റോ, ഐബി, സിബിഐ; രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ട ഏജന്‍സികൾ

രഹസ്യാന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതിന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട രണ്ട് പ്രധാനമന്ത്രിമാരാണ് രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും…


എസ് എ അജിംസ്

റോ (RAW), ഐബി( Intelligence bureau), സിബിഐ, ഈ മൂന്ന് ഏജന്‍സികളും ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിനോടാണ്. ഇന്ത്യന്‍ പാര്‍ലമെന്‍റിന് ഒരു നിയന്ത്രണമോ മേല്‍ നോട്ടാധികാരമോ ഇല്ലാത്ത മൂന്ന് ഏജന്‍സികള്‍.

അതുകൊണ്ട് തന്നെ ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ലള മൂന്ന് ഏജന്‍സികളും ഇവ തന്നെയാണ്. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് റോ. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെങ്കില്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന്, അവര്‍ക്കനുവദിക്കുന്ന ഫണ്ട് എന്തിനാണ് ചെലവഴിക്കുന്നത് എന്ന് പാര്‍ലമെന്‍റിന്‍റെ ഏതെങ്കിലും സമിതിക്ക് മുമ്പില്‍ അവര്‍ കണക്ക് ബോധിപ്പിക്കണം. ഇപ്പോള്‍ അതില്ല. ഐബിയുടെ കാര്യവും തഥൈവ.

രഹസ്യാന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതിന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട രണ്ട് പ്രധാനമന്ത്രിമാരാണ് രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും. അടിയന്തിരാവസ്ഥാ കാലത്തും ഖാലിസ്ഥാന്‍ വിഘടനവാദത്തിന്‍റെ കാലത്തുമാണത്. ഡെല്‍ഹി പാലം വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു ബാഗേജില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ പിന്നീട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുകയും അതേ ആയുധങ്ങള്‍ ഖാലിസ്ഥാന്‍ തീവ്രവാദികളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തത് പാര്‍ലമെന്‍റില്‍ പോലും വിവാദമായിരുന്നു.

രഹസ്യാന്വേഷണ ഏജന്‍സികളെ രാജ്യസുരക്ഷയുടെ കാര്യം പറഞ്ഞ് ജനാധിപത്യത്തിന് മുകളില്‍ പ്രതിഷ്ഠിക്കാന്‍ പാടില്ലെന്ന വലിയ പാഠമാണ് ഇത്തരം സംഭവങ്ങള്‍ പറഞ്ഞു തരുന്നത്. സിബിഐയുടെ കാര്യം ഒരു ചര്‍ച്ച പോലും ആവശ്യമില്ലാത്ത വിധം വ്യക്തമാണല്ലോ.

അമേരിക്ക ഇക്കാര്യത്തില്‍ ഏറെ ജനായത്തവല്‍ക്കരിക്കപ്പെട്ട ഒരു രാജ്യമാണ്. അവിടെ പെന്‍റഗണ്‍, ദേശീയ ഇന്‍റലിജന്‍സ് ഉള്‍പ്പടെ സകലതും അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സ്ക്രൂട്ടിനിക്ക് വിധേയമാണ്. മാത്രമല്ല, അവിടെ ഒരു രേഖയും ഒരു കാലാവധി കഴിഞ്ഞാല്‍ ഡിക്ലാസിഫൈ ചെയ്യപ്പെടും. അത്തരം രേഖകളുടെ പരമാവധി കാലാവധി 25 കൊല്ലമാക്കി ഒബാമ ഉത്തരവിറക്കിയിരുന്നു. ഇന്ന് അമേരിക്കയെ കുറിച്ച് നാം ഗൂഢാലോചനാ സിദ്ധാന്തമായി കരുതുന്ന പലതും ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞ് പുറത്ത് വരുന്ന വിവരങ്ങലാല്‍ സത്യമാണെന്ന് വന്നേക്കാം.

കാര്യക്ഷമതയും സുതാര്യതയും തമ്മിലുള്ല ഒരു ഏറ്റുമുട്ടിലില്ലാതെ, ഈ ഏജന്‍സികളെ ജനാധിപത്യത്തിന് കീഴില്‍ കൊണ്ടുവരണം. ഒരു ഭരണാധികാരികളും അതിഷ്ടപ്പെടുന്നുണ്ടാവില്ല. പക്ഷേ, രാജ്യത്തെ പൗരന്മാരുടെ സുരക്ഷക്ക് ഏറ്റവും അനിവാര്യമായ ഒരു കാര്യമാണത്. ഇക്കാര്യമാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഒരു മെയിലയച്ചിട്ടുണ്ട്.

Leave a Reply