കൊറോണ വൈറസ് വ്യാപനത്തിന്‍റെ മറവിൽ പൊലീസ് രാജ്

രോഗം ഒരു കുറ്റകൃത്യമല്ല. രോഗി ഒരു കുറ്റവാളിയുമല്ല. കൊറോണ വൈറസ് വ്യാപനത്തിന്‍റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ, പൗരാവകാശങ്ങളെ മാസ്ക്കിട്ട് മൂടി, പോലീസ് രാജ് അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കുക…
_ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ പത്രപ്രസ്താവന

കോവിഡ് 19 രോഗത്തിൻ്റെ സമ്പർക്ക വ്യാപനം തീവ്രമാകുന്ന സാഹചര്യത്തെ ഉപയോഗിച്ച് കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണം പോലീസിനെ ഏൽപ്പിച്ച സംസ്ഥാന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മെഡിക്കൽ അസോസിയേഷൻ്റെ എതിർപ്പിനെ പോലും മറികടന്ന് ആണ് പിണറായി സർക്കാറിൻ്റെ ഈ നിക്കമെന്നോർക്കണം. മാത്രമല്ല രോഗികളുടെ ഫോൺ കോൾ റിക്കോർഡ്സ് പരിശോധിക്കാനും അവരോട് ബന്ധപ്പെട്ടവരുടെ ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിക്കാനുള്ള അവകാശവും കൂടി സർക്കാർ പോലീസിന് നൽകിയിരിക്കുകയാണ്. ഇത് ഭരണഘടനാവിരുദ്ധവും നിരവധി കോടതി വിധിന്യായങ്ങളിലൂടെ ഉറപ്പിക്കപ്പെട്ട വ്യക്തികളുടെ സ്വകാര്യതക്കും പൗരൻ്റെ ജനാധിപത്യ അവകാശങ്ങൾക്കും നേരെയുള്ള കടന്നു കയ്യറ്റവുമാണ്. നമ്മുടെ രാജ്യത്തിനകത്തെ നിരവധി സംസ്ഥാനങ്ങളിലും അമേരിക്ക ,യൂറോപ്പ് അടക്കം മറ്റു പല രാജ്യങ്ങളിലും മരണങ്ങളായും രോഗവ്യാപനമായും കോവിഡ് അത്യന്തം ഭീകരത സൃഷ്ടിച്ചപ്പോൾ കേരളത്തിന് പിടിച്ച് നിൽക്കാൻ മാത്രമല്ല, നല്ല നിലയിൽ തന്നെ അതിനെ പ്രതിരോധിക്കാനുമായി.

ഇത് സാധ്യതമായത് ഇന്നും പൂർണ്ണമായും തകരാതെ പൊതുമേഖലയിൽ തന്നെ നിലനിൽക്കുന്ന മെച്ചപ്പെട്ട പൊതുജന ആരോഗ്യ സംവിധാനവും ജനങ്ങളുടെ സഹകരണവും , ഇതിന് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകരുടെ കുറ്റമറ്റ പ്രവർത്തനവുമാണ്. ഇത് തിരിച്ചറിഞ്ഞ്, ഇപ്പോഴത്തെ വ്യാപനത്തിൻ്റെ സവിശേഷതകൾ കണ്ടെത്തി കൂടുതൽ ക്രിയാത്മകവും ഗുണ പരവുമായ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിന് പകരം ആരോഗ്യ പ്രവർത്തകരെ പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വത്തിൽ നിന്ന് മാറ്റി ആ ചുമതല മനുഷ്യാവകാശ ധ്വംസനങ്ങളിൽ ഏറെ കുപ്രസിദ്ധമായ കേരള പോലീസിനെ ഏൽപ്പിക്കുന്നത് അത്യന്തം യുക്തിരഹിതവും അപകടകരമായ ഒന്നാണ്. സർക്കാർ ഈ കാര്യത്തിൽ സ്വന്തം പരാജയം സമ്മതിക്കുന്ന നടപടി കൂടിയായി ഈ നീക്കത്തെ മനസ്സിലാക്കേണ്ടി വരും.മാത്രമല്ല ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധിയെ ഒരു ക്രമസമാധാന പ്രശ്നമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യ ബോധത്തിൻ്റെ പ്രതിഫലനമല്ല .മറിച്ചത് ഫാസിസ്റ്റ് പ്രയോഗത്തോടാണ് ചേർന്ന് നിൽക്കുന്നത്.

രോഗാതുരമായ അവസ്ഥയെ ഒരു കുറ്റകൃത്യമായി കാണുന്ന ഈ നടപടി രോഗം വന്ന വ്യക്തികളെ കുറ്റവാളിയാകുന്ന ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന് മാത്രമല്ല, രോഗമോ, അത് പകർന്ന് കിട്ടാനുള്ള സാധ്യതയോ ഭയപ്പെട്ട് നിൽക്കുന്ന ഏറെ കരുതലും പരിഗണനയും നൽകി കൈകാര്യം ചെയ്യേണ്ട വ്യക്തികളെ, (ജനങ്ങളെ) ആരോഗ്യ ചിക്തിസാരംഗത്തെ കുറിച്ച് അജ്ഞരായ, ലോക്കപ്പ് കൊലകളടക്കമുള്ള നിയമവിരുദ്ധ കൊലകളുടെ പേരിൽ പോലും കുപ്രസിദ്ധമായ കേരള പോലീസിനെ ഏൽ പ്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ഇടതുപക്ഷ നീതിബോധത്തിന് ചേരാത്തതും സാമാന്യയുക്തിക്ക് പോലും നിരക്കാത്തതുമായ നടപടിയാണ്.അമിതാധികാര പ്രയോഗത്തിന് കൂടുതൽ സാധ്യത നൽകുന്ന ഇത്തരം നിയമപരമായ അധികാരം ഒരിക്കൽ ലഭിച്ചാൽ ക്രമാനുഗതമായി അത് കൂടുതൽ തീവ്രമായി ജനങ്ങൾക്കെതിരെ, പ്രത്യേകിച്ചും വിസമ്മതങ്ങൾ ഉയർത്തുന്ന പുരോഗമന, ജനാധിപത്യ ശക്തികൾക്കെതിരെ ഉപയോഗിക്കപ്പെടും. സമകാലീനമായി തന്നെ ഇത്തരം ഒരു പാട് അനുഭവങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. മാത്രമല്ല നിയമം വിലക്കിയ പല അധികാര, അവകാശങ്ങളും ഒരു കീഴ് വഴക്കമായി കൊണ്ട് നടക്കുന്ന നമ്മുടെ അധികാര വ്യവസ്ഥയിൽ ഇത്തരമൊരു നിയമപരമായ അവകാശത്തിൻ്റെ പരിണിതി തീർത്തും വിപൽക്കരമായിരിക്കുമെന്ന് തീർച്ചയാണ്. പല ഘട്ടങ്ങളിലും ഫോൺ ചോർത്തൽ പോലുള്ള നിയവിരുദ്ധ നീക്കളുടെ പേരിൽ കുപ്രസിദ്ധമായ കേരള പോലീസിന് ഇത്തരമൊരവകാശം നിയമപരമായി ലഭ്യമായാൽ അതിൻ്റെ പരിണതി എത്രമാത്രം ഹിംസാത്മകമായിരിക്കുമെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.

തൃശൂരിലും മറ്റും പല പ്രദേശങ്ങളിലും യന്ത്രികമായി പോലീസ് ജനങ്ങൾക്കെതിരെ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചതും ഏലൂരിൽ ഒരു തൊഴിലാളിയോട് അയാളുടെ നമ്പർ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കോൾലിസ്റ്റിൽ കണ്ടതുകൊണ്ട് നിർബന്ധിതമായും കോററ്റെനിൽ പോകാൻ ആവിശ്യപ്പെട്ടതും ആ വ്യക്തിയുമായി തനിക്ക്സമ്പർക്കമില്ലെന്ന് ചൂണ്ടി കാട്ടിയിട്ടും അതംഗീകരിക്കാതെ ഒരു കൂട്ടം പോലീസ് ടീം യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ അദ്ദേഹത്തിൻ്റെ വീട്ടിൽ വന്ന് ഭീക്ഷണിപ്പെടുത്തിയതും പോലീസ് ഇത്തരമൊരവകാശത്തെ എങ്ങനെ ഉപയോഗിക്കുമെന്ന് ഉറപ്പിക്കുന്ന ചില ഉദാഹരണങ്ങൾ മാത്രമാണ്. അത് കൊണ്ട് തന്നെ സർക്കാർ ജനാധിപത്യവിരുദ്ധമായ, അടിയന്തിരാവസ്ഥയെ വെല്ലുന്ന ഇത്തരമൊരു നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു.
_ അഡ്വ: തുഷാർ നിർമ്മൽ സാരഥി, പ്രസിഡന്‍റ്
സി പി റഷീദ്, സെക്രട്ടറി

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail