അയ്യപ്പന് ജയ് വിളിക്കാൻ ഒരു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആവശ്യമില്ല
നമുക്ക് ഇറ്റലിയിൽ നിന്ന് ഒരു ഇല പറിച്ചെടുക്കാം ഗോവിന്ദൻ മാഷെ…
_ രാമചന്ദ്രൻ ചെനിച്ചേരി
1948ലെ പൊതു തെരഞ്ഞെടുപ്പിൽ 38 ശതമാനം വോട്ട് നേടിയ ഒരു പാർട്ടിയാണ് ഇറ്റാലിയൻ കമ്മ്യുണിസ്റ്റ് പാർട്ടി. മത്സരിച്ചത് ക്രിസ്ത്യൻ സഭകൾ നേതൃത്വം നൽകിയ മുന്നണിയോട്. ‘ക്രിസ്തുവിന്റെ കൂടെയാണോ ക്രിസ്തുവിന് എതിരാണോ’ എന്ന ചോദ്യം ഉയർത്തിയ എതിരാളികളോട് കർഷക- തൊഴിലാളി വർഗ്ഗ സിദ്ധാന്തം മുൻനിർത്തി അവർ മറുപടി പറഞ്ഞു.
അമേരിക്കയും ബ്രിട്ടനും പണവും സമ്മാനങ്ങളുമൊഴുക്കിയ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ അവരോട് തോറ്റെങ്കിലും മുസ്സോളിനിയുടെ അടിച്ചമർത്തലിന് ശേഷവും നിർണ്ണായക ശക്തിയായി കമ്മ്യുണിസ്റ്റ് പാർട്ടി മാറി. സോവിയറ്റ് യൂണിയന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ കമ്മ്യുണിസ്റ്റ് പാർട്ടിയായി.
1970കൾ വരെയും പാർലമെന്റിന്റെ 3ൽ ഒന്ന് അവരുടെ സംഭാവന ആയിരുന്നു. പിന്നീട് വലതുപക്ഷവുമായി ചേർന്ന് അവർ അധികാരം പങ്കിടാൻ തുടങ്ങി. 2018ലെ തെരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടി നേടിയത് 1 ശതമാനം വോട്ടും 0 പാർലിമെന്റ് സീറ്റുമാണ്. കാരണം, അന്വേഷിച്ചപ്പോൾ മുതിർന്ന പോളിറ്റ്ബ്യൂറോ മെമ്പർ പറഞ്ഞു, “വലത് നയങ്ങൾ നടപ്പാക്കാൻ ഒരു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആവശ്യമില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു . അവർ വലത് പക്ഷത്തിന് നേരിട്ട് വോട്ട് ചെയ്തു”.
അയ്യപ്പൻ ഒരു കീറാമുട്ടി ആയി മുന്നിൽ നിൽക്കുമ്പോൾ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ നിങ്ങൾക്ക് തള്ളിപ്പറയാം, തെറ്റില്ല. തള്ളിപ്പറയലും ഡയലക്ടിക്കൽ ആണ്. പക്ഷെ, പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടാൽ മറ്റു പാർട്ടികളിൽ നിന്ന് നിങ്ങൾ വ്യത്യസ്തരല്ലെന്ന് ജനവും തിരിച്ചറിയും. അയ്യപ്പന് ജയ് വിളിക്കാൻ ഒരു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആവശ്യമില്ല.
ആ പണി നിങ്ങളെക്കാൾ നന്നായി അറിയാവുന്നവരുടെ കൂടെ ജനങ്ങൾ അങ്ങ് പോവും. ഒരു തെറ്റ് തിരുത്തൽ രേഖക്കും അവരെ തിരിച്ച് കൊണ്ടുവരാനാവില്ല.
ജാഗ്രതൈ!!!
(സംഘികളെ ട്രോളാലാണ് കമ്മ്യുണിസം എന്ന ധാരണ അണികളിൽ നിന്ന് നീക്കാൻ കനിവുണ്ടാവണം)