പ്രിവിലേജ് ഇല്ലാത്ത കീഴാളരുടെ പെട്ടിമുടി


_ ബിജു ഗോവിന്ദ്

പ്രിവിലേജ് എന്നു പറയുന്നത് നൂറ്റാണ്ടുകളായുള്ള പൊതുബോധം സൃഷ്ടിച്ച സാമൂഹ്യ നിർമ്മിതിയാണ്. ആഗ്രഹിച്ചാൽ പോലും എല്ലാവർക്കും അനുഭവവേദ്യമാകുന്നതല്ലത്. പാർശ്വവത്കൃതരും കീഴാളരും ആദിവാസികളും ബഹിഷ്കൃതരും എന്നുമതിന് പുറത്താണ്. രണ്ട് ദുരന്തങ്ങളാണ് നമ്മുടെ സംസ്ഥാനം ഇന്നലെ അഭിമുഖീകരിച്ചത്. രണ്ടിലും മരിച്ച മനുഷ്യരുടെ ജീവന് തുല്യ വിലയുണ്ടാവണമെന്നതു തന്നെയാണ് മാനവികബോധം. രണ്ട് ദുരന്തങ്ങളും സമാനതകൾ ഉള്ളതല്ലായെന്നതല്ലേ യാഥാർത്ഥ്യം ? ലോകത്ത് ദിനംപ്രതി നടക്കുന്ന ആയിരക്കണക്കിന് അപകടങ്ങളുടെ സ്വഭാവത്തിൽപ്പെട്ട ഒന്നാണ് കരിപ്പൂരിലേത്. പക്ഷെ പെട്ടിമുടിയിലേത് അതല്ല.

മാറി മാറി ഭരിച്ച ഭരണകൂടങ്ങളുടെ യാതൊരുവിധ പരിഗണനയിലും പെടാതെ ആടുമാടുകൾ ജീവിക്കുന്ന സാഹചര്യങ്ങളിൽ ജീവിക്കാൻ നിർബന്ധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരാണത്. അവർക്ക് ഇഷ്ടമുള്ളതു കൊണ്ടല്ല റിസർവ്വ് ഫോറസ്റ്റിനും തേയില തോട്ടങ്ങൾക്കുമിടയിൽ കൊടും തണുപ്പിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ജീവിക്കേണ്ടിവരുന്നത്. ഭരണകൂടങ്ങളും’പരിഷ്കൃത’ സമൂഹവും അവരെയതിന് നിർബന്ധിക്കുന്നതു കൊണ്ടാണ്. പതിനെട്ടാം നൂറ്റാണ്ടിൽ തെക്കൻ തമിഴ്നാട്ടിൽ നിന്നും തേയിലത്തോട്ടങ്ങളിൽ ജോലിക്ക് വന്നവരുടെ പിൻതലമുറക്കാരാണ് മൂന്നാറിലേയും പീരുമേട്ടിലേയും തോട്ടം തൊഴിലാളികളേറെയും. മഹാഭൂരിപക്ഷവും ദലിതരാണ്. അതു തന്നെയാണ് അവരുടെ ദുരവസ്ഥയ്ക്ക് കാരണവും.

ഇന്നത്തെ ദിനപത്രങ്ങളിലെല്ലാം കരിപ്പൂരപകടം വലിയ പ്രാധാന്യം നേടിയപ്പോൾ, സാമൂഹ്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ ഏറെ പ്രാധാന്യം ലഭിക്കേണ്ട പെട്ടിമുടി അപ്രധാനമായതെങ്ങനെയാണ്? (മാധ്യമം പത്രത്തിന്‍റെ ഫോട്ടോയിട്ടത് ഞാനതിന്‍റെ വരിക്കാരനായതുകൊണ്ടാണ്. എല്ലാ പത്രങ്ങളും ഇതുതന്നെയാണ് പിൻതുടർന്നത്. മീഡിയാവൺ ചാനലിന് ഇന്നേ ദിവസം പെട്ടിമുടി തികച്ചും ഒരപ്രധാന വാർത്ത മാത്രമാണെന്നതിൽ വലിയ വിഷമം തോന്നി)

സംസ്ഥാന ഗവർണറും രണ്ട് കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിസഭയിലെ പകുതിയോളം പേരും പ്രതിപക്ഷനേതാവും പറ്റാവുന്ന അത്ര എംപിമാരും എംഎൽഎമാരും കോഴിക്കോട്ടേക്ക് പായുമ്പോൾ പെട്ടിമുടിയിൽ പോകണമെന്നു പോലും അവർക്ക് തോന്നാത്തതെന്തുകൊണ്ടാണ്? ഫ്ലൈയിറ്റിനും റൺവേയ്ക്കും കുഴപ്പമില്ലെന്ന് ഉറപ്പിച്ച് പ്രിവിലേജ്ഡുകാരുടെ നല്ലപിള്ള ചമയാൻ അധികാരികൾ കവല പ്രസംഗം നടത്തുമ്പോൾ, പെട്ടിമുടിയിൽ മനുഷ്യനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ റോഡോ വൈദ്യുതിയോ ഇല്ലായെന്ന സത്യം എന്തെ ചർച്ചപോലും ചെയ്യപ്പെടുന്നില്ല.

സത്യമാണ് സാർ, ഒരു പ്രത്യയശാസ്ത്രത്തിനും ഒരു ദൈവശാസ്ത്രത്തിനും എല്ലാ മനുഷ്യരും തുല്യരല്ല. പ്രിവിലേജ്ഡ്, പ്രിവിലേജ്ഡ് തന്നെയാണ്. കീഴാളൻ കീഴാളനും.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail