വെറും 1000 രൂപ കടം വാങ്ങിയതിന് 5 വര്‍ഷം അടിമപ്പണിയെടുക്കേണ്ടിവന്ന കാശിമാരുടെ ഇന്ത്യ

കാശിയെന്ന രാജ്യവും നാലുകാലില്‍ ഒരിന്ത്യയും !

സെബി മാത്യു

ജീവിച്ചിരിക്കേ വെറും ആയിരം രൂപ കടത്തിന്റെ പേരില്‍ അടിമത്തത്തിലേക്ക് മരിച്ചു പോയൊരാള്‍ അവസാന പ്രതീക്ഷയോടെ രക്ഷിക്കണേ എന്നു കേഴുന്നതിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം. അഞ്ചു വര്‍ഷക്കാലും ഈ മനുഷ്യന്റെ വിയര്‍പ്പ് വളമായി വിളഞ്ഞതെല്ലാം ഇലയുണ്ടിരുന്നവനെ ഇനിയും ഇന്ത്യയില്‍ മനുഷ്യനെന്ന് വിളിക്കരുത്. നീട്ടിയ കൈകളിലേക്ക് നിവര്‍ന്നൊന്നു നോക്കാന്‍ പോലും കഴിയാതെ നാലുകാലില്‍ എന്നവണ്ണം നിലത്തു കുത്തിയിരിക്കുന്ന ഈ മനുഷ്യനാണ് കാശി.

വെറും ആയിരം രൂപ കടം വാങ്ങിയതിന്റെ പേരില്‍ അഞ്ചു വര്‍ഷക്കാലമാണ് അറുപതുകാരനായ കാശിക്ക് വെല്ലൂരില്‍ നടരാജന്‍ എന്ന മുതലാളിയുടെ കൃഷിയിടത്തില്‍ അടിമപ്പണിയെടുക്കേണ്ടി വന്നത്. ആയിരം മുതല്‍ മൂവായിരം രൂപ വരെ കടം വാങ്ങിയതിന്റെ പേരില്‍ കാശിക്കൊപ്പം 27 പേരോളമാണ് നടരാജനും ബന്ധുക്കള്‍ക്കും വേണ്ടി പണിയെടുത്തു കൊണ്ടിരുന്നത്. ഒരിക്കല്‍ പോലും ഇവരെ സ്വന്തം നാടുകളിലേക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. പ്രസവിക്കാന്‍ ആശുപത്രിയിലേക്കു പോലും വിട്ടിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. തങ്ങളെ മോചിപ്പിക്കാനെത്തിയ കാഞ്ചീവരം തഹസീല്‍ദാറിന്റെ കാല്‍ക്കലാണ് കാശി വീണു കിടന്ന് രക്ഷിക്കണേ എന്നു കേഴുന്നത്.

ചുവന്ന തുണിയില്‍ പൊതിഞ്ഞു കൊണ്ടു വന്ന ബഡ്ജറ്റ് ചൂടാറി അലമാരയിലേക്കെടുത്തു വെക്കാറായിട്ടില്ല. എല്ലാ വീട്ടിലേക്കും വൈദ്യുതി, എല്ലാ വീട്ടിലേക്കും കുടിവെള്ളം, പാചക വാതം… അങ്ങനെ വാചകങ്ങളില്‍ പ്രതീക്ഷകള്‍ പുരട്ടി വിളമ്പിയത് തൊട്ടു നോക്കി രുചിയറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. എന്നാല്‍, ചില്ലറ ആയിരങ്ങളുടെ പേരില്‍ മാത്രം ഇതു പോലെ പുറപ്പെട്ട് പോയവരെ എല്ലാ വീടുകളിലേക്കും തിരിച്ചെത്തിക്കും എന്നൊരു വാഗ്ദാനം ഇനിയെങ്കിലും ഉണ്ടാകട്ടെ.

2020ല്‍ ഇന്ത്യ ചന്ദ്രനിലേക്ക് കുതിക്കുമെന്നാണ് സര്‍ക്കാരിന്റെ അഭിമാന പ്രതീക്ഷ. ഗഗന്‍യാന്‍ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയെ ബഹിരാകാശത്ത് അഭിമാന താരമായി അടയാളപ്പെടുത്താന്‍ പോകുന്ന വ്യോമോനട്ടുകള്‍ എന്നു പേരിട്ടിരിക്കുന്ന മൂന്ന് ഇന്ത്യക്കാര്‍ താഴേക്ക് നോക്കുമ്പോള്‍ കാണുന്നത് കാശിയെപ്പോലെ ഒരിറ്റ് ജീവിതത്തിനായി നിലത്തിരുന്ന കേഴുന്ന ഒരു മനുഷ്യക്കോലത്തെ ആണെങ്കില്‍, പിന്നെ എന്തഭിമാനം ?

Leave a Reply