ദലിത് ആദിവാസി കുട്ടികളുടെ ജീവിതംകൊണ്ടല്ല ഭരണകൂടത്തിന്‍റെ ടെസ്റ്റ് ഡ്രൈവുകൾ നടത്തേണ്ടത്
“ഭരണകൂടത്തിന്‍റെ വിവേചന പൂർണ്ണമായ വിദ്യാഭ്യാസ പരിഷ്കരണത്തിന്‍റെയും വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ എടുത്തു ചാട്ടത്തിന്‍റെയും ഫലമായി നടത്തപ്പെട്ട സ്ഥാപനവത്കൃത കൊലയാണ് ദേവികയുടേത്…” ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വിനീത വിജയന്‍ എഴുതുന്നു…
അസമത്വത്തിന്‍റെ ഏതടരുകളോടും പ്രതികരിക്കാനും അതിനെ മറികടക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നത് സംവേദനശേഷിയാണ്. ആ ശേഷി അറിവിലൂടെ സാധ്യമാക്കുകയാണ് വിദ്യാഭ്യാസത്തിലെ അവസര തുല്യതയിലൂടെ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിരുന്നത്. അവയുടെയെല്ലാം നിഷേധമാണ് ഒറ്റയടിക്ക് മുന്നൊരുക്കങ്ങളോ അലോചനകളോ കൂടാതെ, ഓൺലൈൻ വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ സർക്കാർ നടത്തിയത്. ആ എടുത്തു ചാട്ടത്തിന്‍റെ ആദ്യ രക്തസാക്ഷിയാണ് ദേവിക.
ഏറ്റവും കുറവ് സ്കൂൾ പ്രവേശന ശതമാനവും ഏറ്റവും കൂടിയ കൊഴിഞ്ഞുപോക്കു ശതമാനവും കൊണ്ട് കോവിഡ് പൂർവ്വഘട്ടത്തിൽ തന്നെ അതീവ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരികരിച്ചിരുന്ന ദലിത്, ആദിവാസി, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിലെ വിദ്യാർത്ഥി സമൂഹത്തിന് കോവിഡ് അതിജീവന മാർഗ്ഗമെന്ന നിലയിൽ സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ പഠന സംവിധാനങ്ങൾ മറികടക്കാനാവാത്ത വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്.
സൗജന്യവും നിർബന്ധിതവും സാർവ്വത്രികവുമാകയാൽ മാത്രം വിദ്യാഭ്യാസം ലഭ്യമായിരുന്ന ഈ വിഭാഗങ്ങൾക്ക് മുന്നിൽ വളരെ പെട്ടെന്ന് അത് എത്തിപ്പിടിക്കാൻ പറ്റാത്ത വിധം ചിലവേറിയതും അപ്രാപ്യവുമായി മാറുന്ന അവസ്ഥയാണ് വന്നു ചേർന്നത്. ആ ദുരന്തത്തിന്‍റെ ആദ്യ രക്തസാക്ഷിയാണ് ദേവിക. ഉറപ്പിച്ചു പറയാം, ഭരണകൂടത്തിന്‍റെ വിവേചന പൂർണ്ണമായ വിദ്യാഭ്യാസ പരിഷ്കരണത്തിന്‍റെയും വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ എടുത്തു ചാട്ടത്തിന്‍റെയും ഫലമായി നടത്തപ്പെട്ട സ്ഥാപനവത്കൃത കൊലയാണ് ദേവികയുടേത്.
ആ ജീവനു നീതി വേണം, ആ നിരയിൽ ഇനിയൊരു കുഞ്ഞും ചേരാനിടയാവരുത്. അവസര തുല്യത ഉറപ്പാക്കപ്പെടും വരെ അടിയന്തിരമായി നിർത്തിവെയ്ക്കണം ഓൺലൈൻ വിദ്യാഭ്യാസ വിപ്ലവ പരീക്ഷണങ്ങൾ. ദലിത് ആദിവാസിക്കുഞ്ഞുങ്ങളുടെ ജീവിതം വെച്ചല്ല ഭരണകൂടത്തിന്‍റെ ടെസ്റ്റ് ഡ്രൈവുകൾ നടത്തേണ്ടത്.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവസരസമത്വവും വിദ്യാഭ്യാസ അവകാശവും ഉറപ്പു വരുത്തേണ്ട ഭരണഘടനാപരമായ ബാധ്യത ഗവൺമെന്‍റിനുണ്ട്. അതു പാലിക്കപ്പെട്ടാൽ മാത്രമേ ഈ വിദ്യാഭ്യാസ അടിയന്തിരാവസ്ഥയെ, വിവരസാങ്കേതിക അസ്പൃശ്യതയെ, വിഭജനത്തെ അതിജീവിക്കാൻ മുന്നോട്ടു പോവാൻ ഈ ജനതയ്ക്കാവൂ.
അക്ഷരങ്ങൾക്കും അറിവിനും വേണ്ടിയുള്ള അവസാന പ്രതീക്ഷകളും കെട്ടുപോയപ്പോഴാണ് ആ കുഞ്ഞിന്‍റെ ഉടലിൽ പച്ച ജീവനോടെ തീ പിടിച്ചത്.
Related Articles
ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണും ടിവിയും ഇല്ല; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു