ഇന്ന് വിതച്ച് നാളെ കൊയ്യാവുന്ന എളുപ്പ കൃഷിക്കല്ല നാം ഒരുങ്ങേണ്ടത് !

ഒരു ജനതയുടെ മുഴുവൻ ജീവൽപ്രശ്നങ്ങളെ, രസവാസനകളെ സംസ്കരിച്ച് അടഞ്ഞ് കിടക്കുന്ന, വെള്ളം കയറാതെ തട്ടുതട്ടായി കിടക്കുന്ന കേന്ദ്രങ്ങളെ തട്ടി തുറന്ന് ഒരു നവബോധത്തിലൂടെ ഫ്യൂഡൽ വിരുദ്ധ (ജാതി വിരുദ്ധ ) പോരാട്ടത്തിന്റെ പ്രസക്തി തിരിച്ചറിയേണ്ടതല്ലേ ? ആ വഴിക്ക് നീങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു !


അനിൽ കുമാർ ടി എസ്

അപരഭീതിയും അപര നിഷേധവും അപരഹത്യയും വംശശുദ്ധീകരണവും നാട്ടുനടപ്പാവുന്നു. മുഖം നോക്കാതെ സ്വജനങ്ങളെപ്പോലും കൊല്ലാൻ പഠിപ്പിക്കുന്ന ദേശീയ ഗ്രന്ഥങ്ങൾ ! ചാതുർവർണ്യത്തിന്റെ അടിസ്ഥാന പാഠങ്ങൾ പാഠപുസ്തകങ്ങളാകുന്നു ! ചരിത്രവും പള്ളിക്കൂടപുസ്തകങ്ങളും വിഷം ചീറ്റുന്ന മത പരമാകുന്നു! മസ്തിഷ്ക്കത്തെ മാറ്റി മറിക്കുന്നു !

ആരും ഒന്നിനെയും ചോദ്യം ചെയ്യാത്ത, അനീതിയെയും അസമത്വത്തേയും സ്വധർമ്മവും വർണ്ണാശ്രമധർമ്മവുമായി വാഴ്ത്തുന്ന വൈദികവും വരേണ്യവും അഭിജാതവുമായ സനാതന ധർമ്മത്തിന്റെ സുവർണ്ണകാലത്തിലൂടെ ചലിക്കുന്നു !

സമൂഹത്തിന്റെ സമസ്ത മേഖലകളിലും ജാതി ഉറങ്ങിയും ഉറക്കം നടിച്ചും ആവശ്യം വരുമ്പോൾ ഞെട്ടിത്തെറിച്ചും അതിന്റെ ഭീഭത്സത വെളിവാക്കി കൊണ്ടിരിക്കുന്നു. എന്നിട്ടും പുരോഗമനമെന്നും ജാതി നശിച്ചു എന്നും ജന്മി നാടുവാഴിത്തം പാടെ നശിപ്പിച്ചു എന്നും ഊറ്റം കൊള്ളുന്നു. ഇതിനെ എങ്ങിനെയാണ് പുരോഗമന ജനാധിപത്യ സമൂഹം എന്ന് വിളിക്കുന്നത് ?

ഇത് സെമി ഫ്യൂഡൽ അവസ്ഥയാണോ ? ആണെങ്കിൽ ഈ അവസ്ഥയെ മുച്ചൂടും നശിപ്പിക്കേണ്ടതല്ലേ ? ഇന്ന് വിതച്ച് നാളെ കൊയ്യാവുന്ന എളുപ്പ കൃഷിക്കല്ല നാം ഒരുങ്ങേണ്ടത്. ഒരു ജനതയുടെ മുഴുവൻ ജീവൽപ്രശ്നങ്ങളെ, രസവാസനകളെ സംസ്കരിച്ച് അടഞ്ഞ് കിടക്കുന്ന, വെള്ളം കയറാതെ തട്ടുതട്ടായി കിടക്കുന്ന കേന്ദ്രങ്ങളെ തട്ടി തുറന്ന് ഒരു നവബോധത്തിലൂടെ ഫ്യൂഡൽ വിരുദ്ധ (ജാതി വിരുദ്ധ ) പോരാട്ടത്തിന്റെ പ്രസക്തി തിരിച്ചറിയേണ്ടതല്ലേ ? ആ വഴിക്ക് നീങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു !

Leave a Reply