ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല പിണറായി വിജയൻ…

എന്ത് അസംബന്ധം ആണ് ഈ പാർട്ടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ ചാർജ് ചെയ്തത് സി.പി.എം ഭരണകൂടവും…
_ സി പി ജിഷാദ്

അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്‍റെ ഭാഗമായി സി.പി.എം ചില വിഷയങ്ങൾ ഉന്നയിക്കുകയും ഓഗസ്റ്റ് 23നു 4 മണി മുതൽ 4.30 വരെ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചതായും കണ്ടു. സമരങ്ങൾ നല്ലത് തന്നെ. പക്ഷെ ഇത്തരം വിഷയങ്ങളിൽ സിപിഎമിന്‍റെ നിലപാടുകളും അവർക്ക് അധികാരമുള്ള ഏക സംസ്ഥാനമായ കേരളത്തിൽ ഇത്തരം വിഷയങ്ങളോടുള്ള സമീപനങ്ങളും അവസരവാദവും തുറന്നു കാട്ടേണ്ടതുണ്ട്. ചിലത് പരിശോധിക്കാം.

1. മുൻ സെമെസ്റ്ററുകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ അവസാന വർഷ ബിരുദ, പി ജി വിദ്യാർത്ഥികൾക്ക് ബിരുദം നൽകുക

ഇതിൽ എത്ര വിദ്യാർത്ഥികൾക്ക് ഈ കോവിഡ് മഹാമാരിയുടെ കാലത്ത് അവരുടെ വിദ്യാഭ്യാസം (ഓൺലൈൻ ) തുടരാൻ സാധിച്ചു? 250 രൂപ റീചാർജ് ചെയ്യാൻ ഇല്ലാത്ത ഒരു വിദ്യാർത്ഥിക്ക് ഇവിടെ വിദ്യാഭ്യാസം നിഷേധിച്ചത് എൽ.ഡി.എഫ് ഭരണകൂടം തന്നെ. ഒരു കാലത്ത് സംസ്‌കൃത ശ്ലോകങ്ങൾ കേട്ടതിനു ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കപ്പെട്ടതും., ഇന്ന് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന നമ്മളുടെ പൂർവ്വികർക്കായിരുന്നു. അന്ന് ജാതി ജന്മിത്വം നേരിട്ട് നടത്തിയ കൊലപാതകങ്ങളുടെ തുടർച്ച തന്നെയാണ് ഇന്നിവരുടെ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ഉണ്ടായ ദരിദ്ര വിദ്യാർത്ഥികളുടെ ആത്മഹത്യയും. ഇത് ഇവർ എന്തിന്‍റെ തുടർച്ചയാണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു.

2. യു.എ.പി.എ , എൻ.എസ്.എ , രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിൽ അടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക

എന്ത് അസംബന്ധം ആണ് ഈ പാർട്ടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ ചാർജ് ചെയ്തത് സി.പി.എം ഭരണകൂടവും. കേരളത്തിലെ ആദ്യത്തെ യു.എ.പി.എ കേസ് രജിസ്റ്റർ ചെയ്തത് സഖാവ് ഗോവിന്ദൻ കുട്ടിക്കെതിരെ അച്യുതാനന്ദൻ സർക്കാർ ആയിരുന്നു. സഖാവ് രൂപേഷിനെതിരെയുള്ള യു.എ.പി.എ കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ച.തിന്‍റെ പേരിൽ സുപ്രീംകോടതിയിൽ പോയതും ഈ സി.പി.എം തന്നെ. താഹയുടെയും .അലന്‍റെയും പേരിൽ ചാർജ് ചെയ്യപ്പെട്ട യു.എ.പി.എ കേസുകൾ പിൻവലിക്കാൻ സി.പിഎമിന്‍റെ തന്നെ ജനറൽ സെക്രട്ടറിയും മറ്റ് പോളിറ്റ് ബ്യുറോ അംഗങ്ങളും നേരിട്ട് ആവശ്യപ്പെട്ടിട്ട് പോലും പിൻവലിക്കാത്ത പിണറായി സർക്കാർ. പോസ്റ്റർ ഒട്ടിച്ചതിനുപോലും യു.എ.പി.എ എടുത്ത കേരളത്തിലെ സർക്കാരുകൾ.

3. പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തൽ കരട് വിജ്ഞാപനം 2020 പിൻവലിക്കുക

തുടർച്ചയായി കേരളത്തിൽ ഉണ്ടായ മൂന്ന് പ്രളയവും ഇവിടുത്തെ മലകളും കുന്നുകളും കാടുകളും നിരന്തരമായി കവർന്നെടുക്കുന്നതിനു എല്ലാ അനുമതികളും നൽകിയ ഈ സി.പി.എം ഭരണകൂടം തന്നെ കേരളത്തിൽ നിരവധി ക്വാറികൾ നേരിട്ട് നടത്തുന്നു.. ജനവാസ മേഖലകളിൽ ക്വാറികൾ പ്രവർത്തിക്കാനുള്ള ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററിലേക്ക് ചുരുക്കി കൊടുക്കുന്ന സംസ്ഥാന സർക്കാർ ഇ.ഐ.എ കരടിനെ എതിർക്കുന്നു. ഗെയിൽ പൈപ്പ് ലൈനിനു എതിരായി നടന്ന സമരത്തെ തീവ്രവാദികളുടെ സമരം എന്ന് വിളിച്ച പിണറായി വിജയനും മന്ത്രിമാരും, മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന തോട്ടം തൊഴിലാളികളുടെ സമരത്തിന് സദാചാര, നക്സലൈറ്റ് ചാപ്പ കുത്താനും ഇവർക്കു ഒരു മടിയുമുണ്ടായിരുന്നില്ല. ഇന്ന് ഗോമതിയും തോട്ടം മേഖലയിലെ സമരം ചെയ്ത തൊഴിലാളി സ്ത്രീകളും ഉന്നയിച്ച പ്രശ്നങ്ങളുടെ ആഴം കേരളം ചർച്ച ചെയ്യുമ്പോൾ ഒരു ഉളുപ്പുമില്ലാതെ ഇത്തരം മുദ്രവാക്യങ്ങൾ പരസ്യമായി പറയുന്ന സി.പി.എമിന്‍റെ ഈ അവസരവാദം ജനങ്ങൾ തിരിച്ചറിയും.

4. ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് ശിക്ഷ ഉറപ്പാക്കണമത്രേ

പിണറായി വിജയൻ അധികാരത്തിൽ വന്നതിനു ശേഷം പോലീസ് തല്ലിക്കൊന്ന 40 മനുഷ്യരിൽ ബഹുഭൂരിപക്ഷവും ദളിതരും ആദിവാസികളും മറ്റു ദരിദ്ര ജനവിഭാഗങ്ങളുമായിരുന്നു. തണ്ടർബോൾട്ട് ഭീകര സേന വെടിവെച്ചു കൊന്ന 2 സ്ത്രീകൾ ഉൾപ്പടെ 7 മാവോയിസ്റ്റ് വിപ്ലവകാരികളും ദരിദ്ര പശ്ചാത്തലത്തിൽ നിന്നും വന്നവരും നൂറ്റാണ്ടുകളായി നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ അടിച്ചമർത്തലുകൾക്കും വിവേചനങ്ങൾക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ ഈ വിപ്ലവകാരികൾ നിലകൊണ്ടതും ഈ മർദിത ജനവിഭാഗങ്ങൾക്കൊപ്പമായിരുന്നു. അതു തന്നെയാണ് ഈ ഭരണകൂടം അവരുടെ കാവൽ പട്ടികളെ ഉപയോഗിച്ച് ഈ മനുഷ്യരെ അന്യമായി കൊലപ്പെടുത്താനും കാരണമായത്.

കേരളത്തിലെ ആദിവാസി ഊരുകളിൽ ഈ ഭരണകൂടത്തിന്‍റെ വേട്ടപ്പട്ടികൾ നടത്തുന്ന അതിക്രമങ്ങൾ എത്രയെത്ര. വടയമ്പാടിയിലെ ജാതിമതിലിനെതിരെ സമരം ചെയ്ത ദളിതന്‍റെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച ആ സമരത്തോട് ഈ ഭരണകൂടം എന്ത് സമീപനമാണ് സ്വീകരിച്ചതെന്ന് നമുക്കറിയാം. സി.പി.മിന്‍റെ തന്നെ എം.ൽ.എ ശശി പീഡിപ്പിച്ച സ്ത്രീക്ക് (എസ്.എഫ്.ഐ പ്രവർത്തക) എന്ത് നീതിയാണ് കിട്ടിയത്. സ്വന്തം മകന്‍റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മക്ക് കിട്ടിയത് പൊലീസിന്‍റെ പതിവ് മർദ്ദന മുറകൾ തന്നെയാണ്.

വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും കിട്ടിയതോ? പാലത്തായിയിൽ കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിന് (അധ്യാപകൻ)ഒരു പോക്‌സോ കേസ് പോലും ചുമത്താതെ ജാമ്യം നൽകുകയും, സ്വന്തം മകന് തന്‍റെ ശരീരത്തില്‍ ചിത്രം വരക്കാന്‍ അനുവാദിച്ചതിന്‍റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം (പോക്‌സോ )കേസ് എടുക്കുകയും ചെയ്ത സി.പി.എം ഭരണകൂടവും അവരുടെ പാർട്ടിയുടെ മുദ്രാവാക്യങ്ങളും എത്രത്തോളം ഇവർ ജനപക്ഷത്തു നിന്നും എത്ര ദൂരെയാണെന്നും ഇവർ ആരുടെ പക്ഷത്തു നിന്നാണ് ഭരണം നടത്തുന്നതെന്നും നമുക്ക് തുറന്നു കാട്ടി തരുന്നു. ഇങ്ങനെ പരിശോധിച്ചാൽ ഈ പാർട്ടിയെ കുറിച്ച് ഇതിലും നന്നായി കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail