ഒരാൾക്ക് വേണ്ടി അവസാനത്തെ യാത്രാവചനം കുറിക്കുമ്പോൾ
ഒരാൾക്ക് വേണ്ടി അവസാനത്തെ യാത്രാവചനം കുറിക്കുമ്പോൾ- അതും അയാൾക്ക് വേണ്ടി ഇനി ഒരു പോസ്റ്റ്കാർഡ് പോലും അയക്കാനില്ല എന്നിരിക്കെ- അർബൻ ഡിക്ഷ്ണറിയിൽ നിന്നും, ഇനി വല്യ ചരിത്ര കഥകളിൽ നിന്നായാലും വേണ്ടില്ല. Rest in peaceന്റെ ചുരുക്കെഴുത്തായ RIP എടുത്ത് പ്രയോഗിക്കുന്ന, തീരെ നേരമില്ലാത്ത, ഒട്ടും വകതിരിവില്ലാത്തവരെക്കുറിച്ച് എന്താണു പറയുക ?
അതിനി ആരായാലും ശരി. അവരുടെ മേഖല ഏതായാലും ശരി,ഒന്നുകിൽ അവർ പക്കാ നോൺസെൻസ്! അല്ലെങ്കിൽ എന്തിലേക്കും എളുപ്പ വഴി അന്വേഷിക്കുന്നവർ! രണ്ടായാലും ശരി അസഹ്യമാണത്! അങ്ങനെയുള്ള യാത്രാമൊഴി പോലെ ആത്മാർത്ഥതയില്ലാത്തതായി മറ്റെന്തുണ്ട് നിങ്ങൾ കണ്ടിട്ട് ? ഒന്നുകിൽ മൗനം പാലിക്കാം… അല്ലെങ്കിൽ വാക്കുകളില്ലാതിരിക്കാം… പക്ഷേ ‘റിപ്പ്’ മാത്രം സഹിക്കാനാവുന്നില്ല ! ഓക്കെ.കല്ലിന്മേൽ സ്ഥലമില്ലാത്തതോണ്ടാവാം ശ്മശാനത്തിൽ ചുരുക്കെഴുത്ത് !.ഹൃദയത്തിലുമില്ലെന്നോ ?
സങ്കടം തന്നെ ! എത്ര നേരമെടുത്ത് എത്ര പെയ്ൻ എടുത്തിട്ടാ ബാലഭാസ്ക്കറൊക്കെ ഒരു പീസ് വയലിൻ അതിന്റെ പൂർണ്ണതയിൽ നമുക്ക് വായിച്ച് തന്നിട്ടുള്ളത് ! ആ “വെണ്ണിലവേ” ഒന്ന് കേട്ട് നോക്കൂ ! അങ്ങനെയൊരാൾ കാണാമറയത്തേക്ക് ഒരു യാത്ര പോകുമ്പോൾ RIP എന്ന് ചുരുക്കിപ്പറയാൻ നാണം വേണ്ടേ നമുക്ക് ?
പ്രിയ ബാലൂ ! നിങ്ങളുടെ പേരെടുത്ത് പറഞ്ഞ് ആളുകളെ ദ്വേഷിക്കേണ്ടി വന്നതിൽ ക്ഷമിക്കണേ … നിറയേ സ്നേഹം…എന്നെന്നേക്കും
_ ഷഹബാസ് അമൻ