മറാട്ടാ സംവരണത്തിലെ സുപ്രീം കോടതി വിധി

ജാതി സംവരണം പൂർണ്ണമായും ഇല്ലാതായി സാമ്പത്തിക സംവരണം മാത്രം വരുന്ന ഒരു കാലം ഉണ്ടാകുമെന്ന് ഈ വിധി എഴുതിയവരിൽ ഉൾപ്പെടുന്ന ഒരു ജഡ്ജി കുറച്ചുനാൾ മുമ്പാണ് പ്രസംഗിച്ചത്…

കെ മുരളി

മഹാരാഷ്ട്രയിലെ മറാട്ടാ സംവരണത്തെ കുറിച്ച് വന്നിരിക്കുന്ന സുപ്രീം കോടതി വിധി ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പലരും ഇതിനെ ഇന്ദ്ര സാഹ്നി കേസ് എന്നാണ് പരാമർശിക്കുന്നത്. അതല്ല വസ്തുത. മറാട്ടകൾ ഒരു പിന്നാക്ക വിഭാഗം ആണ് എന്നു വാദിച്ച് മഹാരാഷ്ട്ര സർക്കാർ അവർക്കായി ഏർപ്പെടുത്തിയ സംവരണത്തെ ബോംബെ ഹൈകോടതി ശരിവെച്ചു. ഇതിനെ ചോദ്യം ചെയ്ത് ഡോക്ടർ ജയശ്രീ ലക്ഷമൺറാവു പാട്ടീലും മറ്റ് പലരും ചേർന്ന് നൽകിയ അപ്പീലുകളിലാണ് ഈ വിധി വന്നിരിക്കുന്നത്. 50 ശതമാനം മാത്രമേ സംവരണം പാടുള്ളൂ എന്ന ഇന്ദ്ര സാഹ്നി കേസിലെ തീർപ്പ് മഹാരാഷ്ട്രയിലെ നിയമം വഴി ലംഘിക്കപ്പെട്ടു. ആ തീർപ്പ് തന്നെ പരിശോധിക്കേണ്ടതാണ് എന്ന വാദഗതികളും ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതുകൂടി പരിശോധിക്കണമെന്ന് സുപ്രീം കോടതി തീരുമാനിച്ചു. അതിനായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിശ്ചയിക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്ദ്രാ സാഹ്നി കേസ് പരാമർശ വിഷയമാകുന്നത്.

പുതിയ വിധിയിലെ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധേയം. ഒന്നാമത്, മറാട്ടകൾ ഒരു പിന്നാക്ക സാമൂഹ്യ വിഭാഗമല്ല എന്ന് അത് വളരെ വ്യക്തമായി തന്നെ പറയുന്നു. മറിച്ച് സ്ഥാപിക്കാൻ വേണ്ടി മഹാരാഷ്ട്ര സർക്കാർ ഏർപ്പാടാക്കിയ കമ്മീഷന്റെ വാദഗതികളെ വിശദമായി ഖണ്ഡിച്ചിട്ടുണ്ട്. സർവ്വരംഗങ്ങളിലും മറാട്ടകൾക്കുള്ള ആധിപത്യം വ്യക്തമാക്കുന്ന കണക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഇത് ചെയ്തിരിക്കുന്നത്. സംവരണത്തിന് 50 ശതമാനം പരിധി നിശ്ചയിച്ച ഇന്ദ്ര സാഹ്നി കേസിലെ വിധി ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല എന്ന് പറയുന്നതാണ് രണ്ടാമത്തെ കാര്യം. പിന്നാക്ക ജാതി ലിസ്റ്റിൽ ഏതൊക്കെ ജാതികളെ ഉൾപ്പെടുത്തണമെന്ന് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന് നൽകുന്ന 102-ാം ഭരണഘടനാ ഭേദഗതിയെ ശരിവയ്ക്കുന്നതാണ് മൂന്നാമത്തെ കാര്യം.

മറാട്ടകൾ ഒരു പിന്നാക്ക ജാതി അല്ല എന്ന് തീർപ്പാണ് ഈ വിധിയിലെ അനുകൂല വശം. ഒരു ആധിപത്യ ജാതിയെ പിന്നാക്ക ജാതിയായി ചിത്രീകരിച്ച് സംവരണം നല്കാനുള്ള ശ്രമത്തെ അത് തടഞ്ഞു. ശരിക്കും പറഞ്ഞാൽ ജാതി സംവരണത്തെ ഉപയോഗിച്ച് ജാതി സംവരണത്തെ തന്നെ തകിടംമറിക്കുന്ന ഒരു നീക്കമായിരുന്നു മറാട്ടാ സംവരണം. കോടതി അത് ശരിവെച്ചിരുന്നു എങ്കിൽ അതിന്റെ പിൻബലത്തിൽ മറ്റ് പല സംസ്ഥാനങ്ങളിലേയും സവർണ്ണ, ആധിപത്യ, ജാതികൾ, പ്രബല ജാതികൾ, ഇതേ പോലെ നിയമങ്ങൾ നടപ്പാക്കി എടുക്കുമായിരുന്നു. അതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ഹരിയാനയിലും ഗുജറാത്തിലും നടന്നിട്ടുണ്ട്.

പക്ഷേ ഈ വിധിയിലെ ബാക്കി തീർപ്പുകൾ ഒട്ടും തന്നെ ഗുണകരമല്ല. 50 ശതമാനം എന്ന സംവരണ പരിധി ലംഘിക്കാൻ പാടില്ല എന്ന് പറയുന്നതിന് ഉന്നയിച്ചിരിക്കുന്ന വാദഗതിയാണ് ഏറെ പ്രതിലോമകരം. അതിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് — 50 ശതമാനത്തിന്റെ പരിധി മാറ്റിയാൽ സമത്വത്തിനു പകരം ജാതി ഭരണത്തിൽ അധിഷ്ഠിതമായ സമൂഹം ആയിരിക്കും നിലവിൽ വരുക. എന്നുവച്ചാൽ ജാതി സംവരണം സമത്വത്തിന് വിരുദ്ധമായി നിൽക്കുന്ന ഒന്നാണ്. ഇതാണ് സൂചന. ജാതി സംവരണം പൂർണ്ണമായും ഇല്ലാതായി സാമ്പത്തിക സംവരണം മാത്രം വരുന്ന ഒരു കാലം ഉണ്ടാകുമെന്ന് ഈ വിധി എഴുതിയവരിൽ ഉൾപ്പെടുന്ന ഒരു ജഡ്ജി കുറച്ചുനാൾ മുമ്പാണ് പ്രസംഗിച്ചത്. അപ്പോൾ ഇങ്ങനെ ഒരു വിധി എഴുതിയപ്പോൾ മനസ്സിലിരിപ്പ് എന്തായിരുന്നുവെന്നു ഊഹിക്കാവുന്നതേയുള്ളു.

ചുരുക്കം ചില ജാതികളിൽ പെടുന്നവർക്ക് എല്ലാ അർത്ഥത്തിലുമുള്ള സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേൽക്കൈ ജന്മനാ തന്നെ ഇവിടെ ലഭിക്കുന്നു. മറുവശത്ത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക്, മർദ്ദിത ജാതികളിൽ പെടുന്നവർക്ക്, ഇതെല്ലാം നിഷേധിക്കപ്പെടുന്നു. ഈ സാമൂഹ്യ യാഥാർത്ഥ്യം അവഗണിച്ച് എങ്ങനെയാണ് സമത്വത്തെക്കുറിച്ച് പറയാൻ കഴിയുക? നിയമപരമായ സംവരണാവകാശം വഴിയല്ലാതെ അവർക്ക് ഇന്നും ഈ സാമൂഹ്യ അവശതയെ മറികടക്കനാവുന്നില്ല. ഈ യഥാർത്ഥ്യം ഉൾക്കൊള്ളാതെ നമ്മുടെ സമൂഹത്തിന്റെ ജാതിയ വാസ്തവത്തെ മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് സമത്വത്തിനെതിരെ ജാതി സംവരണത്തെ പ്രതിസ്ഥാപിക്കുന്നത്. ജാതി സംവരണം സമത്വത്തിനു വിരുദ്ധമാണ് എന്ന് പറയുന്നത്. ജാതി സംവരണം 50 ശതമാനത്തിനു മേലെ പോയാൽ അത് സമത്വത്തിന്റെ കടക്കൽ കത്തിവെക്കുന്നതിന് തുല്യമായിരിക്കും എന്നൊക്കെ പറയുന്നത്.

50 ശതമാനം സംവരണം എന്നു പറയുമ്പോൾ ഭരണഘടനാപരമായി ബാക്കി 50 ശതമാനത്തിൽ എല്ലാവർക്കും ഒരേപോലെ മത്സരിക്കാം എന്നാണ് ധാരണ. ഓപ്പൺ ക്വോട്ട, ആർക്കും മത്സരിച്ച് നേടാവുന്നത് എന്നൊക്കെയാണ് അതിനെ വിശേഷിപ്പിക്കുന്നത്. ഫലത്തിൽ സവർണ്ണർക്കായി ഏറെക്കുറെ പൂർണമായി തന്നെ സംവരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഇടമാണ് ഈ 50ശതമാനം. ജനസംഖ്യാപരമായ നോക്കുകയാണെങ്കിൽ ഒരു അർത്ഥത്തിലും അവർ 50 ശതമാനത്തിന്റെ അടുത്തുപോലും എത്തില്ല. അവരുടെ ജനസംഖ്യയെക്കാൾ കവിഞ്ഞു നിൽക്കുന്ന ഒരു അവകാശം ഈ ഒരു ഏർപ്പാട് ഉറപ്പാക്കി. ശരിയാണ് ഡോക്ടർ അംബേഡ്ക്കർ കൂടി അംഗീകരിച്ച ഒരു തത്ത്വമാണ് ഇത്. എന്നാൽ, പല ദലിത് ബുദ്ധിജീവികളും പ്രവർത്തകരും ചൂണ്ടികാട്ടുന്ന പോലെ, മനസ്സില്ലാമനസ്സോടെ അംഗീകരിച്ച ഒത്തുതീർപ്പായിരുന്നു അത്. ഭരണഘടനാ നിർമ്മാണസഭയിലെ അംബേഡ്ക്കറുടെ പ്രസംഗത്തിൽ നിന്ന് അതു മനസ്സിലാക്കാൻ കഴിയും. എന്തായാലും ശരി, ആരു സ്വീകരിച്ചിരുന്നാലും ശരി, പ്രത്യക്ഷത്തിൽ തന്നെ അസ്വീകാര്യമായ ഒരു പരിധിയാണ് അത്. എല്ലാ മർദ്ദിത ജാതികൾക്കും ജനസംഖ്യാനുപാതികമായ ജാതിസംവരണം എന്നത് നമ്മുടെ സമൂഹത്തിൽ ജനാധിപത്യപരമായ ഒരു മൗലിക അവകാശമാണ്.

മൂന്നാമത്തെ പ്രശ്നം 102-ാം ഭേദഗതിയെ സംബന്ധിച്ചുള്ളതാണ്. പിന്നാക്ക ജാതികൾ ആരാണ് എന്ന് നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അവകാശത്തെ അത് റദ്ദാക്കുന്നു എന്നാണ് കോടതി മുമ്പാകെ ഉന്നയിക്കപ്പെട്ടത്. അങ്ങനെയൊന്നുമില്ല, സംസ്ഥാനങ്ങൾക്ക് അതിനുള്ള അവകാശം ഉണ്ടാകും എന്നൊക്കെ മന്ത്രിമാർ ഉറപ്പു നൽകിയിട്ടുണ്ട് എന്ന് ആവർത്തിച്ച് പറഞ്ഞ് കോടതി അത് തള്ളി. നിയമത്തിൽ അവസാനം എഴുതിവച്ചത് എന്താണ് എന്ന് കാര്യത്തിലേക്ക് അത് കടന്നതേയില്ല. 342 എ (1) എന്ന് പറയുന്ന ഒരു പുതിയ വകുപ്പ് ഭരണഘടനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതു പ്രകാരം ഗവർണറുമായ ആലോചിച്ചശേഷം ഏതൊരു സംസ്ഥാനത്തിലും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രപതിക്ക് നിർണ്ണയിക്കാവുന്നതാണ്. അതായത് ഏതു സംസ്ഥാനത്തിലും പിന്നാക്ക ജാതികൾ ഏതാണെന്ന് നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നല്കിയിരിക്കുന്നു. ഭരണ കേന്ദ്രീകരണത്തെ ബലപ്പടുത്തിയിരിക്കുന്നു.

ഈ വിധി സാമ്പത്തിക സംവരണത്തിന്റെ കടക്കൽ കത്തിവെച്ചു എന്ന തെറ്റിധാരണ പലർക്കുമുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സവർണ്ണരിലെ ദരിദ്രർക്കെന്ന പേരിൽ 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനയുടെ 103-ാം ഭേദഗതി പുതിയ വിധിയിൽ പരാമർശിക്കുന്നുണ്ട്. അതിനെ കുറിച്ച് ഒരു കേസ് നിലവിലുള്ളതുകൊണ്ട് അതിലേക്ക് ഞങ്ങൾ കടക്കുന്നില്ല എന്നു പറഞ്ഞ് ഒഴിയാനായിരുന്നു ആ പരാമർശം. ശരിയാണ് വേറൊരു കേസ് നിലനിൽക്കുന്നുണ്ട്. ഈ ബെഞ്ചിന്റെ മുമ്പിലുള്ള കേസിനെ സംബന്ധിച്ചടത്തോളം ഈ ഭേദഗതി ഒരു വിഷയമായി ഉന്നയിക്കപ്പെട്ടിരുന്നില്ല. പക്ഷെ, 50 ശതമാനത്തിന്റെ കാര്യത്തിൽ ഇത്ര കർക്കശമായി നിർബന്ധം പിടിച്ച സ്ഥിതിക്ക്, ഇത് എല്ലാവർക്കും ബാധകമാണ് എന്നൊരു വാക്ക് കൂട്ടിച്ചേർക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യം ആകുമായിരുന്നില്ല. തങ്ങളുടെ മുമ്പിലുള്ള വിഷയങ്ങൾക്കപ്പുറം കടന്നു ജഡ്ജിമാർ അഭിപ്രായം രേഖപ്പെടുത്തിയ പല കേസുകളും ഉണ്ട്. ഇവിടെ ബോധപൂർവം തന്നെ അത് ഒഴിവാക്കി. ഈ വിധിയുടെ വെളിച്ചത്തിൽ സവർണ്ണ സംവരണത്തിന് ഒന്നും സംഭവിച്ചിട്ടില്ല.

സാമ്പത്തിക സംവരണവാദത്തിനും ഇപ്പോൾ നടപ്പാക്കിയിരിക്കുന്ന സവർണ്ണ സംവരണത്തിനും എതിരെയുള്ള ശക്തമായ സമരങ്ങൾ ഇനിയും മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. ഈ വിഷയത്തിൽ ഇപ്പോൾ തന്നെ കേരളത്തിലെ ദളിത് സംഘടനകളും അതുപോലെതന്നെ പല പുരോഗമന സംഘടനകളും അണിനിരന്നിട്ടുണ്ട്. അത് ഇനിയും അധികം ശക്തിപ്പെടുത്തണം.
_ 2021 മെയ് 11

Follow | Facebook | Instagram Telegram | Twitter