മോദി: ഇന്ത്യയുടെ റീഗന്‍ | അദാനി: മോദിയുടെ മെറില്‍ ലിഞ്ച്

“തികഞ്ഞ വംശീയവാദിയും, സ്വതന്ത്ര വിപണിയുടെ വക്താവുമായിരുന്ന റൊണാള്‍ഡ് റീഗന്‍ അവതരിപ്പിച്ച ‘റീഗണോമിക്‌സി’ന് ‘മോദിനോമിക്‌സു’മായി പല സാമ്യങ്ങളും കാണാവുന്നതാണ്…”
_ കെ സഹദേവൻ

അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകളുടെ മടിശ്ശീലക്കനവും, ആഗോളതലത്തില്‍ ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച, സയണിസ്റ്റ് പ്രൊപ്പഗാണ്ടയുടെ ആസൂത്രകരായ ആര്‍നോള്‍ഡ് പോര്‍ട്ടറിന്റെ സബ്‌സിഡിയറിയായ ആപ്‌കോ വേള്‍ഡ് വൈഡിന്റെ പ്രചരണതന്ത്രങ്ങളും, രാജ്യം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ്സിന്റെ അഴിമതിയും കൊള്ളരുതായ്മയും ഒത്തുചേര്‍ന്നപ്പോള്‍ നരേന്ദ്ര മോദിയെന്ന വംശീയ -വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താവ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിപ്പെട്ടു.

മോദിയുടെ ചങ്ങാത്ത മുതലാളിത്തത്തിനും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും വര്‍ത്തമാനകാല മാതൃക 1981 മുതല്‍ 89 വരെയുള്ള കാലയളവില്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൊണാള്‍ഡ് റീഗനാണെന്ന് കാണാം. തികഞ്ഞ വംശീയവാദിയും, സ്വതന്ത്ര വിപണിയുടെ വക്താവുമായിരുന്ന റൊണാള്‍ഡ് റീഗന്‍ അവതരിപ്പിച്ച ‘റീഗണോമിക്‌സി’ന് ‘മോദിനോമിക്‌സു’മായി പല സാമ്യങ്ങളും കാണാവുന്നതാണ്. (അവ പിന്നീട് വിശദീകരിക്കുന്നതാണ്).

റൊണാള്‍ഡ് റീഗനും മെറില്‍ ലിഞ്ച് സിഇഓ ആയിരുന്ന, പിന്നീട് സ്റ്റേറ്റ് സെക്രട്ടറി പദത്തിലേക്ക് ഉയര്‍ത്തപ്പെട്ട, ഡൊണാള്‍ഡ് റീഗനും തമ്മിലുള്ള ബന്ധത്തിന്റെ തനിപ്പകര്‍പ്പ് മോദിയിലും അദാനിയിലും കാണാവുന്നതാണ്. റൊണാള്‍ഡ് റീഗന്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ അയാളെ തിരുത്തിക്കൊണ്ട് “Speed it up” എന്ന് പറയുന്ന മെറില്‍ ലിഞ്ച് സിഇഓയുടെ വീഡിയോ അക്കാലത്ത് വന്‍ പ്രചാരം നേടിയുരുന്നു. വൈറ്റ് ഹൗസിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന വന്‍ അധികാര ശക്തിയായി ഡൊണാള്‍ഡ് റീഗന്‍ മാറിയെന്നും, റീഗണോമിക്‌സ് എങ്ങിനെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്നും, 2008ലെ അമേരിക്കന്‍ സബ്‌പ്രൈം മോര്‍ട്ട്‌ഗേജ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൈക്ക്ള്‍ മൂര്‍ തയ്യാറാക്കിയ “കാപിറ്റലിസം: എ ലവ് സ്റ്റോറി” എന്ന ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി രാജ്യത്തെമ്പാടുമായി 150ലധികം റാലികളെ അഭിസംബോധന ചെയ്യുകയുണ്ടായി. ഈ തെരെഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനായി ഏതാണ്ട് 2.4 ലക്ഷം കിലോമീറ്ററിലധികം ദൂരം മോദി സഞ്ചരിച്ചു. പ്രതിദിനം ഏതാണ്ട് 1,100 കിലോമീറ്റര്‍ എന്ന കണക്കില്‍. ഓരോ തവണയും മോദി പറന്നത് അഹമ്മദാബാദില്‍ നിന്നു തന്നെയായിരുന്നുവെന്ന് അക്കാലത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിക്കായി 3 എയര്‍ക്രാഫ്റ്റുകള്‍ എപ്പോഴും തയ്യാറായി നിന്നു. EMB-135 BJ എന്ന എമ്പ്രയര്‍ എയര്‍ക്രാഫ്റ്റ് അദാനിയുടെ ഉടമസ്ഥതയിലുള്ള കര്‍ണ്ണാവടി ഏവിയേഷന്റേതായിരുന്നു. മണിക്കൂറില്‍ 1 ലക്ഷം മുതല്‍ 3 ലക്ഷം വരെ ചെലവ് വരുന്ന എയര്‍ക്രാഫ്റ്റുകളായിരുന്നു അദാനി മോദിക്കായി സമ്മാനിച്ചത്.

കോര്‍പ്പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ വാരിവിതറിക്കൊണ്ടുള്ള ‘ഗുജറാത്ത് മോഡല്‍’ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെ പരസ്യപ്രഖ്യാപനത്തിന്റെയും സൂചനയായിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയുടെ കോര്‍പ്പറേറ്റ് സൗജന്യയാത്ര. ഇന്ത്യയിലെ വന്‍കിട ബിസിനസ് സാമ്രാജ്യങ്ങള്‍ ഇതിനോട് പ്രതികരിക്കാന്‍ മടിച്ചുനിന്നതും അക്കാലത്തെ കാഴ്ചയായിരുന്നു.

മോദി ഗുജറാത്ത് ഭരിച്ച ഒരു ദശാബ്ദക്കാലയളവില്‍ അദാനിയുടെ സമ്പത്ത് 35,000 കോടിയോളം ഉയര്‍ത്തപ്പെട്ടു. അദാനിയുടെ ദേശീയ-അന്തര്‍ദ്ദേശീയ വാണിജ്യ സ്വപ്നങ്ങള്‍ക്ക് സാകാരം നല്‍കുന്നതിനുള്ള ഉറപ്പുമായാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കല്‍ക്കരി, ഊര്‍ജ്ജം, തുറമുഖം, വിമാനത്താവളം, കൃഷി, റീട്ടൈല്‍ വ്യാപാരം, ആരോഗ്യം, ലോജിസ്റ്റിക്‌സ്, റോഡ്, മെട്രോ, റെയില്‍, വ്യോമയാനം, പ്രത്യേക സാമ്പത്തിക മേഖല തുടങ്ങി വിവിധങ്ങളായ മേഖലകളിലേക്ക് കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവിനുള്ളിൽ അദാനി ഗ്രൂപ്പ് അസാധാരണമായ തോതിലുള്ള വളര്‍ച്ച നേടിയതിന് പിന്നില്‍ നേരത്തെ നല്‍കിയ ചെറിയ സമ്മാനങ്ങളുടെ ഉപകാര സ്മരണ കാണാവുന്നതാണ്.
(തുടരും)

Follow us on | Facebook | Instagram Telegram | Twitter