ്ടെങ്കിൽ അവിടെ അവളെ-അവനെ കാത്തിരിക്കുന്നത് അറിവിന്റെ, സാധ്യതയുടെ അനന്തമായ ലോകം മാത്രമല്ല, നിരന്തരമായ വേട്ടയാടലിന്റെ കെണികൾ കൂടിയാണ്.

അരികുവത്കരിക്കപ്പെട്ട ഒരു പിന്നോക്ക വിഭാഗത്തിൽ നിന്നെത്തി ഉന്നതവിദ്യാഭ്യാസം ആർജ്ജിച്ചെടുക്കാൻ ഉയരങ്ങൾ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളാണ് നിരന്തരം ഇങ്ങനെ ഇല്ലായ്മ ചെയ്യപ്പെടുന്നത്.

ശബരിമല വിഷയം നടക്കുമ്പോൾ സുനിൽ പി ഇളയിടം പറഞ്ഞൊരു വാചകമുണ്ട്, ‘ MSc ബിരുദമുണ്ട് പക്ഷെ ആർത്തവം അശുദ്ധമാണെന്ന് പറഞ്ഞു റോഡിലേക്ക് ഇറങ്ങുകയാണ്, പിന്നെ ഈ MSc കൊണ്ട് വല്ല കാര്യവും ഉണ്ടോ! നാലാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിന് മനസിലാകും ഇതിലൊരു (ആർത്തവം) കുഴപ്പവും ഇല്ലെന്ന്.’

നമ്മളൊക്കെ ഡിജിറ്റൽ ലോകത്തല്ലേ ജീവിക്കുന്നത്, വലിയ വലിയ വിദ്യാഭ്യാസം ആർജ്ജിച്ചെടുക്കുന്ന, ലോകോത്തര നിലവാരം നേടിയെക്കുന്ന മനുഷ്യർ, ജാതിയൊക്കെ ഒരു പഴങ്കഥ അല്ലേ, വിദ്യാഭ്യാസവും വിവരവും വെച്ചാൽ തീരാവുന്നതേയുള്ളു എന്നൊക്കെയാണ് പൊതുബോധ വെപ്പ്.

പഠിക്കുന്നത് ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്, ഏറ്റവും മികച്ച കോഴ്സുകളും, പലതും ലോകോത്തര നിലവാരമുള്ളവ. പക്ഷെ ജാതീയമായ കണ്ണുകൾക്ക് പുറത്ത് മനുഷ്യനെ അളക്കാൻ ഇതുവരെ പഠിച്ചിട്ടില്ല, അത് പഠിപ്പിക്കുന്ന ഏജൻസികളും ഇല്ല.

അംബേദ്കറിന്റെ ആ വാക്കുകൾ തന്നെ ഓരോ തവണയും ആവർത്തിക്കുന്നു. “Caste is a state of Mind…”

Leave a Reply