വിപ്ലവം ഒരു തുടർപ്രക്രിയയാണെന്ന് ഓർമ്മിപ്പിക്കുന്ന ക്യൂബ


പ്രമോദ് പുഴങ്കര

1959 ജനുവരി 1- വിപ്ലവകാരികളുടെ മുന്നേറ്റത്തിന് മുന്നിൽ താൻ പരാജയപ്പെടുമെന്ന് മനസിലാക്കിയ ക്യൂബൻ സ്വേച്ഛാധിപതി ഫ്യൂജിൻസ്യോ ബാറ്റിസ്റ്റ രാജ്യത്തുനിന്നും പലായനം ചെയ്തതോടെ ക്യൂബൻ വിപ്ലവത്തിന്റെ നേതാവ് ഫിദൽ കാസ്ട്രോ ക്യൂബൻ വിപ്ലവത്തിന്റെ വിജയം പ്രഖ്യാപിച്ചത് ഇതുപോലൊരു പുതുവർഷത്തിലാണ്. നീണ്ട 61 വർഷക്കാലത്തെ അമേരിക്കൻ സാമ്രാജ്യത്വ ആക്രമണങ്ങളെയും ഉപരോധത്തെയും അതിജീവിച്ചുകൊണ്ട് ക്യൂബ ഇന്നും സോഷ്യലിസം അതിന്റെ ഭരണക്രമവും കമ്മ്യൂണിസ്റ്റ് സമൂഹം അതിന്റെ ലക്ഷ്യവുമായി പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്.

തങ്ങളുടെ ആദ്യത്തെ വിപ്ലവ ശ്രമം പരാജയപ്പെട്ടതിനു ശേഷം തടവിലാവുകയും പിന്നീട് രണ്ടു വർഷത്തിനകം പൊതുമാപ്പ് കിട്ടി പുറത്തുവരികയും ചെയ്ത ഫിദലും സഖാക്കളും ചെഗുവേരയടക്കമുള്ള പുതിയ സംഘം സഖാക്കളും ചേർന്ന് നടത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാർദ്ധത്തിലെ ഏറ്റവും മഹത്തായ വിപ്ലവമായിരുന്നു അത്. ബാറ്റിസ്റ്റ ഭരണകൂടം കൊന്നൊടുക്കിയ വിപ്ലവകാരികളുടെ മൃതദേഹങ്ങൾ വഴിയിൽ ചിതറിയിട്ട് പ്രദർശിപ്പിച്ചപ്പോഴും തകരാതെ മുന്നോട്ടു പോയ വിപ്ലവപോരാട്ടത്തിന്റെ ഊർജം മുഴുവൻ യു .എസ് സാമ്രാജ്യത്വത്തിന്റെയും അതിന്റെ ദല്ലാളുകളുടെയും ചൂഷണത്തിൽ പൊറുതിമുട്ടിയ ക്യൂബൻ ജനതയുടെ പിന്തുണയായിരുന്നു. 1901-ൽ നടപ്പാക്കിയ പ്ലാറ്റ് ഭേദഗതിയോടെ ക്യൂബയുടെ ആഭ്യന്തര സമ്പത്ത് മുഴുവനും നിക്ഷേപങ്ങളും യു.എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. ജനാധിപത്യാവകാശങ്ങൾ കേട്ടുകേൾവി മാത്രമായി. നഗരങ്ങളിലെ തദ്ദേശീയ ധനികർ മാത്രം തടിച്ചുകൊഴുത്തു. ദാരിദ്ര്യം ക്യൂബയുടെ ഉൾപ്രദേശങ്ങളെ നിഴലുകൾ മാത്രമാക്കി മാറ്റി. ഈ പശ്ചാത്തലത്തിലാണ് കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവം നടക്കുന്നത്.

എല്ലാ വിപ്ലവങ്ങൾക്കും അതിന്റെ വിപ്ലവ പരിതഃസ്ഥിതിയുടെ ചരിത്രവും വർത്തമാനവുമുണ്ടാകുമെങ്കിലും അവ നടക്കുന്നത് അപ്രവചനീയമായ നാടകീയ മുഹൂർത്തങ്ങളും വിസ്ഫോടനങ്ങളും സൃഷ്ടിച്ചുകൊണ്ടാണ്. ക്യൂബൻ വിപ്ലവവും അങ്ങനെത്തന്നെയായിരുന്നു. “ഞാനാണ് ഫിദൽ കാസ്ട്രോ, നമ്മുടെ വിമോചനത്തിനായി പൊരുതാനാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് കാസ്ട്രോ സിയേറ മെയ്‌സ്ത്രയിലെ ഒരു കർഷക കുടിലിലേക്ക് കയറിച്ചെല്ലുമ്പോൾ ക്യൂബ വിപ്ലവത്തിന് തറയൊരുക്കാൻ തയ്യാറായ സമൂഹമായിരുന്നു. ഒപ്പമുണ്ടായിരുന്ന സഖാക്കളേറെയും കൊല്ലപ്പെട്ടിട്ടും അവർ തളർന്നില്ല. ബാറ്റിസ്റ്റ സേനയുടെ ഒരാക്രമണത്തിൽ ഏറെ നഷ്ടങ്ങൾ വന്നതിനു ശേഷമുള്ള ഒരു രാത്രിയിൽ ഫിദൽ സഹോദരനും പോരാളിയുമായ റൗളിനോട് ചോദിച്ചു,”നീയെത്ര തോക്കുകൾ കാത്തുസൂക്ഷിച്ചു” “അഞ്ച്” റൗൾ മറുപടി പറഞ്ഞു, ” ആ, എന്റെ കയ്യിൽ രണ്ടെണ്ണമുണ്ട്, മൊത്തം ഏഴ്. നമ്മൾ വിപ്ലവം ജയിച്ചുകഴിഞ്ഞിരിക്കുന്നു,” കാസ്ട്രോ പറഞ്ഞു. ഇതൊരു കേവലസാഹസികതയുടെ നാടകീയ ആത്മവിശ്വാസമായിരുന്നില്ല. അത് വിപ്ലവമല്ലാതെ മറ്റൊന്നിനും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത ജനകീയ മുന്നേറ്റത്തിന്റെ ചരിത്രഗതിയായിരുന്നു.

തങ്ങളുടെ 90 മൈലുകൾക്കകളെ അമേരിക്കയുടെ ചൂഷക താത്പര്യങ്ങളിൽ നിന്നും ദേശസാത്ക്കരണം നടപ്പിലാക്കിയ വിപ്ലവനാന്തര ക്യൂബയെ യു.എസ് സാമ്രാജ്യത്വം അന്നുമുതൽ ഇന്നുവരെ ശത്രുരാജ്യത്തെ നേരിടുന്ന നിയമവും ക്യൂബയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെയും കമ്പനികളെയും ശത്രുക്കളാക്കി കണക്കാക്കുന്ന ഉപരോധവും ഹെംസ്-ബെർട്ടൻ നിയമവും ഒക്കെയായി കടുത്ത സാമ്പത്തിക ഉപരോധങ്ങളിലൂടെ അമേരിക്ക വീർപ്പുമുട്ടിക്കുകയാണ്. ഏറ്റവുമൊടുവിൽ ഹവാനായൊഴികെ ക്യൂബയിലെ എല്ലായിടത്തേക്കുമുള്ള അമേരിക്കൻ വിമാനയാത്രകൾ തടഞ്ഞുകൊണ്ടുള്ള ട്രാമിന്റെ ഉത്തരവിലെത്തിനിൽക്കുന്നു ഇത്. ക്യൂബൻ സർക്കാർ ദേശസാത്കരണം തുടങ്ങിയതോടെ ഐസൻഹോവർ ഭരണകൂടം ക്യൂബയിൽ നിന്നുള്ള പഞ്ചസാരയുടെ വ്യാപാരം വെട്ടിക്കുറച്ചതോടെ ആരംഭിച്ച സാമ്പത്തിക ഉപരോധത്തെ ക്യൂബ പല രീതിയിൽ മറികടന്നു. സോവിയറ്റ് യൂണിയനും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാര, സാമ്പത്തിക സഹായ ബന്ധങ്ങൾ സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയോടെ അവസാനിച്ചിട്ടും ക്യൂബ വൈവിധ്യവത്കരണത്തിന്റെയും മറ്റ് ജനകീയ പ്രതിരോധങ്ങളുടെയും തലത്തിൽ പിടിച്ചുനിന്നു.

അതുവരെ വിലക്കിയിരുന്നു യു.എസ്‌ ഡോളറിനു ക്യൂബയിൽ വിനിമയ സാധുത നാളുക കൂടി ചെയ്താണ് കാസ്ട്രോ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചത്. നിലനിൽക്കുക എന്നതാണ് ഏതു പോരാട്ടത്തിലെയും അടിസ്ഥാനപരമായ സംഗതി എന്ന വിപ്ലവരാഷ്ട്രീയപാഠം ക്യൂബ നടപ്പാക്കുകയായിരുന്നു. ഈ കഠിനകാലങ്ങളിലെല്ലാം ലോകത്തെവിടെയുമുള്ള വിമോചനപോരാട്ടങ്ങളുമായി എല്ലാതരത്തിലും ക്യൂബ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിലെ, അംഗോളയിലും മൊസാംബിക്കിലുമെല്ലാം ക്യൂബൻ സൈനികരുടെ സഹായത്തോടെയാണ് വിമോചനപ്പോരാട്ടങ്ങൾ വിജയിച്ചത്. ക്യൂബൻ ഡോക്ടർമാർ സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും ദൂതുമായി വിദേശരാജ്യങ്ങളിൽ പറന്നിറങ്ങി. ഈയടുത്ത് കൊറോണയിൽ വലഞ്ഞ ഇറ്റലിയിലും അവരെത്തി. 1949-ൽ വത്തിക്കാൻ പ്രഖ്യാപിച്ച കമ്മ്യൂണിസത്തിനെതിരായ Papal Order ലംഘിച്ചു എന്ന് പറഞ്ഞ വത്തിക്കാൻ കാസ്‌ട്രോയെ കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കിയിരുന്നു. മനുഷ്യത്വത്തിന്റെ വൈരുധ്യങ്ങൾ!

സമാധാനത്തെക്കുറിച്ചുള്ള, ജനാധിപത്യത്തെക്കുറിച്ചുള്ള സാമ്രാജ്യത്വത്തിന്റെ പൊള്ളയായ വാചകമടിയെ കാസ്ട്രോ എല്ലായ്പ്പോഴും തുറന്നുകാട്ടി. “ഒരു തെർമോ ന്യൂക്ലിയർ യുദ്ധത്തിനുള്ള ബട്ടൺ അമർത്താൻ കാത്തിരിക്കുന്ന നിങ്ങളുടെ പ്രസിഡണ്ടാണോ അതോ ഞാനാണോ ഏകാധിപതി” എന്ന് അമേരിക്കൻ മാധ്യമങ്ങളോട് കാസ്ട്രോ ചോദിച്ചുകൊണ്ടിരുന്നു.

വിപ്ലവാനന്തര ക്യൂബ വംശീയതയുടെ സാമൂഹ്യബോധത്തെ നേരിട്ടത് ഒരു വിപ്ലവത്തിനുമാത്രം സാധിക്കുന്ന ആർജ്ജവത്തോടെയാണ്. അതുവരെ നഗരങ്ങളിൽ നിന്നും എത്രയോ അകലെയുള്ള വിദൂര ഗ്രാമങ്ങളിൽ കഴിഞ്ഞിരുന്ന കറുത്ത വർഗക്കാരും വെള്ളക്കാരല്ലാത്ത മറ്റുള്ളവരും ഹവാനയിലെയും മാറ്റ് നഗരങ്ങളിലേയും അമേരിക്കൻ താമസക്കാർ ഒഴിഞ്ഞുപോയ മണിമാളികകളിലേക്ക് കൂട്ടത്തോടെ കുടിയേറി. സർക്കാരിന് പേരിനൊരു ചെറിയ വാടക മാത്രം കൊടുത്താൽ മതിയായിരുന്നു. അതുവരെ വെള്ളക്കാർ അടക്കിവെച്ചിരുന്ന നഗരങ്ങളുടെ സൗന്ദര്യവും സംസ്കാരവും താറുമാറായി എന്ന വിലാപത്തിനു ഒരു വിപ്ലവത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. വിപ്ലവത്തിന്റെ രാഷ്ട്രീയം വംശ വെറിയെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് ജാതിവിരുദ്ധ പോരാട്ടത്തിൽ വർഗ്ഗരാഷ്ട്രീയം ഓർക്കേണ്ടത് ഇതിൽനിന്നൊക്കെയാണ്.

പുതിയ നൂറ്റാണ്ടിൽ ക്യൂബൻ വിപ്ലവത്തിന്റെ തുടർച്ച ഒട്ടും ചെറിയ കാര്യമല്ല. സ്വകാര്യ സ്വത്തടക്കമുള്ള ചെറിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ അനുവദിക്കേണ്ടിവന്നിട്ടുണ്ട്. അതിരൂക്ഷമായ മുതലാളിത്തക്കൊള്ളയിലേക്കും ചൂഷണത്തിലേക്കും നീങ്ങുന്ന ലോകത്തിൽ, മുതലാളിത്തം അതിന്റെ ഭൗമ- രാഷ്ട്രീയ മേധാവിത്തം ഏതു വിധത്തിലും സാധിച്ചെടുക്കുന്ന കാലത്ത്, തൊഴിലാളിവർഗത്തിന്റെ സംഘടിത വിപ്ലവ മുന്നേറ്റങ്ങൾ തിരിച്ചടി നേരിട്ട ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ നിന്നും സോഷ്യലിസം അല്ലെങ്കിൽ മരണം എന്ന പോരാട്ടത്തിന്റെ മുദ്രാവാക്യമുയർത്തി ക്യൂബ മുന്നോട്ടുപോകുന്നു എന്നത് വിപ്ലവം ഒരു തുടർപ്രക്രിയയാണെന്ന് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.


BUY NOW

Follow us on | Facebook | Instagram Telegram | Twitter | Threads