മുസ്‌ലിം വിരുദ്ധത ചോദ്യം ചെയ്യുമ്പോൾ ഞാൻ നേരിടുന്നത് തീവ്ര മുസ്‌ലിം ആണോ എന്ന ചോദ്യം

2023 തുടങ്ങുന്നതിന് തൊട്ടുമുൻപ് മാധ്യമരംഗത്തെ ഒരു സുഹൃത്ത് കടന്നുപോകുന്ന വർഷത്തെ ഏറ്റവും പ്രധാനമെന്ന് തോന്നിയ അനുഭവമേതെങ്കിലും എഴുതാമോ എന്ന് ചോദിച്ചു. സ്വതവേയുള്ള മടിയും ഇതുപോലെ ഒരു കോൺടെക്സ്റ്റിലേക്ക് ഒരനുഭവത്തെ ചുരുക്കുന്നതുമോർത്ത് അങ്ങനെയൊന്നുണ്ടായില്ല. പിന്നീട് പക്ഷേ, അതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഏറ്റവും എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ഒരേ അനുഭവം തന്നെ മൂന്നിടങ്ങളിൽ ഉണ്ടായാൽ ഏതാണ് “ഏറ്റവും” കൂടുതൽ ഉലച്ചത് എന്നും ഞാനും ചിന്തിച്ചു. മൂന്നും എന്ന ഉത്തരമാണ് എനിക്ക് കിട്ടിയത്.

ഒന്ന്: അടിയന്തരാവസ്ഥാ സഖാക്കളും സമ്പൂർണ്ണ യുക്തിവാദികളുമായ സീനിയർ സുഹൃത്തുക്കൾക്കിടയിലെ ഒരു ചർച്ചയിൽ (ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള) മുസ്‌ലിമിന് അനുകൂലമായി ഒരു വാദം ഉന്നയിച്ച എന്നോട് തീവ്ര മുസ്‌ലിം നിലപാടുള്ള ആളാണോ നിങ്ങൾ എന്നൊരു ചോദ്യം വന്നു. സംഘ്പരിവാർ അന്തരീക്ഷത്തിൽ പരത്തിവിട്ടിട്ടുള്ള ചില കഥകളുടെ സത്യാവസ്ഥയെക്കുറിച്ച് പറഞ്ഞതായിരുന്നു ഞാൻ.

രണ്ട്: വളരെ പ്രശസ്തനും സുഹൃത്തുമായ ഒരാളോടൊപ്പം ഒരു രാത്രിയിലിതുപോലൊരു തർക്കമുണ്ടായി. ശരിക്കും ആർ.എസ്.എസോ സംഘ്പരിവാറോ ഉന്നയിക്കാറുള്ള ചില മുസ്‌ലിം വിരുദ്ധ യുക്തികൾ അദ്ദേഹം ഉന്നയിച്ചപ്പോൾ ഞാൻ പതിവുപോലെ തർക്കിച്ചു. നിങ്ങൾ മുസ്‌ലിം തീവ്രവാദികൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്നു എന്ന് അദ്ദേഹവും പറഞ്ഞു.

മൂന്ന്: നാട്ടിലെ ചില സുഹൃത്തുക്കളുമായി സ്ഥിരം സംസാരിക്കാറുണ്ട്. മിക്കവാറും സംവാദം മോദിയിലെത്തും. ചില നുണകൾ തെളിവടക്കം നിരത്തി സംസാരിക്കുന്നതിനിടയിൽ അവിടെ നിന്നും ഒരിക്കൽ കേട്ടു. നിങ്ങൾ ഒരു മുസ്‌ലിം പക്ഷപാതിയാണ്.

നിങ്ങൾക്കറിയാമോ, പള്ളിയിലെ മൗലവിക്ക് സർക്കാരാണ് ശമ്പളം കൊടുക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരുപാട് സാധാരണക്കാരുണ്ട്. ദേവസ്വത്തിന്റെ പണം മുഴുവൻ സർക്കാർ ഉപയോഗിക്കുകയാണ് എന്ന് വിശ്വസിക്കുന്ന ഒരുപാട് പാവങ്ങളുണ്ട്. വെറും സാധാരണ മനുഷ്യർ. അവരോട് മുസ്‌ലിങ്ങൾക്കിടയിലെ സമ്പന്നരെ ചൂണ്ടിക്കാട്ടിയാണ് അവരും ആ ധനികരും തമ്മിലുള്ള സാമ്പത്തികാന്തരത്തെ സംഘ് യുക്തിപരമായി സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും ദരിദ്രൻ മുസ്‌ലിമാണെന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ടൊന്നും അവിടെ ചെലവാകുകയില്ല. മുസ്‌ലിം വിരുദ്ധ പൊതുബോധം ഉറപ്പാക്കുന്നതിൽ ആർഎസ്എസും സംഘ്പരിവാറും ഇന്ത്യയിൽ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ചെറിയ നീരസം ഉണ്ടെങ്കിൽ അത് വലിയ വെറുപ്പാക്കി മാറ്റാൻ അവർക്കറിയാം. അതിനവരെ സഹായിക്കാൻ ഇവിടുത്തെ മീഡിയകളുണ്ട്, കോർപ്പറേറ്റുകൾ ഉണ്ട്, ഐടി സെല്ലുകൾ ഉണ്ട്. വൻകിട രാജ്യങ്ങൾ വരെയുണ്ട്.

എന്താണ് ഈ പൊതുബോധം എന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ പറയാം. കഴിഞ്ഞ ദിവസം ട്രെയിനിൽ ഒരു പോലീസുകാരൻ തന്റെ സീനിയർ ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം, എന്തായാലും ശിക്ഷ കിട്ടും അപ്പോൾ പിന്നെ രണ്ടു മുസ്‌ലിമിനെയും കൂടി കാച്ചിയേക്കാം എന്ന് ചിന്തിച്ചു. അതാണ് ആ പൊതുബോധത്തിന്റെ ആഴം. മുസ്‌ലിങ്ങൾ കൊല്ലപ്പെടേണ്ടവരാണ് എന്നയാൾ വിചാരിക്കുന്നു. അങ്ങനെ വിചാരിക്കുന്ന കോടിക്കണക്കിന് ആളുകളുടെ പ്രതിനിധിയാണയാൾ. ഇവിടെയിതാ വെറിയുടെയും വെറുപ്പിന്റെയും പ്രചാരകർ വളരെ ധൈര്യസമേതം ബിൽക്കീസ് ബാനുവിന്റെ കുടുംബത്തെ മുഴുവൻ ക്രൂരമായി കൊന്നു കളഞ്ഞവരെ മാലയിട്ട് സ്വീകരിച്ചാൽ എന്താണ് എന്ന് രാജ്യം മുഴുവൻ കേൾക്കെ ചോദിക്കുന്നു. ലോകസഭയിലും രാജ്യസഭയിലും അവർക്കുവേണ്ടിയുള്ള ത്രിശൂല നിയമങ്ങൾ തീയിൽ ചുട്ടെടുക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ അവരുടെതു മാത്രമാക്കി മാറ്റുന്നു. മണിപ്പൂരിലെ വംശഹത്യയെ ഒരു ലജ്ജയുമില്ലാതെ മറച്ചുപിടിക്കുന്നു. നൂഹിലെ മനുഷ്യരുടെ നെഞ്ചിലൂടെ ബുൾഡോസർ കയറ്റിയിറക്കുന്നു. മഹാപഞ്ചായത്തുകളിൽ മുസ്‌ലിങ്ങൾക്കെതിരെ ഹിന്ദുക്കൾ ആയുധമേന്തണമെന്ന് ആഹ്വാനം ചെയ്യുന്നു. എല്ലാറ്റിനും അവരുടെ ഇന്ധനം നിങ്ങളുടെ മുസ്‌ലിങ്ങളോടുള്ള നീരസമാണ്. ഇതെല്ലാം പറയുന്നവരെ മുസ്‌ലിം പക്ഷപാതി, തീവ്ര നിലപാടുകാരൻ, തീവ്രവാദി എന്നിങ്ങനെ നിങ്ങൾ മുദ്രകുത്തുന്നു.

നാളെ ആഗസ്റ്റ് 15 ആണ്. ഈ രാജ്യത്ത് മുസ്‌ലിം എവിടെയാണ് ദേശീയ പതാക ഉയർത്തേണ്ടത് എന്നൊരു ചോദ്യം നെഞ്ചിലിരിക്കുന്നുണ്ട്. സുഹൃത്തുക്കളേ, രാജ്യത്തെ അന്ധകാരത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന ആർ.എസ്.എസ്, സംഘ്പരിവാർ, കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരെ സംസാരിച്ചാൽ നിങ്ങൾ എന്നെ മുസ്‌ലിം തീവ്രവാദിയാക്കുകയാണെങ്കിൽ ഒരൽപം പോലും വ്യസനമില്ല. എല്ലാത്തരം ജാതി-മത-വർഗ്ഗ-വർണ്ണ-ലിംഗ വ്യത്യാസങ്ങൾക്കുമെതിരെ ചെറിയൊരു കലാകാരൻ എന്ന നിലയിലും സാധാരണ മനുഷ്യൻ എന്ന നിലയിലും ജീവിച്ചു മരിക്കണമെന്നാണാഗ്രഹം.
വർഗീയത തുലയട്ടെ….
_ പി എസ് റഫീഖ്, തിരക്കഥാകൃത്ത്
2023 ഓഗസ്റ്റ് 14

Follow us on | Facebook | Instagram Telegram | Twitter | Threads