യുക്രൈൻ യുദ്ധത്തെ കുറിച്ച് – 2

“ഒരു രോഗാണുവിനെ നേരിടാൻ, ചികത്സ നല്കാൻ, ഇല്ലാതിരുന്ന പണം യുദ്ധത്തിന് വേണ്ടുവോളമുണ്ട്. കാരണം സാമ്രാജ്യത്വം എന്നാൽ യുദ്ധമാണ്…” മാവോയിസ്റ്റ് സൈദ്ധാന്തികൻ കെ. മുരളി (അജിത്ത്) എഴുതുന്നു…

തങ്ങളുടെ എല്ലാ ശക്തികളെയും ചൈനയ്ക്കെതിരെ തിരിച്ചുവിടാനാണ് കുറച്ചു വർഷങ്ങൾ ആയി അമേരിക്കൻ സാമ്രാജ്യത്വം ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. യൂറോപ്പിന്റെ സുരക്ഷാ കാര്യങ്ങൾക്കുള്ള ചെലവ് യൂറോപ്യൻ ശക്തികൾ തന്നെ മുഖ്യമായും വഹിക്കണം എന്ന് അത് കുറച്ചു വർഷങ്ങളായി നിർബന്ധം ചെലുത്തുന്നുണ്ട്. നാറ്റോ ചെലവിൽ യൂറോപ്യൻ രാജ്യങ്ങൾ വേണ്ടത്ര പങ്ക് വഹിക്കുന്നില്ല എന്ന പ്രതിഷേധവും അത് പതിവായി നടത്തുന്നു. മാറിമാറിവന്ന അമേരിക്കൻ ഭരണാധികാരികൾ എല്ലാം തന്നെ ഇത് ആവർത്തിച്ചു. ട്രംപ് ആകട്ടെ, ഒരു പടി കടന്നു, നാറ്റോ പിരിച്ചുവിട്ടാലും ദോഷമില്ല എന്നു വരെ അഭിപ്രായപ്പെട്ടു. ചൈനയെ നേരിടാൻ റഷ്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിയ്ക്കുകയോ, ചുരുങ്ങിയപക്ഷം മരവിപ്പിയ്ക്കുകയോ ചെയ്യണം എന്നു കരുതുന്ന അമേരിക്കൻ ഭരണവർഗത്തിലെ വിഭാഗത്തിന്റെ വീക്ഷണമാണ് ട്രംപ് പ്രകടിപ്പിച്ചത്. അതുപക്ഷേ സാധ്യമല്ല. അങ്ങനെ ചെയ്താൽ യൂറോപ്പിലുള്ള അമേരിക്കൻ സാമ്രാജ്യത്വ പിടി തന്നെ ഇല്ലാതായേക്കാം. കാരണം സോവിയറ്റ് യൂണിയനെ നേരിടാൻ മാത്രമല്ല അമേരിക്ക നാറ്റോവിന് രൂപംകൊടുത്തത്. ജർമ്മനിയെ നിയന്ത്രണത്തിൽ നിർത്തുന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു. ഇന്നും അതുണ്ട്. ഒരു യൂറോപ്യൻ പ്രതിരോധ സേനയെ രൂപീകരിക്കണം എന്ന് ഫ്രാൻസ് ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. അപ്പോൾ നാറ്റോ ഇല്ലാതായാൽ ജർമ്മനിയും ഫ്രാൻസും നേതൃത്വം നല്കുന്ന ഒരു യൂറോപ്യൻ സൈനിക കൂട്ട് ഉയർന്നുവന്നേക്കാം. അത് റഷ്യയുമായി ധാരണയിലെത്തിയെന്നും വരാം. റഷ്യയെ വളഞ്ഞിടുന്നതു കൂടാതെ, ഇതിന് കൂടി തടയിടുന്ന ഉദ്ദേശ്യത്തോടെയാണ് അമേരിക്ക കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി നാറ്റോയെ വിപുലീകരിച്ചത്. ഈ ഉദ്യമത്തിൽ നിന്നും അതിനു പിന്മാറാനാകില്ല. പ്രത്യേകിച്ചും റഷ്യ വീണ്ടും പ്രബലമാകുന്ന സാഹചര്യത്തിൽ. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം റഷ്യയാണ് ഭീഷണി. അതിനെ നേരിടാൻ ജർമ്മനിയും, ഫ്രാൻസും പോര. അമേരിക്ക വേണം. അവർക്ക് അതിനാണ് നാറ്റോ. ഇവരുടെ ഈ താല്പര്യത്തെ ആശ്രയിച്ചു നാറ്റോയെ സജീവമായി നിലനിർത്താനും എന്നാൽ അതിന്റെ സാമ്പത്തിക ഭാരവും യൂറോപ്പിലുള്ള സൈനിക വിന്യാസവും കുറച്ചുകൊണ്ടുവരാനും ആണ് അമേരിക്ക ശ്രമിച്ചത്. യുക്രൈൻ പ്രതിസന്ധിയും യുദ്ധവും ഇതിന് വലിയൊരു പരിധിവരെ തടയിട്ടിട്ടുണ്ട്.

മാത്രമല്ല, വലിയവായിൽ ഭീഷണി മുഴക്കിയെങ്കിലും റഷ്യ കടന്നാക്രമിച്ചപ്പോൾ ഒഴിഞ്ഞുമാറുന്ന ബൈഡന്റെ നയം തീർച്ചയായും പല സംശയങ്ങൾക്കും കാരണമാകും. അമേരിക്കയെ എത്രത്തോളം ആശ്രയിക്കാമെന്ന പ്രശ്നമാകും ഇതിൽ പ്രധാനം. ട്രംപിന്റെ പ്രഖ്യാപനങ്ങൾ സൃഷ്ടിച്ച അസ്വസ്ഥയ്ക്ക് പുറകെയാണ് ഇത് നടക്കുന്നത്. അമേരിക്കയുടെ സൈനികബലത്തെ ആശ്രയിക്കുന്നതിനു പകരം റഷ്യയുമായി ഒരു ധാരണയിലെത്തുന്നതാകാം നല്ലത് എന്ന നിഗമനത്തിലേയ്ക്ക് പല യൂറോപ്യൻ രാജ്യങ്ങളും എത്തിചേരാൻ ഇത് പ്രേരണയായേക്കാം. സുരക്ഷ സംബന്ധിച്ചു റഷ്യയ്ക്ക് ന്യായമായ ആശങ്കകളുണ്ട്, അവ കണക്കിലെടുക്കണം എന്നു ജർമ്മനിയും ഫ്രാൻസും യുദ്ധം തുടങ്ങും മുമ്പു വ്യക്തമാക്കിയതാണ്. യുദ്ധം ആരംഭിച്ച ശേഷം ഫ്രാൻസ് റഷ്യയുടെ ഒരു ചരക്കു കപ്പൽ പിടിച്ചെടുത്തു. മാരകായുധങ്ങൾ നല്കില്ലെന്ന മുൻനയം തിരുത്തി, യുക്രൈനിന് ജർമ്മനി ആയുധങ്ങൾ നല്കി തുടങ്ങി. ഇതിലൂടെ അമേരിക്കയുടെ നിർബന്ധത്തിന് അവ വഴങ്ങുന്നതായി പ്രത്യക്ഷത്തിൽ തോന്നാം. അമേരിക്കൻ നയങ്ങളെ കുറിച്ചു ആശങ്കകൾ ഉയർന്നു വന്നിരിയ്ക്കുന്നത് മുതലെടുത്ത് യൂറോപ്പിൽ തങ്ങളുടെ മുൻകൈ സ്ഥാപിക്കാൻ ഈ രാജ്യങ്ങൾ ശ്രമിക്കുന്നതുമാകാം ഇതെല്ലാം.

തങ്ങളുടെ അടിയന്തിര ലക്ഷ്യമായ ചൈനയെ നേരിടുന്നതിൽ നിന്നു കുറച്ചു കാലത്തേക്കെങ്കിലും ശ്രദ്ധതിരിക്കാൻ നിർബന്ധിതമാവുകയും, അതേസമയം യൂറോപ്പിൽ പൂർണ്ണമായി കേന്ദ്രീകരിക്കാനാകാത്തതിന്റെ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്ന ഒരു അവസ്ഥയിലാണ്‌ അമേരിക്ക എത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ബൈഡൻ അതിന് സന്നദ്ധമായത്? സാഹചര്യത്തിന്റെ നിർബന്ധം മാത്രമാണോ കാരണം? അതല്ല, ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കികൊണ്ടുതന്നെയാണോ ഇത് ചെയ്തിട്ടുണ്ടാവുക? അങ്ങനെ സംശയിക്കാൻ കാരണമുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ പൂട്ടിൻ എല്ലാ സൈനിക സന്നാഹങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്നെയാണ് ഒരു കാരണവശാലും അമേരിക്കൻ പട്ടാളത്തെ അവിടെ ഇറക്കില്ല എന്നു ബൈഡൻ പ്രഖ്യാപിച്ചത്. യുക്രൈനിനെ ആക്രമിക്കുന്നതിലേക്ക് റഷ്യയെ തള്ളിവിട്ടു അവിടെ കുടുക്കിയിടാനും അതുവഴി യുറോപ്പിലെ നിയന്ത്രണം നിലനിർത്തുന്നതോടൊപ്പം റഷ്യയും ചൈനയും തമ്മിലുള്ള സഖ്യത്തെ ദുർബലമാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായിരുന്നോ ഈ പ്രഖ്യാപനം? യുക്രൈനിൽ ഉയർന്നു വരാവുന്ന പ്രതിരോധത്തേകുറിച്ചുള്ള കണക്കുകൂട്ടൽ അതിന് പ്രേരണ ആകാവുന്നതാണ്. റഷ്യൻ വംശജരും റഷ്യൻ ഭാഷ സംസാരിക്കുന്നവരും ഗണനീയമായ തോതിൽ ഉണ്ടെങ്കിലും അവരിൽ വലിയ പങ്കും യുക്രൈനിയക്കാരായി സ്വയം കരുതുന്നവരാണ്. ഡോൺബാസിലെ റിപ്പബ്ലിക്കുകൾ വേറിട്ടു പോയപ്പോൾ യുക്രൈനിന്റെ റഷ്യൻ ഭൂരിപക്ഷ തെക്കൻ ഭാഗങ്ങളിലും ഇതിന് സമാനമായ നീക്കം നടത്താൻ പൂട്ടിൻ ശ്രമിച്ചിരുന്നു. പക്ഷെ അത് ഏശിയില്ല. ഇത് കണക്കിലെടുത്തു ഒരു റഷ്യൻ ആക്രമണം ഉയർത്തിവിടാവുന്ന ദേശീയ വികാരവും പ്രതിരോധവും പുട്ടിൻ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചെറുത്തുനിൽപ്പായി മാറുമെന്നും കാലാന്തരത്തിൽ അത് റഷ്യയെ ദുർബലപ്പെടുത്തുമെന്നും അമേരിക്കൻ ഭരണാധികാരികൾ കരുതുന്നുണ്ടാകാം. അതോടൊപ്പം അയഞ്ഞിരുന്ന നാറ്റോയെ മുറുക്കാനും ഈ യുദ്ധം ഗുണം ചെയ്യും. ഇതൊക്കെയായിരിക്കാം ബൈഡന്റെ നയങ്ങൾക്ക് പ്രേരണയായ ഘടകങ്ങൾ.

പക്ഷേ അമേരിക്കൻ ഭരണവർഗങ്ങൾക്കിടയിൽ തന്നെ ഇതിനോട് ശക്തമായ അഭിപ്രായ ഭിന്നതയുണ്ട്. ഇപ്പോൾ സെലൻസ്കിയെ പ്രശംസിക്കുന്ന ട്രംപ് ആദ്യം പുട്ടിനെ പരസ്യമായി അനുമോദിക്കാൻ ചാടിയിറങ്ങിയത് വെറും വട്ടായിരുന്നില്ല. റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രബല വിഭാഗത്തിനു തന്നെ അതായിരുന്നു അഭിപ്രായം. റഷ്യൻ ആക്രമണം ലോകത്തുടനീളം ഉയർത്തിവിട്ട പ്രതിഷേധത്തിന്റെ വെളിച്ചത്ത്, പരസ്യമായി യുക്രൈൻ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞടുപ്പിൽ വലിയ നഷ്ടം വരുത്തും എന്ന കണക്കുകൂട്ടലാകാം നിലപാട് മാറ്റത്തിനു കാരണം. എന്തായാലും ചൈനയെ നേരിടുന്നത് തന്നെയാണ് ഇന്നത്തെ അമേരിക്കൻ ലോകതന്ത്രത്തിന്റെ കേന്ദ്രബിന്ദു.

നാറ്റോയിൽ അംഗമായിട്ടില്ലെങ്കിലും യുക്രൈൻ അതുമായി ഔപചാരിക ‘സൗഹാർദ്ദം’ സ്ഥാപിച്ചുകഴിഞ്ഞു. നാറ്റോ ശക്തികളുടെ പങ്കാളിത്തത്തോടെ യുക്രൈനിൽ സൈനിക പരിശീലന പരിപാടികൾ അവർത്തിച്ചു നടത്തി. അയൽ രാജ്യത്തിന്റെ സഹായത്തോടെ വേറിട്ടു പോയൊരു ഭൂഭാഗത്തെ വീണ്ടെടുക്കലായിരുന്നു ഇത്തരത്തിലുള്ള ഒന്നിന്റെ പ്രഖ്യാപിത ലക്ഷ്യം. ചെറിയൊരു സൈനികശക്തി ഉപയോഗിച്ചു, ഡ്രോണുകളുടെ സഹായത്തോടെ, അർമേനിയയിൽ നിന്നും നാഗോർണോ-കാരബാക്ക് തിരിച്ചു പിടിച്ച അസർബൈജാനിന്റെ അനുഭവം ഈ പരിശീലനത്തിന് മർഗദർശകമാക്കിയിരുന്നു. ഇതിന്റെയൊക്കെ വെളിച്ചത്തിലായിരിക്കണം ഉടനടി നീങ്ങാൻ പൂട്ടിൻ തീരുമാനിച്ചത്. ചൈനക്കെതിരെയുള്ള കേന്ദ്രീകരണം മൂലം കാര്യമായി ഇടപെടാൻ അമേരിക്ക താല്പര്യപ്പെടില്ല എന്ന കണക്കുകൂട്ടലും ഉണ്ടായിരിക്കും.

യുദ്ധം രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. നിശ്ചിത രാഷ്ട്രീയലക്ഷ്യങ്ങൾ നേടാനാണ് രാജ്യങ്ങൾ യുദ്ധം നടത്തുന്നത്. റഷ്യൻ വിരുദ്ധനീക്കങ്ങൾ അനുവദിയ്ക്കാത്ത ഒരു ഭരണത്തെ കീവിൽ സ്ഥാപിയ്ക്കുക, നാറ്റോയുടെ വ്യാപനം തടയുക, യൂറോപ്പിൽ റഷ്യൻ സാമ്രാജ്യത്വ താല്പര്യങ്ങൾ ഉറപ്പുവരുത്തുന്ന പുതിയൊരു സുരക്ഷാ/സമാധാന കരാർ ഉണ്ടാക്കുക — ഇതാണ് പുട്ടിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ. യുക്രൈനിനെ അധീനപ്പെടുത്താൻ ആഗ്രഹിയ്ക്കുന്നില്ല എന്നു ആവർത്തിച്ചു പറയുന്നത് അതുകൊണ്ടാണ്. നേരെമറിച്ചു യുക്രൈനിനെ അധീനപ്പെടുത്താെതെ, അതല്ലെങ്കിൽ നിരന്തരമായി അവിടെ സൈനികമായി ഇടപെടാതെ, റഷ്യക്ക് അതിന്റെ ലക്ഷ്യങ്ങൾ നേടാൻ കഴിയാത്ത ഒരു സാഹചര്യം സൃഷ്ടിക്കാനാണ് അമേരിക്കൻ സാമ്രാജ്യത്വം ലക്ഷ്യം വെക്കുന്നത്. ഇതിൽ ഏതായിരിക്കും ഫലിക്കുക എന്നു വരും ദിവസങ്ങൾ വ്യക്തമാക്കും. അതിനിടെ മരിക്കുന്നവരും, പരുക്കു പറ്റുന്നവരും, വീട് നഷ്ടപ്പെടുന്നവരും, തൊഴിൽ നഷ്ടപ്പെടുന്നവരുമായ ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതങ്ങളാണ് ദുരിതത്തിലാകുന്നത്. കൊടികണക്കിന് പണവും ആസ്തികളുമാണ് ഈ സാമ്രാജ്യത്വ മത്സരത്തിൽ ഹോമിക്കുന്നത്. ഒരു രോഗാണുവിനെ നേരിടാൻ, ചികത്സ നല്കാൻ, ഇല്ലാതിരുന്ന പണം യുദ്ധത്തിന് വേണ്ടുവോളമുണ്ട്. കാരണം സാമ്രാജ്യത്വം എന്നാൽ യുദ്ധമാണ്.

റഷ്യൻ ആക്രമണത്തെ യുക്രൈനുകാർ വെറുക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഈ ജനകീയ എതിർപ്പ് സൈനിക പ്രതിരോധമായി മാറുന്നതിന്റെ സൂചന ഇതുവരെ കണ്ടിട്ടില്ല. യുദ്ധം നീണ്ടുപോയാൽ, കൈയ്യടക്കിയ പ്രദേശങ്ങളിൽ റഷ്യൻ അധിനിവേശ ഭരണത്തിൻ കീഴിൽ കഴിയേണ്ടി വന്നാൽ അത് വളർന്നുവരും. മാത്രമല്ല, കീവിൽ തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പാവ ഭരണത്തെ സ്ഥാപിക്കുന്നതിൽ റഷ്യ വിജയിച്ചാൽ തന്നെ ഉക്രൈനിൽ സമാധാനമുണ്ടാകില്ല. അതിനെതിരെയുള്ള പ്രതിഷേധവും ഒളിപ്പോർ സമരവും പ്രതീക്ഷിക്കാം. എങ്ങനെയായാലും റഷ്യ അവിടെ കുടുങ്ങും എന്ന കാര്യത്തിൽ തർക്കമില്ല. മറുവശത്ത്, റഷ്യക്ക് അകത്തുതന്നെ അതിശക്തമായ യുദ്ധവിരുദ്ധ വികാരങ്ങളും പ്രതിഷേധങ്ങളും ഉയർന്നു വന്നിരിയ്ക്കുന്നു. യുവജനങ്ങൾക്കിടയിൽ അതിശക്തമായ യുദ്ധവിരുദ്ധ വികാരം ഉണ്ട്. റഷ്യൻ ക്രൈസ്തവ സഭയുടെ സജീവ പങ്കാളിത്തത്തോടെ ഇളക്കിവിട്ട സങ്കുചിത റഷ്യൻ വികാരം അതിനെ തടയുന്നതിൽ വിജയിച്ചിട്ടില്ല. ഈ പ്രതിഷേധങ്ങൾ യുക്രൈനിലെ ചെറുത്തുനില്പിനും ഉത്തേജനം നല്കും. സെലൻസ്കിയും കൂട്ടരും പ്രോത്സാഹിപ്പിക്കുന്ന സങ്കുചിത യുക്രൈനിയൻ ദേശീയബോധത്തിനെ അത് ദുർബലപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാണ്. ആ അർത്ഥത്തിൽ പുതിയൊരു രാഷ്ട്രീയ ഉണർവ് റഷ്യയിൽ തന്നെ ഉണ്ടാകാൻ ഈ യുദ്ധം നിമിത്തമായിരിക്കുന്നു. യുദ്ധം നീണ്ടുപോവുകയാണെങ്കിൽ, ഉദ്ദേശിച്ച അത്ര പെട്ടെന്ന് തങ്ങൾക്ക് വേണ്ട തീർപ്പ് ഉണ്ടാക്കാൻ റഷ്യക്ക് കഴിഞ്ഞില്ലെങ്കിൽ, അതല്ല ചെറുത്തുനിൽപ്പ് സജീവമാവുകയും റഷ്യൻ പട്ടാളത്തിന് വലിയ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്താൽ പുട്ടിൻ ഭരണത്തിന്റെ അന്ത്യത്തിന് തന്നെ അത് കാരണമാകും.

വലിയ അസ്വസ്ഥതയുടെ, ക്രമരാഹിത്യത്തിന്റെ ഒരു കാലഘട്ടത്തിലേക്കാണ് ലോകം പ്രവേശിച്ചിരിയ്ക്കുന്നത്. മുമ്പ്, രണ്ടു വൻ ശക്തികൾ തമ്മിലുള്ള, അമേരിക്കൻ സാമ്രാജ്യത്വ ചേരിയും സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വ ചേരിയും തമ്മിലുള്ള, കടുത്ത മത്സരവും ദേശീയ മർദ്ദനവും ഉണ്ടായിരുന്ന കാലഘട്ടത്തിൽ, കുറച്ചു കാലം വിപ്ലവ ചൈനയും വിപ്ലവ അൽബേനിയയും അവയുടെ നയതന്ത്ര, രാഷ്ട്രീയ ഇടപെടലുകളും അതു നല്കിയ വിപ്ലവ സന്ദേശവും പ്രേരണയും ലോക ജനതകൾക്ക് ഉത്തേജനമായിരുന്നു. ചൈനയിലെ മുതലാളിത്ത പുനർസ്ഥാപനത്തിന് ശേഷവും തുടർന്നുകൊണ്ടിരുന്ന പല വിപ്ലവ സമരങ്ങളും ലോക തലത്തിൽ അത്തരത്തിലൊരു പങ്ക് കുറച്ചൊക്കെ വഹിച്ചിരുന്നു. ഇന്ന് സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഒന്നും തന്നെ ഇല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള വിപ്ലവ സമരങ്ങളും താരതമ്യേന കുറവാണ്. പൊതുവിൽ തന്നെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇപ്പോഴും ദുർബലാവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ഈ ക്രമരാഹിത്യത്തെ, ഈ അസ്വസ്ഥതയെ, വിപ്ലവകരമായ ഒരു ദിശയിലേക്ക് തിരിച്ചുവിടുന്നത് ശ്രമകരമാണ്. എന്നാൽ ഇതോടൊപ്പം കാണേണ്ട ഒരു കാര്യമുണ്ട്. പൊതുവിൽ തന്നെ ബഹുജനങ്ങളുടെ ബോധനിലവാരത്തിൽ ഉണ്ടായിട്ടുള്ള മാറ്റമാണത്. പ്രത്യേകിച്ചും, കോവിഡ് കാലത്തെ അനുഭവങ്ങളുടെ ഫലമായി ഉണ്ടായ മാറ്റം ശ്രദ്ധേയമാണ്. വികസിത രാജ്യങ്ങളിലും മൂന്നാം ലോക രാജ്യങ്ങളിലും ഒരുപോലെ, ഭരണാധികാരികളുടെ കഴിവുകേടും മനുഷ്യത്വരഹിത സമീപനവും പച്ചയായി തന്നെ തുറന്നുകാട്ടപ്പെട്ടു. ലക്ഷക്കണക്കിന് ജീവൻ നഷ്ടപ്പെടാൻ രോഗാണുവിനേക്കാൾ അധികമായി ഈ സമീപനങ്ങളാണ് ഉത്തരവാദി എന്നുള്ള വസ്തുത ജനങ്ങൾ അനുഭവിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ഈ ഭരണാധികാരികളെ വിശ്വസിക്കാൻ കൊള്ളില്ല, അവർ പറയുന്നതിനപ്പുറമാണ് സത്യം എന്നൊരു തിരിച്ചറിവ് സാമാന്യമായി തന്നെ ഇന്ന് ലോകത്തുണ്ട്. ഭരണാധികാര വിരുദ്ധമായ ഒരു വികാരം, എതിർപ്പ് വിവിധ രാജ്യങ്ങളിൽ പ്രകടമാണ്. പലപ്പോഴും പ്രക്ഷോഭങ്ങളായി അത് മാറുന്നു. ഈ ഒരു സാഹചര്യത്തിൽ, ഇങ്ങനെയുള്ള ഒരു യുദ്ധത്തിൽ വിവിധ ശക്തികൾ വിവിധ അവകാശവാദങ്ങൾ പുറപ്പെടുവിക്കുമ്പോൾ, അതിന്റെ പുറകിലുള്ള സങ്കുചിതമായ സാമ്രാജ്യത്വ താല്പര്യങ്ങൾ തുറന്നുകാട്ടി അതിനെക്കുറിച്ച് ജനങ്ങളെ ജാഗരൂകരാക്കുന്നതിന് കമ്മ്യൂണിസ്റ്റുകൾ ശ്രദ്ധിക്കുകയാണെങ്കിൽ, പുരോഗമന ശക്തികൾ ശ്രദ്ധിക്കുകയാണെങ്കിൽ, വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്ക് കഴിയും. ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്ന ഈ ക്രമരാഹിത്യത്തെ, അസ്ഥിരതയെ, വിപ്ലവത്തിന് അനുകൂലമായി മാറ്റാൻ ഇന്ന് ദുർബലമായ അവസ്ഥയിലുള്ള ഈ ശക്തികൾക്ക് കഴിയും. അതിനുള്ള സകല സാധ്യതയും ഉണ്ട്. ശരിയായ രാഷ്ട്രീയ നിലപാടുകളിലൂടെ, പ്രായോഗിക പ്രവർത്തനത്തിലൂടെ, അത് യാഥാർത്ഥ്യമാക്കുന്ന ദിശയിലാണ് അവർ നീങ്ങേണ്ടത്. ഏതെങ്കിലും ഒരു ശക്തിയുടെ പിന്നിൽ അണിനിരക്കുകയോ, അല്ലെങ്കിൽ അമേരിക്കൻ സാമ്രാജ്യത്വം തകർന്നാൽ അതാണ് ഏറ്റവും നല്ല കാര്യം എന്ന മട്ടിൽ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കുകയോ ചെയ്താൽ ഈ അവസരം നഷ്ടപ്പെടുത്തുകയാകും ഫലം. ജനങ്ങളെ ഏതെങ്കിലുമൊരു സാമ്രാജ്യത്തിന് കൂട്ടികൊടുക്കുന്ന തിരുത്തൽവാദപണിയാകും, ബോധപൂർവ്വമായിട്ടല്ലെങ്കിലും, ചെയ്യുക.

യുക്രൈൻ യുദ്ധത്തെ കുറിച്ച് – 1

Follow | Facebook | Instagram Telegram | Twitter