ലെനിൻ മരിച്ച ദിവസം; കവിത- ബെർത്തോൾട്ട് ബ്രെഹ്റ്റ്
കവിത
ലെനിൻ മരിച്ച ദിവസം
_ ബെർത്തോൾട്ട് ബ്രെഹ്റ്റ്
പരിഭാഷ_ വി രവികുമാര്‍
ലെനിൻ മരിച്ച ദിവസം
അദ്ദേഹത്തിന്റെ ജഡത്തിനു കാവൽ നിന്ന ഒരു പട്ടാളക്കാരൻ
കൂടെയുള്ള സഖാക്കളോടു പറഞ്ഞുവത്രെ:
എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല,
ഞാൻ അകത്തു ചെന്ന് അദ്ദേഹത്തിന്റെ കാതിൽ ഉറക്കെപ്പറഞ്ഞു:
“ഇല്യിച്ച്, ചൂഷകന്മാർ വന്നുകൊണ്ടിരിക്കുന്നു!”
അദ്ദേഹം ഇളകിയില്ല.
അപ്പോൾ എനിക്കുറപ്പായി, അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്.
ഒരു നല്ല മനുഷ്യൻ പോകാൻ തീരുമാനിച്ചാൽ
എങ്ങനെയാണു നിങ്ങൾ അയാളെ പിടിച്ചുനിർത്തുക?
എന്തു കൊണ്ടാണ് അയാളെ ആവശ്യമെന്ന് അയാളോടു പറയുക.
അതയാളെ പിടിച്ചുനിർത്തും.
ലെനിനെ പിടിച്ചുനിർത്താൻ എന്തുകൊണ്ടാകുമായിരുന്നു?
പട്ടാളക്കാരൻ കരുതി,
ചൂഷകന്മാർ വരുന്നുണ്ടെന്നു കേൾക്കുമ്പോൾ
ഇനിയെത്ര രോഗപീഡിതനാവട്ടെ, അദ്ദേഹമെഴുന്നേൽക്കുമെന്ന്,
വരുന്നതൂന്നുവടികളിലാണെന്നു വരാം,
തന്നെ എടുത്തുകൊണ്ടു വരാനദ്ദേഹമനുവദിച്ചുവെന്നു വരാം,
എങ്ങനെയായാലും അദ്ദേഹം എഴുന്നേൽക്കുമായിരുന്നു,
ചൂഷകന്മാരെ നേരിടുന്നതിനായി വരുമായിരുന്നു.
എന്നു പറഞ്ഞാൽ, പട്ടാളക്കാരനറിയാമായിരുന്നു,
ലെനിൻ തന്റെ ജീവിതകാലമുടനീളം
ചൂഷകന്മാർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്ന്.
വിന്റർ പാലസിലേക്കുള്ള ഇരച്ചുകേറ്റത്തിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ
നാട്ടിലേക്കു മടങ്ങാൻ താല്പര്യം പറഞ്ഞപ്പോൾ
(അവിടെ കൃഷിഭൂമി വിതരണം ചെയ്യുകയാണെന്നതിനാൽ)
ലെനിൻ അയാളോടു പറഞ്ഞു: നിൽക്കൂ!
ചൂഷകന്മാർ ഇനിയും പോയിട്ടില്ല.
ചൂഷണമുള്ള കാലത്തോളം
നാമതിനോടു പൊരുതുകയും വേണം.
നിങ്ങൾക്കു ജീവനുള്ള കാലത്തോളം
നിങ്ങളതിനോടു പൊരുതുക തന്നെ വേണം.
ബലം കുറഞ്ഞവർ പൊരുതാൻ നിൽക്കില്ല.
ബലമുള്ളവർ ഒരു മണിക്കൂർ പൊരുതിയെന്നു വരാം.
അതിലും ബലമേറിയവർ പല കൊല്ലങ്ങൾ പൊരുതി നിന്നേക്കാം.
ആയുസ്സു മുഴുവൻ പൊരുതുന്നവരാണ് ഏറ്റവും കരുത്തർ.
അവരാണ് അനുപേക്ഷണീയർ.
Painting_ Khitrikov Vasily Pimenovich, People’s Artist of the USSR