രാജ്യങ്ങൾ വെടിനിർത്തൽ പ്രഖ്യാപിച്ചത് പെലെയുടെ കളി കാണാൻ!
“പെലെയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി എടുക്കാൻ പെലെ ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ സ്റ്റേഡിയം മുഴുവൻ പെലെ, പെലെ എന്ന് ആർത്തുവിളിച്ചുകൊണ്ടിരുന്നു. പെലെ പെനാൽറ്റിക്ക് തയ്യാറായി. പൊടുന്നനെ പതിനായിരക്കണക്കിന് കാണികൾ നിശ്ശബ്ദരായി. പന്തുകളിയുടെ ബീഥോവൻ അയാളുടെ സംഗീതശില്പത്തിന്റെ കൊടുമുടിയിലെത്തുന്ന ആ നിമിഷത്തിനായി അവർ അനുസരണയൊടെ കാത്തിരുന്നു…”
പ്രമോദ് പുഴങ്കര
പന്തുകളിയുടെ ചരിത്രത്തിലെ ഇതിഹാസമായിരുന്നു പെലെ. ബ്രസീലിന്റെ മാത്രമല്ല പന്ത് തട്ടിക്കളിക്കുന്ന ഭൂമിയുടെ ഓരോ കോണിലും ആ പേര് പന്തിനൊപ്പം ഉരുണ്ടു. തന്റെ പന്തുകളി ജീവിതത്തിന്റെ പുഷ്ക്കലകാലത്തൊന്നും വിദേശ യൂറോപ്യൻ ലീഗുകളിൽ കളിക്കാതിരുന്നിട്ടും പെലെ ലോകഫുട്ബോളിന്റെ മന്ത്രത്താക്കോലായിരുന്നു. വിദേശ ലീഗിലേക്ക് പെലെ പോകുന്നത് തടയാൻ പെലെയെ ദേശീയ സമ്പത്തായി പ്രഖ്യാപിച്ചു 1961ൽ ബ്രസീൽ പ്രസിഡണ്ട് ജാനിയോ കാർഡോസ്. 1958, 1962, 1970 മൂന്ന് ലോകകപ്പുകളിൽ വിജയം അയാൾക്കൊപ്പമായിരുന്നു. 1958-ലെ കലാശക്കളിയിൽ സ്വീഡനെതിരെ പെലെ നേടിയ രണ്ടു ഗോളുകൾ ഇതിഹാസത്തിന്റെ മുഖചിത്രമായിരുന്നു. പെലെയോളം പ്രതിഭാധനരായ സഹകളിക്കാരുമായി ബ്രസീൽ ലോകഫുടബോളിനെ തങ്ങളുടെ കേളീലീലകളുടെ ഉത്സവമാക്കി മാറ്റിയ കാലം !
പെലെയുടെ കളി കാണാൻ നൈജീരിയയും ബയാഫ്രയും യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒരു യുദ്ധം നിർത്തിവെപ്പിക്കാൻ മാത്രം പെലെ പന്തുകളിക്കുന്നു എന്ന കാരണം മതിയായിരുന്നു. എതാണ്ട് രണ്ടു പതിറ്റാണ്ട് ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനു വേണ്ടി കളിച്ച പെലെ തന്റെ അവസാന കാലം അമേരിക്കൻ ലീഗിലെ US ക്ലബ്ബായ ന്യൂയോർക് കോസ്മോസിന് വേണ്ടി കളിച്ചു. പെലെ ആദ്യം കളിക്കാനെത്തുമ്പോൾ അവിടെ പന്തുകളിക്കുവേണ്ട മൈതാനം പോലും നേരെയുണ്ടായിരുന്നില്ല . എന്നിട്ടും പെലെ കളിക്കുന്ന എല്ലാ കളികളിലും അവരുടെ സ്റ്റേഡിയത്തിലെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി. അവസാന കളിയിൽ സാന്റോസും ന്യൂയോർക് കോസ്മോസും തമ്മിൽ കളിച്ചപ്പോൾ പെലെ ഓരോ പകുതി വീതം ഇരുടീമിനും വേണ്ടി കളിച്ചു. പെലെ കളിക്കുന്നു എന്നതായിരുന്നു കാര്യം !
മിക്ക ലാറ്റിനമേരിക്കൻ കളിക്കാരെയും പോലെ ദാരിദ്ര്യത്തിൽ നിന്നും പന്തുകളിയുടെ മാന്ത്രികദേവത ഉയർത്തിക്കൊണ്ടുവന്നതായിരുന്നു പെലെയെയും. അയാളതിന്റെ സകല ലാവണ്യചാരുതകളോടും അവസാനം വരേയും നീതിപുലർത്തി.
മരക്കാന മൈതാനത്ത് സാന്റോസും വാസ്കോ ഡ ഗാമയും തമ്മിലുള്ള കളിയിൽ പെലെ തന്റെ ആയിരാമത്തെ ഗോൾ നേടുന്നത് എഡ്വാർഡോ ഗലിയാനൊ വിവരിക്കുന്നുണ്ട്. പെലെയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി എടുക്കാൻ പെലെ ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ സ്റ്റേഡിയം മുഴുവൻ പെലെ, പെലെ എന്ന് ആർത്തുവിളിച്ചുകൊണ്ടിരുന്നു. പെലെ പെനാൽറ്റിക്ക് തയ്യാറായി. പൊടുന്നനെ പതിനായിരക്കണക്കിന് കാണികൾ നിശ്ശബ്ദരായി. പന്തുകളിയുടെ ബീഥോവൻ അയാളുടെ സംഗീതശില്പത്തിന്റെ കൊടുമുടിയിലെത്തുന്ന ആ നിമിഷത്തിനായി അവർ അനുസരണയൊടെ കാത്തിരുന്നു. ഒരു നിമിഷത്തിനപ്പുറം പൊട്ടിത്തെറിച്ച മൈതാനം പെലെയുടെ ജീവിതമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ പന്തുകളിക്കൊരു മാന്ത്രികവാക്കുണ്ടായിരുന്നെങ്കിൽ അത് രണ്ടു പേരായിരുന്നു: പെലെയും മറഡോണയും. ഇതിഹാസമേ വിട !