കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ലോകം


സി എ അജിതൻ

മതാന്ധത ബാധിച്ചവരും ലോക മുതലാളിത്തത്തിനായ് കുഴലൂതുന്നവരും പിശാചുവത്കരിച്ചാലും തെളിമ നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു ലോക വീക്ഷണമാണ് മാർക്സിസം. അതിന്റെ ആദ്യ പ്രയോഗം പാരീസ് കമ്മ്യൂൺ, വെറും 73 ദിവസം. ഒട്ടും കരുണയില്ലാതെ കൊന്നു കളഞ്ഞു മുതലാളിത്തം. അവിടംകൊണ്ട് തീരുമെന്നാണവർ കരുതിയത്. പക്ഷേ സഖാവ് ലെനിൻ മാർക്സിസത്തെ കൂടുതൽ തെളിമയോടെ പാരീസ് കമ്മ്യൂണിന്റെ അനുഭവങ്ങളെ ചേർത്ത് പിടിച്ച് പുതിയ പ്രയോഗ സാധ്യതകളെ കൂട്ടിയിണക്കി ഒക്ടോബർ വിപ്ലവത്തിലൂടെ മുതലാളിത്തത്തിന് തിരിച്ചടി നൽകി. ലോകത്തെ ദേശീയ വിമോചനപോരാട്ടങ്ങൾക്ക് ആവേശം നൽകുന്നതായിരുന്നു ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം. മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ കയ്യും കെട്ടി നോക്കി ഇരുന്നില്ല. ചരിത്രത്തിൽ സോഷ്യലിസ്റ്റുകളും വെറുതെ ഇരുന്നിട്ടില്ല. തങ്ങളാലാവും വിധം ലോകത്തെ പുതുക്കിപണിയാൻ പടയൊരുക്കം നടത്തിയിട്ടുണ്ട്.

മുൻ സോവിയറ്റ് യൂണിയൻ നിർമ്മാണം സഖാവ് സ്റ്റാലിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഒന്നാം ലോക യുദ്ധത്തിന്റെ ദാരിദ്ര്യത്തിൽ നിന്ന് അസൂയവഹമായ പുരോഗതിയാണ് സോവിയറ്റ് യൂണിയനിലുണ്ടായത്. അതിൽ അപ്രമാദിത്വ പങ്ക് വഹിച്ചത് സ്റ്റാലിനാണ്. സോഷ്യലിസ്റ്റ് നിർമ്മാണം ഒരു ചെറിയ നിർമ്മിതി ആയിരുന്നില്ല. ആഭ്യന്തരമായ സംരക്ഷണത്തിന്റെയും അതിനേക്കാൾ ഉപരിയായി ലോക തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനംകൂടിയായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. മറുവശത്ത് ലോകത്തെ കൈപിടിയിലൊതുക്കാൻ മുതലാളിത്ത സങ്കുചിത ശുദ്ധ ദേശീയവാദികൾ ഉയർത്തി കൊണ്ടുവന്ന യുദ്ധവെറിയും.

മാർക്സിസം അജയ്യമായ സിദ്ധാന്തമാണെന്ന് ലെനിൻ പ്രയോഗത്തിലൂടെ തെളിയിച്ചു. ലോക വീക്ഷണത്തെ മുൻനിർത്തി ഒരു രാജ്യത്ത് എങ്ങനെ സോഷ്യലിസം നടപ്പിലാക്കാൻ കഴിയുമെന്ന് സ്റ്റാലിനും മാതൃകയായി. ആ മാതൃകയിൽ പോരായ്മകൾ ഒട്ടേറെ ഉണ്ടായിരുന്നു. അതിനെ മറികടക്കേണ്ടത് അത്യാവശ്യവുമായിരുന്നു. ആ അന്വേഷണമാണ് ചൈനീസ് വിപ്ലവത്തിലൂടെ ഉത്തരമായി തീർന്നത്. ആദ്യ നാളുകളിൽ സ്റ്റാലിനും സോവിയറ്റ് യൂണിയനും ചൈനീസ് വിപ്ലവത്തെ അംഗീകരിച്ചിരുന്നില്ല. ചൈനീസ് വിപ്ലവാനന്തരം ഏകദേശം രണ്ടു വർഷത്തെ നീണ്ട സ്നേഹ വർത്തമാനങ്ങളിലൂടെയാണ് ചൈനീസ് വിപ്ലവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം സോവിയറ്റ് യൂണിയൻ അംഗീകരിക്കുന്നത്. അങ്ങനെയാണ്‌ സോവിയറ്റ് മുഖപത്രമായ ‘ഇസ്ക്ര’യിൽ മുഖപ്രസംഗം വരുന്നത്.

സ്റ്റാലിന്റെ കുറവുകളെ “ക്രൂരമായ” വിനോദമായി കാണുന്നവർ മുതലാളിത്തത്തിന്റെ കൂടുതലുകളെ തുറന്ന ജനാധിപത്യത്തിന്റെ പരിമിതിയായി കാണുന്നവെന്ന അടിസ്ഥാന കാര്യമാണ് നമ്മൾ ചർച്ചചെയ്യേണ്ടത്. അങ്ങനെ ചർച്ച ചെയ്യാൻ കഴിയുമ്പോൾ മാത്രമേ ജനാധിപത്യപരമായ തെളിമ സാധ്യമാകൂ. സ്റ്റാലിന്റെ കുറവുകളെ കമ്മ്യൂണിസ്റ്റുകൾ വിലയിരുത്തിയിട്ടുണ്ട്.

കൂട്ടക്കൊലകളുടെ കണക്കുകൾ ചരിത്രത്തിലും മിത്തുകളിലും നമുക്ക് കാണാൻ കഴിയും. രാമൻ ലങ്കയിലേയ്ക്ക് പോയതും, മുഹമദ് നബി മക്കയിലേയ്ക്ക് പോയതും സൈനീകമായി ആയുധങ്ങൾ കരുതിക്കൊണ്ട് തന്നെയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ജനങ്ങൾക്ക് നേരെ ആദ്യ പട്ടാള ആക്രമണം നടന്നത് തെലങ്കാനയിലായിരുന്നു. അന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആയിരുന്നു. നക്സൽ ബാരിയിൽ പട്ടാളമിറങ്ങുമ്പോൾ കോൺഗ്രസിനൊപ്പം പാർലമെന്ററി “കമ്മ്യൂണിസ്റ്റ്”കാരുമുണ്ടായിരുന്നു. അടിയന്തിരാവസ്ഥയിൽ ഇന്ത്യയൊട്ടാകെ നടന്ന കൂട്ടക്കൊലപാതകങ്ങൾ നടക്കുമ്പോൾ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. പഞ്ചാബിൽ ബ്ലൂസ്റ്റാർ ഓപ്പറേഷൻ, കശ്മീർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മധ്യേന്ത്യയിൽ ഇവിടങ്ങളിലെല്ലാം സൈനിക സാന്നിധ്യം ഇപ്പോഴും തുടരുന്നു. രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നു ശ്രീലങ്കയിൽ ഇന്ത്യൻ പട്ടാളം ഇറങ്ങിയത്.

ഇപ്പോൾ കശ്മീരിനെ മൂന്നായി വിഭജിച്ചത് മോദിയുടെ കാലം. പറഞ്ഞു വന്നത് സംഘർങ്ങളിലൂടെ തന്നെയാണ് ലോകം ഇതുവരെ എത്തിയത്. ഈ സംഘർഷങ്ങളിൽ കമ്മ്യൂണിസ്റ്റുകളുടെ മാർക്സിന്റെ, ലെനിന്റെ, സ്റ്റാലിന്റെ, മാവോ സെതൂംങിന്റെ കുറവുകളെയാണോ “ക്രൂരമായ”വിനോദമായി കാണേണ്ടത്, അതോ നെറികെട്ട മതാന്ധതയുടെ ദുരമൂത്ത മുതലാളിത്തത്തിന്റെ കൂടുതലുകളുടെ”പരിമിതമായ തുറന്ന ജനാധിപത്യ”ത്തെയാണൊ കാണേണ്ടത്? തീർച്ചയായും എല്ലാവരും ആഗ്രഹിക്കുന്നത് കുറവുകളെ കാണാനും പരിഹരിക്കാനും വേണ്ടിയാണ്‌.

Follow | Facebook | Instagram Telegram | Twitter