വിദ്യാഭ്യാസം വിവേചനം കൂടാതെ എല്ലാവർക്കും ഉറപ്പുവരുത്തണം; ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷൻ

ഡിജിറ്റൽ അസമത്വത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നത് സാമൂഹ്യ അസമത്വത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷൻ-DSA. ദേവികയുടെ മരണം സ്ഥാപനവൽകൃത കൊലപാതകമാണ്. തിടുക്കപ്പെട്ട് തുടങ്ങിയ ഓൺലൈൻ ക്ലാസ്സുകൾ കേരള സർക്കാർ ഉടൻ നിർത്തിവെക്കുകയും അടിസ്ഥാനവകാശമായ വിദ്യാഭ്യാസം വിവേചനം കൂടാതെ എല്ലാവർക്കും ഉറപ്പ് വരുത്തണമെന്നും പത്രപ്രസ്താവനയില്‍ പറയുന്നു.

ദേവികയുടെ കൊലപാതകം നമ്മോടു വീണ്ടും വീണ്ടും വിളിച്ചു പറയുന്നത് കേരള വികസന മാതൃകയുടെ പൊള്ളത്തരത്തെയാണ്. വികസനത്തിൽ നിന്നോ വികസനം കാരണമോ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് പുറംതള്ളപ്പെട്ട ആദിവാസി – ദളിത് – മറ്റു പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യ – സാമ്പത്തിക അവസ്ഥയെ ഒരിക്കൽ കൂടി പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുന്ന സംഭവമാണ് ഇത്. കേരളത്തിൽ ചരിത്രപരമായി നിലനിൽക്കുന്ന ജാതി വ്യവസ്ഥയും സാമ്രാജ്യത്വ ഉൽപ്പന്നമായ നവ ലിബറൽ സാമ്പത്തിക നയങ്ങളും ചേർന്നാണ് ഇവിടത്തെ ദളിത് ആദിവാസി ദരിദ്ര ജനവിഭാഗങ്ങളെ ഇത്രയും ദുരിതത്തിൽ ആക്കിയത്. കേരളം മാറിമാറി ഭരിച്ച സിപിഎം, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയപാർട്ടികൾ ഒന്നും തന്നെ ജാതിവ്യവസ്ഥയുടെ അടിവേരറുക്കാനോ മുതലാളിത്ത സാമ്പത്തിക നയത്തിൽ നിന്ന് വ്യതിചലിക്കാനോ തയ്യാറായിട്ടില്ല. ഈ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പശ്ചാത്തലത്തിൽ ആണ് ദേവികയെന്ന ദളിത് വിദ്യാർത്ഥിയുടെ മരണം സ്ഥാപനവൽകൃത കൊലപാതകം ആകുന്നത്.

ജൂൺ ഒന്നിന് തന്നെ സ്കൂൾ കോളേജ് ക്ലാസ്സുകൾ ഓൺലൈൻ ആയി തുടങ്ങണം എന്ന സർക്കാർ ഉത്തരവ് തീർത്തും വെകിളി പിടിച്ച ഒന്നായിരുന്നു. ക്ലാസ്സുകൾ ഓൺലൈൻ ആയി തുടങ്ങിയാൽ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അത് ലഭ്യമാക്കുമോ എന്ന ആശങ്ക സർക്കാരിന് ലവലേശം ഇല്ലായിരുന്നു. ഇതിനു ഏറ്റവും വലിയ തെളിവാണ് 260000-ത്തിൽ അധികം വിദ്യാർത്ഥികൾക്ക് ടിവി, സ്മാർട്ട്ഫോൺ, ഇന്റർനെറ്റ്, ഡി.ടി.എച്ച് തുടങ്ങിയ ഒരു വിധത്തിൽ ഉള്ള സംവിധാനവും ഇല്ല എന്ന സർക്കാർ തന്നെ പുറത്തു വിട്ട കണക്ക്. മലപ്പുറം, വയനാട് ജില്ലകളിൽ ആയാണ് ഇതിലധികവും വിദ്യാർത്ഥികളും.

വയനാട്ടിൽ മാത്രം 25000ത്തിലധികം വിദ്യാർത്ഥികൾക്ക് ഈ സൗകര്യങ്ങൾ ഒന്നും ഇല്ല. ഈ രണ്ടര ലക്ഷത്തിൽ ഭൂരിഭാഗം പേരും ആദിവാസികളോ ദളിതുകളോ പിന്നോക്ക മേഖലകളിൽ നിന്നുള്ളവരോ ആണ്. നിലനിൽക്കുന്ന സാമൂഹ്യ സാമ്പത്തിക അസമത്വങ്ങളോടൊപ്പം ക്ലാസ്സുകൾ ഓൺലൈൻ ആകുന്നതോടുകൂടി പൊതുവിദ്യാഭ്യാസ മേഖലയിൽ അല്പമെങ്കിലും അവശേഷിച്ചിരുന്ന സാമൂഹ്യ സമത്വം എന്ന ആശയം ഇല്ലാതാവുകയും, ഈ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ കൂടുതൽ സങ്കീർണ്ണമാകുകയും ചെയ്യും. എന്നാൽ അതേസമയം സമൂഹത്തിലെ സമ്പന്ന-വരേണ്യ വർഗ്ഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഒരു തടസവും കൂടാതെ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാനും സാധിക്കും. ഇതിൽ നിന്ന് തന്നെ കേരളത്തിലെ ഇടതുപക്ഷമെന്നു സ്വയം അവകാശപ്പെടുന്ന സർക്കാർ എത്രത്തോളം ഇടതുപക്ഷമാണെന്നും സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ ഉള്ള ജനവിഭാഗങ്ങളോട് അവർ എന്ത് സമീപനമാണ് സ്വീകരിക്കുന്നത് എന്നതും പകൽ പോലെ വ്യക്തമാവുന്നു.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന അവസരത്തെ മുതലെടുത്തുകൊണ്ട് ഡിജിറ്റൽ വിദ്യാഭ്യാസം, ഓൺലൈൻ വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞുകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കുത്തകവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കേന്ദ്ര സർക്കാർ രംഗത്തിറങ്ങി. മെയ് ഒന്നിന് ഔദ്യോദിക പ്രഖ്യാപനവും വന്നു. ഗ്രാമീണ മേഖലയും നഗരപ്രദേശങ്ങളും, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സമ്പന്നനും ദരിദ്രനും, തമ്മിൽ ഡിജിറ്റൽ ഡിവൈഡ് (ഡിജിറ്റൽ അസമത്വം) നിലനിൽക്കുന്ന ഒരു രാജ്യത്താണ് ക്ലാസ്സുകൾ ഓൺലൈൻ ആകുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നത്. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് കേരളസർക്കാർ ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ക്ലാസ്സുകൾ തുടങ്ങിയിട്ടില്ല എന്നത് വിസ്മരിക്കരുത്. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ പ്രഖ്യാപനത്തെ വിമർശിച്ചുകൊണ്ട് സിപിഎം പോളിറ്റ് ബ്യൂറോ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ ഇരട്ടത്താപ്പൻ പിണറായി സർക്കാർ ഇതൊന്നും വകവയ്ക്കാതെ, ഓൺലൈൻ ക്ലാസ്സ് എന്ന വരേണ്യ ആശയത്തിന്റെ രക്തസാക്ഷിയായ ദേവികയുടെ മരണത്തെ പോലും മുഖവിലക്കെടുക്കാതെ മുന്നോട്ടുപോവുകയാണിപ്പോൾ. ദേവികയുടെ മരണത്തിൽ വൻ പ്രതിഷേധം ഉയർന്നുവന്നപ്പോൾ ഇത് ട്രയൽ ആണെന്ന മുട്ടുന്യായം മാത്രമാണ് സർക്കാരിനുണ്ടായിരുന്നത്. ഓൺലൈൻ ക്ലാസ്സിൽ അറ്റെൻഡൻസ് നിർബന്ധം ആക്കരുതെന്ന ലോലൻ നിലപാട് മാത്രം എടുത്തുകൊണ്ട് ഇടതുപക്ഷം എന്ന് സ്വയം അവകാശപ്പെടുന്ന വിദ്യാർത്ഥി സംഘടനകൾ തങ്ങളുടെ കുഴലൂത്ത് തുടർന്നു. ദേവികയുടെ മരണത്തിനു പിന്നിലെ രാഷ്ട്രീയത്തെ തുറന്നുകാട്ടാൻ സാധിക്കാത്ത വിധം ആശയദാരിദ്ര്യവും വിധേയത്വവും ബാധിച്ച യുവജന സംഘടനകൾ ടിവി വിതരണക്കാരായി ചുരുങ്ങി.

ഓൺലൈൻ ക്ലാസ്സുകൾ കേരള സർക്കാർ ഉടൻ തന്നെ നിർത്തിവയ്ക്കുക. കൊറോണയുടെ സാഹചര്യം മുതലെടുത്തുകൊണ്ട് ഓൺലൈൻ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് തീർത്തും അനീതിയാണ്. യഥാർത്ഥ ക്ലാസ്സ് മുറികൾ വിദ്യാർത്ഥികൾക്ക് നൽകുന്ന തുല്യ അളവിലും ഗുണനിലവാരത്തിലുമുള്ള പശ്ചാത്തല സൗകര്യങ്ങൾ ഓൺലൈൻ ക്ലാസുകൾക്ക് പ്രദാനം ചെയ്യാൻ സാധിക്കില്ല. ഓൺലൈൻ ക്ലാസ്സ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പോലും, തുല്യ പശ്ചാത്തല സൗകര്യങ്ങൾ അല്ല നിലവിൽ ഉള്ളത്. സാമൂഹ്യമായും സാമ്പത്തികമായും താഴേക്കിടയിലുള്ളവർക്കും ഭൂമിശാസ്ത്രയപരമായി പിന്നോക്ക മേഖലകളിൽ ഉള്ളവർക്കും വളരെ പരിമിതമായ പശ്ചാത്തല സൗകര്യങ്ങൾ (ടിവി, ഉയർന്ന വേഗതയിൽ ഇന്റർനെറ്റ് കണക്ഷൻ, സ്മാർട്ട്ഫോണുകളുടെ എണ്ണം, അവയുടെ നിലവാരം, മറ്റു ഐസിടി സൗകര്യങ്ങൾ) മാത്രമാണുള്ളത്. എന്നാൽ വരേണ്യർക്കും സമ്പന്നർക്കും ഉയർന്ന പശ്ചാത്തലസൗകര്യങ്ങൾ നിലവിലുണ്ട്. വിദ്യാഭ്യാസ സമ്പ്രദായം മത്സരാധിഷ്ഠിതമായ ഇക്കാലത്തു ഇത് ഗുണം ചെയ്യുക വരേണ്യ വർഗ്ഗത്തിലുള്ളർവർക്ക് മാത്രമാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പുറംതള്ളപ്പെടും എന്നതിനൊപ്പം ലഭ്യമാകുന്നവർക്കിടയിൽ തന്നെ അസമത്വം നിലനിൽക്കും എന്ന് ചുരുക്കം.

അതുകൊണ്ടുതന്നെ എല്ലാവർക്കും തുല്യ പശ്ചാത്തല സൗകര്യം സര്ക്കാര് സംവിധാനങ്ങൾ ഉപയോഗിച്ച് ഒരുക്കിയതിനു ശേഷം മാത്രം ഓൺലൈൻ ക്ലാസ്സ് ആരംഭിക്കുക. സർക്കാരിന് അത് സാധ്യമല്ലെങ്കിൽ കോവിഡ് പ്രതിസന്ധി കഴിയുന്ന കാലം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക. പ്രതിസന്ധി ഘട്ടത്തിന് ശേഷം എവിടെയാണോ അവസാനിപ്പിച്ചത് അവിടെ നിന്നും തുടങ്ങുക. സാമൂഹ്യ പ്രത്യാഘാതങ്ങളും, വിദ്യാർത്ഥികളുടെയും അധ്യാപക സമൂഹത്തിന്റെയും വിദ്യാഭ്യാസ വിദഗ്ധരുടെയും അഭിപ്രായങ്ങളും പരിഗണിക്കാതെ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയത് സ്വകാര്യ മേഖലയുടെയും കുത്തകകളുടെയും കച്ചവടതാല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ്. ദേവികയുടെ രക്തസാക്ഷിത്വം പോലും പിണറായി സർക്കാരിനു തടസമല്ല. മോദി സർക്കാർ നയങ്ങളായിരുന്ന GST, UAPA നിയമം എന്നിവ നടപ്പിലാക്കിയ അതേ ആവേശത്തോടുകൂടിയാണ് മോദിയുടെ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെപ്പോലും പിന്നിലാക്കികൊണ്ട് കേരള സർക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരെ വിദ്യാർത്ഥി സമൂഹം പ്രതിഷേധിക്കുക, ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷൻ പ്രസ്താവനയില്‍ പറയുന്നു.

Click Here