ഇതേപ്പോലെയാണോടീ നിൻറേം ?!
ശബരിമല സ്ത്രീ പ്രവേശം ആർത്തവം ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരം ബിംബവത്കരണത്തിലേക്ക് മാത്രം ചുരുങ്ങിപ്പോവുകയും ഉദ്ദേശ്യശുദ്ധിയെ ബാധിക്കുകയും ചെയ്തതിനെ രശ്മി കേളു പ്രശ്നവത്കരിക്കുന്നു.
രശ്മി കേളു
യോനിക്ക് ഒരു കാലത്തും ഒരു അയിത്തവും കൽപിച്ചിരുന്നില്ല, ആർത്തവത്തിനു മാത്രമാണ്. ബ്രാഹ്മണ്യത്തിന്റെ, ആൺകോയ്മയുടെ അടിച്ചേൽപിക്കൽ കൂടി ആയിരുന്നു അത്. അറിയാമല്ലോ. അതിനെ പ്രതിനിധാനം ചെയ്യാൻ ശിൽപത്തിന് കഴിഞ്ഞിട്ടില്ല. ശിൽപത്തിന് ശിൽപമാവാനെ കഴിഞ്ഞുള്ളൂ, രശ്മി പറയുന്നു.
#ഇതേപ്പോലെയാണോടീ നിൻറേം ?!
ആണധികാരത്തെ മുഴുവൻ വിടർന്നു പരിലസിക്കുന്ന ഒരു യോനികൊണ്ട് വെല്ലുവിളിക്കുന്നത് കണ്ടിട്ട് ഇതാ ചോദിക്കാൻ തോന്നുന്നത്. നവോത്ഥാന മുന്നേറ്റങ്ങൾ ബിംബവത്കരണത്തിൽ മാത്രമായി ഒതുങ്ങിപ്പോകുന്നത് അതിന്റെ ഉദ്ദേശ്യശുദ്ധിയെ ബാധിക്കുന്നുണ്ട്; അതുകൊണ്ട് കൂടിത്തന്നെയാണ് ചോദ്യം.
അമ്പലത്തിൽ പോകുന്ന ആരുടെയും മുണ്ട് പൊക്കി നോക്കുന്നതായി അറിവില്ല; ആർത്തവമാണോ എന്നറിയാൻ. എന്നിട്ടുമെന്ത് കൊണ്ട് സ്ത്രീകൾ പോകുന്നില്ല ? ഇവിടെ ആർത്താവാശുദ്ധി നിരോധിച്ചിരിക്കുന്നു എന്ന സർക്കുലർ വരാനാണോ കാത്തിരിക്കുന്നത് ?
യാതൊരു ലോജിക്കുമില്ലാതെ, ‘പോകരുത്’ എന്ന് പറയുന്നിടത്ത് വീണ്ടും വീണ്ടും പോയിത്തന്നെയല്ലാതെ എങ്ങനെയാണ് പ്രതിഷേധിക്കുക ? വിശ്വാസം എന്നത് യാതൊരു ലോജിക്കും ഇല്ലാത്ത ഒന്നാണ്. ഒരു മതത്തിലും വ്യത്യാസം ഉണ്ടാവാൻ വഴിയില്ല. വിശ്വാസത്തെ ലംഘിക്കുമ്പോഴും അതാലോചിക്കുന്നതിൽ ഒരു കാര്യവുമില്ല താനും.
ഒരു സിമ്പിൾ ലോജിക്ക് പറയാം, പണ്ട്, കൂട്ടുകുടുംബങ്ങളിൽ വല്ലതും വച്ചുണ്ടാക്കാൻ ധാരാളം പേർ ഉണ്ടായിരുന്നത് കൊണ്ട് നാല് ദിവസമോ, നാൽപത് ദിവസമോ ഒക്കെ മാറിയിരിക്കാമായിരുന്നു. എന്നാൽ, ഇന്ന് അണുകുടുംബങ്ങൾ ആയപ്പോൾ അടുക്കളകാര്യങ്ങൾ പരുങ്ങലിലാവുന്ന സ്ഥിതി വന്നപ്പോൾ ആർത്താവാശുദ്ധി ഏകപക്ഷീയമായിത്തന്നെ നിരോധിച്ചു നൽകി, സിമ്പിൾ !
സ്വയം നിഷേധിക്കുന്നവർക്ക് മാത്രമേ, സമൂഹത്തോടും നിഷേധിക്കാൻ ആഹ്വാനം ചെയ്യാൻ കഴിയൂ എന്നും കൂടി ഓർമ്മിപ്പിക്കുകയാണ്. യോനിപൂജയെ എതിർക്കുന്ന, പുരോഗമനത്തിന്റെ മൊത്തക്കച്ചവടക്കാരായ പാർട്ടിക്കാരേ, ഇത് അതിലും മ്ലേച്ഛമായില്ലേ ? ഈ “മനോഹര സൃഷ്ടി” നടത്തിക്കളഞ്ഞ കലാകാരാ, അല്ലെങ്കിൽ തന്നെ ലൈംഗീകാതൃപ്തി കൊണ്ട് ‘നട്ട്’തിരിഞ്ഞിരിക്കുന്ന നമ്മുടെ യുവതലമുറയെ പിന്നെയും പിന്നെയും പറ്റിച്ചല്ലോ.
_ രശ്മി കേളു