ജന്മിത്വത്തിന്റെ ആവിര്‍ഭാവവും അടിയുറയ്ക്കലും
അനുരാധ ഘാന്‍ഡിയുടെ “സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്(Scripting the Change: Selected Writings of Anuradha Ghandy)” എന്ന പുസ്തകത്തിലെ ജാതിയെക്കുറിച്ചുള്ള അധ്യായം
മൊഴിമാറ്റം_ നര്‍മ്മദ
ഭാഗം 3
എഡി ആറാം നൂറ്റാണ്ടോടെ, മധ്യകാലഘട്ടത്തിന്റെ തുടക്കത്തില്‍, ജാതി അടിസ്ഥാനമായ വര്‍ണ്ണാശ്രമ ധര്‍മം ഇന്ത്യയിലൊട്ടാകെ അടിയുറയ്ക്കുവാന്‍ തുടങ്ങി. തൊഴിലാളികളുടെ ഉത്പ്പാദനത്തിന്റെ ഒരു വിഹിതം കൈയ്യടക്കിവെച്ച ഇടനിലക്കാരായ വര്‍ഗ്ഗത്തിന്റെ സൃഷ്ടിയോടും ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്വയം പര്യാപ്ത ഗ്രാമ സമ്പത്ത് വ്യവസ്ഥയുടെ രൂപീകരണത്തിലേക്കാണ് ഇത് നയിച്ചത്. എഡി മൂന്നാം നൂറ്റാണ്ടില്‍, റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു ഫലമായി നടന്ന വ്യാപാരികളും കൈവേലക്കാരായ സംഘങ്ങളുടെ ക്ഷയവും, ധനം വിതരണം ചെയ്യുന്നതിലുണ്ടായ ചുരുക്കം, കൈവേലക്കാര്‍ ഗ്രാമങ്ങളില്‍ സ്ഥിരമായി അധിവസിക്കുവാന്‍ തുടങ്ങിയത്. ഇവയെല്ലാം തന്നെ ജന്മിത്വത്തിന്റെ ഉത്ഭവത്തിനു സാഹചര്യമൊരുക്കി. ബ്രാഹ്മണര്‍ക്കും, ബുദ്ധ സംഘങ്ങള്‍ക്കും, സൈന്യാധിപര്‍ക്കും ഭൂദാനങ്ങള്‍ നല്‍കിയിരുന്നു. എഡി രണ്ടാം നൂറ്റാണ്ടില്‍ ശതവാഹനന്മാരുടെ സമയത്തും, എഡി നാലാം നൂറ്റാണ്ടിലെ ഗുപ്തന്മാരുടെ വാഴ്ചയിലും ഇത്തരം പ്രവണതകള്‍ കാണാമായിരുന്നുവെങ്കിലും, വ്യാപകമായത് അഞ്ചാം നൂറ്റാണ്ടു മുതലാണ്. ഏഴാം നൂറ്റാണ്ടു മുതല്‍, കരംപിരിക്കുന്നതിനും, ഭരണകാര്യങ്ങള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നതിനുമായി ജന്മിത്ത ഇടനിലക്കാരെ നിയോഗിക്കുന്നത് സാധാരണയായി. ബ്രാഹ്മണര്‍ക്കു ഭൂദാനം ലഭിച്ചിരുന്നതിലൂടെ വ്യക്തമാക്കുന്നത് ജന്മിത്വത്തിന്റെ ആദ്യ കാലഘട്ടം മുതല്‍ അവര്‍ ജന്മിത്ത വര്‍ഗ്ഗത്തിന്റെ ഭാഗമായിരുന്നു എന്നതാണ്. കുടിയേറ്റ കര്‍ഷകരും മറ്റു അധിനിവേശകരാലും കോളനിവത്ക്കരിക്കപ്പെട്ട ബംഗാള്‍, ഒറീസ, ഗുജറാത്ത്, മധ്യ-പടിഞ്ഞാറന്‍ മധ്യപ്രദേശ്, ഡെക്കാന്‍ പോലുള്ള പ്രദേശങ്ങളില്‍ അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ഈ പ്രക്രിയ നടന്നത്. ആറാം നൂറ്റാണ്ടില്‍ തമിഴ്‌നാട്ടിലും, കേരളം കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും നില നിന്നിരുന്ന പല്ലവ ഭരണത്തിന് കീഴില്‍ തുടക്കമിട്ടെങ്കിലും, ഒന്‍പതാം നൂറ്റാണ്ടിലെ ചോള രാജാക്കന്മാരുടെ കീഴിലായിരുന്നു ജന്മിത്തം പരമോച്ഛാവസ്ഥയിലെത്തിയത്.
ഇതേ കാലഘട്ടത്തില്‍ ജാതി പ്രവൃദ്ധിയാര്‍ജിച്ചു. സ്വന്തമായി വ്യത്യസ്ത ആചാരങ്ങള്‍ പിന്തുടരുന്ന ഗോത്രം എന്നര്‍ത്ഥം വരുന്ന ജാതി, ആള്‍ക്കാരെ കൂട്ടിയോജിപ്പിക്കുന്ന സംഘങ്ങളായതിനാല്‍ തന്നെ കാലക്രമേണ വര്‍ണ്ണത്തെ പുനഃസ്ഥാപിച്ചു. വ്യത്യസ്ത ഇടങ്ങളില്‍ യഥാര്‍ത്ഥ കര്‍ഷക കുടിയേറ്റക്കാര്‍ പ്രത്യേക കര്‍ഷജാതികളായി ഉയരുവാന്‍ തുടങ്ങി. ദക്ഷിണത്തില്‍, അധിപത്യത്തിലുള്ള ഭൂവുടമകളായ കര്‍ഷകരുടെ ജാതികള്‍, അധികാര ശ്രേണിയില്‍ ബ്രാഹ്മണര്‍ക്ക് തൊട്ടു താഴെയുള്ള ‘സാത്വിക ശൂദ്രര്‍’ എന്നറിയപ്പെട്ടു. കൃഷിക്കാവശ്യമായ പ്രത്യേക തൊഴില്‍ പരിശീലനത്തിനും, ഗ്രാമങ്ങളിലെ സാമൂഹിക ജീവിതത്തിനായും, ഒട്ടേറെ ജാതികളും ഉപജാതികളും രൂപപ്പെട്ടു. ആശാരി, കൊല്ലന്‍, കുശവന്‍, തോല്‍കൊല്ലന്‍ തുടങ്ങി ക്ഷുരകര്‍, അലക്കുകാര്‍, പുരോഹിതര്‍ വരെ വലിയ ഗ്രാമങ്ങളില്‍ ലഭ്യമായിരുന്നു. ജന്മിത്ത ഇടനിലക്കാരുടേതടക്കം മറ്റു കര്‍ഷക കുടുംബങ്ങള്‍ക്കും അവര്‍ തന്റെ കഴിവുകളുടെ സേവനം നല്‍കി. ഗ്രാമ ഉത്പാദനത്തിന്റെ ചെറിയൊരു വിഹിതം പാരിതോഷികമായി അവര്‍ കൈപറ്റി. ‘നാട്ടാര്‍’ എന്നറിയപ്പെട്ട ആധിപത്യ കര്‍ഷക സമുദായമാണ് ആദ്യം ഈ വിഹിതം തീരുമാനിച്ചിരുന്നത്. പിന്നീട് ഇവ കൂടുതല്‍ അധികാരികമാകുകയും, ഗ്രാമത്തിന്റെ നിലം ഉഴുവാന്‍ അവര്‍ക്ക് അധികാരം ലഭിക്കുകയും ചെയ്തു. ഗ്രാമഘടന നവീകരിക്കപ്പെട്ടതിന്റെ ഫലമായി ‘ജാജ്മാനി, ബാലുട്ടെധാരി, അയാഗ്രി’ തുടങ്ങിയ വ്യത്യസ്ത വ്യവസ്ഥകള്‍ നിലവില്‍ വന്നു. ദൈനംദിന കൈമാറ്റത്തിനായി പൈസ ആവശ്യമില്ലാതായി. എല്ലാ തരത്തിലുമുള്ള ശാരീരികവും, ഹീനവുമായ ജോലികള്‍ ചെയ്യുവാന്‍ താഴ്ന്ന ജാതിക്കാര്‍ ലഭ്യമായിരുന്നതിനാല്‍ തന്നെ, ബ്രാഹ്മണരെയും, മറ്റു ഉയര്‍ന്ന ജാതികളെയും, ഭൂവുടമകളായ ജന്മിത്ത ഇടനിലക്കാരെ അപേക്ഷിച്ച് തങ്ങളുടെ ആചാര സാമൂഹിക സത്യങ്ങളും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാനായി സഹായിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ മണ്ണുമായി യാതൊരു ബന്ധവും പുലര്‍ത്തിയില്ല. ജന്മിത്വ ഉത്പ്പാദന ബന്ധങ്ങള്‍ക്ക് ജാതി അനുയോജ്യമായതിനാല്‍ തന്നെ ‘ജാതി ജന്മിത്വം’ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
ഇതേ കാലഘട്ടത്തില്‍ ‘അയിത്ത ജാതിക്കാരുടെ ‘സംഖ്യയില്‍’ വന്‍ വര്‍ദ്ധനവുണ്ടായി. ബി സി നാലാം നൂറ്റാണ്ടില്‍ തന്നെ പതഞ്ജലിയില്‍ അയിത്തജാതികളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, രണ്ടു തരത്തിലുള്ള ശൂദ്രരെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു: നിരാശ്രിതരും (ഒഴിച്ച് നിര്‍ത്തപ്പെട്ടവര്‍), ആശ്രിതരും. ഇവരുടെ എണ്ണം വളരെ പരിമിതമായിരുന്നു. പിന്നീട് പുതിയ ഗോത്ര സംഘങ്ങളെക്കൂടി ഉള്‍ച്ചേര്‍ക്കുവാന്‍ തുടങ്ങി. എന്നാല്‍ ജന്മിത്ത കാലഘട്ടത്തിലാണ് ഇവരുടെ സംഖ്യ വര്‍ദ്ധിക്കുവാന്‍ തുടങ്ങിയത്. ഉദാഹരണമായി അയിത്തജാതികളിലെ ‘അയിത്ത ജാതിക്കാരായ’ ചമാര്‍, രാജക് തുടങ്ങിയ ജാതികള്‍ ഈ കാലഘട്ടത്തില്‍ അടിച്ചുതാഴ്ത്തപെട്ടു. കാടും, മണ്ണും ജീവിതോപാധികളും, സ്വാതന്ത്ര്യവും പിടിച്ചടക്കപ്പെട്ട ഗോത്രസംഘങ്ങളെ അയിത്തജാതികളുടെ സ്ഥാനത്തേക്ക് അടിച്ചുതാഴ്ത്തി. ശൂദ്രരില്‍ നിന്നും അതി ശൂദ്രരിലേക്ക് ചില കൈവേലക്കാരുടെ സംഘങ്ങളും തരംതാഴ്ത്തപെട്ടു. മതപരമായ നിയോഗങ്ങളാല്‍ യാതൊരു സ്വത്തും (സ്വര്‍ണ്ണം പോലെ) ഭൂമിയും കൈവശം വയ്ക്കാന്‍ അവകാശമില്ലാത്ത കരാര്‍ കര്‍ഷകത്തൊഴിലാളികളുടെ കൂട്ടത്തിലായി അവരും. മുഴുവന്‍ ഗ്രാമത്തെയും, പ്രത്യേകിച്ച് ഭൂവുടമകളെ സേവിക്കുകയും, എന്നാല്‍ നിഴല്‍ കൊണ്ട് പോലും മറ്റുള്ളവരെ ‘അശുദ്ധപ്പെടുത്താതെ’ ഗ്രാമത്തിനു പുറത്തു ജീവിക്കാനും അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. ‘അസ്പര്‍ശ്യരായ തൊഴിലാളികളില്‍’ നിന്നും പരമാവധി മിച്ചലാഭം പിഴിഞ്ഞെടുത്തുകൊണ്ട്, നിലനിൽപിന്റെയും നിരന്തരമായ അടിമത്വത്തിന്റെയും, താഴ്ന്ന തലങ്ങളിലേക്ക് അവര്‍ ചവിട്ടി താഴ്ത്തപ്പെട്ടു.
വ്യക്തികളായും സംഘങ്ങളായും ബ്രാഹ്മണര്‍ക്ക് ഭൂദാനവും, ഗ്രാമങ്ങളില്‍ നിന്നും പിരിച്ച കരത്തിന്റെ ഒരു വിഹിതവും ലഭിച്ചുകൊണ്ടിരുന്നു. അവര്‍ ഗ്രാമീണര്‍ തൊഴിലനുഷ്ഠിടിച്ചുണ്ടാക്കിയ മിച്ചലാഭത്തില്‍ നിന്നുമാണ് ജീവിച്ചു പോന്നത്. ബ്രാഹ്മണ്യ സംസ്‌കാരത്തിന്റെയും പഠനത്തിന്റെയും കേന്ദ്രങ്ങളായിരുന്നു ദക്ഷിണേന്ത്യയിലെ ബ്രഹ്മദേവ ഗ്രാമങ്ങള്‍. ഗ്രാമങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും ഉത്പാദന വിഭവശേഷിയും, ഗ്രാമീണ ജീവിതത്തിന് മേലുള്ള ഭരണനിര്‍വഹണ നിയന്ത്രണങ്ങളും, അവര്‍ കൂട്ടിയിണക്കി. ഗ്രാമത്തിന്റെ കരം ഒട്ടാകെ കൈവശം വയ്ക്കുവാനോ, വലിയൊരു വിഹിതം കൈയ്യടക്കുവാനോ ഉള്ള അധികാരം അവര്‍ ആസ്വദിച്ചുപോന്നു. തങ്ങളുടെ നിലങ്ങള്‍ കുടിയാന്മാരെക്കൊണ്ടോ, ഓഹരി ദല്ലാളുകളെക്കൊണ്ടോ കൃഷി ചെയ്യിപ്പിച്ചു. ഭൂമി കൈവശംവെയ്ക്കാനും, കാര്‍ഷികവൃത്തിയില്‍ മേല്‍നോട്ടം വഹിക്കാനും ധര്‍മം അവരെ അനുവദിച്ചെങ്കിലും, കാര്‍ഷികവൃത്തിയില്‍ സ്വയം ഏര്‍പ്പെടുവാന്‍ അവരെ അനുവദിച്ചില്ല. ബ്രാഹ്മണരില്‍ ഒരു വിഭാഗം, ഭരണവര്‍ഗ്ഗവുമായി ശക്തമായ ബന്ധം നിലനിര്‍ത്തിയിരുന്നു. ഭരണവര്‍ഗ്ഗങ്ങളുടെ ക്ഷത്രിയ വംശാവലിയെക്കുറിച്ചു കെട്ടുകഥകള്‍ രചിക്കുന്നതിനു പുറമെ ഒട്ടേറെ രാജവംശങ്ങളില്‍ അവര്‍ രാജപുരോഹിതന്മാരായും, ഭരണനിര്‍വഹണ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിരുന്നു. മിച്ചലാഭം ഉത്പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞിരുന്ന ഇതേ ബ്രാഹ്മണരാണ് ജന്മിത്ത കാലഘട്ടത്തില്‍ ഉന്നത സാമൂഹിക സ്ഥിതി അനുഭവിച്ചിരുന്നത്.
ഭൂവുടമകളും കരം പിരിവുകാരും ഭരണവര്‍ഗ്ഗവുമായി ഏറെ അടുപ്പമുള്ളവരും, എന്ന നിലയ്ക്ക് രാഷ്ട്രീയവും, സാമൂഹികവും, ധാര്‍മികവുമായ ജീവിതത്തില്‍ ബ്രാഹ്മണര്‍ അത്യധികം ആധിപത്യവും പ്രാമാണ്യവും അനുഭവിച്ചിരുന്നു. ബ്രാഹ്മണര്‍, ജന്മിത്ത ഭരണവര്‍ഗ്ഗത്തിന്റെ പ്രധാന പ്രവര്‍ത്തകരും, പ്രത്യയശാസ്ത്രജ്ഞരുമായി തീര്‍ന്നു.
ഇതേ കാലഘട്ടത്തില്‍ ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ക്ഷത്രിയ വര്‍ണ്ണം ഘനീഭവിച്ചുകൊണ്ടിരുന്നു. ഇത് തെക്കുഭാഗങ്ങളില്‍ സംഭവിച്ചതുമില്ല. ഗ്രാമീണരുടെ നികുതിയാലും ഭൂദാനങ്ങളാലും ജീവിച്ചിരുന്ന ജന്മിത്വ ഇടനിലക്കാരും, സ്വന്തമായി കാലാള്‍പ്പടെയുള്ള വമ്പന്‍ ഭൂവുടമകളും ജന്മിത്വത്തിന്റെ സ്ഥായിയായ സവിശേഷതയായി മാറി. അതേസമയം വടക്കേ ഇന്ത്യയില്‍ അധിപത്യമുറപ്പിച്ച അധിനിവേശ സംഘങ്ങള്‍ -ഗുജ്ജര്‍, ഹുനാ, ആര്യ ക്ഷത്രിയന്മാര്‍, മറ്റു ഇടനിലക്കാരും രാജ്പുത് ജാതിയായി ഏകീകരിക്കപ്പെട്ടു. രാജ്പുത് ജാതി രൂപീകരിക്കാനായി ജന്മിത്ത ശ്രേണിയില്‍ നിന്നും വ്യത്യസ്ത ബന്ധങ്ങള്‍, വിവാഹ ബന്ധങ്ങളിലൂടെ ഘനീഭവിക്കപ്പെട്ടു. ആദ്യ മധ്യകാലഘട്ടത്തില്‍ ഏതാനും ഗ്രാമങ്ങള്‍ നിയന്ത്രിച്ചിരുന്ന ‘രജ രുദ്രര്‍’ ല്‍ നിന്നാണ് രാജ്പുത് ഉരുത്തിരിഞ്ഞു വന്നത്. ഇതേസമയം ഗ്രാമമുഖ്യന്റെ പദവിക്കും അതി പ്രാധാന്യം നല്‍കപ്പെട്ടു. ആധിപത്യ കര്‍ഷക ജാതികളില്‍ നിന്നുമുള്ള ഭൂവുടമകള്‍, സ്വയം മറ്റു കര്‍ഷക ജാതികളില്‍ നിന്നും തങ്ങളെ വേര്‍തിരിക്കുകയും തങ്ങളില്‍നിന്നു തന്നെ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും, വിവാഹത്തിലൂടെയും മറ്റും ഒരു പ്രദേശത്തുള്ള തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കയും ചെയ്തു. ആന്ധ്രപ്രദേശിലെ റെഡ്ഢികളും ഗൗഡകളും വ്യത്യസ്ത ജാതികളായി രൂപം പ്രാപിച്ചത് മധ്യ കാലഘട്ടത്തിലെ ജന്മിത്ത വ്യവസ്ഥിതിയിലെ ഈ പ്രക്രിയയിലൂടെയാണ്.
ഗസ്നിയുടെ അധിനിവേശത്തിനു മുന്‍പ് തന്നെ, പത്താം നൂറ്റാണ്ടില്‍ ജാതി വ്യവസ്ഥ അടിയുറച്ചിരുന്നു. ജന്മിത്വ വര്‍ഗ്ഗം ചാതുര്‍വര്‍ണ്യത്തെ മുറുകെ പിടിച്ചു. ബുദ്ധിസ പ്രജനനം നടത്തിയിരുന്ന ഭരണാധികാരികളും വര്‍ണ്ണ വ്യവസ്ഥിതിയെ അഭിമാനത്തോടെ ഉയര്‍ത്തിപിടിച്ചിരുന്നു. ഇത് വ്യത്യസ്ത ജാതികള്‍ക്കു പലതരത്തിലുള്ള ആചാര സ്ഥാനങ്ങള്‍ കല്പിച്ചു നല്‍കി. ശാരീരിക തൊഴില്‍ ആവശ്യമായ എല്ലാ ജാതികളില്‍ പെട്ടവരും (കര്‍ഷകര്‍, കൈവേലക്കാര്‍) ബ്രാഹ്മണ്യ അധിപത്യത്തെയോ, ഏതൊരു രീതിയിലുള്ള അധികാര ശ്രേണികളെയും എതിര്‍ത്തവരോ ആയ (കായസ്ഥര്‍, വൈദ്യന്മാര്‍ തുടങ്ങിയവര്‍) എല്ലാവരും ശുദ്രന്മാരായി വര്‍ഗീകരിക്കപ്പെട്ടു. ജാതികളുടെ ആധിക്യം വിശദീകരിക്കുവാന്‍ ഈ വ്യവസ്ഥ തടസമായതിനാല്‍ തന്നെ അവര്‍ വര്‍ണ്ണസങ്കര സിദ്ധാന്തം മുന്നോട്ടുവച്ചു. വ്യത്യസ്ത ജാതികളുടെ രൂപീകരണം, വ്യത്യസ്ത വര്‍ണ്ണങ്ങള്‍ തമ്മിലുള്ള അനുവദനീയമല്ലാത്ത വിവാഹ ബന്ധങ്ങളുടെ ഫലമാണെന്ന് ഈ സിദ്ധാന്തം ഉന്നയിച്ചു. ജന്മിത്ത വ്യവസ്ഥിയുടെ മുന്നോടിയായി തന്നെ, മനുസ്മൃതി അതിന് പ്രത്യയശാസ്ത്ര ന്യായീകരണം നല്‍കിയിരുന്നു. ചൂഷകരായ വര്‍ഗ്ഗത്തിന്റെ ചെയ്തുകളെ ന്യായീകരിക്കുകയും, ഭൂരിഭാഗത്തിന്റെ സ്വാതന്ത്രത്തെ ഹനിക്കുവാനും അവരെ അടിച്ചുതാഴ്ത്തുവാനും ഈ സിദ്ധാന്തം ആധികാരികത നല്‍കി.
ആചാരപരമായി ചില തൊഴിലുകളുടെ അശുദ്ധിയുളവാകുന്ന പ്രകൃതവും, കുറഞ്ഞ മൂല്യവും കാരണമാണ് അയിത്തം ഉടലെടുത്തതെന്ന് ഒരു വാദമുണ്ട്. എന്തായാലും തൊഴിലുകളുടെ പ്രകൃതത്തിന് സ്ഥിരമായി അശുദ്ധമായ ജനതയുള്ള വര്‍ഗത്തെ സൃഷ്ടിക്കുവാന്‍ സാധിക്കില്ല. ശുദ്ധ അശുദ്ധങ്ങളുടെ പ്രത്യയശാസ്ത്രം, മറിച്ച് കാര്‍ഷിക, നാഗരിക സമ്പദ് വ്യവസ്ഥയ്ക്കായി അര്‍ദ്ധ -അടിമകളെ സൃഷ്ടിക്കുവാന്‍ വഴിയൊരുക്കുകയാണ് ചെയ്തത്. ചൂഷണത്തിനടിപ്പെട്ട ജനതയുടെ മണ്ണിന്റെയും തൊഴിലിന്റെയും ഉടമകളായ ഭരണവര്‍ഗ്ഗം എന്ന നിലയ്ക്കും, ശക്തമായ പ്രതിരോധത്തിന്റെയും, വര്‍ഗ്ഗ വൈരുധ്യത്തിന്റെയും സാഹചര്യത്തില്‍, ഭരണവര്‍ഗ്ഗത്തിലെ പ്രധാനികളായ ബ്രാഹ്മണര്‍ ശുദ്ധ-അശുദ്ധിയുടെ സിദ്ധാന്തം വികസിപ്പിച്ചു. ഇതിനായി അവര്‍ ഗോത്ര പദങ്ങള്‍ കടമെടുക്കുകയും, പരിശുദ്ധി അളക്കാനുള്ള അളവുകോലായി ബ്രാഹ്മണര്‍ സ്വയം സ്ഥാപിക്കയും ചെയ്തു. തൊഴിലുകള്‍ ‘അശുദ്ധിയുടേതായി’ മാറി. വര്‍ണ്ണാശ്രമ പ്രത്യയശാസ്ത്രം സമൂഹത്തിന്റെ പ്രത്യായശാസ്ത്രമായി മാറി. ഇത് ജന്മിത്ത സമൂഹത്തില്‍ ജാതി വ്യവസ്ഥയുടെ പ്രാധാന്യത്തെ തെളിയിക്കുന്നതാണ്.
മിച്ചലാഭം ഉത്പാദിപ്പിക്കുന്നതിലും, ഭൂമിക്കു മേല്‍ ആധികാരികത നിലനിര്‍ത്തുന്നതിലും, ചൂഷണത്തിലടിയുറച്ചുള്ള കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ ഊട്ടിയുറയ്ക്കലിനുമുള്ള ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ പ്രാധാന്യവും പങ്കും ബുദ്ധിസത്തിനും ജൈനിസത്തിനും മുകളില്‍ അധിപത്യമുറപ്പിക്കുവാന്‍ അതിനെ സഹായിച്ചു. രാജവംശങ്ങളില്‍ നിന്നും കൈപ്പറ്റിയ സഹായ ധനത്താല്‍ ബുദ്ധ ജൈന മഠങ്ങള്‍ ആഡംബരപൂർണമായിത്തീര്‍ന്നിരുന്നു. ജന്മിത്ത വ്യവസ്ഥിതിക്കനുസൃതമായി സ്വയം അവര്‍ രൂപാന്തരം വരുത്തിയെങ്കിലും, ജാതി സമ്പ്രദായത്തെ അംഗീകരിച്ചെങ്കിലും, സമ്പദ് വ്യവസ്ഥയിലെ അവരുടെ പ്രാധാന്യം കുറഞ്ഞുവന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ക്കുള്ള രാജവംശങ്ങള്‍ അവരെ തുടര്‍ച്ചയായി വേട്ടയാടുകയും അടിച്ചമര്‍ത്തുകയും ചെയ്തെങ്കിലും ബ്രാഹ്മണ്യത്തിനെതിരായ പ്രധാന കേന്ദ്രങ്ങളായി അവര്‍ തുടര്‍ന്നു. സാര്‍നാഥിലെയും നളന്ദയിലെയും തുര്‍ക്കിയുടെ അധിനിവേശത്തോടെ ഇന്ത്യയില്‍ ബുദ്ധിസം തകര്‍ന്നടിഞ്ഞു.
തുര്‍ക്കികളുടെ അധിനിവേശം
പതിമൂന്നാം നൂറ്റാണ്ടിലെ അടിമ രാജവംശത്തിന്റെ സ്ഥാപനത്തോടെ തുടക്കം കുറിച്ച തുര്‍ക്കികളുടെ ഭരണം ജന്മിത്ത ഉത്പാദന വ്യവസ്ഥയിലെ പ്രധാന കാലഘട്ടമാണ്. അവര്‍ ഭരണകാര്യനിര്‍വ്വഹണം കേന്ദ്രീകരിക്കുകയും നികുതി പിരിക്കുവാനായി കൂടുതല്‍ ക്രമാനുഗതമായ വ്യവസ്ഥ രൂപീകരിക്കുകയും ചെയ്തു. ഭരണവര്‍ഗത്തിന്റെ ഘടകങ്ങളില്‍ മാറ്റങ്ങള്‍ വന്നു. തുടക്കത്തില്‍ ടര്‍ക്കിഷ് അടിമ കുടുംബങ്ങളും അവരുടെ കുടുംബങ്ങളുമാണ് ഭരിച്ചിരുന്നതെങ്കില്‍, ഇന്ത്യന്‍ വംശജരായ മുന്‍ അടിമകളും ഇന്ത്യവത്കരിക്കപ്പെട്ട തുര്‍ക്കികളും വിദേശങ്ങളില്‍ നിന്നും കുടിയേറിയവരും അതിനെ പുനഃസ്ഥാപിച്ചു. നികുതി പിരിക്കാനുള്ള അവകാശത്തില്‍(ഇഖ്ത) സാരമായ മാറ്റങ്ങള്‍ വരുത്തപ്പെട്ടു. ഒരു ജീവിത കാലയളവിനായി നിശ്ചയിക്കപ്പെട്ട ഈ അവകാശം പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പരമ്പരാഗത അവകാശമായി രാജാവ് നിശ്ചയിച്ചു. തുര്‍ക്കികള്‍ നാഗരികരും ഇസ്‌ലാമില്‍ വിശ്വസിക്കുന്നവരുമായിരുന്നു. അതിനാല്‍ തന്നെ യഥാര്‍ത്ഥത്തില്‍ നിലനിന്നിരുന്ന ജന്മികളെ മാറ്റിക്കൊണ്ട് കാലാന്തരത്തില്‍ പുതിയ ജന്മിമാരെ അവര്‍ സൃഷ്ടിച്ചു.
ഭരണനിര്‍വ്വഹണത്തില്‍ തുര്‍ക്കികളുടെ സമയത്തുണ്ടായ മാറ്റങ്ങള്‍ (പിന്നീട് ഡെക്കാനിലേക്കും ഇവ സ്വീകരിക്കപ്പെട്ടു) കാര്യനിര്‍വ്വഹണത്തിന്റെയും നികുതി പിരിവിന്റെയും അധികാരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും, ഇത് സൈനിക സേവകന്മാരെയും അധികാരികളെയും ഗ്രാമമുഖ്യരെയും, പുരോഹിത വര്‍ഗ്ഗത്തെയും ഉദ്യോഗസ്ഥരെയും ‘ഇനാംദാര്‍’, ‘വതന്‍മാര്‍’, ‘ഇഖ്തദര്‍’, ‘ദേശ്മുഖ് -ദേശായി’ എന്ന് പേര് നല്‍കുകയും പിന്നീട് മുഗള്‍ സമയത്തു ‘ജാഗിര്‍ദാര്‍’ എന്നറിയപ്പെടുകയും ചെയ്തു. മുന്‍പ് ഭൂമി നഷ്ടപെട്ട ഏതാനും ഇടനിലക്കാര്‍ ടര്‍ക്കിഷ് ഭരണത്തിന്റെ അവസാനത്തില്‍ അവ തിരിച്ചു പിടിച്ചെങ്കിലും, ഈ കാലഘട്ടത്തില്‍ ഉത്തരേന്ത്യയിലെ ജന്മിത്ത വര്‍ഗ്ഗങ്ങളുടെ ഘടകങ്ങള്‍ ഒട്ടും തന്നെ സ്ഥിരതയുള്ളതായിരുന്നില്ല. എന്നിരുന്നാലും ഇവ ഗ്രാമ സമ്പദ് വ്യവസ്ഥയുടെ ഘടനയെ ഒട്ടും തന്നെ ബാധിച്ചില്ല. തുര്‍ക്കികള്‍ യുദ്ധശാസ്ത്രത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തി. അവര്‍ നഗരങ്ങളില്‍ വ്യാപാരവാണിജ്യത്തെയും, കൈത്തൊഴിലുകളെയും പ്രോത്സാഹിപ്പിച്ചു. അതിനാല്‍ തന്നെ ഈ കാലഘട്ടം ഉത്പാദനശക്തി മെച്ചപ്പെടുന്നതിനു സാക്ഷ്യം വഹിച്ചു.
ഇതേ അസ്ഥിരത ദക്ഷിണേന്ത്യയില്‍ പ്രകടമായില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ സ്ഥാപനം (പട്ടാളഭരണം) ഭരണവര്‍ഗ്ഗത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. കീഴ്‌പെടുത്തപ്പെട്ട മുസ്‌ലിമുകളില്‍ നിന്നും അവര്‍ പഠിച്ച സൈനികവിദ്യയ്ക്ക് അവര്‍ തങ്ങളുടെ വിജയത്തിന്റെ അവകാശം നല്‍കുകയും അവ പരിചയപ്പെടുത്തുകയും ചെയ്തു. അവര്‍ ‘നായകര്‍’ എന്ന സൈന്യാധിപ വര്‍ഗ്ഗത്തോട് സന്ധിചേര്‍ന്നു. പഴയ പ്രാദേശിക പ്രമുഖര്‍ക്കു മേലെ ‘നായകന്മാര്‍’ പ്രധാന ഇടനിലക്കാരായി മാറുകയായിരുന്നു. സൈന്യത്തെയും മൃഗങ്ങളെയും പാലിക്കുന്നതിനും രാജാക്കന്മാരുടെ പടയാളികള്‍ക്കൊപ്പം എപ്പോള്‍ വേണമെങ്കിലും യുദ്ധത്തിന് പുറപ്പെടുവാന്‍ ഒരുങ്ങിനില്‍ക്കുന്നതിനും പകരമായി, ‘അമരം’ എന്നറിയപ്പെട്ടിരുന്ന ഭൂമിയിലെ ഉത്പാദനത്തിന്റെ ഒരു വിഹിതം നായകന്മാര്‍ക്ക് നൽകി പോന്നു. പതിനാലാം നൂറ്റാണ്ട് മുതല്‍ക്കെ നായകന്മാരും ഈ ജന്മിത്ത വര്‍ഗ്ഗത്തിന്റെ ഭാഗമായി മാറി. വിജയനഗരത്തിലെ രാജാക്കന്മാരും ജന്മികളും, അമ്പലങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും, ദാനങ്ങള്‍ നൽകി പോരുകയും വിജയനഗര സാമ്രാജ്യത്തിന്റെ ഒടുക്കംവരെയും ബ്രാഹ്മണ്യ ഹിന്ദുത്വം അതിന്റെ പ്രത്യയശാസ്ത്രമായി നിലകൊള്ളുകയും ചെയ്തു.
ഗോത്ര രാജവംശങ്ങള്‍
ജന്മിത്ത കാലത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ വ്യത്യസ്ത ഗോത്ര രാജവംശങ്ങള്‍ ഉയര്‍ന്നുവന്നു. ഗോത്രങ്ങള്‍ക്കും ഹിന്ദുത്വവത്കരണത്തിനും ഇടയില്‍ നൂറ്റാണ്ടുകളായി വന്ന ഭേദങ്ങളാണ് ഇവ സൂചിപ്പിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ ഹിമാലയത്തിന്റെ താഴ് വാരത്തില്‍ ഡോമുകള്‍ രാജവംശം സ്ഥാപിക്കയും, ആസ്സാമില്‍, ഭാഹറുകള്‍ പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ ഭരിക്കയും പന്ത്രണ്ടാം നൂറ്റാണ്ടില്‍ നാഗബര്‍ഷികളും ചേറോകളും ചോട്ടാനാഗ്പൂരും പാലാമും വാഴുകയും, ഗോണ്ടുകള്‍ മധ്യ ഇന്ത്യയില്‍ പതിനഞ്ചും പതിനെട്ടും നൂറ്റാണ്ടിനിടയ്ക്ക് രാജവംശങ്ങള്‍ സ്ഥാപിക്കയും തെക്കന്‍ ഗുജറാത്തില്‍ പതിനേഴാം നൂറ്റാണ്ടില്‍ മഹാദേവ കോലികള്‍ രാജവംശം സ്ഥാപിക്കയും ചെയ്തു. ഈ ഗോത്രങ്ങള്‍ കൃഷിക്കുവേണ്ടി സ്ഥിരമായി ഒരിടത്തു തങ്ങിപ്പാര്‍ക്കുവാന്‍ തുടങ്ങിയതോടെ സാങ്കേതികമായും സാംസ്‌കാരികമായും മെച്ചപ്പെട്ട ബ്രാഹ്മണരാലും ഭൂദാനങ്ങളിലൂടെ ഇവിടങ്ങളില്‍ അധിവസിച്ച കര്‍ഷകരാലും സ്വാധീനിക്കപ്പെടാനും, ഗോത്ര സമൂഹങ്ങള്‍ക്കിടയിലെ അസമത്വങ്ങള്‍ വര്‍ദ്ധിക്കുവാനും ഇടവന്നു. ഗോത്രങ്ങളിലെ ചെറുസംഘങ്ങള്‍ അധികാരങ്ങള്‍ക്കായി പോരാടുവാന്‍ തുടങ്ങിയതോടെ രാജവംശങ്ങള്‍ ഉയര്‍ന്നു. ഇത്തരത്തിലുള്ള രാജവംശങ്ങള്‍ തുടക്കത്തില്‍ ബ്രാഹ്മണ്യത്തെ എതിര്‍ത്തുവെങ്കിലും അവരില്‍ ചിലര്‍ ബുദ്ധ, ഹിന്ദു ദൈവങ്ങളെ ആരാധിക്കുകയും ബ്രാഹ്മണ്യ ഹിന്ദുത്വത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഭൂദാനങ്ങള്‍ നല്‍കികൊണ്ട് ബ്രാഹ്മണരോട് തങ്ങളുടെ രാജ്യത്ത് പാര്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അവരും തങ്ങളുടെ ക്ഷത്രിയത്വം ഉറപ്പിക്കുവാനായി വംശാവലി തയ്യാറാക്കുന്നതില്‍ വ്യാപൃതരായിരുന്നു. ഗോത്ര രാജവംശങ്ങളിലും തങ്ങളുടെ പ്രജകള്‍ക്കുമേലെയും അയല്‍ രാജ്യങ്ങള്‍ക്ക് മുന്നിലും തങ്ങളുടെ അധികാരത്തിന്റെ ആധികാരികത ഊട്ടിയുറപ്പിക്കുവാനായി വര്‍ണ്ണാശ്രമധര്‍മ്മത്തെ അവര്‍ ഉപയോഗിച്ചു. ഇവയില്‍ ഭൂരിഭാഗം രാജ്യങ്ങളും പിന്നീട് മുഗളന്മാരുടെയും മാറാത്തകളുടെയും മറ്റും ശക്തമായ ഇടനിലക്കാരായി മാറി.
വ്യാപാരത്തിന്റെയും ചരക്കുത്പാദനത്തിന്റെയും പുനരുദ്ധാനം
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണ ഇന്ത്യയിലും ഒരു നൂറ്റാണ്ടിനപ്പുറം ഉത്തര ഇന്ത്യയിലും വ്യാപാരത്തിന്റെയും ചരക്കുത്പാദനത്തിന്റെയും പുനരുദ്ധാനം നടന്നു. ഇത് രാജ്യമൊട്ടാകെ കൈവേലക്കാരുടെയും വ്യാപാരികളുടെയും സംഘങ്ങള്‍ ശക്തിയാര്‍ജ്ജിക്കാന്‍ കരണമായിത്തീര്‍ന്നു. അമ്പലങ്ങള്‍ നഗരങ്ങളുടെ വളര്‍ച്ചാകേന്ദ്രമായി. സൈനിക പാളയങ്ങളും പ്രധാന നഗരങ്ങളും തുറമുഖങ്ങളും നഗരകേന്ദ്രങ്ങളായി വളര്‍ന്നു. ഇതിനു ഫലമായി കൈത്തൊഴിലാളികളും വ്യാപാരികളും ബ്രാഹ്മണ്യ നിയന്ത്രണത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചു. ദക്ഷിണേന്ത്യയിലെ ‘ഇടംകൈ’ എന്ന് പേരായ ഇടംകൈയ്യരായ കൈത്തൊഴിലാളികളുടെ ജാതി കൂട്ടായ്മയുടെ സംഘം ഇതിനുദാഹരണമാണ്. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ക്കെ, നഗര വ്യാപാരവുമായി ബന്ധപ്പെട്ട കൈത്തൊഴിലാളികളുടെ ജാതിയില്‍ പെട്ടവര്‍ ‘ഇടംകൈ’ എന്ന പേരില്‍ ഒരുമിച്ചുകൂടിയത്. ഇതിലൂടെ അവര്‍ ജന്മിത്ത കാര്‍ഷികാധിപത്യത്തിനെതിരെ തങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തുകയും വ്യാപാരികള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെ ചോദ്യം ചെയ്യുകയും ചെയ്തു. ‘വലംകൈ’ എന്നറിയപ്പെട്ട സംഘം പ്രധാനമായും കൃഷിയുമായി ബന്ധപ്പെട്ട, താണ ജാതിയില്‍ നിന്നുമുള്ളവരായിരുന്നു. ചില സാമാനങ്ങളുടെ ഉത്പാദനത്തിനായി വ്യവസ്ഥിതിയിലെ വികാസം സംഭവിച്ചപ്പോള്‍ ഇവരില്‍ ആശ്രിതരായിരുന്ന കൈത്തൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു. ഉത്തരേന്ത്യയില്‍ കൈവേലക്കാരുടെ ജാതിയില്‍ നിന്നുള്ളവര്‍ ക്രമേണ ഇസ്‌ലാം മതം സ്വീകരിച്ചു. ‘ജൂലാഹ’, വ്യത്യസ്ത നെയ്ത്തുകാര്‍ എന്നിവര്‍ ഉദാഹരണം
പ്രതിഷേധ -ഭക്തി പ്രസ്ഥാനം
ചരക്കുത്പാദനവും, രാഷ്ട്രീയവും സാംസ്‌കാരികവുമായ മാറ്റങ്ങളും ജാതി വ്യവസ്ഥയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നതിനു ഭൗതികമായ സാഹര്യചര്യങ്ങളൊരുക്കി.
ബ്രാഹ്മണ്യാധിപത്യത്തിനുംവേദ പഠനത്തിനും പ്രാധാന്യം നല്‍കിയ ജാതി വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായാണ് ഭക്തി പ്രസ്ഥാനം ഉയര്‍ന്നു വന്നത്. പന്ത്രണ്ടു മുതല്‍ പതിനേഴാം നൂറ്റാണ്ടു വരെയും ഭക്തി പ്രസ്ഥാനം ജാതി വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടിരുന്നു. ഭക്തി സന്യാസികളെല്ലാം തന്നെ കൈത്തൊഴിലാളികള്‍ ,ആശാരിമാര്‍, കൊല്ലന്മാര്‍, നെയ്ത്തുകാര്‍ എന്നിങ്ങനെയുള്ള ജാതികളില്‍ നിന്നുമായിരുന്നു. വളരെ ചുരുക്കം ബ്രാഹ്മണ നവോത്ഥാന നായകന്മാരും ഇതില്‍പ്പെട്ടിരുന്നു. നന്ദന്‍ (നായനാര്‍), തിരുപ്പന്‍(ആള്‍വാര്‍), ചോഖ മേല, രവിദാസ് എന്നിങ്ങനെ ഏതാനും ചിലര്‍ അയിത്ത ജാതികളില്‍ നിന്നുമായിരുന്നു. ഭക്തിപ്രസ്ഥാനം സ്ത്രീ സന്യാസിനികളെയും മുഖ്യധാരയില്‍ കൊണ്ടുവന്നു. രാമാനുജന്‍, ഗ്യാനേശ്വര്‍ ചൈതന്യ തുടങ്ങിയവര്‍ ഊന്നല്‍ നല്‍കിയ ‘ദൈവത്തിനു മുന്‍പില്‍ ഏവരും ഒന്നാകുന്നു’ എന്ന വാക്യത്തില്‍ ഉറച്ചുകൊണ്ട്, ഭക്തി പ്രസ്ഥാനം ഒരു മധ്യസ്ഥ പാതയാണ് സ്വീകരിച്ചത്. ബസവണ്ണ, ടുക്ക റാം, നാംദേവ്, കബീര്‍, ഗുരു നാനാക്ക് എന്നിവരടങ്ങിയ ഉത്പതിഷ്ണുക്കള്‍ ജാതി വിവേചനത്തിനെയും ബ്രാഹ്മണ്യ ദ്വൈമുഖത്തെയും പരസ്യമായി വിമര്‍ശിച്ചു. ചിലര്‍ സാമൂഹിക പരിഷ്‌ക്കരണത്തിന്റെ വഴികള്‍ വെട്ടിത്തുറന്നു. കബീറും ഗുരുനാനാക്കും ഹിന്ദു മതത്തിന്റെ മടക്കുകള്‍ ഉപേക്ഷിച്ചു. വ്യക്തിയും ദൈവവും തമ്മിലുള്ള വ്യക്തിഗതമായ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ന്നില്ലാതാകുന്നു. വേദങ്ങളിലുള്ള പാണ്ഡിത്യത്തിന്റെ കുത്തകയിലൂന്നിയ ബ്രാഹ്മണ്യാധിപത്യത്തിനു ഇതൊരു കനത്ത തിരിച്ചടിയായി മാറി.
ജന്മിത്തത്തിന്റെ പ്രത്യയശാസ്ത്രപരവും ബൗദ്ധികവുമായ അന്തരീക്ഷത്തിനു ഭക്തി പ്രസ്ഥാനം കനത്ത തിരിച്ചടിയായിരുന്നു. പ്രാദേശിക ഭാഷയില്‍ പ്രചാരണം നടത്തുന്നതിലൂടെ, അത് പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുകയും, ചില ദേശങ്ങളില്‍ ദേശഭക്തി വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ഭക്തി പ്രസ്ഥാനത്തിന്റെ ഒടുക്കം ചാതുര്‍ വര്‍ണ്ണ്യത്തെയും ബ്രാഹ്മണ്യാധിപത്യത്തെയും പ്രാമാണ്യത്തെയും ഉയര്‍ത്തിപിടിച്ചിരുന്ന രാംദാസിലൂടെയും തുളസീദാസിലൂടെയുമെല്ലാം യാഥാസ്ഥികത തിരിച്ചുവന്നു. എങ്കില്‍കൂടി ഭക്തിപ്രസ്ഥാനം മതപരവും സാമൂഹികവുമായ പരിഷ്‌കാരത്തിന്റെ പ്രസ്ഥാനമായിരുന്നു. എന്നിരുന്നാലും ജാതി വ്യവസ്ഥയെ കൂപ്പു കുത്തിക്കുന്നതില്‍ പ്രസ്ഥാനം പരാജയപെട്ടു. ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തേയും ജന്മിത്ത ഉത്പാദന ബന്ധങ്ങളെയും ഭൂമി ബന്ധങ്ങളെയും തകര്‍ക്കാതിരുന്നതിനാല്‍ തന്നെയാണ് അത് പരാജയപ്പെട്ടതും.
ലേഖനം ഭാഗം 1
ഭരണവര്‍ഗം പ്രത്യയശാസ്ത്രമായും സാമൂഹികവ്യവസ്ഥയായും പ്രയോഗിച്ച ജാതിസമ്പ്രദായം
ലേഖനം ഭാഗം 2
അനുരാധ ഘാന്‍ഡിയുടെ “സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്”- ജാതിയെക്കുറിച്ചുള്ള അധ്യായം 2