ഇടതു ബദലിന്റെ പരിശുദ്ധ യുഎപിഎ

താഹയേയും അലനെയും പോലെ ‘പരിശുദ്ധരല്ലാത്തവർ’ക്കുമേൽ ചുമത്താവുന്നതാണ് യുഎപിഎ നിയമമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. താഹയും അലനും തെറ്റ് ചെയ്യാത്തവരല്ലെന്ന് പറയുന്ന മുഖ്യമന്ത്രി അവരെന്ത് തെറ്റാണ് ചെയ്തതെന്ന് പറയാൻ തയ്യാറായില്ല. ഈ കേസ് സംബന്ധിച്ചും കേരളാ പൊലീസ് നടത്തിയ അന്വേഷണത്തെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതാണ് താഹ – അലൻ കേസിൽ മുഖ്യമന്ത്രി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ന്യായീകരണം.

ഒരു ക്രിമിനൽ കേസിൽ വിചാരണ നടത്തി ഒരു നിയമക്കോടതി കുറ്റം ചെയ്തെന്ന് കണ്ടെത്തിയാൽ മാത്രമെ ഒരാൾ അപരാധിയാകുന്നുള്ളു. നമ്മുടെ ക്രിമിനൽ നിയമ വ്യവസ്ഥയുടെ അടിസ്ഥാന നിലപാടുകളിന്നൊണിത്. ഇതറിയാത്ത ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കരുതാൻ ന്യായമില്ല. എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ കോടതി ചമഞ്ഞ് അന്വേഷണം പോലും പൂർത്തിയാകാത്ത കേസിൽ പ്രതികളാക്കപ്പെട്ടവർ തെറ്റു ചെയ്തവരാണെന്ന് വിളിച്ചു പറയുന്നത്. അനാവശ്യമായ ഈ അഭിപ്രായപ്രകടനം സംശയാസ്പദമാണ്. രാഷ്ട്രീയ പ്രേരിതമായി നടന്ന അന്വേഷണത്തിലേക്ക് ഈ പ്രസ്താവനകൾ വിരൽ ചൂണ്ടുന്നു.

പാർട്ടി നടത്തിയ അന്വേഷണത്തിന് ശേഷം ജില്ലാ നേതാക്കൾ പങ്കെടുത്ത് നടത്തിയ വിശദീകരണ യോഗത്തിൽ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റ് രേഖകൾ കണ്ടെടുത്തതെന്നും താഹയും അലനും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പ്രസംഗിച്ചതും ഇതിനോടു ചേർത്ത് വായിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി വിധിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടിക്കാർ സാക്ഷികളാകുന്നു.
_ അഡ്വ. തുഷാർ നിർമ്മൽ സാരഥി

Leave a Reply