മനുഷ്യരുടെ ആത്മാഭിമാനവും ജീവനും എടുക്കാനുള്ള അവകാശം ആരാണ് പൊലീസിന് കൊടുക്കുന്നത്?
റിമാൻഡ് പ്രതിയായിരുന്ന ഷമീർ തൃശൂരിലെ വിയ്യൂർ ജയിലധികൃതരുടെ മേൽനോട്ടത്തിലുള്ള നിരീക്ഷണകേന്ദ്രത്തിൽ വെച്ച് അതിഭീകരമായ custodial torture-ന്‍റെ ഫലമായി കൊല്ലപ്പെട്ടു. ഇപ്പോൾ അയാളുടെ കൂടെ പിടിയിലായിരുന്ന ഭാര്യ പറയുന്നതനുസരിച്ച് മർദ്ദകരായ ജയിൽ ഉദ്യോഗസ്ഥർ അവരെ നഗ്നയാക്കി നിർത്തുകയും ഷമീറിനെ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടാൻ നിർബന്ധിക്കുകയും ചെയ്‌തു എന്നാണ്. ഷമീറിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട് നോക്കിയാൽ അപ്പറഞ്ഞതിലൊന്നും ഒട്ടും അതിശയോക്തി ഉണ്ടാകാൻ വഴിയില്ല. അതിക്രൂരമായ മർദ്ദനമാണ് അയാൾക്ക് നേരെ നടന്നത്. നെഞ്ചിൽ ഏഴിടത്തോളം മർദ്ദനമേറ്റിട്ടുണ്ട്. വാരിയെല്ലുകൾ പൊട്ടി. മൊത്തം മുറിവുകൾ നാല്‍പത്. എല്ലുകൾ പലയിടത്തും ഒടിഞ്ഞു. പിറകിൽ ലാത്തികൊണ്ടുള്ള/ അല്ലെങ്കിൽ സമാനമായ തരത്തിലുള്ള വടികൊണ്ടുള്ള അടിയേറ്റ് രക്തം വാർന്നു പോയിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണം.
ഒരു ആധുനിക, ജനാധിപത്യ രാജ്യത്താണിതൊക്കെ നടക്കുന്നത് എന്നോർക്കണം. എത്രയോ പതിറ്റാണ്ടുകളായി ജനങ്ങളെ തല്ലിച്ചതയ്ക്കലാണ് പൊലീസിന്‍റെ പണി എന്ന് ഉറപ്പിച്ചുകൊണ്ടേയിരിക്കുന്ന സർക്കാരുകളാണ് നമ്മുടെ നാട്ടിൽ വന്നുപോകുന്നത്. പൊലീസിനെ പരമാവധി കടിക്കുന്ന വേട്ടപ്പട്ടികളാക്കി നിർത്തുക എന്നതാണ് അവരുടെ ആവശ്യം. തങ്ങൾ പറയുമ്പോൾ പറയുന്നവരെ മാത്രമേ കടിക്കാവൂ എന്നൊരാവശ്യം മാത്രമേയുള്ളു. എന്നാൽ ആ നിയന്ത്രണവും കേരളത്തിൽ നഷ്ടപ്പെട്ടു എന്ന തരത്തിലാണ് കാര്യങ്ങൾ. ലോക് ഡൌൺ കാലത്ത് നാട്ടുകാരെ ഏത്തമിടുവിച്ച യതീഷ് ചന്ദ്രയ്ക്ക് fan club ഉള്ള നാടാണിത്. തന്‍റെ ചെറിയ പോലീസ് ജോലിക്കാലത്ത് ഏറ്റവും ഹീനമായി ആളുകളെ നേരിട്ട് മര്‍ദ്ദിക്കാൻ നേതൃത്വം നൽകിയ അയാൾക്കെതിരെയുള്ള അന്വേഷണമൊന്നും ഒരിക്കലും എവിടെയുമെത്തില്ല. ഒരു ജനത ഈ ഹുങ്കിന്‍റെ മുന്നിൽ ഏത്തമിട്ടുകൊണ്ടേയിരിക്കുകയാണ്.
ശിക്ഷിക്കപ്പെട്ട തടവുകാർക്കും വിചാരണ തടവുകാർക്കുമൊക്കെ എല്ലാവിധത്തിലുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും അർഹതയുണ്ട് എന്നത് നിരവധിയായ സുപ്രീം കോടതി വിധികൾ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ഇതൊന്നും ഇപ്പോഴും ഇടിയൻ പൊലീസ് ഏമാന്മാർക്ക് ബാധകമല്ല. 2016-മുതൽ 2019 വരെ കേരളത്തിൽ 16 പേരാണ് പൊലീസ് കസ്റ്റഡിയിൽ custodial torture മൂലം കൊല്ലപ്പെട്ടത് (NHRC). കേരളത്തിലൊരു ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുന്ന നാളുകളാണിത് എന്നോർക്കണം. കേരളത്തിൽ പൊലീസ് സേന ഏറ്റവും ഹിംസാത്മകമായ വിധത്തിൽ പൗരനിൽ ഭയം ജനിപ്പിച്ച ഒരു കാലമായി ഇത് മാറുകയാണ്. ജനകീയ ഇടപെടലുകളെ മുഴുവൻ പൊലീസ് സ്റ്റേഷനിൽ ചെന്ന് പ്രതിയെ ഇറക്കിക്കൊണ്ടുവരുന്ന രാഷ്ട്രീയക്കാരനെന്ന മനോരമ/ മലയാള സിനിമ പ്രതിച്ഛായ നിർമ്മിതിയുടെ കപട ബോധത്തിന് തലവെച്ചുകൊടുത്ത ഒരു സർക്കാരാണിത്. പോലീസിനെ കാര്യക്ഷമമാക്കുക എന്നുവെച്ചാൽ നാട്ടുകാരുടെ നെഞ്ചത്തുകയറാൻ അനുവദിക്കുക എന്നാണെന്ന് ഒട്ടും നിഷ്ക്കളങ്കമല്ലാതെത്തന്നെ ധരിച്ചുവെച്ച ഒരു ഭരണകൂടബോധം ഇതിനു പിന്നിലുണ്ട്.
ലോക് ഡൌൺ കാലത്ത് നിയന്ത്രണം ലംഘിച്ചു എന്ന പേരിൽ ഒരു ചെറുപ്പക്കാരനെ തടഞ്ഞുനിർത്തി അധിക്ഷേപ ദൃശ്യങ്ങൾ എടുത്ത് പരിഹസിച്ചു ഞെളിഞ്ഞ ഒരു അല്‍പനായ പോലീസ് ഉദ്യോഗസ്ഥൻ ഈ പുതിയ ഹുങ്കിന്‍റെ പ്രതിനിധിയാണ്. പൗരന്മാരുടെ നികുതിപ്പണമെടുത്ത് ശമ്പളം കൊടുക്കുന്ന, ജനങ്ങളുണ്ടാക്കുന്ന നിയമങ്ങൾ പാലിച്ചുകൊണ്ട് ജോലിചെയ്യേണ്ട ഒരു വിഭാഗം ഉദ്യോഗസ്ഥർ മാത്രമാണ് പൊലീസുകാർ. അവർക്ക് മനുഷ്യരുടെ ആത്മാഭിമാനവും ജീവനും വരെ എടുക്കാനുള്ള അവകാശം ആരാണ് കൊടുക്കുന്നത്? 16 മനുഷ്യർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിട്ടും അതൊരു രാഷ്ട്രീയ പ്രശ്നമായി കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് തോന്നിയില്ല എന്നത് ജനങ്ങളെ കൂടുതൽ ജാഗ്രതപ്പെടുത്തേണ്ട രാഷ്ട്രീയ പ്രശ്നമാണ്.
കഞ്ചാവ് കേസിലെ പ്രതി പൊലീസ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടു എന്ന് കേൾക്കുമ്പോൾ അവനൊക്കെ അങ്ങനെത്തന്നെ ഒടുങ്ങണം എന്ന് തോന്നുന്ന അലസ പൊതുബോധത്തിൽ നിന്നുകൂടിയാണ് ഇതുണ്ടാകുന്നത്. അവർ നമ്മളിൽപെട്ടവരല്ല എന്ന മുഖംതിരിക്കലിൽ നിന്നാണ്. റിമാൻഡിലുള്ള ഒരു സ്ത്രീയെ നഗ്നയാക്കി നിർത്തുന്ന കുറ്റവാളികൾക്ക് ശമ്പളം നൽകുന്നത് നമ്മളാണെന്ന അറിവ് ഒരു ഞെട്ടലോ ലജ്ജയോ കൂടാതെ സ്വീകരിക്കാൻ നാം തയ്യാറാകുന്നു എന്നതുകൂടിയുണ്ട് കസ്റ്റഡിയിൽ കൊല്ലപ്പെടുന്ന ഓരോ മനുഷ്യന്‍റെയും മരണത്തിനു പിന്നിൽ.
ഐക്യരാഷ്ട്ര സഭയുടെ 1975-ലെ Torture Decleration -ഉം 1984-ൽ അംഗീകരിച്ച Convention against Torture and Other Cruel, Inhuman or Degrading Treatment or Punishment” (“Torture Convention”)-ന്‍റെയും ചുവട് പിടിച്ച് എത്രയോ കാലത്തിനു ശേഷം ഇന്ത്യയിൽ 2010-ൽ Prevention of torture Bill കൊണ്ടുവന്നെങ്കിലും അത് 15-ാം
ലോക്സഭാ കാലാവധി കഴിഞ്ഞതോടെ അസാധുവായിപ്പോയി. അത്രയൊക്കെയേ ഉള്ളു ജനം ഇടികൊണ്ടു മരിക്കുന്നതിൽ നിയമനിർമ്മാതാക്കളെന്ന പുത്തൻ രാജാക്കന്മാർക്കുള്ള ആകുലത.
“Custodial death is one of the worst crimes in a civilised society governed by Rule of Law. Does a citizen shed off his fundamental right to life, the moment a policeman arrests him? Can the right to life of a citizen be put in abeyance on his arrest? The answer, indeed, has to be an emphatic “No”” – ( D K Basu v State of West Bengal AIR 1997 SC 610). പക്ഷെ ഈ No പറയാൻ ഭരണാധികാരികൾ തയ്യാറല്ലെങ്കിൽ ആ തടവറകളെന്ന കൊലയറകൾ ഇനി നിലനിൽക്കേണ്ടന്ന് തീരുമാനിക്കാനുള്ള സംഘടിത പ്രതിഷേധം ജനങ്ങൾ ഉണ്ടാക്കണം. തമിഴ്‌നാട്ടിലെ സാത്താൻകുളത്ത് നടന്ന ജയരാജ്-ബിനാക്സ് കസ്റ്റഡി കൊലകളിൽ മദ്രാസ് ഹൈക്കോടതിക്ക് നേരിട്ട് കേസെടുക്കേണ്ടി വന്നു. സഹപ്രവർത്തകരെ രക്ഷിക്കാനുള്ള പോലീസ് സംവിധാനത്തിന്‍റെ കാര്യക്ഷമത മൂലം, കസ്റ്റഡി കൊലപാതകങ്ങളിൽ തെളിവുകൾ എല്ലായ്പോഴും ദുർബലവുമാണ്.
ഭരണഘടനാ അവകാശങ്ങളെയും നിയമവാഴ്ചയെയും പൗരന്‍റെ രാഷ്ട്രീയ-സാമൂഹികാവകാശങ്ങളെയുമെല്ലാം പൊലീസിന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടുകൊടുക്കുന്ന ഒരു സമൂഹം ആത്മഹത്യ ചെയ്ത സമൂഹമാണ്. കേരളത്തിന് ആത്മഹത്യ ചെയ്യാൻ മനസില്ല എന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. അതിന് പൊലീസ് ഒരിക്കലും “നമ്മുടെ പൊലീസ്” ആകുന്നില്ല എന്ന പ്രാഥമിക ഇടതുപക്ഷ രാഷ്ട്രീയം മനസിലാക്കുകയും പൊലീസ് ഭീകരതയ്‌ക്കെതിരെയുള്ള നിശബ്ദത ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനമല്ല, മറിച്ച് ഭരണകൂട ദാസ്യത്തിന്‍റെ ഏറ്റവും അശ്ലീലമായ സാമൂഹ്യാവസ്ഥയാണ് എന്ന് തിരിച്ചറിയുകയും വേണം.
_ പ്രമോദ് പുഴങ്കര
Related Article
ഷമീറിനെ വധിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കുക; ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം