പോലീസ് രാജ് അവസാനിപ്പിക്കുക
“കോവിഡ് ഒരു ആരോഗ്യപ്രശ്നമാണ്, ക്രമസമാധാന പ്രശ്നമല്ല. രോഗം ഒരു കുറ്റകൃത്യമല്ല. രോഗി ഒരു കുറ്റവാളിയുമല്ല. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനെന്ന പേരിൽ നടത്തുന്ന പോലീസ് രാജ് അവസാനിപ്പിക്കുക…” ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രസ്താവന;
സുഹൃത്തെ,
സമീപ ദിവസങ്ങളിൽ കോവിഡ് രോഗത്തിൻ്റെ വ്യാപനം ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനെന്ന പേരിൽ കേരള പോലീസ് നടത്തുന്ന ജനങ്ങൾക്കെതിരെയുള്ള മെക്കിട്ടു കയറ്റം അങ്ങേയറ്റം അപലപനീയമാണ്. നീതിരഹിതവും നിഷ്ക്കരുണവും സമഗ്രാധിപത്യപരവുമായ ഇത്തരം പോലീസ് നടപടികളിൽ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. തൊഴിലാളികളോടും ചെറുകിട-വഴിയോര കച്ചവടക്കാരോടും നിത്യജീവിതം വഴിമുട്ടിയ സാധാരണ ജനങ്ങളോടും പോലീസ് കാണിക്കുന്ന ഇത്തരം ഹീന നടപടികൾ ഒരു ജനാധിപത്യ സമൂഹത്തിന് ആകെ അപമാനകരമാണ്.
സാമ്പത്തികമായും മറ്റും വളരെയേറെ ദുസഹമായ ജീവിതാവസ്ഥക്കിടയിലാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികൾ കൂടി അവർ നേരിടേണ്ടി വരുന്നത്. കൊറോണ വ്യാപനത്തിൻ്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും മാസ്ക്കിട്ട് മൂടി, പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണം പോലീസിനെ ഏൽപ്പിച്ച സംസ്ഥാന സർക്കാർ നടപടിയുടെ ഫലമാണിപ്പോഴത്തെ ദുരന്തങ്ങൾ.
രോഗാതുരമായ അവസ്ഥയെ ഒരു കുറ്റകൃത്യമായി കണ്ട് അടിച്ചമർത്തുന്ന പോലീസ് രോഗം വന്ന വ്യക്തികളെ കുറ്റവാളിയാക്കുന്ന ഒരു സ്ഥിതിവിശേഷമാണിപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, രോഗമോ, അത് പകർന്ന് കിട്ടാനുള്ള സാധ്യതയോ ഭയപ്പെട്ട് നിൽക്കുന്ന ഏറെ കരുതലും പരിഗണനയും നൽകി കൈകാര്യം ചെയ്യേണ്ട വ്യക്തികളെ, (ജനങ്ങളെ) ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് ക്രൂരമായ നടപടി മാത്രമാണ്.
മനുഷ്യാവകാശ പ്രവർത്തകരുടെയും മെഡിക്കൽ അസോസിയേഷൻ്റെ പോലും എതിർപ്പിനെ മറികടന്നാണ് പിണറായി സർക്കാർ കഴിഞ്ഞ ഭരണ കാലത്ത് പോലീസിനെ കോവിഡ് പ്രതിരോധ ചുമതല ഏല്പിച്ചത്. ഇത് സാമൂഹ്യ ജീവിതത്തെ ആകെ ലാത്തിക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കുന്ന ഒരവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. രാത്രി ഏഴര മണി വരെ കച്ചവടസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെന്നാണ് സർക്കാർ ഉത്തരവ് . എന്നാൽ പലയിടത്തും പോലീസ് ഏഴുമണിക്ക് തന്നെ നിർബന്ധമായി കടകൾ അടപ്പിക്കുന്നു. ഇത് ചോദ്യം ചെയ്ത പലരേയും ഫൈൻ അടപ്പിച്ചും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തുമാണ് പോലീസ് നേരിടുന്നത്. സംഘടിത ശക്തിയായ വ്യാപാരി-വ്യവസായികളുടെ എതിർപ്പിനെ തുടർന്ന് അവർക്കെതിരായ നീക്കത്തിന് കുറവു വന്നെങ്കിലും സാധാരണ ജനങ്ങൾക്കെതിരായ ആക്രമാസക്ത നീക്കം ഒട്ടും കുറഞ്ഞിട്ടില്ല. അത് വർദ്ധിക്കുകയാണുണ്ടായത്. വളരെ നല്ല നിലയിൽ തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചവരാണ് കേരളത്തിലെ പൊതുജനങ്ങൾ. ഈ യാഥാർത്ഥ്യം മറച്ച് പിടിച്ച് ആരോഗ്യപ്രശ്നത്തെ ഒരു ക്രമസമാധാന പ്രശ്നമായി കൈകാര്യം ചെയ്യുന്നത് അത്യന്തം ജനാധിപത്യ വിരുദ്ധമാണ്.
കഴിഞ്ഞദിവസം ചടയമംഗലത്തെ ഇന്ത്യൻ ബാങ്കിനു മുന്നിൽ പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ എം ഷിഹാബുദ്ദീന് കോവിഡ് മാനദദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപ പിഴ ചുമത്തിയിരുന്നു. ഈ അനീതിയെ ചോദ്യം ചെയ്തതിന് ഗൗരി നന്ദയെ പോലീസ് നേരിട്ടത് നമ്മൾ കണ്ടതാണ്. മഞ്ചേരിയിലെ ഒരു ലോറി ഡ്രൈവർ തനിക്ക് കിട്ടിയ ഫൈൻ റസീറ്റുമായി നടത്തിയ ഒറ്റയാൾ പ്രതിഷേധവും റോഡരികിലിരുന്നു കച്ചവടം ചെയ്ത വയോധികയുടെ 16,000 രൂപയുടെ മീൻ എടുത്ത് വലിച്ചെറിഞ്ഞ കൊല്ലം പൊലീസ് അതിക്രമവും കയ്യിൽ പണമില്ലാത്തത് കാരണം പിഴ കോടതിയിൽ അടക്കാമെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കള്ള കേസ് ചുമത്തിയതും കാസർഗോഡ് പശുവിന് പുല്ലരിയാൻ ആളൊഴിഞ്ഞ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കർഷകന് 2000രൂപ പിഴ ചുമത്തിയതുമെല്ലാം തൊട്ടടുത്ത ദിവസങ്ങളിലാണ്. ക്രൂരനായ ഒരു കൊള്ളക്കാരന്റെ മനസ്സോടെ വ്യാപകമായി പിഴ ചുമത്തുന്നതും ഏത്തമിടീക്കലും മുട്ടിൽ നിർത്തലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കലുമടക്കം ജനങ്ങൾക്ക് നേരെ എന്തും ചെയ്യാൻ കേരളാപോലീസിനെ കയറൂരിവിട്ടിരിക്കുന്ന അവസ്ഥ അടിയന്തിരമായി അവസാനിപ്പിക്കാനും അതോടൊപ്പം കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാവണമെന്ന് ഞങ്ങൾ ആവിശ്യപ്പെടുന്നു.
പ്രസിഡൻറ് ഹരി 9496916906
സെക്രട്ടറി സി പി റഷീദ് 8547263302
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം