രാജ്‌ഞിയുടെ സാമ്രാജ്യം അവസാനിക്കട്ടെ, ഞങ്ങളുടെ സാമ്രാജ്യം വരട്ടെ!
ജൂൺ 9, ബ്രാഹ്മണിക്കൽ സമ്രഗ്രാധിപത്യത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ ഗറില്ലാ യുദ്ധമാർഗ്ഗം ആഹ്വാനം ചെയ്ത് മരണം വരെ യുദ്ധം ചെയ്ത സായുധ സമര പോരാളി ബിർസാ മുണ്ഡയുടെ 123ാം രക്തസാക്ഷി ദിനം…
“രാജ്‌ഞിയുടെ സാമ്രാജ്യം അവസാനിക്കട്ടെ, ഞങ്ങളുടെ സാമ്രാജ്യം വരട്ടെ.” വിരലിലെ രക്‌തം നെറ്റിയിൽ തൊട്ട് ആദിവാസി വിമോചനത്തിനായി പ്രതിജ്‌ഞയെടുക്കുമ്പോൾ ജാർഖണ്ഡിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസമര പോരാളി പറഞ്ഞ വാക്കുകളാണിത്. പിന്നീട് ഒരു ജനത ഒന്നടങ്കം അത് ഏറ്റെടുത്തു.
രാജ്യത്തെമ്പാടുമുളള ദളിതരും പിന്നോക്കക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്ന പേര്, സവർണ്ണാധിപത്യത്തിനും ജന്മിത്വത്തിനും എതിരെ അക്ഷീണം പ്രയത്നിച്ച ധീരോദാത്തമായ സമരമുറകളുടെ നായകൻ, സാമൂഹിക നവോത്ഥാന മൂല്യങ്ങൾക്ക് അടിത്തറ പാകിയ ദേശസ്നേഹി, ബ്രാഹ്മണിക്കൽ സമ്രഗ്രാധിപത്യത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ ഗറില്ലാ യുദ്ധമാർഗ്ഗം ആഹ്വാനം ചെയ്ത് തന്റെ മരണം വരെ യുദ്ധം ചെയ്ത സായുധ സമര പോരാളി, അവർണ്ണരെന്ന് വിധിക്കപ്പെട്ട ജനത നേരിട്ട അനീതിക്കും അസമത്വത്തിനും എതിരെ പോരാടിയ ധീരനായ പോരാളി – ബിർസ മുണ്ഡ 💙
ജാർഖണ്ഡിലെ റാഞ്ചിയിൽ മുണ്ഡ എന്ന ആദിവാസി വിഭാഗത്തിലാണ് അദ്ദേഹം ജനിക്കുന്നത്. ആദിവാസികൾക്കെതിരായ വർണ വിവേചനങ്ങളെ ചോദ്യം ചെയ്തതിനാൽ അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നഷ്ടമായി. വനപ്രദേശത്ത് നിന്നും ലഭിക്കുന്ന വിളകൾ വിറ്റ് ഉപജീവനം നടത്തുന്ന തന്റെ വംശത്തിന്റെ പാത അങ്ങനെ ബിർസയും പിന്തുടർന്നു. പക്ഷേ അവിടെയും ബ്രിട്ടീഷ് വിലക്ക് വീണതോടെ ഗോത്ര ജനത ഒന്നടങ്കം പട്ടിണിയിലായി. ഇതിന് പുറമെ ചിന്തിക്കാൻ പോലുമാവാത്ത അത്ര നികുതി ഭാരം കൂടി ചുമത്തപ്പെട്ടതോടെ ബ്രിട്ടനെതിരെ ആയുധമെടുക്കാൻ അവർ തയ്യാറായി, അതിന്റെ തലപ്പത്ത് ബിർസ മുണ്ഡ എന്ന കൗമാരക്കാരനും!
പിന്നീട് രഹസ്യമായും പരസ്യമായും ഒരുപാട് സംഘടിത കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തോക്കുമായി വന്ന ബ്രിട്ടീഷ് സേനയെ വിറപ്പിച്ച ഇതിഹാസ തുല്യമായ പോരാട്ടങ്ങൾക്ക് റാഞ്ചി സാക്ഷ്യം വഹിച്ചു. ഗോണ്ട് മേഖലയിൽ വച്ച് ചേർന്ന ഒരു യോഗത്തിൽവച്ച് ബിർസ ആദിവാസികളുടെ സ്വയംഭരണം പ്രഖ്യാപിച്ചു. തങ്ങൾക്കിടയിൽ നിലനിൽക്കുന്ന അനാചാരങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇതൊക്കെ കണ്ട് ബ്രിട്ടീഷ് സേന വെറുതെയിരുന്നില്ല.
റാഞ്ചിയിലെ ആദിവാസി ഗ്രാമങ്ങൾ ഒന്നൊന്നായി വളഞ്ഞ് അവർ കൂട്ടക്കുരുതി നടത്തി. അവരുടെ അത്യാധുനിക സംവിധാനങ്ങൾക്ക് മുമ്പിൽ ഗോത്ര ജനതയുടെ പഴഞ്ചൻ ആയുധങ്ങൾക്ക് അധികം വൈകാതെ തോൽവി സമ്മതിക്കേണ്ടി വന്നു. ശക്‌തമായ ചെറുത്തുനിൽപിനൊടുവിൽ ബിർസയും കൂട്ടാളികളും കീഴടങ്ങി. റാഞ്ചി ജയിലിൽ വച്ച് ബ്രിട്ടീഷുകാരുടെ ക്രൂര മർദ്ദനങ്ങൾക്കൊടുവിൽ രക്തം ഛർദ്ദിച്ചു മരിച്ച ബിർസയുടെ ശരീരം മൃഗങ്ങളുടേതിന് സമാനമായ രീതിയിൽ കത്തിച്ചു കളയുകയായിരുന്നു. അന്ന് ആ മനുഷ്യന്റെ പ്രായം വെറും 25 വയസ് മാത്രം.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ചും ബ്രിട്ടീഷുകാരുടെ നരാധമ പ്രവർത്തികൾക്കെതിരെ ശബ്ദിച്ചും അടിച്ചമർത്തപ്പെട്ടവരുടെയും നിരാലംബരുടെയും ആശ്രയമായി തന്റെ അവസാന കാലം വരെ നിലകൊണ്ട സൂര്യ തേജസ്സായിരുന്നു അദ്ദേഹം. ഗോത്ര വർഗക്കാരുടെ അതിജീവനത്തിനായുളള ആ പോരാട്ടമുൾപ്പെടെ പലതും ഇന്ന് സമൂഹത്തിൽ നിന്നും വിസ്മരിക്കപ്പെട്ടിരിക്കുന്നു.
വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളിൽ നിന്നും അതെല്ലാം അപ്രതീക്ഷിതമാവുന്നു. പാർലമെന്റിന്റെ സെന്റ്രൽ ഹാളിൽ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും സവർണ്ണ മേധാവിത്വം രചിച്ച ചരിത്രത്തിൽ എപ്രകാരമാണോ ഡോ. അംബേദ്കർ വിസ്മരിക്കപ്പെട്ടത് അത് പോലെ തന്നെയാണ് ബിർസ മുണ്ഡയും കാലയവനികയ്ക്കുള്ളിൽ മറയ്ക്കപ്പെട്ടത്. 19ാം നൂറ്റാണ്ടിൽ ഉൽഗുലാൻ (വിപ്ലവം) എന്ന് ആഹ്വാനം ചെയ്ത് അദ്ദേഹമുൾപ്പെടെയുള്ള ധീരന്മാർ ആരംഭിച്ച സാമൂഹ്യ നീതിക്കായുളള സമര പോരാട്ടം ഈ 21ാം നൂറ്റാണ്ടിലും നിലയ്ക്കാതെ തുടരുകയാണ്.
Jai Bhim 💙 Jai Birsa
_ ബൗദ്ധേയൻ
Photos Courtesy_ Various Media