ബലപ്രയോഗത്തിലൂടെ നിലനിൽക്കുന്ന ജനാധിപത്യം


വിഷ്ണു പോളി

വോട്ട് ചെയ്യൽ ഒരു അവകാശം ആണെന്ന് പറയപ്പെടുന്നു. അങ്ങനെ ആയിരിക്കാം. പക്ഷേ വോട്ട് ചെയ്യണമോ വേണ്ടയോ എന്ന് വ്യക്തിക്ക് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം കൂടി നൽകുന്നുണ്ടെങ്കിലെ ആ ആവകാശം പൂർണവും അർത്ഥവത്തും ആകുന്നുള്ളൂ. ഇന്ത്യൻ ഭരണഘടന വോട്ട് ചെയ്യാതിരിക്കാനുള്ള ഒരു പൗരൻ്റെ വ്യക്തിയുടെയോ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല എന്നത് ഉറപ്പാണ്. എന്നാൽ മറ്റുചില കൂട്ടർ അത് നിഷേധിക്കുന്നു. ആരൊക്കെയാണ് അവർ?

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കുടുംബമോ കുടുംബാംഗങ്ങളോ ആണ് വോട്ട് ചെയ്യാതിരിക്കാനുള്ള അവൻ്റെ/ അവളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ആദ്യത്തെ കൂട്ടർ. മറ്റൊരു പ്രധാനപ്പെട്ട കൂട്ടർ മുഖ്യധാരാ പാർലമെൻററി രാഷ്ട്രീയ പാർട്ടികളാണ്.
മുഖ്യധാര പാർലമെൻ്ററി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം വ്യക്തികളെ, പ്രത്യേകിച്ച് പുതിയ വോട്ടർമാരെ വോട്ട് ചെയ്യിപ്പിക്കുക എന്നത് അവരുടെ അധികാരവുമായും സ്വന്തം നിലനിൽപ്പുമായും ബന്ധപ്പെട്ട ഒരു വിഷയമാണ്. അതുകൊണ്ട് ഒരാളെയും വോട്ട് ചെയ്യാതിരിക്കാൻ അവർ അനുവദിക്കില്ല. വോട്ടു ചെയ്യാതിരിക്കൽ എന്തോ മഹാ അപരാധമാണ് എന്ന തരത്തിൽ പൊതുബോധം സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രചരണങ്ങളും കാമ്പയിനുകളും അവർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. ഏത് മുഖ്യധാര രാഷ്ട്രീയ പാർട്ടിയെ വോട്ടു ചെയ്തു വിജയിപ്പിച്ചിട്ടും തങ്ങൾക്ക് ഒരു ഗുണവുമില്ല എന്ന ബോധ്യം ഉണ്ടായിട്ടുപോലും വോട്ടു ചെയ്യാതിരിക്കൽ ഒരു തെറ്റാണെന്ന ബോധം കൊണ്ടു നടക്കുന്നതിനാൽ മനസ്സില്ലാമനസ്സോടെ കൂടി, നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രമായി വോട്ട് ചെയ്യുന്നവരും ഉണ്ടല്ലോ. ചിലപ്പോൾ നിങ്ങളും അതിലൊരാൾ ആയിരിക്കാം.

ഇനി ആ പൊതു ബോധത്തിൽ നിന്നും പുറത്തുകടന്ന് വോട്ട് ചെയ്യാതിരിക്കാൻ ഒരാൾ പ്രഖ്യാപിക്കുക ആണെങ്കിൽ പോലും, വോട്ടു ചെയ്യാതിരിക്കൽ പോയിട്ട് ഇത്രയും കാലം വോട്ടുചെയ്ത പാർട്ടിയിൽ നിന്നും വിഭിന്നമായി മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്യുകയാണെങ്കിൽ പോലും, ആ വ്യക്തിയുടെ പ്രദേശത്ത് ആധിപത്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടി ഒന്നുകിൽ മുൻകാലങ്ങളിൽ അയാൾക്ക് നൽകപ്പെട്ട ആനുകൂല്യങ്ങളുടെ കണക്കു പറഞ്ഞോ, അല്ലെങ്കിൽ ഇനി തങ്ങൾ ഭരണത്തിൽ വന്നാൽ ഒരു തരത്തിലുള്ള സർക്കാർ ആനുകൂല്യവും നിങ്ങൾക്ക് ലഭ്യമാകില്ല എന്ന് ഭീഷണിപ്പെടുത്തിയോ ആ വ്യക്തിയെ തൻ്റെ തീരുമാനത്തിൽനിന്ന് പിൻവലിയാൻ പ്രേരിപ്പിക്കുന്നു. ഇത് ഒരു തരത്തിലുള്ള ബലപ്രയോഗം ആണ്. സംഘടിതമായും സ്ഥാപനവൽകൃതമായും നടക്കുന്ന ബലപ്രയോഗം. ഈ ബലപ്രയോഗത്തെയും പ്രതിരോധിച്ച് വോട്ട് ചെയ്യാതിരിക്കുക എന്നത് അത്ര എളുപ്പമല്ല.

മറ്റൊരുതരം ബലപ്രയോഗം കുടുംബത്തിനകത്തെ ബലപ്രയോഗമാണ്. ജനാധിപത്യ സങ്കല്പത്തിൽ വ്യക്തിയാണ് എല്ലാത്തിൻ്റെയും അടിസ്ഥാന യൂണിറ്റ്. കേരളത്തിലെ കാര്യം മാത്രം എടുക്കുകയാണെങ്കിൽ, ഇവിടത്തെ അടിസ്ഥാന യൂണിറ്റ് കുടുംബമാണ്. കുടുംബം മതവുമായോ സമുദായവുമായോ, ഏതെങ്കിലും ഭരണവർഗ പാർലമെൻ്ററി രാഷ്ട്രീയ പാർട്ടിയുമായോ ബന്ധിതമാണ്. അതുകൊണ്ടു തന്നെ ഒരു വ്യക്തി എത്രത്തോളം സ്വതന്ത്രനാണ്, ആ വ്യക്തി എത്രത്തോളം ജനാധിപത്യ അവകാശങ്ങൾ അനുഭവിക്കുന്നു എന്നത് കുടുംബത്തിനകത്ത് എത്രത്തോളം ജനാധിപത്യം നിലനിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അഥവാ ഒരു കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങളോ, സ്ത്രീകളോ എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത് പ്രായം കൂടിയ അംഗങ്ങളോ, മിക്കവാറും പുരുഷന്മാരോ ആണ്. അഥവാ കേരളത്തിലെ കുടുംബഘടന ഇപ്പോഴും പിതൃമേധാവിത്വം തന്നെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു വ്യക്തിയുടെ, ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന തീരുമാനം, ആ വ്യക്തിയുടെ കുടുംബ തീരുമാനവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. എല്ലാ കുടുംബങ്ങളും ഇങ്ങനെയാണ് എന്നല്ല. പൊതു ട്രെൻ്റ് ഇങ്ങനെയാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി ജനാധിപത്യ സ്വഭാവം ആർജ്ജിച്ച കുടുംബങ്ങളും ഉണ്ടാവാം. പക്ഷേ അത് വളരെ കുറഞ്ഞ ശതമാനം മാത്രമേ ഉള്ളൂ.

മുഖ്യധാരാ പാർലമെൻ്ററി രാഷ്ട്രീയ പാർട്ടികൾ പ്രധാനമായും ടാർഗറ്റ് ചെയ്യുന്നതും കുടുംബത്തെയാണ് അല്ലാതെ വ്യക്തികളെയല്ല. ഒരു വ്യക്തിയുടെ സാമൂഹ്യ രാഷ്ട്രീയ ബോധം രൂപപ്പെടുത്തിയെടുക്കുന്നതിൽ കുടുംബത്തിന് വലിയ പങ്കുണ്ട്. ആ ബോധത്തിൽ നിന്നും വ്യതിചലിച്ച് പോകുന്നവരെ വൈകാരികമായും, അല്ലാതെയുമുള്ള പലതരത്തിലുള്ള ബലപ്രയോഗങ്ങളിലൂടെ തിരിച്ച് കുടുംബത്തിൻ്റെ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കും. ഇതിനെ മറികടക്കുക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യംതന്നെയാണ്. ഇതിനെ മറികടക്കണം എന്ന് തന്നെയാണ് എൻ്റെ അഭിപ്രായവും. ഏതായാലും വോട്ടിൻ്റെ കാര്യത്തിലും ഇത്തരമൊരു ബലപ്രയോഗം നടക്കുന്നുണ്ട് എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. നമ്മൾ അത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും.

ഇത്രയും പറഞ്ഞത്, വോട്ട് ചെയ്യാനുള്ള അവകാശം തത്വത്തിലെങ്കിലും ഒരു ജനാധിപത്യ അവകാശം ആണെങ്കിലും, ആളുകളെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്നത് അത്ര ജനാധിപത്യപരമായ രീതിയിൽ അല്ല, മറിച്ച് അദൃശ്യമായ മേൽപറഞ്ഞതരം ബലപ്രയോഗങ്ങളിലൂടെയാണ്. ഇത്തരം അനൗദ്യോഗിക ബലപ്രയോഗങ്ങൾക്ക് പുറമേ, ഭരണകൂടവും ഭരണവർഗ പാർട്ടികളും നേരിട്ട് സാധാരണക്കാരായ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും കായികബലം പ്രയോഗിച്ചും വോട്ടു ചെയ്യിപ്പിക്കുന്ന കാഴ്ച ഉത്തരേന്ത്യയിൽ നമുക്ക് കാണാൻ സാധിക്കും.
നിങ്ങൾ ജനാധിപത്യം എന്നു വിളിക്കുന്ന ഈ വ്യവസ്ഥ, നേരിട്ടും അല്ലാതെയുമുള്ള നിരന്തര ബലപ്രയോഗത്തിലൂടെയാണ് സ്വന്തം നിലനിൽപ്പും തുടർച്ചയും ഉറപ്പുവരുത്തുന്നത് എന്ന വസ്തുത തിരിച്ചറിയുക. സമൂഹത്തിൽ വേരൂന്നിയിട്ടുള്ള ഫ്യൂഡൽ മൂല്യബോധങ്ങൾ ആണ് ഇത്തരം ബലപ്രയോഗങ്ങളുടെ മുഴുവനും ആശയ ശാസ്ത്ര എന്ന വസ്തുതയും നാം തിരിച്ചറിയേണ്ടതുണ്ട്.

Like This Page Click Here

Telegram
Twitter