ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല
”ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല” എന്ന അയ്യൻകാളിയുടെ പ്രഖ്യാപനമാണ് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നിലപാട്.
സവർണ്ണ ജന്മി തമ്പ്രാക്കന്മാർക്ക് വേണ്ടി എല്ലുമുറിയെ പണി ചെയ്യാൻ വിധിക്കപ്പെട്ട, അധ്വാനത്തിന് അനുസരിച്ച് പ്രതിഫലം ലഭിക്കാതിരുന്ന, പൊതുവഴിയിലൂടെ നടക്കാൻ കഴിയാതിരുന്ന, ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട, മേൽമീശ വെക്കാൻ കഴിയാതിരുന്ന, മാറുമറയ്ക്കാൻ അവകാശം ഇല്ലാതിരുന്ന, കല്ലുമല ധരിക്കാൻ വിധിക്കപ്പെട്ട ജനത സാമൂഹ്യ നീതിക്കും തുല്യതക്കും വേണ്ടി നിവർന്ന് നിന്നത് അയ്യൻകാളിയുടെ കരുത്തിലാണ്. സാമൂഹ്യമായി ഒറ്റപ്പെടുത്തുകയും അടിച്ചമർത്തപ്പെടുകയും ചെയ്യപ്പെട്ട അധസ്ഥിത ജനത മണ്ണിൽ കാലൂന്നി നിന്ന് അവകാശങ്ങൾക്കായി മുഷ്ടി ചുരുട്ടിയത് അയ്യൻകാളിയുടെ സമരത്തിന്റെ ഫലമായാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട, വഴിനടക്കാനുള്ള അവകാശത്തിനായി നടത്തിയ സമരമായ വൈക്കം സത്യാഗ്രഹത്തിനും വർഷങ്ങൾക്ക് മുൻപാണ് അയ്യൻകാളി നെടുമങ്ങാട് ഇതേ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്തത്. റഷ്യൻ വിപ്ലവം നടക്കുന്നതിനും ഒരു ദശകം മുന്നെയാണ് അദ്ദേഹം വിജയകരമായ കർഷക തൊഴിലാളി പണിമുടക്ക് നടത്തിയത്. സവർണ്ണ ഗുണ്ടാപ്പടയുടെ ഹുങ്കിനെ തല്ലിയൊടിച്ച് പഞ്ചമിയുടെ കയ്യും പിടിച്ചു സ്കൂളിലേക്ക് നടന്ന അയ്യൻകാളിയുടെ മരണമാസ് പെര്‍ഫോമന്‍സിനെ കവച്ചുവെക്കുന്ന മറ്റൊന്ന് ചൂണ്ടികാട്ടുക പ്രയാസമാണ്.
ഇന്ന് വിമോചകൻ അയ്യൻകാളിയുടെ ജന്മദിനമാണ്. രാജ്യത്തെ ബ്രഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റ് ആധിപത്യത്തിന് എതിരായ പോരാട്ടത്തിന് അയ്യൻകാളിയുടെ സമരത്തിന്റെ പരിപ്രേക്ഷ്യം നമുക്ക് കരുത്തുപകരുന്നതാണ്. എല്ലാവര്‍ക്കും അയ്യൻകാളി ജയന്തി ദിനാശംസകൾ.
_ യാസിന്‍