ഇലക്കുടിലുകളും മഞ്ഞുവീടുകളും; ഉലാവ് എച്ച് ഹേഗ്

മറ്റുള്ളവർക്കു വേണ്ടിയാണ്‌ നിങ്ങൾ എഴുതുന്നതെങ്കിൽ നിങ്ങളുടെ രചനകൾ എത്ര പെട്ടെന്നാണ്‌ അതിസാധാരണമായിപ്പോവുക. എമിലി ഡിക്കിൻസൺ തനിക്കു വേണ്ടി എഴുതി, അതിൽ വിജയിക്കുകയും ചെയ്തു. താനെഴുതിയത് മറ്റുള്ളവരെ കാണിച്ചു കിട്ടുന്ന പൊള്ളയായ സന്തോഷം അവർക്കാവശ്യമുണ്ടായിരുന്നില്ല. തന്റെ സമകാലീനർക്കു വേണ്ടിയാണ്‌ അവർ എഴുതിയിരുന്നതെങ്കിൽ അവരുടെ കൃതികൾ ഈ മട്ടാവുമായിരുന്നില്ല. മഹിമയേറിയ എമിലി! കവികളിൽ മഹതി!
_1948

പ്രശസ്ത നോർവീജിയൻ കവി ഉലാവ് എച്ച് ഹേഗിന്റെ തിരഞ്ഞെടുത്ത കവിതകളും ഡയറിക്കുറിപ്പുകളും. മലയാളത്തിൽ ആദ്യമായിട്ടാണ്‌ അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്യപ്പെടുന്നത്. ഉലാവ് എഴുതിയിരുന്നത് നൈനോർസ്ക് (Nynorsk) എന്ന നോർവീജിയൻ ഭാഷാഭേദത്തിലാണ്‌; നോർവ്വേയുടെ ഈ തനതുഭാഷ പിന്നീട് ചരിത്രപരമായ കാരണങ്ങളാൽ ഗ്രാമീണമേഖലയിലേക്കൊതുങ്ങുകയായിരുന്നു. 1380 മുതൽ 1814 വരെ നോർവെ ഡെന്മാർക്കിന്റെ ഭരണത്തിൻ കീഴിലായിരുന്നു. സർക്കാരും സഭയും ഡാനിഷോ ഡെന്മാർക്കിൽ പഠിച്ചവരെങ്കിലുമോ ആയിരുന്നു. അതിനാൽ ഡാനിഷ് ആധാരമായ ബൊക്മൽ (Bokmal) എന്ന നോർവീജിയൻ ഭാഷാഭേദം അധികാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി. ഇതുകൊണ്ട് നഗരവാസികൾക്കും ഗ്രാമീണനോർവ്വേക്കുമിടയിലുണ്ടായ ധ്രുവീകരണം ഇന്നും പരിഹൃതമായിട്ടില്ല. നിയമപരമായി രണ്ടു രൂപങ്ങൾക്കും ഒരേ പദവിയാണുള്ളതെങ്കിലും ബൊക്മലിൽ എഴുതുന്ന എഴുത്തുകാർക്ക് കൂടുതൽ വായനക്കാരെ കിട്ടുമെന്ന ആനുകൂല്യമുണ്ട്. റോൾഫ് ജേക്കബ്സെനെ(Rolf Jacobsen)പ്പോലെ ബൊക്മലിലാണ്‌ എഴുതിയിരുന്നതെങ്കിൽ എത്രനേരത്തേ അദ്ദേഹം അംഗീകരിക്കപ്പെടുമായിരുന്നു. ഗ്രാമീണജനതയേയും ഗ്രാമീണമൂല്യങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു ഭാഷയിലേ താൻ എഴുതൂ എന്ന ഉലാവ് ഹേഗിന്റെ ശാഠ്യം നോർവീജിയൻ ആവുക എന്നാൽ എന്താണ്‌ എന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഒരു പ്രസ്താവനയാണ്‌.

“നിങ്ങളുടെ കീശകൾ കാലിയാക്കുക, അതിലുള്ളത് എല്ലാവരുമായി പങ്കു വയ്ക്കുക- നിരൂപകൻ പറയുന്നു. ഇല്ല, എല്ലാം അതിനുള്ളതല്ല. ഏതു മനുഷ്യജീവിക്കും സ്വന്തമായ രഹസ്യമുണ്ട്, നിഗൂഢതയുണ്ട്, ആ നിഗൂഢത അയാൾക്ക് തന്റെ ശവക്കുഴിയിലേക്കു കൊണ്ടുപോകാനുള്ളതുമാണ്‌. എഴുത്തുകാരനും മനുഷ്യനാണ്‌; അതിനാൽ അയാൾ സകലതും പങ്കു വയ്ക്കാനും പാടില്ല. കലയുടെ അൾത്താരയിൽ നിങ്ങൾക്കു പലതും നിവേദിക്കാം, എന്നാൽ ഒന്നൊഴിയാതെ എല്ലാം എന്നില്ല. നിങ്ങൾ തുറക്കരുതാത്ത ഒരു വാതിലുണ്ട്.”
_ 1951

ഇലക്കുടിലുകളും മഞ്ഞുവീടുകളും
ഉലാവ് എച്ച് ഹേഗ്
വിവർത്തനം: വി രവികുമാർ
പ്രസാധകർ: ഐറിസ് ബുക്സ്
വില: 130 രൂ.
നേരിട്ടു വാങ്ങാൻ
ആൾട്ടർമീഡിയ, തൃശ്ശൂർ,
ഐവറി ബുക്സ്, തൃശ്ശൂർ,
മാതൃഭൂമി ബുക്സ്, തൃശ്ശൂർ, എറണാകുളം

തപാൽ വഴി വാങ്ങാൻ 7356370521, 9446278252 എന്നീ വാട്ട്സാപ്പ് നമ്പരുകളിൽ ബന്ധപ്പെടാം.

ആമസോണിൽ

Follow us on | Facebook | Instagram Telegram | Twitter