മക്കളുടെ മേല്‍ നിങ്ങള്‍ക്ക് ഒരവകാശവുമില്ലെന്ന് കോടതി വിധിച്ചാല്‍ എന്ത് ചെയ്യും?

തുര്‍ക്കി പ്രസിഡന്‍റ് റെജപ് തയ്യിപ്‌ എർദോഗാന്‍ ഐസിസുമായി ചേർന്നു എണ്ണക്കച്ചവടവും ആയുധക്കച്ചവടവും നടത്തുന്നു എന്ന ലോകമെമ്പാടുള്ള മാധ്യമങ്ങളുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ റിപ്പോർട്ട് ചെയ്തു എന്ന കുറ്റത്തിന് കുടുംബവും ജോലിയും പിറന്ന നാടും ഉപേക്ഷിച്ചു ജീവൻ കയ്യിലെടുത്ത് ഓടി രക്ഷപ്പെടേണ്ടി വന്ന പത്രപ്രവർത്തകയാണ് ആർസു യിൽദിസ്. 2019 ജൂണിൽ ഗ്ലോബൽ ജേർണലിസ്റ്റ് എന്ന ന്യൂസ് പോർട്ടലിന് യിൽദിസ് നല്‍കിയ അഭിമുഖത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുത്തുകാരി ഹരിത സാവിത്രിയുടെ ലേഖനവും അഭിമുഖത്തിന്‍റെ സ്വതന്ത്ര വിവർത്തനവും.

നിങ്ങളുടെ മക്കളുടെ മേല്‍ നിങ്ങള്‍ക്ക് ഒരവകാശവുമില്ല എന്ന് ഒരു സുപ്രഭാതത്തില്‍ കോടതി വിധിച്ചാല്‍ എന്ത് ചെയ്യും? ഇത് എന്തൊരു ചോദ്യമാണെന്ന് തോന്നുന്നുണ്ടോ? ഏതെങ്കിലും നാട്ടില്‍ ഇങ്ങനെ നടക്കുമോ എന്ന് അതിശയം തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍, ആ അതിശയത്തില്‍ വലിയ കാര്യമില്ലാ എന്നാണ് മറുപടി പറയാനുള്ളത്. ഇത് സാദ്ധ്യമാണ്. ലോകത്ത് എവിടെയും ഇല്ലെങ്കിലും ടര്‍ക്കിയില്‍ അത് സാദ്ധ്യം. ഇതിലും വിചിത്രമായ മനുഷ്യാവസ്ഥകളുടെ പേരാണിപ്പോള്‍ എര്‍ദോഗാന്റെ നാട്.

ഞാനിനി പറയുന്നത് ടര്‍ക്കിയിലെ ഒരു മാധ്യമ പ്രവര്‍ത്തകയുടെ ജീവിതമാണ്. എര്‍ദോഗാന്റെ സര്‍ക്കാര്‍ ഐ സി സിന് ആയുധം അയച്ചു കൊടുത്ത സംഭവം വെളിച്ചത്തു കൊണ്ടുവന്ന ആര്‍സു യില്‍ദിസ് എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അനുഭവിക്കേണ്ടി വന്ന ഒരു ശിക്ഷ അതായിരുന്നു. സ്വന്തം മക്കളുടെ മേല്‍ അവകാശവും അധികാരവുമില്ലെന്ന കോടതി ഉത്തരവ്. അവര്‍ക്ക് കുഞ്ഞുങ്ങളുടെ മേലുള്ള നിയമപരമായ അവകാശം എടുത്തുകളയുകയായിരുന്നു കോടതി. തുടര്‍ന്ന് മക്കളെ തന്റെ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തി അവര്‍ വിദേശത്തേക്കു രക്ഷപ്പെട്ടു. ഒരു കുട്ടിയെ എങ്ങനെയോ യിൽ ദിസ് തന്റെ അടുത്തെത്തിച്ചുവെങ്കിലും ഇളയ കുട്ടി ഇപ്പോഴും ടര്‍ക്കിയിലാണ്.

സ്വന്തം കുഞ്ഞിനെ ഒന്നു കാണാന്‍ പോലും ഭാഗ്യമില്ലാത്ത ആ മാധ്യമ പ്രവര്‍ത്തക ചെയ്ത കുറ്റം എന്താണെന്ന് കൂടി അറിഞ്ഞാലേ ഇതിന്റെ തീവ്രത മനസ്സിലാവൂ. ടര്‍ക്കിഷ് ന്യൂസ് പോര്‍ട്ടലായ T24 ന്റെ റിപ്പോര്‍ട്ടറായിരുന്നു ആര്‍സു യില്‍ദിസ്. 2014 ലാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം. ടര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍ സിറിയയിലേക്ക് ആയുധം കടത്തിയതായി അവർ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തു. പെട്രോളിന് പകരമായി ടര്‍ക്കി ഐസിസിന് ആയുധങ്ങള്‍ എത്തിക്കുന്നു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെ ആയിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ആ വാര്‍ത്ത അവരുടെ കരിയറിലെ ഏറ്റവും വലിയ സ്‌കൂപ് ആയി മാറി. തൊട്ടുപിന്നാലെ ഇനിയൊരിക്കലുമൊരു തിരിച്ചു പൊക്കിന് സാധ്യതയില്ലാത്ത വിധം അവരുടെ വീടും കുടുംബവും നഷ്ടമായി. മാധ്യമപ്രവര്‍ത്തനത്തിനു തന്നെ അത് അന്ത്യം കുറിച്ചു.മറ്റൊരു രാജ്യവും പോലെയല്ല ടര്‍ക്കിയെന്ന് എന്നെ ഉറച്ചു ബോധ്യപ്പെടുത്തിയ ആ സംഭവം നടന്നത് രണ്ടായിരത്തി പതിനാലിലായിരുന്നു.

2013 നവംബറിലും 2014 ജനുവരിയിലുമായി സിറിയയിലേക്ക് ആയുധങ്ങളുമായി പോയ നാലു ട്രക്കുകളെ തെക്കന്‍ ടര്‍ക്കിയിലെ അദാനയില്‍ വച്ചു പോലീസ് പരിശോധിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. രഹസ്യം ചോര്‍ന്നു കിട്ടിയ ചില പ്രോസിക്യൂട്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈ നടപടി.

ആദ്യ തവണ ട്രക്ക് പിടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍, രണ്ടാമത്തെ തവണ അതു നടന്നില്ല. അദാനയിലെത്തിയ മൂന്ന് ട്രക്കുകള്‍ക്ക് അകമ്പടി സേവിച്ചിരുന്നത് ടര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സി ഏജന്റുമാരായിരുന്നു. അവര്‍ പൊലീസ് നടപടി തടസ്സപ്പെടുത്തി. അക്രമവും ഭീഷണിയും തടയാനാവാതെ പൊലീസിനു ട്രക്ക് വിട്ടയക്കേണ്ടി വന്നു. ഈ മൂന്ന് ഈ ട്രക്കുകളും നാഷണല്‍ ഇന്റലിജന്റസ് ഏജന്‍സിയുടെ വകയാണെന്ന് എര്‍ദോഗന്‍ സമ്മതിച്ചുവെങ്കിലും സിറിയയിലേക്ക് സഹായവുമായി പോവുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഈ വാഹനങ്ങള്‍ ആയുധങ്ങളുമായി സിറിയയിലേക്ക് പോകാന്‍ ശ്രമിച്ചതെന്നു തങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞതായി ലോക്കല്‍ പ്രോസിക്യൂട്ടര്‍ ഒസ്‌കാന്‍ സിസ്മാന്‍ റോയിട്ടറിന് നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. നിയമ വിരുദ്ധമായ ആയുധങ്ങളുമായി ഒരു ട്രക്ക് വരുന്നുണ്ടെന്ന വിവരമനുസരിച്ച് പരിശോധന നടത്താന്‍ ആജ്ഞാപിച്ചതു അദ്ദേഹമായിരുന്നു.

2014 ജനുവരി പത്തൊന്‍പതാം തീയതി വീണ്ടുമെത്തിയ മൂന്ന് ട്രക്കുകളെ പരിശോധിക്കാനുള്ള നിര്‍ദ്ദേശം നല്കാന്‍ സിസ്മാനോടൊപ്പം അദാനയിലെ മറ്റൊരു പ്രോസിക്യൂട്ടറായ അസീസ് ടാക്ചിയുമുണ്ടായിരുന്നു. ആഭ്യന്തര രഹസ്യങ്ങള്‍ വെളിപ്പെടുത്തി, ഭീകരസംഘങ്ങളെ സഹായിക്കുന്നതായി ചിത്രീകരിച്ചു ഗവണ്മെന്റിനെ കളങ്കപ്പെടുത്തി, നിയമവിരുദ്ധമായ റെയ്ഡിന് നേതൃത്വം നല്കി എന്നീ കുറ്റങ്ങള്‍ക്ക് ഇവര്‍ രണ്ടു പേരും ഇപ്പോള്‍ ജയിലിലാണ്.

2014 ജനുവരിയില്‍ തന്നെ യില്‍ദിസ് ഈ വാര്‍ത്ത താന്‍ ജോലി ചെയ്തിരുന്ന T24ല്‍ ബ്രേക്ക് ചെയ്തു. ടര്‍ക്കിഷ് വേരുകളുള്ള സിറിയന്‍ പൗരന്‍മാര്‍ക്ക് സഹായമെത്തിച്ചു കൊടുക്കുകയായിരുന്നു ഈ ട്രക്കുകള്‍ എന്ന് സ്ഥാപിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരുന്ന എര്‍ദോഗനെ ഈ വാര്‍ത്ത അരിശം പിടിപ്പിച്ചു. സാധുക്കള്‍ക്ക് ഭക്ഷണവുമായി നാഷണല്‍ ഇന്റലിജന്‍സിന്റെ ട്രക്കുകള്‍ ആയുധധാരികളായ ഏജന്റുകളുടെ അകമ്പടിയോടെ പോകേണ്ട കാര്യമില്ല എന്ന് മറുചോദ്യം ഉയര്‍ന്നു. സിറിയയില്‍ ആയുധം എത്തിക്കുന്നത് രണ്ട് കൂട്ടര്‍ക്കാവാനാണ് സാദ്ധ്യതയെന്ന് അഭിപ്രായമുയര്‍ന്നു. ഒന്ന്, സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. എന്നാല്‍, അസദ് എര്‍ദോഗാന്‍ ഭരണകൂടത്തിന്റെ ബദ്ധ ശത്രുവാണ്. മറ്റൊരു സാദ്ധ്യത ഐസിസാണ്. ഐസിസിന് ടര്‍ക്കി ആയുധങ്ങള്‍ എത്തിക്കുന്നതായി വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയായിരുന്നു ഈ നടപടി. ഐസിസുമായി ചേര്‍ന്നു എര്‍ദോഗാന്‍ നടത്തുന്ന എണ്ണയുടെയും ആയുധങ്ങളുടെയും കച്ചവടത്തിന്റെ തെളിവാണിത് എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്കി.

കലി പൂണ്ട പ്രസിഡന്റ് ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും വേട്ടയാടി. അദാനയിലെ ഉദ്യോഗസ്ഥരും പോലീസുകാരും പ്രോസിക്യൂട്ടര്‍മാരും പത്രപ്രവര്‍ത്തകരുമടക്കം മുന്നൂറോളം പേര്‍ നിയമ നടപടികള്‍ നേരിട്ടു. അവരില്‍ ഭൂരിഭാഗം പേരും ചാരവൃത്തി, ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

ഈ ആയുധ വേട്ടയില്‍ വലിയൊരു പങ്ക് വഹിക്കുകയും എര്‍ദോഗന്റെ പ്രതികാര നടപടിയ്ക്ക് ഇരയാവുകയും ചെയ്തവരില്‍ ഒരാളായിരുന്നു അദാനയിലെ ഏറ്റവും പ്രശസ്തനായ പോലീസ് നായ വഹീം. മയക്കുമരുന്നും സ്‌ഫോടക വസ്തുക്കളും കണ്ടു പിടിക്കുന്നതില്‍ ഈ നായയ്ക്കുള്ള കഴിവ് സമാനതകളില്ലാത്തതായിരുന്നു. ഗ്രാമങ്ങളുടെയും റോഡുകളുടെയും സുരക്ഷാചുമതലയുള്ള ജന്‍ഡര്‍മ എന്ന ഫോഴ്‌സിന്റെ ഭാഗമായിരുന്ന ഈ നായ വരാന്‍ പോകുന്ന ഗുലുമാല്‍ ഒന്നുമറിയാതെ പതിവ് പോലെ തന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. അദാനയില്‍ നിന്നു വഹീമിനെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. അവനെ ട്രെയിന്‍ ചെയ്ത പരിശീലകന് പോലും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വന്നുവെന്ന് ഓപ്പറേഷന്റെ ചുമതല വഹിച്ച മേജര്‍ ബെകീര്‍ കരാത്താസ് പറഞ്ഞു.

ആയുധങ്ങളും വഹിച്ചു കൊണ്ട് പോയ ട്രക്കുകളുടെ ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിച്ചതിന് മറ്റൊരു പത്രമായ ചുംഹൂറിയത്തിന്റെ എഡിറ്റര്‍ ചാന്‍ ദുന്ദര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് എര്‍ദോഗാന്‍ പ്രഖ്യാപിച്ചിരുന്നു. വിചാരണ നടന്നു. ദുന്ദറിനും ചുംഹൂറിയത്തിന്റെ അങ്കാറ ബ്യൂറോ ചീഫ് എര്‍ദെം ഗുല്ലിനും ആഭ്യന്തര രഹസ്യങ്ങള്‍ പുറത്താക്കിയ കുറ്റത്തിന് അഞ്ചു വര്‍ഷത്തെ തടവ്ശിക്ഷ ലഭിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത യില്‍ദിസിന് കോടതി നടപടികളുടെ രഹസ്യ സ്വഭാവം ലംഘിച്ചതിന് ഇരുപതു മാസത്തെ തടവ് വിധിച്ചു. ഒപ്പമാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിക്കൊണ്ട് അവര്‍ക്ക് തന്റെ കുഞ്ഞുങ്ങളുടെ മേലുള്ള നിയമപരമായ അവകാശം എടുത്തുകളഞ്ഞത്.

രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായ യില്‍ദിസിന്റെ ഇളയ കുട്ടിക്ക് അന്ന് ആറ് മാസമായിരുന്നു പ്രായം. ഇതൊരു തുടക്കം മാത്രമാണ് എന്നറിയാമായിരുന്ന യില്‍ദിസ് അറസ്റ്റിന് നിന്നു കൊടുക്കാതെ തന്റെ കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഒളിവില്‍ പോയി. ഒരു ചെറിയ മുറിയില്‍ പുറം ലോകത്തിന് മുഖം കൊടുക്കാതെ അവര്‍ അഞ്ചു മാസം താമസിച്ചു.

ജീവിതം ഇങ്ങനെ തുടരാനാവില്ല എന്ന് മനസ്സിലാക്കിയ യില്‍ദിസ് മക്കളെ തന്റെ അച്ഛനമ്മമാരെ എല്‍പ്പിച്ചതിന് ശേഷം രഹസ്യമായി അതിര്‍ത്തി മുറിച്ചു കടക്കുകയും ഗ്രീസിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ അഭയം തേടുകയും ചെയ്തു. അധികം താമസിയാതെ യില്‍ദിസിന് കാനഡയില്‍ രാഷ്ട്രീയാഭയം ലഭിച്ചു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ മൂത്ത കുട്ടിയായ എമിനെയെ 2018ല്‍ അവര്‍ക്ക് തന്റെയടുത്ത് എത്തിക്കാന്‍ കഴിഞ്ഞു. പക്ഷേ ഇളയ കുഞ്ഞായ സെഹ്‌റ ഇപ്പോഴും ടര്‍ക്കിയില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ് താമസം. സത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ കുറ്റത്തിന് യില്‍ദിസിന് തന്റെ ഭര്‍ത്താവിനെയും അച്ഛനമ്മമാരെയും കുഞ്ഞിനെയും നഷ്ടമായി. ടര്‍ക്കിയിലെ പ്രശസ്തരായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന അവര്‍ ഇന്ന് ജീവിക്കാനായി കാനഡയിലെ ഒരു പിസ ഷോപ്പില്‍ ജോലി ചെയ്യുകയാണ്.

എന്തോ ഒന്നു തകർന്നു പോയിരുന്നു, ഓ! എന്‍റെ ഹൃദയമാണത്!

ഐസിസുമായി ചേർന്നു എർദോഗൻ എണ്ണക്കച്ചവടവും ആയുധക്കച്ചവടവും നടത്തുന്നു എന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ റിപ്പോർട്ട് ചെയ്തു എന്ന കുറ്റത്തിന് കുടുംബവും ജോലിയും പിറന്ന നാടും ഉപേക്ഷിച്ചു ജീവൻ കയ്യിലെടുത്ത് ഓടി രക്ഷപ്പെടേണ്ടി വന്ന പത്ര പ്രവർത്തകയാണ് ആർസു യിൽദിസ് . ടൊറൊന്റോയിലെ ഒരു പിസ ഷോപ്പിൽ ജോലി ചെയ്യുന്ന യിൽദിസ് സത്യസന്ധമായ പത്രപ്രവർത്തനം നടത്തിയതിന് കൊടുക്കേണ്ടി വന്ന വിലയെ പറ്റി 2019 ജൂണിൽ ഗ്ലോബൽ ജേർണലിസ്റ്റ് എന്ന ന്യൂസ് പോർട്ടലിന് നല്കിയ അഭിമുഖത്തിന്റെ സ്വതന്ത്ര വിവർത്തനമാണ് താഴെ.

ചോദ്യം; എങ്ങനെയാണ് നിങ്ങൾ പത്രപ്രവർത്തനം തിരഞ്ഞെടുത്തത്?

പഠനശേഷം അനേക വർഷങ്ങൾ കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ജോലിയായിരുന്നു ഞാൻ ചെയ്തിരുന്നത്. പൊലീസിനെ പറ്റിയും നീതിന്യായ വ്യവസ്ഥയെ പറ്റിയും ഞാൻ നിരവധി വാർത്തകൾ എഴുതി. രാഷ്ട്രീയമോ ഗവൺമെന്റൊ എന്നെ സ്വാധീനിക്കുന്ന ഘടകങ്ങളായിരുന്നില്ല. നീതി മാത്രമായിരുന്നു എന്റെ വിഷയം. ഒരു ലിബറൽ ദേശീയ പത്രമായ തരാഫിനോടൊപ്പം ഞാൻ അഞ്ചു വർഷം പ്രവർത്തിച്ചു. അതിനു ശേഷം കുറച്ചു വർഷങ്ങൾ ഞാൻ T24ൽ സ്വതന്ത്ര പത്രപ്രവർത്തനം നടത്തി.

ഇതിനിടയില് രണ്ടു മാസത്തോളം എർദോഗന്റെ പാർട്ടിയായ എകെപിയോട് ആഭിമുഖ്യം പുലർത്തുന്ന ടർക്കിയെ എന്ന പത്രത്തിലും ഞാൻ ജോലി ചെയ്തു. എന്റെ വാർത്തകൾ അവർ സെൻസർ ചെയ്യുന്നത് കണ്ടു മനം മടുത്തു ഞാൻ ആ സ്ഥാപനം വിട്ടു. അക്കാലത്ത് ടർക്കിയിൽ ഒരു പ്രോസിക്യൂട്ടറിനെയോ ജഡ്ജിയെയോ പോലെ നിയമ വിജ്ഞാനമുള്ള ഒരേയൊരു വനിതാ പത്രപ്രവർത്തക ഞാനായിരുന്നു. പത്രപ്രവർത്തനത്തിനോടൊപ്പം ഞാൻ നിയമ പഠനവും മുന്നോട്ട് കൊണ്ട് പോകുന്നുണ്ടായിരുന്നു. ചില പ്രോസിക്യൂട്ടർമാരെക്കാൾ കൂടുതൽ ഞാൻ പുസ്തകങ്ങള് വായിച്ചു കൂട്ടി. ടർക്കിയിലെ നീതിന്യായ വ്യവസ്ഥയിൽ മാത്രമായിരുന്നില്ല എനിക്കു താല്പര്യം. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്ന നീതിശാസ്ത്രങ്ങളെപറ്റി അറിയാനും ഞാൻ ശ്രമിച്ചു.

ടർക്കി വിടാനുള്ള സമയമായി എന്ന് നിങ്ങൾക്ക് എങ്ങനെയാണ് മനസ്സിലായത്?

2016 ജൂലൈ പതിനഞ്ചാം തീയതി നടന്ന പട്ടാള അട്ടിമറി ശ്രമം കഴിഞ്ഞു രണ്ടു ദിവസത്തിന് ശേഷം പോലീസ് എന്റെ വീട്ടിൽ വന്നു. ആ സമയത്ത് ധാരാളം ആളുകൾ ജയിലാകുകയും പീഡനങ്ങൾ സാഹിക്കുകയും ചെയ്തിരുന്നു. ആർക്കും അത്തരം കാര്യങ്ങളെപ്പറ്റി എഴുതാനുള്ള ധൈര്യമില്ലായിരുന്നു. കോടതി കാര്യങ്ങൾ തുടർന്നും റിപ്പോർട് ചെയ്തിരുന്നുവെങ്കിൽ ഞാൻ വിചാരണകളെപ്പറ്റിയും ആളുകളെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുന്നതിനെ പറ്റിയും എഴുതുമായിരുന്നു. പോലീസ് വീട്ടിൽ വന്നതിനു ശേഷം ഞാൻ ഒരു ചെറിയ മുറിയിൽ എന്റെ ഏഴു മാസവും ഏഴു വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളുമായി ഒളിച്ചു താമസിച്ചു. ഇതിനെ ജീവിതം എന്ന് വിളിക്കാനാവില്ല എന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. മുറിയുടെ വാതിലിലെ ഓരോ മുട്ടും പുറത്ത് പോലീസ് ആയിരിക്കും എന്ന ഭയം മൂലം എന്നെ മാനസികമായി തളർത്തുകയായിരുന്നു.

നിങ്ങൾക്ക് ടർക്കിയിലുള്ള കുടുംബവുമായി ഇപ്പോഴും ബന്ധമുണ്ടോ?

എന്റെ ഇളയ മകൾ സെഹ്റയ്ക്ക് എന്നെ അറിയില്ല. അമ്മയില്ല എന്നാണ് അവൾ ധരിച്ചിരിക്കുന്നത്. എന്റെ അച്ഛനമ്മമാരുടെ കൂടെ ടർക്കിയിൽ തന്നെയാണ് സെഹ്റയുടെ താമസം. അവളുടെ പിറന്നാളാഘോഷം എനിക്ക് വീഡിയോയിലൂടെ കാണാൻ കഴിഞ്ഞു. അവളുമായി ബന്ധപ്പെടാൻ എനിക്ക് കഴിയില്ല. ഞങ്ങൾക്കിടയിൽ ഫോൺ കോളുകളില്ല. ഒന്നുമില്ല. ഭർത്താവിൽ നിന്നു എനിക്ക് വിവാഹ മോചനം നേടേണ്ടി വന്നു. എന്റെ അച്ഛനമ്മമാരോടും ഞാൻ യാതൊരു ബന്ധവും പുലർത്തുന്നില്ല. എനിക്ക് എന്റെ മകളെ നഷ്ടപ്പെടുക മാത്രമല്ല, അവർക്ക് അവരുടെ മകളേയും നഷ്ടമായി.

എന്റെ മൂത്ത മകൾക്ക് നേരത്തെ യു എസ് വിസ ലഭിച്ചിരുന്നു. 2018 സെപ്റ്റംബറിൽ അവൾ തനിച്ച് അമേരിക്കയിലേക്ക് വന്നു. എന്റെ ഒരു സുഹൃത്ത് അവളെ കാനഡയുടെ ബോർഡറിലേക്ക് കൊണ്ട് വന്നു. എന്റെ ഇളയ മകൾക്ക് അതിനു കഴിയില്ല. ഞാൻ കാരണം അവൾക്ക് ഗവണ്മെന്റ് പാസ്സ്പോർട്ട് നല്കുകയില്ല.

എന്റെ അമ്മയ്ക്ക് 73 വയസ്സുണ്ട്. അച്ഛനെയും അമ്മയെയും ഇനിയൊരിക്കൽ കൂടി എനിക്ക് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. കനേഡിയൻ ഗവണ്മെന്റ് അവർക്ക് വിസ നല്കുകയില്ല. മറ്റേതെങ്കിലും രാജ്യത്ത് വച്ച് അവരെ കാണാൻ എന്നെ ചിലര് ഉപദേശിക്കാറുണ്ട്. ഞാൻ ധനികയാണ് എന്നാണ് അവരുടെ വിചാരം. രണ്ടു ജോലികൾ ചെയ്തിട്ടു പോലും കഷ്ടിച്ച് ജീവിക്കാനും വാടക നൽകാനുമുള്ള പണം മാത്രമേ എനിക്ക് ഉണ്ടാക്കാൻ കഴിയുന്നുള്ളൂ. മൂന്ന് തലമുറകൾ അടങ്ങുന്ന എന്റെ കുടുംബത്തിലെ എല്ലാവരെയും ഇത് ബാധിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് അപ്പൂപ്പനോടും അമ്മൂമ്മയോടും ബന്ധമില്ലാത്തത് എന്ന് എന്റെ മൂത്ത കുഞ്ഞ് എപ്പോഴും ചോദിക്കാറുണ്ട്. അവരുടെ അമ്മൂമ്മയെ എന്റെ മക്കൾ അമ്മയെന്നാണ് വിളിക്കുന്നത്.

നിങ്ങൾ ടർക്കി വിടും മുൻപ് പത്രപ്രവർത്തന രംഗത്തുണ്ടായിരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

ഒരു പത്രപ്രവർത്തക എന്ന നിലയിൽ സത്യം കണ്ടെത്തുക മാത്രമായിരുന്നു എന്നും എന്റെ ലക്ഷ്യം. പ്രശസ്തരാകണമെന്നോ നായകരാകണം എന്നോ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങൾ അഭിനേതാക്കളോ ഗായകരോ ആയിരുന്നില്ല. പത്രപ്രവർത്തകരായിരുന്നു. എന്താണ് ശരി എന്നും ആരാണ് നായകരെന്നും വാർത്തകളിലൂടെ പറയുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ലോകം അവരെ പറ്റി സംസാരിച്ചു തുടങ്ങിയാൽ എന്റെ ജോലി ഞാൻ നന്നായി ചെയ്തു എന്നാണതിനർഥം. ബ്യൂറോക്രസിയോടായിരുന്നു എനിക്ക് എതിർപ്പുണ്ടായിരുന്നത്. രാഷ്ട്രീയക്കാരെ ഞാൻ വിശ്വസിച്ചിരുന്നില്ല.

പക്ഷേ ന്യായാധിപന്മാരെയെങ്കിലും എനിക്ക് വിശ്വസിക്കണമായിരുന്നു. ഉദാഹരണത്തിന്, ശ്രദ്ധയില്ലാതെ ഇവിടെ വണ്ടിയോടിച്ചാൽ കാനഡയിലെ നിയമ വ്യവസ്ഥ അനുസരിച്ച് ശിക്ഷിക്കപ്പെടും. അവർക്ക് രാഷ്ട്രീയക്കാരെ പേടിയില്ല മറിച്ച്, നിയമവ്യവസ്ഥയെയാണ് ഭയം. ടർക്കിയിലെ നീതിന്യായ വ്യവസ്ഥയെ ഇത് പോലെ വിശ്വസിക്കാനാവില്ല.
ഞാനൊരു മത വിശ്വാസിയല്ല. മതവും വർഗീയതയും രാഷ്ട്രീയക്കാർക്ക് മുതലെടുപ്പിനുള്ള ഉപകരണങ്ങൾ മാത്രമാണ്. മനുഷ്യത്വത്തിൽ മാത്രമേ ഞാൻ വിശ്വസിക്കുന്നുള്ളൂ. ഞാൻ മരിക്കുമ്പോൾ ടർക്കിയിൽ നിന്നുള്ള പത്രപ്രവർത്തക എന്നല്ല ഒരു മനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെടാനാണ് എനിക്കിഷ്ടം. വ്യക്തികളുടെ വിശ്വാസമോ രൂപമോ എന്നെ ബാധിക്കുന്നില്ല. അവർ സത്യസന്ധരാണോ അല്ലയോ എന്നത് മാത്രമാണ് എന്റെ വിഷയം. എന്നെപ്പോലെ കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഒരാളായിരുന്നുവെങ്കിൽ നിങ്ങളും വ്യക്തികൾ നിഷ്കളങ്കരാണോ കുറ്റവാളികളാണോ എന്ന കാര്യത്തിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നുള്ളൂ.

നിങ്ങൾക്ക് ടർക്കിയിലേക്ക് തിരിച്ചു പോകാനുള്ള പദ്ധതിയുണ്ടോ?

കാനഡയിലേക്ക് വരുന്നതിനു മുൻപ് ഞാനൊരു അഭയാർഥി കാമ്പിലാണ് താമസിച്ചിരുന്നത്.ഒരു അഭയാർഥിയാവുക എന്നതിന്റെ അർഥം രാജ്യം നഷ്ടപ്പെടുക എന്ന് മാത്രമല്ല, കുടുംബം നഷ്ടപ്പെടുകയെന്നും ഒറ്റയ്ക്കാവുകയെന്നും കൂടിയാണ്. ഒരു ടീഷർട് മാത്രമാണ് എനിക്കുണ്ടായിരുന്നത്. ചെരുപ്പ് പോലുമില്ലാതെയാണ് ഞാനിവിടെ വന്നത്. നിങ്ങളത് വിശ്വസിച്ചേ മതിയാകൂ. എന്റെ ഷൂസ് അഭയാർഥി ക്യാമ്പിൽ വച്ചു നഷ്ടമായിരുന്നു. വിലകുറഞ്ഞ ചില സാധനങ്ങൾ മാത്രമേ ഇവിടെയെത്തിയപ്പോൾ എന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. ഒരു മൊബൈൽ ഫോൺ പോലും എനിക്കുണ്ടായിരുന്നില്ല. കഷ്ടിച്ച് ഇരുനൂറു ഡോളർ പോക്കറ്റിലുണ്ടായിരുന്നു. ഞാനെങ്ങനെയാണ് ടർക്കിയിലേക്ക് തിരിച്ചു പോവുക? അവരെന്നെ ജയിലിലടയ്ക്കും.

ജോലി ശരിയായി ചെയ്യാൻ വേണ്ടി നിങ്ങൾ ഇത്രയേറെ വില കൊടുക്കേണ്ടതുണ്ടായിരുന്നോ? വളരെ ധീരമായി നിങ്ങൾ പണിയെടുത്തു. പക്ഷേ നിങ്ങൾക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി.

ശരിയാണ്. മറ്റുള്ളവർക്ക് ചിന്തിക്കാൻ പോലുമാവാത്തയത്ര നഷ്ടങ്ങളാണ് എനിക്കുണ്ടായത്. എന്നാൽപ്പോലും, ഭൂതകാലത്തിലേക്ക് തിരിച്ചു പോകാൻ ഒരവസരം കിട്ടിയാൽ ഞാൻ വീണ്ടും ഇത് തന്നെ ചെയ്യും. പക്ഷേ ഒരു കാര്യം തകർന്നു പോയിരിക്കുന്നു: എന്‍റെ ഹൃദയം!

* ഇളയ കുഞ്ഞിനെ തിരിച്ചുകിട്ടി 
കനേഡിയൻ ഗവണ്‍മെന്‍റിന്‍റെ നിരന്തരമായ സമ്മർദ്ദം മൂലം ആർസു യിൽദിസിന് ഈയിടെ തന്‍റെ ഇളയ കുഞ്ഞിനെ തിരിച്ചുകിട്ടി.

Follow us on | Facebook | Instagram Telegram | Twitter | Threads