സ്ത്രീയെ കേവല മാംസകഷ്ണമായി കാണുന്ന കോൺഗ്രസ് പ്രസിഡന്‍റ്

ബലാൽസംഗത്തിനിരയായ സ്ത്രീകൾ ആത്മഹത്യ ചെയ്യണം എന്നൊരു പാർട്ടി നേതാവ് പറയണമെങ്കിൽ അയാൾ എത്രമാത്രം അധഃപതിച്ച ബോധത്തോടെയായിരിക്കും ജീവിക്കുന്നത്? എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അയാൾ ഒരു രാഷ്ട്രീയ നേതാവായി തുടരുന്നത്? ഇയാൾ നേതാവായിരിക്കുന്ന പാർട്ടിയുടെ അണികളുടെ കാര്യം പറയാനുണ്ടോ?

ശ്രീജ നെയ്യാറ്റിന്‍കര

ഇന്നലെ പ്രതിഷേധ ജ്വാലയുടെ സംഘാടന തിരക്കിനിടയിലാണ് മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തെക്കുറിച്ച് കേട്ടത് അത്ഭുതമൊന്നും തോന്നിയില്ല സ്ത്രീകളെ അത്രമേൽ അവജ്ഞയോടെ കാണുന്ന ഒരു നേതാവാണയാൾ. കേരളത്തിന്‍റെ ആരോഗ്യ – വനിതാ – ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന പെൺമന്ത്രിയെ രാഷ്ട്രീയവും ജനാധിപത്യപരവുമായി നേരിടുന്നതിന് പകരം കോവിഡ് റാണി എന്നും നിപ്പാ രാജകുമാരി എന്നും വിളിച്ചാക്ഷേപിച്ച തരംതാണ നേതാവാണയാൾ. സ്ത്രീയെ കേവല മാംസ കഷ്ണമായി കാണുന്ന ആണധികാര ബോധത്തിൽ അഭിരമിക്കുന്ന അയാൾ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്‍റ് ആണ്. അയാളുടെ പാർട്ടി കേരളത്തിന്‍റെ പ്രതിപക്ഷത്താണുള്ളത്, ആ പ്രതിപക്ഷത്തിരിക്കുന്ന നേതാവ് ഈയിടെയാണ് റേപ്പ് ജോക്ക് നടത്തി വഷളൻ ചിരിയുമായി മാധ്യമ പ്രവർത്തകരെ അഭിമുഖീകരിച്ചത്.

ബലാൽസംഗത്തിനിരയായ സ്ത്രീകൾ ആത്മഹത്യ ചെയ്യണം എന്നൊരു പാർട്ടി നേതാവ് പറയണമെങ്കിൽ അയാൾ എത്രമാത്രം അധഃപതിച്ച ബോധത്തോടെയായിരിക്കും ജീവിക്കുന്നത്? എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അയാൾ ഒരു രാഷ്ട്രീയ നേതാവായി തുടരുന്നത്? ഇയാൾ നേതാവായിരിക്കുന്ന പാർട്ടിയുടെ അണികളുടെ കാര്യം പറയാനുണ്ടോ? ബലാൽസംഗം രാഷ്ട്രീയ പ്രവർത്തനമാക്കിയ ഒരു പാർട്ടി രാജ്യം ഭരിക്കുമ്പോൾ ഇവരെയൊക്കെയാണല്ലോ മതേതര ജനത രക്ഷകരായി കാണുന്നത്.

കോൺഗ്രസുകാരുടെ ന്യായീകരണമാണ് അതിലും രസം, വി എസ് സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ലേ, മണി പറഞ്ഞിട്ടില്ലേ, വിജയരാഘവൻ പറഞ്ഞിട്ടില്ലേ എന്നൊക്കെയാണ് ചോദ്യം. അതിനർത്ഥമെന്താ., ഇവരൊക്കെ മാത്രമായി സ്ത്രീ വിരുദ്ധത പറഞ്ഞു സുഖിക്കണ്ട ഞങ്ങൾക്കും ഞങ്ങളുടെ നേതാക്കൾക്കും പറയണം സ്ത്രീ വിരുദ്ധത എന്നാണല്ലോ, എന്ത് നല്ല രാഷ്ട്രീയ ബോധം.

പച്ചയ്ക്ക് സ്ത്രീ വിരുദ്ധത വിളമ്പി വിവാദമായപ്പോൾ മാപ്പപേക്ഷിച്ചു തടി തപ്പിയ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന സ്ത്രീ വിരുദ്ധനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കേരള ആഭ്യന്തര വകുപ്പ് തയ്യാറാകണം.

Like This Page Click Here

Telegram
Twitter