ബിജെപി സര്‍ക്കാരിന്‍റെ പരിസ്ഥിതി നയത്തിനെതിരെ യുവാക്കള്‍ തെരുവില്‍

‘EIA പരിസ്ഥിതി ആഘാത നിർണ്ണയം’ നിയമ ഭേദഗതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് യുവാക്കള്‍ തെരുവില്‍. പുരോഗമന യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലാണ് മോദി ബിജെപി സര്‍ക്കാരിന്‍റെ പുതിയ പരിസ്ഥിതി വിജ്ഞാപനത്തിനെതിരെ യുവാക്കല്‍ മലപ്പുറം പാണ്ടിക്കാട് അങ്ങാടിയിൽ പോസ്റ്റർ പ്രചരണം നടത്തിയത്.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം തീർത്തും ജനവിരുദ്ധമാണ്. അത് അപകടകരമാം വിധം കോർപ്പറേറ്റ് മാഫിയകൾക്ക് പ്രകൃതി വിഭവങ്ങളെ ചൂഷണം ച്ചെയ്യാനുള്ള അവസരമാണ് ഒരുക്കി കൊടുത്തിരിക്കുന്നത്. കോവിഡ്-19 കൊറോണയിലും തുടർച്ചയായുള്ള പ്രകൃതി ദുരന്തങ്ങളിലും പെട്ട് മനുഷ്യർ ആകെ വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ശേഷിക്കുന്ന ജീവിതത്തെക്കൂടി കോർപ്പറേറ്റ് മാഫിയാ സംഘങ്ങൾക്ക് കൂട്ടികൊടുക്കുകയാണ് ചെയ്യുന്നത്, പുരോഗമന യുവജന പ്രസ്ഥാനത്തിന്‍റെ പത്രപ്രസ്താവനയില്‍ പറയുന്നു.

പശ്ചിമഘട്ടമുൾപ്പടെ ഇന്ത്യയിലെ വനഭൂമിയും തീരപ്രദേശവുമെല്ലാം അറ്റമില്ലാതെ തുരന്നെടുക്കാനും ഖനികൾ, പടുകൂറ്റൻ ഫാക്ടറികൾ, ഡാമുകൾ തുടങ്ങിയവ യാതൊരുവിധ പാരിസ്ഥിതിക പഠനങ്ങളോ മുൻകരുതലുകളോ കൂടാതെ ഇഷ്ടാനുസരണം തുറന്ന് പ്രവർത്തിപ്പിക്കുകയും അതുവഴി കൂടുതൽ ആഘാതങ്ങളിലേക്ക് നമ്മേ തള്ളിവിടുന്ന ദുരന്ത സാഹചര്യമാണ് ഇതു വഴി ഉണ്ടാവുക. ഇപ്പോൾ തന്നെ ഉരുൾപ്പൊട്ടലുകളും മരണങ്ങളും പെരുകുമ്പോഴാണ് യാതൊരു കൂസലുമില്ലാതെ ഇത്തരമൊരു നീക്കമൊന്നൊർക്കണം. ദരിദ്ര ജീവിതം ഇവർക്ക് പരിഗണനാ വിഷയമല്ലെന്ന് ചുരുക്കം.

നിലവിലുള്ള നിയമം തന്നെ അപര്യാപ്തമായി നിൽക്കുമ്പോഴാണ് ചൂഷണങ്ങൾക്ക് കൂടുതൽ സാധ്യത നൽകുന്ന പുതിയ ഭേദഗതി കൊണ്ടുവരുന്നത് എന്നത് കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. വായു, വെള്ളം, കാട്, ഭൂമി എന്നിവക്ക് മേലുള്ള ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയ്യല്ലാതെ നമുക്ക് മറ്റ് മാർഗ്ഗമില്ല.

ജനവാസ മേഖലകളിൽ ക്വാറികൾ പ്രവർത്തിക്കാനുള്ള ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററിലേക്ക് ചുരുക്കി കൊടുക്കുന്ന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കേന്ദ്ര, സർക്കാരിന് ഒപ്പം ഒരേ സഞ്ചാരപാതയിലാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.

ഒരു വശത്ത് EIA ബില്ലിനെ എതിർക്കുകയും മറുവശത്ത് തങ്ങളുടെ മുൻകൈയ്യിൽ തന്നെ യഥേഷ്ടം ക്വാറികൾ തുറന്ന് കൊടുക്കുകയും വഴി സംസ്ഥാന ഭരണപ്പാർട്ടിയായ സി.പി.എം സ്വീകരിക്കുന്ന ഇരട്ടത്താപ്പും ഈ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും മേലുള്ള ഇത്തരം പച്ചയായ കടന്നാക്രമണങ്ങളെ തുറന്നെതിർത്തുകൊണ്ടല്ലാതെ മുന്നോട്ട് പോക്ക് സാധ്യമല്ല. പരിസ്ഥിതിയേയും ജനജീവിതത്തേയും നില നിർത്താനുള്ള പോരാട്ടങ്ങളിൽ മുഴുവൻ ബഹുജനങ്ങളും അണിനിരക്കുക . ElA ഭേദഗതി പിൻവലിക്കുക… പശ്ചിമഘട്ടത്തെ കാർന്ന് തിന്നുന്ന ക്വാറി മാഫിയകളെ തുരത്തുക, പുരോഗമന യുവജന പ്രസ്ഥാനം ജനങ്ങളോട് ആവശ്യപ്പെട്ടു.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail