ആത്മഹത്യാക്കുറിപ്പിന്റെ മറവിൽ സർഫാസി മാഫിയയെ രക്ഷപ്പെടാൻ അനുവദിക്കരുത്

സർഫാസിയിലൂടെ വൻ നേട്ടമുണ്ടാക്കുന്ന കോർപ്പറേറ്റ് -ബാങ്ക് – മാഫിയ സംഘം കുടുംബ പ്രശ്നങ്ങളെ മറയാക്കി രക്ഷപെടുന്നതിനുള്ള അണിയറ നീക്കമാണ് ഇപ്പോൾ നടക്കുന്നത്…


പി ജെ ജെയിംസ്

5 ലക്ഷം രൂപ വായ്പയെടുത്ത്, 8 ലക്ഷം രൂപ പലപ്പോഴായി തിരിച്ചടച്ചിട്ടും ഇനിയും 6.85 ലക്ഷം രൂപ അടയ്ക്കാത്തതിന്റെ പേരിൽ ബാങ്ക് മേധാവികൾ ജപ്തി നടപടികൾ സ്വീകരിച്ചതല്ല, കുടുംബ പ്രശ്നങ്ങളാണ് അമ്മയും മകളും ജീവനൊടുക്കിയതെന്ന നിക്ഷിപ്ത കേന്ദ്രങ്ങളുടെ പ്രചരണം ‘സർഫാസി’ യെന്ന സാധാരണക്കാരെ മാത്രം ലക്ഷ്യം വെക്കുന്ന ഭീകര കരിനിയമത്തെയും അതിന്റെ നടത്തിപ്പുകാരെയും വെള്ളപൂശുകയെന്ന ലക്ഷ്യത്തോടെയാണെന്ന് തിരിച്ചറിയണം.

കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ഭരണകൂടവും ബാങ്ക് മേധാവികളും ജനങ്ങളെ കൊള്ളയടിക്കാൻ ആവിഷ്കരിച്ച സർഫാസി നിയമ പ്രകാരമുള്ള ജപ്തി നടപടികളെ പോരാട്ടത്തിലൂടെ നേരിടാൻ പുരോഗമന ശക്തികളുമായി ഐക്യപ്പെട്ട് പ്രീതാ ഷാജി നടത്തിയതുപോലുള്ള സംഭവങ്ങൾ വിരളമാണ്.

കോർപ്പറേറ്റ് ബാങ്ക് മേധാവികളും അവരുടെ ഇടനിലക്കാരും ഭരണവർഗ രാഷ്ട്രീയ നേതൃത്വവുമടങ്ങുന്ന മാഫിയാ സംഘത്തെ നേരിടാനാവാത്തവർ മറ്റു കടന്നാക്രമണങ്ങളെയെന്ന പോലെ, സർഫാസിയെയും അഭിമുഖീകരിക്കുന്നത് അവർക്കായി ഉണ്ടാക്കി വെച്ചിട്ടുള്ള ദൈവങ്ങളെയും മന്ത്രവാദത്തെയും ആശ്രയിച്ചു കൊണ്ടാണെന്നത് ഏതൊ പുതിയ കണ്ടത്തെലായിട്ടാണ് കോർപ്പറേറ്റ് മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. മന്ത്രവാദത്തിലൂടെയും പൂജയിലൂടെയും ജപ്തി നടപടികളെ നേരിട്ടത് കുടുംബ പ്രശ്നങ്ങളിലേക്കെത്തിയെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഈ സാഹചര്യത്തിൽ, സർഫാസിയിലൂടെ വൻ നേട്ടമുണ്ടാക്കുന്ന കോർപ്പറേറ്റ് -ബാങ്ക് – മാഫിയ സംഘം കുടുംബ പ്രശ്നങ്ങളെ മറയാക്കി രക്ഷപെടുന്നതിനുള്ള അണിയറ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്ത് മൊറോട്ടോറിയം നിലനിൽക്കുന്നുവെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ‘സർഫാസി’ ജപ്തിക്ക് ആവേശം കാട്ടിയ ബാങ്ക് മേധാവിയും അയാൾക്ക് പിന്നിലും മുന്നിലുമുള്ള മാഫിയകളും ഭരണസംവിധാനം ഉപയോഗിച്ച് ആത്മഹത്യാക്കുറിപ്പ് മുതലാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

മോദി അധികാരത്തിൽ വന്നതിനുശേഷം കിട്ടാക്കടത്തിന്റെ പേരിൽ കോർപ്പറേറ്റുകൾ പൊതുമേഖലാ ബാങ്കുകൾക്ക് കൊടുക്കേണ്ട മൂന്നര ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. അതെഴുതിത്തള്ളുന്നതിൽ പങ്കുകാരായ ബാങ്കു മേധാവികൾ പാവങ്ങളെ മാഫിയകൾ കൊള്ളയടിക്കുന്ന സർഫാസിയുടെ നടത്തിപ്പിൽ രാജാവിനെക്കാൾ രാജഭക്തിയോടെ ആവേശം കാണിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം.

Leave a Reply