രാജന് പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയില്ല

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന രാജൻ ചിറ്റിലപ്പിള്ളിയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ATS അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിൻ്റെ പത്രപ്രസ്താവന. രാജൻ്റെ മകനെയും സഹോദരിയെയും കസ്റ്റഡിയിലെടുത്തതായി സെക്രട്ടറി സി പി റഷീദ് പറയുന്നു. അതിസുരക്ഷാ ജയിലിൽ കൈകാലുകൾ പ്ലാസ്റ്ററിട്ട നിലയിൽ കഴിയുന്ന രാജന് പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയില്ലെന്ന് പ്രസ്താവനയിൽ പറയുന്നു…

“കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ബന്ധമാരോപിച്ച് കേരള ATS തൃശൂരിൽ നിന്നും അറസ്റ്റ് ചെയ്ത രാജൻ ചിറ്റിലപ്പിള്ളിയോട് പോലീസും മറ്റ് അധികാര സംവിധാനങ്ങളും പുലർത്തുന്ന ജനാധിപത്യവിരുദ്ധ സമീപനത്തിൽ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം അതിശക്തമായി പ്രതിഷേധിക്കുന്നു. വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തെ തൃശൂരിലെ ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അഴിമതിയടക്കമുള്ള വിവിധ കേസുകളിലകപ്പെട്ട രാഷട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥ മേധാവികളും അറസ്റ്റുകളിൽ നിന്ന് രക്ഷനേടാൻ ഇല്ലാത്ത രോഗങ്ങളുടെ പേരിൽ ആശുപത്രികളിൽ സുഖ ചികിത്സ നടത്തുന്ന നാട്ടിലാണ് ഗുരുതരമായി പരിക്കേറ്റ ഒരാളെ യാതൊരു മാനുഷിക പരിഗണന പോലും നൽകാതെ അറസ്റ്റ് ചെയ്തു ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മഞ്ചേരി കോടതിയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹത്തെ ഹാജറാക്കിയത്. ആരോഗ്യാവസ്ഥയെ ഒട്ടും പരിഗണിക്കാതെ, ഏവരേയും ഞെട്ടിച്ചുകൊണ്ട് കോടതി അഞ്ച് ദിവസത്തേക്ക് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കൽ കോളേജലേക്ക് മാറ്റിയെങ്കിലും കസ്റ്റഡി കാലാവധി കഴിഞ്ഞപ്പോൾ ചികിത്സ തുടരാതെ അതീവ ഗുരുതമായ അവസ്ഥയോടെ തന്നെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. ഇത് ഒരു നിലക്കും നീതീകരിക്കാവുന്ന ഒന്നല്ല.

ഡിസ്ചാർജ്ജ് സമ്മറി ഇല്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ ജയിലധികൃതർ അകത്ത് പ്രവേശിപ്പിച്ചില്ല എന്നും, ഒടുവിൽ ഏറെ വൈകി രാത്രി ഒരു മണിയോടെ ആണ് അദ്ദേഹത്തെ ജയിലിലടച്ചത് എന്നുമാണ് പത്രവാർത്ത. ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ് ഈ സംഭവം. ഉത്തര -മധ്യ ഇന്ത്യയിൽ വിമത രാഷട്രീയ പ്രവർത്തകരെ ചികിത്സ നൽകാതെ പിഡിപ്പിക്കുന്ന ATS പോലീസിൻ്റെ അതെ സമീപനം തന്നെ ആണ് കേരള ATSഉം ഇവിടെ അനുവർത്തിക്കുന്നത്.

മതിയായ ചികിത്സ നൽകാതെ വിപ്ലവകവി വരവരറാവുവിനെ ബലംപ്രയോഗിച്ച് ജയിലിലേക്ക് മാറ്റിയ NIAയുടെ അതെ രീതിയാണ് രാജൻ്റെ കാര്യത്തിൽ കേരള ATSനും എന്ന് നാം തിരിച്ചറിയണം. അമിത് ഷായുടെ അതെ നയം തന്നെ ആണ് രാഷ്ട്രീയ തടവുകാരോട് പിണറായി പോലീസും പുലർത്തുന്നത് എന്ന് ചുരുക്കം. മാത്രമല്ല, കൈകാലുകൾ പ്ലാസ്റ്ററിട്ട അദ്ദേഹത്തിന് പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയില്ല. പൊതുവെ അതിസുരക്ഷാ ജയിലിൽ ശാരീരിക അവശതകളും രോഗങ്ങളുമുള്ള ആളുകളെ സാധാരാണ താമസിപ്പിക്കുക താഴെ നിലയിലാണ്. എന്നാൽ ഇദ്ദേഹത്തെ മുകൾ നിലയിലെ ഒറ്റമുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്.

കോവിഡ് പ്രോട്ടോകാൾ ചൂണ്ടികാട്ടി അദ്ദേഹത്തെ കാണാൻ ബന്ധുക്കളെ പോലും ജയിൽ അധികൃതർ അനുവദിച്ചതുമില്ല. ഇത്തരത്തിൽ അത്യന്തം ഹീനവും ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേരാത്തതും നിയമവിരുദ്ധവും നീതിയെ കശാപ്പ് ചെയ്യുന്നതുമായ നടപടികളാണ് തുടർച്ചയായി അദ്ദേഹത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ പ്രതിഷേധിക്കാനും കേരളത്തിലെ, ഏറെ ബഹുമാന്യനും ദീർഘകാലത്തെ ഇടതുപക്ഷ പ്രവർത്തകനുമായ രാജന് ചികിത്സ ഉറപ്പുവരുത്താനും അദ്ദേഹത്തിന് ബന്ധുക്കളേയും വക്കീലിനേയും കണ്ട് സംസാരിക്കാനും അവസരമുണ്ടാക്കാനും രംഗത്തിറങ്ങണമെന്ന് മുഴുവൻ ജനാധിപത്യവാദികളോടും ഞങ്ങൾ ആവശ്യപ്പെടുന്നു.
_ ഹരി, പ്രസിഡൻ്റ്
സി പി റഷീദ് സെക്രട്ടറി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
8547263302 ”

Like This Page Click Here

Telegram
Twitter