ആദിവാസി ജനതയെ തടവുകാരാക്കി മാറ്റുന്ന സർക്കുലർ

“അനുമതിയില്ലാതെ വ്യക്തികളും സംഘടനകളും ആദിവാസി ഊരുകൾ സന്ദർശിക്കുന്നതും വിവരശേഖരണം നടത്തുന്നതും നിറുത്തിവെപ്പിക്കണമെന്നും സർക്കുലർ വ്യവസ്ഥ ചെയ്യുന്നു. മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും നടത്തിയിട്ടുള്ള വിവരശേഖരണങ്ങളും ഇടപെടലുകളും കൊണ്ട് കേരളത്തിലെ ആദിവാസിസമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാവുകയും ഉചിതമായ നടപടിയെടുക്കാൻ സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഇടപെടലുകളെ തടയുവാൻ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് പട്ടികവർഗ്ഗ വികസനവകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഈ സർക്കുലർ…”
ആദിവാസി ഊരുകളിലെ പ്രവേശന വിലക്ക്; പട്ടികവർഗ്ഗ വികസനവകുപ്പിന്റെ ജനാധിപത്യവിരുദ്ധ സർക്കുലർ പിൻവലിക്കുക_ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനനത്തിന്റെ പ്രസ്താവന:

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ മുൻ‌കൂർ അനുമതിയില്ലാതെ ആദിവാസി ഊരുകളിലേക്കുള്ള വ്യക്തികളുടെയും സംഘടനകളുടെയും സന്ദർശനവും വിവരശേഖരണവും നിറുത്തിവയ്പിക്കാൻ നടപടിയെടുക്കണമെന്ന് പ്രസ്താവിച്ചുകൊണ്ട് പട്ടികവർഗ്ഗ വികസനവകുപ്പ് പുറത്തിറക്കിയ സർക്കുലർ തീർത്തും ജനാധിപത്യവിരുദ്ധവും ആദിവാസി സമൂഹത്തിന്റെ വികസനത്തിനു വിരുദ്ധവുമാണ്. ഭരണഘടനാപരമായ അവകാശങ്ങൾക്കു വിരുദ്ധമായ പ്രസ്തുത സർക്കുലർ ഉടനടി പിൻവലിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.

പട്ടികവർഗ്ഗ മേഖലകളിലെ ഗവേഷണാനുമതി, ഫീൽഡ് സർവ്വേ, ഇന്റേൺഷിപ്പ്, ക്യാമ്പുകൾ സംഘടിപ്പിക്കൽ എന്നിവയ്ക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ബി2 – 1740/ 22 എന്ന നമ്പറായി മെയ് 12 തീയ്യതി വച്ച് കൊണ്ട് പട്ടികവർഗ്ഗ വികസനവകുപ്പ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പട്ടികവർഗ്ഗ വകുപ്പിന്റെ അനുമതിയോടുകൂടി നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളല്ലാതെ സ്വതന്ത്രമായ ഗവേഷണപ്രവർത്തനങ്ങളും വിവരശേഖരണവും പൂർണ്ണമായും തടയിടുന്നതാണ് സർക്കുലറിലെ വ്യവസ്ഥകൾ.

അനുമതിയോടുകൂടി നടത്തുന്ന ഗവേഷണപ്രവർത്തനങ്ങൾ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കും വിധമാണ് സർക്കുലർ വ്യവസ്ഥ ചെയ്തിരിക്കുന്നത്. രാത്രികാലങ്ങളിൽ ഊരുകളിൽ തങ്ങാൻ പാടില്ല, അനുമതി നൽകുമ്പോൾ വ്യക്തമായ നിബന്ധനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരാർ വയ്ക്കണം, പഠന റിപ്പോർട്ടിന്റെ പകർപ്പ് അനുമതി നൽകുന്ന ഓഫീസിൽ ലഭ്യമാക്കണം, അതിൽ വീഴ്ച വരുത്തിയാൽ ആ സ്ഥാപനത്തിന് പിന്നീട് ഗവേഷണാനുമതി നിഷേധിക്കപ്പെടും, റിസർച്ച് നടത്തുന്ന വിഷയങ്ങളുടെ സംഗ്രഹം, സർവ്വേ നടത്തുകയാണെങ്കിൽ ചോദ്യാവലി, സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന കോളനികളുടെ വിവരങ്ങൾ, സന്ദർശിക്കുന്ന തിയ്യതി എന്നിവ മുൻകൂറായി നൽകണം തുടങ്ങിയ സർക്കുലറിലെ വ്യവസ്ഥകൾ സ്വതന്ത്രമായ ഗവേഷണത്തെ തടസ്സപ്പെടുത്തുന്നതും സർക്കാർ നിയന്ത്രിത അല്ലെങ്കിൽ സർക്കാർ വിധേയത്വമുള്ള പഠനങ്ങൾ മാത്രം അനുവദനീയമാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ ആദിവാസി ജനതയുടെ സാമൂഹ്യാവസ്ഥയെ സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ മറച്ചു വയ്ക്കപ്പെടുന്നതിനും ഇത് ഇടവരുത്തും.

സ്വതന്ത്രമായ ഗവേഷണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താതിരിക്കുക എന്നത് ഏതൊരു ജനാധിപത്യവ്യവസ്ഥയുടെയും അവിഭാജ്യമായ നിലപാടായിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും, സംഘപരിവാർ ഫാസിസ്റ്റുകൾ അവരുടെ താല്പര്യങ്ങൾക്കനുസരിച്ചു സാമൂഹ്യശാസ്ത്ര വിഷയങ്ങൾ വളച്ചൊടിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്താണ്, ഇടതുപക്ഷമെന്നവകാശപ്പെടുന്ന ഒരു സർക്കാരിന് കീഴിൽ സ്വതന്ത്ര ഗവേഷണത്തിന്റെ കഴുത്തുഞരിക്കുന്ന ഇത്തരമൊരു സർക്കുലർ പുറത്തുവരുന്നത് എന്നതും അത്യന്തം അപലപനീയമാണ്.

അനുമതിയില്ലാതെ വ്യക്തികളും സംഘടനകളും ആദിവാസി ഊരുകൾ സന്ദർശിക്കുന്നതും വിവരശേഖരണം നടത്തുന്നതും നിറുത്തിവെപ്പിക്കണമെന്നും സർക്കുലർ വ്യവസ്ഥ ചെയ്യുന്നു. മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും നടത്തിയിട്ടുള്ള വിവരശേഖരണങ്ങളും ഇടപെടലുകളും കൊണ്ട് കേരളത്തിലെ ആദിവാസിസമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാവുകയും ഉചിതമായ നടപടിയെടുക്കാൻ സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഇടപെടലുകളെ തടയുവാൻ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് പട്ടികവർഗ്ഗ വികസനവകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഈ സർക്കുലർ.

വികസനത്തിനുള്ള അവകാശം മനുഷ്യാവകാശങ്ങളുടെ അവിഭാജ്യ ഭാഗമാണെന്നും, ഓരോ മനുഷ്യനും, ഓരോ ജനതയും സാമ്പത്തിക-സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ വികാസത്തിൽ പങ്കെടുക്കുന്നതിനും അതിലേക്കു സംഭാവന നൽകുന്നതിനും, അതാസ്വദിക്കുന്നതിനും കഴിയുമ്പോഴാണ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും സഫലമാകുന്നത് എന്നും ഐക്യരാഷ്ട്രസഭയുടെ വികസന അവകാശ പ്രഖ്യാപനത്തിൽ പറയുന്നു. വികസനത്തെക്കുറിച്ചുള്ള ഈ സങ്കൽപ്പത്തിന് കടകവിരുദ്ധമായ നിലപാടാണ് പട്ടികവർഗ്ഗവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ കാണുന്നത്. സംരക്ഷണത്തിന്റെ മറവിൽ ആദിവാസി ജനതയെ ‘മ്യുസിയം പീസ്’ ആക്കി അവഹേളിക്കുകയും അതോടൊപ്പം സാമൂഹ്യവികാസത്തിന്റെ ഗുണഫലങ്ങളിൽ നിന്നും അവരെ മാറ്റിനിറുത്തുകയും ചെയ്യുന്ന സമീപനമാണ് സർക്കുലറിലേത്.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം എന്നാൽ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശമാണെന്ന് ഇന്ത്യൻ പരമോന്നത നീതിപീഠം നിരവധി വിധിന്യായങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതാണ്. സമൂഹവുമായി ഇടപഴകി ജീവിക്കാനുള്ള ആദിവാസി ജനതയുടെ അവകാശത്തെ നിഷേധിക്കുക കൂടിയാണ് സർക്കാർ ഇവിടെ ചെയ്യുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിനു ഒരിക്കലും യോജിക്കാൻ കഴിയാത്തതും അക്കാദമിക്ക് സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും ആദിവാസി ജനതയെ തടവുകാരാക്കി മാറ്റുന്നതുമായ സമീപനം സർക്കാർ ഉടനടി തിരുത്തേണ്ടതുണ്ട്. മുൻ‌കൂർ അനുമതിയില്ലാതെ ആദിവാസി ഊരുകളിൽ സന്ദർശനവും വിവരശേഖരണവും ഗവേഷണപ്രവർത്തനങ്ങളും വിലക്കിക്കൊണ്ട് പട്ടികവർഗ്ഗ വികസനവകുപ്പ് പുറത്തിറക്കിയ ആദിവാസിവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സർക്കുലറിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് വരാൻ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എല്ലാ ജനാധിപത്യവാദികളോടും സംഘടനകളോടും ആഹ്വാനം ചെയ്യുന്നു.

സുജാ ഭാരതി, സെക്രട്ടറി
ഹരി, പ്രസിഡന്റ്
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
31.5.2022, എറണാകുളം

Follow | Facebook | Instagram Telegram | Twitter