പാനായിക്കുളത്തെ ഒരു ടെറർ ഹബ്ബ് ആയി ചിത്രീകരിക്കുന്നവരുടെ അജണ്ട

എവിടെയെങ്കിലും പൊട്ടാസ് പൊട്ടിയാൽ ഇവിടങ്ങളിൽ ഉള്ളവരെ അന്വേഷണ ഏജൻസികൾക്ക് യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ അറസ്റ്റ് ചെയ്യാം എന്ന സ്ഥിതി വിശേഷം ആണ്…
_ അനസ് മുഹമ്മദ്

പാനായിക്കുളം വീണ്ടും ടാർഗറ്റ് ചെയ്യപ്പെടുമ്പോൾ
ഓരോ സമയത്തും ഓരോ പ്രദേശങ്ങളെ മൊത്തത്തിൽ ഭീകരവത്കരിക്കുന്ന ഒരു പ്രവണത അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കും ഉണ്ട്. ഫാബ്രിക്കേറ്ററ്റഡ് ആയതും അല്ലാത്തതും ഒക്കെ ആയ കേസുകളും ആയി എന്തെങ്കിലും ബന്ധമുള്ള വ്യക്തികളുമായി ബന്ധം ഉള്ള സ്ഥലങ്ങളെ ആണ് ഇത്തരത്തിൽ ഭീകരപരിവേഷം നൽകി പർവ്വതീകരിച്ചു കാണിക്കുന്നത്.

ഭട്കലും അസംഗഡും ബട്‌ല ഹൗസും ഒക്കെ അത്തരത്തിൽ ഭീകരമായ സ്ഥലങ്ങളായി മാറി കഴിഞ്ഞവയാണ്. ഇന്ത്യയിൽ എവിടെയെങ്കിലും പൊട്ടാസ് പൊട്ടിയാൽ ഇവിടങ്ങളിൽ ഉള്ളവരെ അന്വേഷണ ഏജൻസികൾക്ക് യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ അറസ്റ്റ് ചെയ്യാം എന്ന സ്ഥിതി വിശേഷം ആണ്. അത്തരത്തിൽ അതിനെ സാധൂകരിക്കത്തക്ക ചിത്രം ആണ് പൊതുസമൂഹത്തിൽ മാധ്യമങ്ങൾ ഈ സ്ഥലങ്ങൾക്ക് കൊടുത്തിട്ടുള്ളത്.

സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് 9 വര്‍ഷത്തെ അന്യായമായ തടവിനും പോലീസ് പീഡനങ്ങള്‍ക്കും ശേഷം നിരപരാധിയെന്ന് തെളിഞ്ഞ് വിമോചിക്കപ്പെട്ട ഷബീര്‍ ഗംഗാവാലി എന്ന മദ്രസ്സ അധ്യാപകൻ പറഞ്ഞത് ഇങ്ങനെ ആണ്,

“ഭട്കല്‍ സ്വദേശിയാണെന്നത് തന്നെ തടവിലിടാന്‍ മതിയായ കാരണമായിരുന്നു…”

പാനായിക്കുളത്തെയും അത്തരം ഒരു ടെറർ ഹബ്ബ് ആയി ചിത്രീകരിക്കേണ്ടത് ചിലരുടെയൊക്കെ ആവശ്യമാണ്.
എൻ.ഐ.എ ഏറ്റെടുത്ത കേരളത്തിലെ ആദ്യ കേസ് ആയിരുന്നു പാനായിക്കുളം. ആ കേസ് വ്യാജം ആണെന്നും പ്രതി ചേർക്കപെട്ടവർ നിരപരാധികൾ ആണെന്നും കോടതി കണ്ടെത്തിയതിനെ തുടർന്ന് മുഖം കെട്ട് നിൽക്കുന്നവർ വീണ്ടും അവരുടെ അജണ്ടകളുമായി വരിക തന്നെ ചെയ്യും.

Leave a Reply