കലാപവും സംസ്കാരവും

“അയ്യന്‍കാളി കലാപകാരി ആയിരുന്നില്ല” എന്ന സണ്ണി എം കപിക്കാടിന്‍റെ ലേഖനത്തിനെതിരെ സി എസ് മുരളി ശങ്കറിന്‍റെ പ്രതികരണം…

കലാപവും സംസ്കാരവും
_ സി എസ് മുരളി ശങ്കര്‍

ശരിയാണ് സാർ
ഞങ്ങൾക്കാണ് തെറ്റുപറ്റിയത് !

ഇനിമുതൽ
അയ്യൻകാളിയുടെ ജീവിതത്തിൽനിന്നും
കലാപം
കലാപകാരി
എന്നീ വാക്കുകൾ
ഞങ്ങൾ ഉപേക്ഷിച്ചു കൊള്ളാം സാർ.

പ്രാർത്ഥനയും ഉപവാസവും നിർത്തി
ഭജനമഠം താഴിട്ടു പൂട്ടി
വഴി നടന്നപ്പോൾ
ചന്തയിൽ പ്രവേശിച്ചപ്പോൾ
സ്കൂളിൽ പ്രവേശിച്ചപ്പോൾ
ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ
കോടതിയിൽ പ്രവേശിച്ചപ്പോൾ
നഗ്നത മറച്ചപ്പോൾ
ഞങ്ങളെ തല്ലി സാർ ! തിരിച്ചടിക്കാൻ
അഞ്ചുകൊല്ലം
അടിയും തടയും പഠിക്കാൻ തമിഴകത്തുനിന്നും ആശാന്മാരെ വരുത്തിയത്
ഓർക്കണം സാർ.
അമ്മമാരുടെ
മുലക്കണ്ണ് മുറിച്ചപ്പോൾ നായർ പട്ടാളതലവന്‍റെ
കൈ വെട്ടിയത് നെയ്യാറ്റിൻകരയിലാണു സാർ.
കേരളത്തിൽ ആദ്യമായി സത്യാഗ്രഹം ഉണ്ടായത് അപ്പോഴാണ് സാർ.

“ഒരു പുലയൻ പിഴച്ച്
പല പുലയന്മാരുടെയും തല പോകുന്ന” അക്കാലത്ത്
അത് വെറും
കലാപമല്ലായിരുന്നു സാർ
വിപ്ലവമായിരുന്നു
കറുത്തവന്‍റെ വിപ്ലവം.

ചരിത്രമെഴുത്തുകാർ അത് വെറും പുലയ ലഹള ആക്കിയതാണ് സാർ
ഞങ്ങൾ ആ സ്കൂളുകാരല്ല സാർ
ഞങ്ങളുടെ സ്പാർട്ടക്കസ്
കലാപകാരിയല്ല സാർ വിപ്ലവകാരിയായിരുന്നു സാർ.
ഈ ലഹളയെ പറ്റി കവിതയെഴുതിച്ച് കുമാരനെ കുമാരനാശാനാക്കിയത് ചരിത്രമാണ് സാർ ചരിത്രം.

അടി കണക്കുള്ള കേരളത്തിൽ
അടിക്കടി ആയിരുന്നു സാർ ഞങ്ങളുടെ മറുപടി.
ആദ്യം അടി
പിന്നെ പ്രസംഗം എന്നതാണ് ഞങ്ങളുടെ അടവു നയം.
ഈ നയമാണ് സാർ
രാജാവ് വക പ്രജാസഭയിൽ ഞങ്ങളെ എത്തിച്ചതും
അത് കരം തീരുവയുടെ അടിസ്ഥാനത്തിലല്ല സാർ.

ഭീമ ഹർജി
അച്ചടിച്ച് ഉണ്ടാക്കിയതല്ല സാർ ഈ കേരളം.
ഞങ്ങൾ
അടിച്ചടിച്ച് ഉണ്ടാക്കിയതാണ് സാർ
നിങ്ങളുടെ ഈ പുരോഗമന ജനാധിപത്യ നവോത്ഥാന
വിപ്ലവ കേരളം.
അയ്യൻകാളിപടയെ പാടെ വെട്ടി കളഞ്ഞു ആ ജീവിതത്തെ കട്ടിലിൽ കിടത്തരുത് സാർ.

ശരിയാണ് സാർ ഞങ്ങൾക്കാണ് തെറ്റുപറ്റിയത് സാറിന്‍റെ കാര്യത്തിൽ ……!

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail