പി.വി.എസ് ആശുപത്രി ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ഉടൻ നൽകണം; ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

പി.വി.എസ് ആശുപത്രിയിലെ ജീവനക്കാരുടെ സമരത്തോട് പൊതുസമൂഹം ഐക്യപ്പെടണമെന്ന് ആവശ്യപ്പെട്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള എറണാകുളത്തെ പി.വി.എസ് ആശുപത്രി ബോധപൂർവം തകർത്തതിന് പിന്നിൽ ആശുപത്രി മുതലാളിയുടെ മൂലധന നിക്ഷേപ കണക്കുകൂട്ടലുകളാണെന്ന് വ്യക്തമാണ്. സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന് സ്വന്തം പത്രത്തിലെഴുതി വെച്ചിരിക്കുന്ന ആശുപത്രി മുതലാളിമാർ തികച്ചും ഫ്യൂഡൽ മനോഭാവത്തോടെയാണ് അവിടെ ഇടപെട്ടത്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ആളെക്കൊല്ലി ആനയെ പൂരത്തിന് എഴുന്നുള്ളിക്കണമോയെന്ന്‌ ആകാംക്ഷപൂർവ്വം പ്രൈം ടൈം ചർച്ച നടത്തുന്ന ചാനലുകൾ അറിഞ്ഞ മട്ടില്ലെങ്കിലും മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള എറണാകുളത്തെ പി വി എസ് ആശുപത്രിയിലെ ജീവനക്കാരുടെ സമരത്തിന് നാൾക്കുനാൾ പൊതുസമൂഹത്തിന്റെ പിന്തുണ ഏറിവരിക തന്നെയാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ വിവിധ വിഭാഗങ്ങളിലായി നൂറോളം ഡോക്ടർമാരും ഇരുന്നൂറിലധികം നഴ്സിംഗ് സ്റ്റാഫും എണ്ണൂറോളം പാരാമെഡിക്കൽ സ്റ്റാഫുമായി കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആശുപത്രികളിലൊന്നായിരുന്ന പി വി എസിനെ ബോധപൂർവം തകർത്തതിന് പിന്നിൽ ആശുപത്രി മുതലാളിയുടെ മൂലധന നിക്ഷേപ കണക്കുകൂട്ടലുകളാണെന്ന് വ്യക്തം.

കഴിഞ്ഞ ഒന്നര വർഷത്തോളമായി ഡോക്ടർമാർക്കും എട്ട്‌ മാസത്തോളമായി മറ്റ്‌ ജീവനക്കാർക്കും ചെയ്ത ജോലിക്ക് വേതനം പോലും നൽകാതെ പി വി ഗംഗാധരനും കുടുംബവും നയം വ്യക്തമാക്കുകയായിരുന്നു. നൂറോളം ഡോക്ടർമാരിൽ മൂന്നോ നാലോ പേരൊഴിച്ച് ഏതാണ്ടെല്ലാവരും ആശുപത്രി വിട്ടെങ്കിലും മറ്റ് ജീവനക്കാർ ഇപ്പോഴും ഇവിടെത്തന്നെ തുടരുകയാണ്. ആശുപത്രി അടച്ചുപൂട്ടുകയാണെങ്കിൽ ഡോക്ടർമാരിൽ നിന്ന് വ്യത്യസ്തമായി മറ്റ് ആശുപത്രികളിൽ ജോലി ലഭിക്കുക ഇവർക്ക് വളരെ ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് ലാബ് ടെക്നീഷ്യൻ പോലുള്ള പാരാമെഡിക്കൽ ജീവനക്കാർക്ക്.

ശമ്പള കുടിശ്ശിക തരാമെന്ന് പറഞ്ഞു ജീവനക്കാരുടെ രോഷം തണുപ്പിക്കാൻ ആശുപത്രി മുതലാളിമാർ ശ്രമിച്ചെങ്കിലും അതെല്ലാം കബളിപ്പിക്കൽ ആയിരുന്നുവെന്ന് വ്യക്തമായതോടെയാണ് ഒടുവിൽ ഗത്യന്തരമില്ലാതെ ജീവനക്കാർ പ്രതിഷേധ രംഗത്തേക്കിറങ്ങിയത്. ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇരുകൂട്ടരെയും ചർച്ചക്ക് ക്ഷണിച്ച തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലും തീർത്തും നിഷേധാത്മക സമീപനമാണ് പക്ഷെ ആശുപത്രി മാനേജ്മെന്റ് സ്വീകരിച്ചത്.

സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന് സ്വന്തം പത്രത്തിലെഴുതി വെച്ചിരിക്കുന്ന ആശുപത്രി മുതലാളിമാർ തികച്ചും ഫ്യൂഡൽ മനോഭാവത്തോടെയാണ് അവിടെ ഇടപെട്ടത്. തൊഴിൽ നിയമങ്ങൾ അനുശാസിക്കും പ്രകാരമുള്ള തൊഴിലാളികളുടെ അവകാശങ്ങൾ പോലും നൽകാൻ തയ്യാറല്ലാത്ത ധിക്കാരപരമായ സമീപനമാണ് ആശുപത്രി മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത് .

പൂർണതോതിൽ പ്രവർത്തിച്ചിരുന്ന സമയത്ത് വൻ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ആശുപത്രിയാണ് തൊഴിലാളികളുടെ അധ്വാനത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ലാഭത്തിന്റെ ഒരു വിഹിതം പോലും തൊഴിലാളികൾക്ക് നൽകാൻ തയ്യാറല്ലെന്ന ധിക്കാരപരമായ സമീപനം കൈക്കൊള്ളുന്നത്.

സേവന മേഖലയായ ആരോഗ്യ മേഖലയെ മൂലധന കൊള്ളയ്ക്കുള്ള മറ്റൊരു മേഖല മാത്രമാക്കി ചുരുക്കിയിരിക്കുന്ന ആർത്തിപുണ്ട മൂലധന താൽപര്യങ്ങളാണ് രോഗികൾക്ക് ആശ്വാസമാകേണ്ട ഒരു ആശുപത്രിയെയും അവിടുത്തെ ജീവനക്കാരെയും ഈ അവസ്ഥയിലെത്തിച്ചിരിക്കുന്നത്. പുരോഗമനമെന്ന് അവകാശപ്പെടുന്ന കേരളത്തിലും ആരോഗ്യ മേഖലയിൽ സർക്കാരിന്റെ പങ്കാളിത്തം ചുരുങ്ങുകയും സ്വകാര്യ മൂലധന ശക്തികളുടെ സ്വൈര്യ വിഹാരത്തിന് ഈ മേഖലയെ വിട്ടുകൊടുക്കുകയും ചെയ്തതിന്റെ പരിണിത ഫലമാണ് പി വി എസ് ആശുപത്രിയുടെ ഇന്നത്തെ അവസ്ഥയിൽ തെളിഞ്ഞു കാണുന്നത്.

കൂടുതൽ ലാഭം ലഭിക്കുന്ന മേഖലകളിലേക്ക് നിക്ഷേപത്തെ പറിച്ചു നടാനുള്ള വ്യഗ്രതയിൽ യാതൊരു വിധ സാമൂഹ്യ പ്രതിബദ്ധതയും പുലർത്താത്ത മാഫിയാ സംഘങ്ങളായി ആശുപത്രി മുതലാളിമാർ മാറുമ്പോൾ പ്രത്യേകിച്ച് ഇടപെടലൊന്നും നടത്താതെ നോക്കുകുത്തിയാവുകയാണ് സർക്കാരുകൾ.

മാസങ്ങളായി മുടങ്ങി കിടക്കുന്ന ശമ്പളവും ബോണസ്, ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങി മറ്റ് അവകാശങ്ങളും ജീവനക്കാർക്ക് ഉടനടി നൽകണമെന്ന് ആശുപത്രി അധികൃതരോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇവ എത്രയും വേഗം നേടിക്കൊടുക്കാൻ സർക്കാർ ശക്തമായി ഇടപെടണമെന്നും ആശുപത്രി അടച്ചു പൂട്ടാൻ തന്നെയാണ് അധികൃതരുടെ നീക്കമെങ്കിൽ ജീവനക്കാർക്ക് പകരം തൊഴിൽ നൽകി അവരെയെല്ലാം പുനരധിവസിപ്പിക്കാനും സർക്കാർ ഇടപെടണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഏറെക്കുറെ സമ്പൂർണ്ണമായി തമസ്കരിക്കുന്ന ഈ സമരത്തോടൊപ്പം പൊതുസമൂഹം ഐക്യപ്പെടണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

Leave a Reply