ഈ അപകടാവസ്ഥയുടെ മുഴുവൻ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കണം

കടലിൽ കല്ലിട്ട് കടലോര സംരക്ഷണത്തിനു ശ്രമിച്ചതിന്റെ ഫലം ! ഞങ്ങളുടെ തീരങ്ങളെ കടലെടുക്കുകയാണ്…


വിപിൻ ദാസ് തോട്ടത്തിൽ

പശ്ചിമഘട്ടത്തെ മുഴുവനായിടിച്ച് കടലിൽ കൊണ്ടിടുന്നത് തികച്ചും അശാസ്ത്രിയവും അപകടകരവുമാണെന്ന് തദ്ദേശ കടൽവാസികൾ തൊണ്ടയും മണ്ടയും കളഞ്ഞു പറഞ്ഞിട്ടും അതിനെ തരിമ്പും മുഖവിലയ്ക്കെടുക്കാതെ അവരെ ശാസ്ത്രീയത പഠിപ്പിച്ച ഗവണ്മെന്റ് ഈ അപകടാവസ്ഥയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കണം.

വിഴിഞ്ഞം തുറമുഖ നിർമ്മാണ പുലിമുട്ടിനു വടക്കു വശത്തുള്ള പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള കടൽപ്രദേശം ഏറ്റവും അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നു. മൺസൂൺ തുടങ്ങുമ്പോൾ ഇതാണവസ്ഥയെങ്കിൽ കാലാവർഷം കേരളതീരം കടന്നു പോകുമ്പോൾ മൂന്നോ നാലോ കടലോര ഗ്രാമങ്ങൾ തന്നെ കേരളത്തിന്റെ പ്രകൃതി ഭൂപടത്തിൽ നിന്നും ഇല്ലാതെയാകും.

വീട്ടുമുറ്റങ്ങളിലേക്കു കടലടിക്കുമ്പോൾ ദീനമായി മുഴങ്ങുന്ന നിലവിളികൾ കർണപുടം തുളച്ചു പോകുന്നു. വീടുകൾ കടലെടുത്തു പോകുന്നവർക്കായി വലിയതുറയിലും മറ്റുമായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം പോലുമില്ലാതെ, പ്രളയനാളുകളിൽ കേരളത്തിനു കയ്യും കരളും കൊടുത്ത കേരളത്തിന്റെ സ്വന്തം രക്ഷാസൈന്യം മനുഷ്യനിർമ്മിത ദുർവിധിയോടു മല്ലിടുകയാണ്. കേരളത്തിന്റെ പൊതുധാരയുടെ ശ്രദ്ധ ഞങ്ങളിവിടേക്കു ക്ഷണിക്കുകയാണ്.
ചിത്രങ്ങൾ: അജിത് ശംഖുമുഖം

Leave a Reply