ശ്രീനാരായണ ഗുരുവും അവർണ ജാതികളുടെ ബ്രാഹ്മണിസവും
കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റേയും അയ്യൻകാളിയുടേയും വൈകുണ്ഠസ്വാമികളുടേയും പണ്ഡിറ്റ് കറുപ്പന്റേയും മറ്റും നേതൃത്വത്തിൽ നടന്ന നവോത്ഥാന സമരങ്ങൾ ജാതീയമായ വിവേചനങ്ങൾക്കെതിരായിരുന്നു. ജാതീയമായ അതിരുകൾക്കും ജാതി അസ്തിത്വത്തിനും പുറത്തായിരുന്നു അവയുടെ ലക്ഷ്യങ്ങൾ. എന്നാൽ ഇന്ന് അടിച്ചമർത്തപ്പെട്ട ജാതികളെല്ലാം തന്നെ സവർണ ജാതികളെ പോലെ ജാതി അസ്തിത്വത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മുൻപ് ഇവക്കുണ്ടായിരുന്ന ജാതിവിരുദ്ധ കാഴ്ചപ്പാടും പരിവർത്തനവാഞ്ചയുമൊക്കെ കൈമോശം വന്നിരിക്കുന്നു. സവർണ ജാതികളെ പോലെ ദലിത്-പിന്നോക്ക ജാതികളും സങ്കുചിത ജാതി മഹാത്മ്യത്തിൽ അഭിരമിക്കുകയാണിന്ന്. ജാതിയെ വിമർശന രഹിതമായി പിന്തുടരുന്നതിന്റെ പരിണിത ഫലമാണിത്.
സംഘടന കൊണ്ടല്ലാതെ യാതൊരു സമുദായത്തിനും അഭിവൃദ്ധിയും ശക്തിയും ഉണ്ടാകുന്നതല്ല എന്ന കാഴ്ചപ്പാടായിരുന്നുവല്ലോ ഗുരുവിന്റേത്. ഈ തത്വം അനുസരിച്ചാണ് ഗുരു യോഗം സ്ഥാപിച്ചത്. യോഗത്തിൽ ജാതിഭേദം നോക്കാതെ മുഴുവൻ ആളുകളേയും ചേർക്കണം എന്നായിരുന്നു ഗുരു ആഗ്രഹിച്ചത്. ആ നിർദ്ദേശം യോഗത്തിന് മുന്നിൽ വെക്കുകയും ചെയ്തു. ഗുരു ഇങ്ങിനെ എടുത്ത് പറഞ്ഞു: “സംഘടനയുടെ ഉദ്ദ്യേശം ഒരു വർഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനാകരുത്.” എന്തിനേറെ പറയുന്നു, ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ ശ്രീ നാരായണ പരിപാലന യോഗത്തെ, ധനാഢ്യരായ ഈഴവ പ്രമാണിമാരും ആഢ്യന്മാരായ ബുദ്ധിജീവികളും ചേർന്ന് സമുദായ സംഘടനയാക്കി മാറ്റി. വാസ്തവത്തിൽ ജാതി എന്നത് ഒരിക്കലും വ്യത്യസ്ഥതകളില്ലാത്ത വ്യക്തികളുടെ ഒരു സംഘമല്ല. സമ്പത്തിന്റെ കാര്യത്തിലായലും പദവിയുടെ കാര്യത്തിലായാലും ഒരേ ജാതിയിൽപ്പെട്ടവർ തന്നെ തമ്മിൽ വ്യത്യാസം നിലനിൽക്കുന്നുണ്ട്. സാധരണക്കാരുടെ താൽപ്പര്യങ്ങളായിരിക്കില്ല അതിലെ ഉന്നത വർഗ്ഗ വിഭാഗങ്ങളുടേത്.
ജാതിയെ അടിസ്ഥാനമാക്കിയുള്ള യോഗത്തിന്റെ പോക്ക് ഗുരുവിനെ ആഴത്തിൽ മുറിവേൽപ്പിക്കുകയുണ്ടായി. ദുഖിതനായ ഗുരു ഇങ്ങിനെ പ്രസ്താവിച്ചു: “യോഗത്തിന്റെ നിശ്ചയങ്ങളെല്ലാം നാം അറിയാതെ പാസ്സാക്കുന്നത് കൊണ്ടും യോഗത്തിന്റെ ആനുകൂല്യമൊന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതു കൊണ്ടും യോഗത്തിന് ജാത്യാഭിമാനം വർദ്ധിച്ചതു കൊണ്ടും മുമ്പേ തന്നെ മനസ്സിൽ നിന്നും വിട്ടിരിക്കുന്നതുപോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും നാം യോഗത്തെ വിട്ടിരിക്കുന്നു”.
ഇത് തെളിയിക്കുന്നത് ജാതി അസ്തിത്വത്തിന് ജാതിശ്രേണിയെ, അതായത് ബ്രാഹ്മണിസത്തെ ചെറുക്കാനാവില്ല എന്നാണ്. കാരണം ബ്രാഹ്മണിസം എന്നത് വർണ – ജാതിയിൽ അധിഷ്ഠിതമായ ദാർശനികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു മൂല്യവ്യവസ്ഥയാകുന്നു. അതുകൊണ്ടു തന്നെ ജാതിയെ ശക്തിപ്പെടുത്തുക എന്നതിനർത്ഥം ബ്രാഹ്മണിസത്തെ ശക്തിപ്പെടുത്തുക എന്ന് തന്നെയാണർത്ഥം. യോഗത്തിന്റെ അനുഭവവും അത് തന്നെയാണ് തെളിയിക്കുന്നത്. ഇന്ന് ജാതികളോരോന്നും ഓരോ രാഷ്ട്രീയ യൂണിറ്റുകളായും മാറിയിരിക്കുന്നു. ഇത് ബ്രാഹ്മണിസത്തിന്റെ നേർ അവകാശികളായ ആർ.എസ്.എസിന് ഒരു തരത്തിലുള്ള സോഷ്യൽ എഞ്ചിനീയറിങിന് സാഹചര്യമൊരുക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം കാര്യങ്ങളെ കുറെക്കൂടി സങ്കീർമായിരുക്കുന്നു.
ജീർണ്ണമായ വർണ – ജാതി വ്യവസ്ഥയോടുള്ള കലാപമായിരുന്നല്ലോ അവർണ നവോത്ഥാന സമരങ്ങളുടെ അന്തസത്ത. ഇന്നത് പ്രതിലോമപരമായ ബ്രാഹ്മണിക്കൽ വ്യവസ്ഥയോടുള്ള കൂറായി അധ:പതിച്ചിരിക്കുന്നു. നവോത്ഥാനത്തിന്റെ മഹിതവും രചനാത്മകവുമായ മൂല്യം തീർത്തും ക്ഷയോന്മുഖമായിരിക്കുന്നു. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ജാതിയെ പിന്തുടരുന്ന സാമൂഹ്യ-രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് അനിവാര്യമായും വന്നു ചേരുന്ന പരിണിതിയാണിത്. ജാതിയെ ഉദ്ഗ്രഥിക്കുന്ന നിലപാടുകളുടെ പ്രത്യയശാസ്ത്ര തലം ബ്രാഹ്മണിക്കൽ ആശയസംഹിതയിൽ തന്നെയാണ് അന്തർലീനമായിരിക്കുന്നത്. കേരളത്തിന്റെ പിൻമടക്കത്തിന്റേയും സംഘ് പരിവാറിന്റെ ഉയർച്ചയുടേയും ആശയപരിസരം ഇവിടെയാണ് അന്വേഷിക്കേണ്ടത്.
_ ടി ആർ രമേശ്
Follow us on | Facebook | Instagram | Telegram | Twitter | Threads