കെ എൻ രാമചന്ദ്രനും തിരുത്തൽവാദ കീറാമാറാപ്പും


_ സി പി ജിഷാദ്

ഇന്ത്യൻ വിപ്ലവ രാഷ്ട്രീയത്തിനേറ്റ അപകടകരമായ ഇടതു വ്യതിയാനമാണ് മാവോയിസം. ആത്മനിഷ്ഠവും അതിസാഹസികവുമായ ഒരു നിഷേധപാതയാണത്. ഇങ്ങനെയെല്ലാം തീർച്ചപ്പെടുത്തി കൊണ്ട് മാവോയിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തെ, നക്സൽബാരി മുതലിങ്ങോട്ടുള്ള അതിന്‍റെ തുടർച്ചകളെയെല്ലാം പരിശോധനാ വിധേയമാക്കുന്ന, 2020 മാർച്ച് ലക്കം പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിച്ച കെ എൻ രാമചന്ദൻ- വിനോദ് കുമാർ രാമന്തളിയുമായി നടത്തിയ അഭിമുഖത്തിലെ നിലപാടുകളോടുള്ള പ്രതികരണമാണ് ഈ ലേഖനം.

മറ്റു പലരും മുൻപ് പല ഘട്ടങ്ങളിൽ ഉന്നയിച്ച വിമർശനങ്ങൾ തന്നെയാണ് കെ എൻ ഇവിടെ ആവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹമിവിടെ ഉന്നയിച്ച ഏതാണ്ടെല്ലാ വിമർശന വിഷയങ്ങൾക്കും മാവോയിസ്റ്റ് നേതാക്കൾ മുൻപ് തന്നെ മറുപടി പറഞ്ഞതുമാണ്. കെ ടി കുഞ്ഞിക്കണ്ണനും കെ രാമചന്ദ്രപ്പിള്ളയ്ക്കുമെതിരെ സഖാവ് കെ മുരളി ഡ്യൂൾ ന്യൂസിൽ എഴുതിയ ‘അവാസ്തവങ്ങളിൽ രമിക്കുന്നവരുടെ ഗവേഷണബുദ്ധി’യെന്ന ലേഖനവും ഏതാണ്ട് നാലു വർഷം മുൻപ്, അധാർമിക വിമർശനത്തിന്‍റെ രാഷ്ട്രീയം എന്ന തലക്കെട്ടിൽ കെ എൻ രാമചന്ദ്രന്‍റെ ഇതേ നിലപാടുകൾക്കെതിരെ പ്രസാധകൻ മാസികയിൽ തന്നെ സഖാവ് രൂപേഷ് എഴുതിയ മറുപടിയും ഈ സമയത്ത് അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു. തന്‍റെ വിമർശനങ്ങൾക്ക് മാവോയിസ്റ്റുകൾ നൽകിയ മറുപടിയെ ഒട്ടും പരിഗണിക്കാതെ മുന്നേ താൻ ഉന്നയിച്ച അതേ വാദഗതികൾ തന്നെ വീണ്ടും ഉന്നയിക്കുന്നത് കൊണ്ടാണ് കെ എൻ രാമചന്ദ്രനെ മേൽ ലേഖനങ്ങൾ വിനീതമായി ഓർമ്മപ്പെടുത്തിയത്.

അഖിലേന്ത്യാ തലത്തിൽ തന്നെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ് കെ എൻ രാമചന്ദ്രൻ. ഏതാണ്ട് നാല്‍പത് വർഷത്തിലധികമായി തുടരുന്ന അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിൽ പല വിപ്ലവ മുഹൂർത്തങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്‍റെ പോരാട്ട വീര്യം ഒടുവിലൊരു അര സിപിഎം നിലപാടിൽ എത്തിച്ചേർന്നതിന്‍റെ ദുരന്ത ചിത്രം കൂടിയാണ് ആ അഭിമുഖം എന്ന് പറയാതെ വയ്യ. അദ്ദേഹം മറയില്ലാതെ തുറന്ന് വിടുന്ന അവസരവാദവും വലതുപക്ഷ വീക്ഷണവും ആശയശാസ്ത്ര ദാരിദ്രവും ഏതൊരു വിപ്ലവകാരിയേയും ജാഗ്രതപ്പെടുത്തേണ്ടതാണ്. നിരന്തരം സ്വയം പുതുക്കാനും തുടർച്ചയായി വിപ്ലവകരമായ നിലപാടിൽ നിലനിൽക്കാനും അതിനായി പൊരുതാനും കഴിയുക എന്നത് എത്ര മാത്രം ശ്രമകരവും ഒഴിച്ച് കൂടാനാവാത്തതും ആണെന്ന ജാഗ്രതപ്പെടുത്തൽ. ആശയ സംവാദങ്ങളിൽ പൊതുവിൽ പുലർത്തേണ്ട സത്യസന്ധതയക്കുറിച്ച് നമുക്കറിയാം. എതിരാളിയുടെ മുന്നിട്ട് നിൽക്കുന്ന നിലപാടുകളെയാണ് അഭിമുഖീകരിക്കേണ്ടത്. അത് വസ്തുതാപരവും വസ്തുനിഷ്ഠവും ആവണം. എന്നാൽ കെ എൻ രാമചന്ദ്രന്‍ ഇതൊന്നും ബാധകമല്ല. കാര്യം നടത്താൻ ഇത്തിരി കടന്ന കയ്യൊക്കെ ആവാമെന്നാവും ചിന്ത. എത്ര വീരവേഷം കെട്ടിയാലും സ്വയം തെളിയുന്ന അവസരവാദം.

ചരിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള എല്ലാ അവസരവാദികളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ശാസ്ത്രീയ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിനെ കപടമായി ചിത്രീകരിക്കാനും കമ്മ്യൂണിസത്തിന്‍റെ പേരിൽ സ്വന്തം അസംബന്ധങ്ങൾ പ്രചരിപ്പിക്കാനും തൊഴിലാളി വർഗ്ഗത്തിന്‍റെയും വിപ്ലവ ജനങ്ങളുടെയും മനസ്സുകളെ ദുഷിപ്പിച്ചുകൊണ്ട് കമ്മ്യൂണിസത്തിന്‍റെ വിപ്ലവ ദിശ മാറ്റിത്തീർക്കാനും ശ്രമിച്ച് പരാജയപ്പെട്ടവർ കമ്മ്യൂണിസ്റ്റ് വിപ്ലവ ചരിത്രത്തിലുടനീളം സജീവമായിരുന്നു. അതിനെയെല്ലാം നേരിട്ട് കൊണ്ടാണ് വിപ്ലവ പ്രസ്ഥാനങ്ങൾ ചിന്തയിലും പ്രയോഗത്തിലും മുന്നേറിയത്.

അർദ്ധസത്യങ്ങളിലും അവാസ്തവങ്ങളിലും മറവികളിലും ഊന്നിയ കെ എൻ രാമചന്ദ്രന്‍റെ വിമർശനം ഇങ്ങനെ സംഗ്രഹിക്കാം; 1950കളുടെ അവസാനത്തോടെ സോവിയറ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് മുതൽ പ്രകടമായ വലതുപക്ഷ വ്യതിയാനത്തിനെതിരെ ചൈനീസ് കമ്മ്യൂണിസ്റ്റ് സ്വന്തം പാർട്ടിക്കകത്തും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തും ആശയസമരം നടത്തി. ചൈനീസ് പാർട്ടിക്കകത്ത് ഡെങ്ങ് അടക്കമുള്ള മുതലാളിത്ത പാതക്കാർക്കെതിരായ മാവോയുടെ സമരം അവരെ അധികാര സ്ഥാപനങ്ങളിൽ നിന്ന് നീക്കാൻ കഴിഞ്ഞെങ്കിലും പുറത്താക്കാനായില്ല. കാരണം ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിരുന്നെങ്കിലും പാർട്ടിക്കകത്ത് മാവോപക്ഷം ന്യൂനപക്ഷമായിരുന്നു. മാവോ മുന്നോട്ട് വെച്ച നിലപാടുകൾ സാംസ്കാരിക വിപ്ലവമായി മാറിയതോട് കൂടി അതിൽ ചില നിഷേധാത്മക പ്രവണതകളും ഉണ്ടായി. വലതുപക്ഷ നേതാക്കൾക്കെതിരായ സമരം നടക്കുന്ന സമയത്ത് തന്നെയാണ് സാംസ്കാരിക വിപ്ലവത്തിനടക്കം ദോഷം ചെയ്ത് ലിൻപിയാവോയുടെ സെക്ടേറിയൻ നിലപാടുകൾ ഉയർന്നു വന്നു. മാവോപക്ഷത്തെയടക്കം പിൻതള്ളിക്കൊണ്ട് 9-ാം പാർട്ടി കോൺഗ്രസ്സോടെ സി.പി.സിയിൽ ലിൻപിയാവോ പക്ഷം പിടിമുറുക്കി. തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും യുഗമെന്ന ലെനിനിസ്റ്റ് നിലപാട് തിരുത്തി തൊഴിലാളി വർഗ്ഗത്തിന്‍റെ പൂർണ്ണ വിജയത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെ സമ്പൂർണ്ണ നാശത്തിന്‍റെയും യുഗമാണെന്ന് പ്രഖ്യാപിച്ചു. ഈ സെക്ടേറിയൻ ശക്തികൾ തന്നെയാണ് നക്സൽബാരിയെക്കുറിച്ചുള്ള വസന്തത്തിന്‍റെ ഇടിമുഴക്കം എന്ന പീക്കിങ്ങ് റിവ്യൂവിൽ വന്ന വിലയിരുത്തലും നടത്തിയത്. അതിൽ പറയുന്നത്, ഇന്ത്യ ഒരു അർദ്ധ ഫ്യൂഡൽ അർദ്ധ കൊളോണിയൽ രാജ്യമാണ്, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ മാവോ ചിന്തയാൽ പ്രേരിതമായി മുന്നേറുകയാണ്. അർദ്ധ ഫ്യൂഡൽ അർദ്ധ കൊളോണിയൽ രാജ്യമായ ഇന്ത്യയിൽ ജനകീയ യുദ്ധത്തിന്‍റെ പാതയാണ് ശരിയായ പാത. നക്സൽബാരി അതാണ്. ഇത്തരം നിലപാടുകളും വിലയിരുത്തലുകളുമെല്ലാം ലിൻപിയാവോ മുന്നോട്ട് വെച്ചതാണ്. ഇത്തരം നിലപാടുകൾ ലോകത്തിലെ മാർക്സിസ്റ്റ് ലെനിസ്റ്റുകളെ ഒട്ടു മൊത്തത്തിൽ സ്വാധീനിച്ചു. ഇത് തൊഴിലാളി വർഗ്ഗ വിപ്ലവ പാർട്ടിയും വിപ്ലവ വർഗ്ഗ ബഹുജന സംഘടനകളും കെട്ടിപ്പടുക്കേണ്ട ശ്രമകരമായ കടമകൾ കയ്യൊഴിഞ്ഞ് വർത്തമാന സാഹചര്യത്തെ ആത്മനിഷ്ഠമായി വിലയിരുത്തുന്നതിലും അതിസാഹസിക നിലപാടുകൾ സ്വീകരിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ എത്തിച്ചു. ഇതിന്‍റെ തുടർച്ചയും ദുരന്ത പൂർണ്ണമായ പര്യവസാനവുമാണ് ഇന്ത്യയിലെ മാവോയിസ്റ്റ് പാർട്ടിയുടെ ചരിത്രവും വർത്തമാനവും. ഇത്തരം തിരിച്ചറിച്ചറിവുകളുടെ അടിസ്ഥാനത്തിൽ സിപിഐ, സിപിഎം അടക്കമുള്ള വലതുപക്ഷ ശക്തികൾക്കും സിപിഐ മാവോയിസ്റ്റ് അടക്കമുള്ള ഇടതു ശക്തികൾക്കുമെതിരെ സൈദ്ധാന്തിക സമരം നടത്തി കെ എൻ, റെഡ് സ്റ്റാര്‍ എന്ന യഥാർത്ഥ ബോൾഷെവിക്ക് പാർട്ടി കെട്ടിപടുക്കുകയാണ്. അത് ഇന്ന് വലിയ പ്രതീക്ഷയായി മാറി കഴിഞ്ഞു. തകർന്ന് കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് വസ്തുതകൾ മനസ്സിലാക്കിവർ അതുപേക്ഷിച്ച് തങ്ങളോടടുക്കുന്നു. ചുരുക്കത്തിൽ 70ൽ സിപിഐ എംഎൽ പ്രസ്ഥാനം മുന്നോട്ട് വെച്ച പരിപാടിയും പൊതു ലൈനും തള്ളികളയുന്ന കെ എൻ തെരഞ്ഞെടുപ്പ് മത്സരവും ചട്ടപടി സമരങ്ങളും ഒക്കെ ആയി പിറകിലേക്ക് നടക്കുകയാണ്. എട്ട് കാലി മമ്മൂഞ്ഞി മോഡൽ അവകാശവാദമൊഴിച്ചാൽ അദ്ദേഹത്തിന്‍റെ രണ്ട് പതിറ്റാണ്ടിലധികമായി തുടരുന്ന ബോൾഷവിക്ക് പാർട്ടി നിർമ്മാണത്തിൽ പ്രതീക്ഷിക്കാനൊന്നുമില്ല. സൈദ്ധാന്തിക വിമർശനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. മാവോയിസം എന്ന് പറയുന്നത് തന്നെ തെറ്റാണ്, ചൈനാ കമ്മ്യൂണിസ്റ്റ് പാർട്ടി മാവോ ചിന്താ എന്നാണ് പറഞ്ഞിരുന്നത് അതുകൊണ്ട് അതെ പറയാൻ കഴിയൂ. ഇത് സാമ്രാജ്യത്വ യുഗമാണ്. യുഗം മാറാത്തത് കൊണ്ട് മാവോയിസം എന്ന് പറയാനാവില്ല തുടങ്ങിയ നിലപാടുകൾ പരിശോധിക്കുന്നതിന് മുൻപ് ലിൻപിയാവോയും ഒൻപതാം പാർട്ടി കോൺഗ്രസ്സ് തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കാം.

ഒരർത്ഥത്തിൽ ക്രൂഷ്ചേവിയൻ തിരുത്തൽവാദത്തെ തുറന്ന് കാട്ടി മാവോ നടത്തിയ മഹത്തായ സംവാദത്തിന്‍റെ തുടർച്ചയും വികാസവുമായിരുന്നു മഹത്തായ സാംസ്കാരിക വിപ്ലവം. സോഷ്യലിസ്റ്റ് സമൂഹത്തിൽ വിപ്ലവം തുടരുന്നതിന്‍റെ മൂർത്തരൂപമായത് വികസിച്ചു. ഒരുവിധ ഗൂഡാലോചനയുമില്ലാതെ അങ്ങേയറ്റം ജനാധിപത്യപരമായി അത് മുന്നേറി. ലക്ഷകണക്കിന് വിദ്യാർത്ഥികളും യുവാക്കളും തൊഴിലാളികളും കർഷകരും ബുദ്ധിജീവികളും ആ മഹത്തായ കുതിച്ചു ചാട്ടത്തില്‍ അണിനിരന്നു. മാത്രമല്ല ഗ്രാമതലം മുതൽ കേന്ദ്രതലം വരെ ഗ്രസിച്ച മുതലാളിത്ത പാതക്കാരെ അധികാരത്തിൽ നിന്ന് പുറത്താക്കി. അങ്ങനെ ചൈന ആകെ വിപ്ലവകരമായി ഇളകി മറിഞ്ഞ് കൊണ്ടിരിക്കുന്ന ഒരു കാലത്ത്, സാംസ്ക്കാരിക വിപ്ലവത്തിന്‍റെ ഒന്നാം ഘട്ടത്തിന്‍റെ വിജയകരമായ പരിസമാപ്തിയിലാണ് ചൈനീസ് പാർട്ടിയുടെ 9-ാം കോൺഗ്രസ്സ് നടക്കുന്നത്. അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങൾ അതിശക്തമായ സാമ്പത്തിക, രാഷ്ട്രീയ, സൈനിക തിരിച്ചടികൾ തന്നെ നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വിത്യസ്ത വിമോചന പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും ശക്തമായി മുന്നേറുന്ന ഒരു കാലം കൂടിയായിരുന്നു അത്. അങ്ങനെ ആഭ്യന്തരമായും സാർവ്വദേശീയവുമായി തിളച്ചു മറിയുന്ന ഒരു വിപ്ലവ അന്തരീക്ഷത്തിലാണ് ലിൻപിയാവോ മാവോ ചെയർമാനായ പ്രസീഡിയത്തിനു മുന്നിൽ, ഒൻപതാം പാർട്ടി കോൺഗ്രസ്സിൽ റിപ്പോർട്ട് അവതരിപ്പിക്കുന്നത്. യുഗത്തെ തെറ്റായി വിലയിരുത്തിയ ഈ റിപ്പോർട്ട് അംഗീകരിക്കാൻ അന്നത്തെ ലോകാവസ്ഥ ഒരു ഘടകമായിട്ടുണ്ടാവും എന്ന് അനുമാനിക്കാവുന്നതാണ്. മാത്രമല്ല മാവോയെയും സഖാക്കളെയും സംബന്ധിച്ചിടത്തോളം അന്നത്തെ പ്രധാന ലക്ഷ്യം വലതുപക്ഷ ശക്തികളെ പൂർണ്ണമായി തുടച്ച് നീക്കുക എന്നതായിരുന്നു. അതിൽ ഊന്നിയത് കൊണ്ട് തന്നെ അന്ന് അത്ര വെളിവാക്കപ്പെട്ടിട്ടില്ലാത്ത ഇടത് മുഖം മൂടിയണിഞ്ഞ ലിൻപിയാവോയുടെ വലത് നിലപാടുകൾയ്ക്കെതിരെ സമരം ചെയ്യുക പ്രയാസകരമായിരുന്നു. ഒരേ സമയം രണ്ട് പ്രവണതകൾക്കെതിരെ ഒരേ അളവിൽ സമരം ചെയ്താൽ വിജയിക്കുക എളുപ്പമല്ലെന്ന് ആർക്കുമറിയാം. ഡെങ്ങ് അടക്കമുള്ള വലതുപക്ഷ നേതാക്കളെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ മാവോ പക്ഷത്തിനായി.

എന്നാൽ തന്‍റെ താല്‍പര്യങ്ങൾക്കനുസരിച്ച് ഊന്നലുകൾ നടത്തി കാര്യങ്ങളെ വിശദീകരിക്കുന്ന കെ എൻ ഒൻപതാം പാർട്ടി കോൺഗ്രസ്സിനുമപ്പുറത്തേക്ക് കടക്കുന്നില്ലെന്ന് മാത്രമല്ല, ചൈനയിൽ പാർട്ടിക്കകത്തും പുറത്തും അതിശക്തമായി മാവോയുടെ നേതൃത്വത്തിൽ “ലിൻപിയാവോക്കും കൺഫ്യൂഷ്യസിനുമെതിരെ” എന്ന മുദ്രാവാക്യമുയർത്തി നടന്ന സമരത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. എത്രമാത്രം കപടമാണീ സമീപനം. ഇന്ത്യയിലെ ബ്രാഹ്മണ്യം പോലെ ചൈനയിലെ മുഴുവൻ പിന്തിരിപ്പത്വത്തിന്‍റെ അടിത്തറയായ കൺഫ്യൂഷസിന്‍റെ തുടർച്ചയായി ലിൻ പ്പിയാവോയെ നോക്കി കാണുന്ന മാവോയുടെ നിലപാട് ഏറെ ശ്രദ്ധേയമാണ്. ലിൻപിയാവോ അടക്കമുള്ളവർ നിർമ്മിക്കാൻ ശ്രമിച്ച മാവോ ആരാധനയ്ക്കെതിരായ സമരം കൂടിയായിരുന്നു അത്. മാവോയുടെ ഒരു വാക്ക് ആയിരം വാക്കിന് തുല്ല്യമാണെന്ന ലിൻപിയാവോ നിലപാടിനെതിരെ എന്‍റെ ഒരു വാക്കു പോലും ഇയാൾ കേൾക്കുന്നില്ലല്ലോ എന്ന് മാവോ നടത്തിയ പരാമർശനവും പ്രസിദ്ധമാണ്. വാസ്തവത്തിൽ ലിൻപിയാവോ നടത്തിയ അട്ടിമറിശ്രമം പരാജയപ്പെടുകയും തുടര്‍ന്ന് അദ്ദേഹം വിമാനപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷം നടന്ന CPCയുടെ 10-ാം കോൺഗ്രസ്സ്- 9-ാം കോൺഗ്രസ്സ് മുന്നോട്ട് വെച്ച യുഗപ്രശ്നമടക്കമുള്ള നിലപാടുകൾ തിരുത്തുകയും സാമാജ്യത്വത്തിന്‍റെയും തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്‍റെ യുഗം എന്ന നിലപാട് ഉറപ്പിക്കുകയും ചെയ്തു. അതേപോലെ തന്നെ മാവോയുടെ പിൻതുടർച്ചക്കാരനായി ലിൻപിയാവോയെ ഭരണഘടനാപരമായി അവരോധിച്ച നിലപാടും തിരുത്തുകയുണ്ടായി. എന്നാൽ ഒൻപ്പതാം പാർട്ടി കോൺഗ്രസിന്‍റെയും ആ കാലത്ത് കൈകൊണ്ട മുഴുവൻ നിലപാടുകളും തിരുത്തുകയുമുണ്ടായില്ല.

മാത്രമല്ല, നക്സൽബാരിയെ കുറിച്ചടക്കം ആ കാലത്ത് ചൈനീസ് പാർട്ടിയുടേതായി വന്ന നിലപാടുകൾ പരാമർശങ്ങൾ ഒന്നും തള്ളിക്കളഞ്ഞതുമില്ല. മാവോ പക്ഷത്തെ ശക്തരായ നേതാക്കളായിരുന്ന ചിയാംഗ് ചിങ്, ച്യാഗ്ചൂങ്ങ് ച്യാ വോ തുടങ്ങിയവർ ഇടതു മുഖംമൂടിയിട്ട വലതുപക്ഷമായാണ് ലിൻപിയാവോയെ വിലയിരുത്തിയത് എന്നും ഈ സമയത്ത് ഓർക്കാവുന്നതാണ്. ചുരുക്കത്തിൽ കെ എൻ പറയുന്ന പോലെ ലിൻപിയാവോയെ അല്ല മാവോയെയും അദ്ദേഹത്തിന്‍റെ നിലപാടുകൾ ഉയർത്തിപ്പിടിച്ച, പിന്നീട് നാൽവർ സംഘം എന്ന് കുറ്റം വിധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരേയുമാണ് മാവോയിസ്റ്റുകൾ പിന്തുടർന്നത്. ചിയാങ്ങ് ചിങ്ങിന്‍റെ വിപ്ലവസ്വപ്നങ്ങൾ അനശ്വരമാണെന്നാണത് മനസ്സിലാക്കിയത്. ലിൻപിയാവോയുടെ കൃതികളല്ല, ച്യാഗ്ചുംഗ് ച്യാ വോയുടെ ‘ഷാങ്ഹായ് ടെക്സ്റ്റ് ബുക്ക്’ തുടങ്ങിയവയായിരുന്നു പാഠപുസ്തകം. ഇത്തരം യഥാർത്ഥ്യങ്ങൾ വിഴുങ്ങി കൊണ്ടാണ് കെ എൻ മാവോയിസ്റ്റുകളെ ലിൻപിയാവോയിസ്റ്റുകൾ എന്ന് കുറ്റം വിധിക്കുന്നതും സൈദ്ധാന്തിക കസർത്ത് നടത്തുന്നതും.

മാവോയുടെ മരണശേഷം ചൈനയിൽ മുതലാളിത്ത പുനസ്ഥാപനം നടത്തി അധികാരം പിടിച്ചെടുത്ത ഡെങ്ങും കൂട്ടരും മാവോ പക്ഷ നേതാക്കളായ ചിയാങ്ങ്ചിംഗ്, ച്യാങ് ചുങ് ച്യാ വോ, യാവോവെൻ യുവാൻ, വാൻ ഹോങ് വെൻ എന്നിവരെ തുറുങ്കിലടക്കുകയുണ്ടായി. അന്ന് അവരെ ലിൻപിയാവോയുടെ അനുയായികളായ അരാജകവാദികൾ എന്നാണ് ഡെങ് വിശേഷിപ്പിച്ചത്. വലതുപക്ഷവാദിയും മുതലാളിത്ത പാതക്കാരനുമായ ഡെങിന്‍റെയും അതേ പോലെ ലിൻപിയാവോയുടെ ഇടതുമുഖാവരണമിട്ട വലതുപക്ഷ നിലാപാടുകളേയും ചോദ്യം ചെയ്ത യഥാർത്ഥ വിപ്ലവപക്ഷം ലിൻപിയാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെട്ട് തുറുങ്കിലടക്കപ്പെട്ടു. അതേ ചരിത്രമാണിവിടെ മറ്റൊരു വിധത്തിൽ ആവർത്തിക്കുന്നത്. ഡെങ് എപ്രകാരം ലിൻപിയാവോയെ മറയാക്കി മാവോയുടെ വിപ്ലവ നിലപാടുകളെ കുഴിച്ചുമൂടാൻ നോക്കിയോ, അതേരീതി തന്നെയാണ് വസ്തുതാ വിരുദ്ധമായ ഇത്തരം ചാപ്പ കുത്തലുകളിലൂടെ കെ എൻ രാമചന്ദ്രനും ലക്ഷ്യം വെയ്ക്കുന്നത്.

അർദ്ധ കൊളോണിയൽ അർദ്ധ നാടുവാഴിത്ത സാമൂഹ്യ സാമ്പത്തിക ബന്ധങ്ങൾ

മാവോയിസ്റ്റുകൾ അരാജകവാദികളാണെന്ന് ഉറപ്പിക്കാൻ അദ്ദേഹം നടത്തുന്ന ചില സൈദ്ധാന്തിക വിമർശനങ്ങളെ കൂടി പരിശോധിക്കാം. 1947ലെ അധികാര കൈമാറ്റത്തിന് ശേഷം ഇന്ത്യയിലുണ്ടായ മാറ്റങ്ങളെ, കാർഷിക മേഖലയിലടക്കം മുതലാളിത്ത ശക്തികൾ വളർന്ന് വന്നതിനെയെല്ലാം അവഗണിച്ച് അർദ്ധ ഫ്യൂഡൽ അർദ്ധ കൊളോണിയൽ എന്ന നിലപാടാണ് മാവോയിസ്റ്റുകൾ മുന്നോട്ട് വെയ്ക്കുന്നത്. വിപ്ലവ പൂർവ്വ ചൈനയെ പോലെ അവർ ഇന്ത്യയെ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ജനകീയ യുദ്ധത്തിന്‍റെ പാതയിൽ പഴയ ML നിലപാടിൽ തന്നെ തുടർന്നു പോരുന്നു. ഇന്ത്യൻ സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളെ അർദ്ധ കൊളോണിയൽ അർദ്ധ ഫ്യൂഡൽ എന്ന് വിശേഷിപ്പിക്കുന്ന മാവോയിസ്റ്റ് നിലപാട് ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യത്തെ മനസ്സിലാക്കാത്ത ഒന്നാണോ?

ഇത് പരിശോധിക്കുന്നതിന് മുൻപ് കെ എൻ രാമചന്ദ്രൻ ഈ കാര്യത്തിൽ നടത്തിയ മലക്കം മറിച്ചിലുകൾ ആദ്യം പരിശോധിക്കാം. സി.ആർ.സി, സി.പി.ഐ-എം.എല്ലിൽ നിന്ന് തെറ്റി പിരിഞ്ഞ കെ എൻ രാമചന്ദ്രൻ സി.പി.ഐ -എം.എൽ റെഡ് ഫ്ലാഗ് എന്ന സംഘടനക്ക് നേതൃത്വം നൽകി. ഈ സമയത്ത് പീപ്പിൾസ് വാറുമായും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്‍ററുമായും ഐക്യചർച്ചക്ക് മുതിർന്നിരുന്നു. വിദ്യാർത്ഥി മേഖലയിലെ അഖിലേന്ത്യാ കൂട്ടായ്മയായ AIRSFമായും സാംസ്കാരിക മേഖലയിലെ AILRCയുമായും യോജിച്ച പ്രവർത്തനങ്ങൾ നടത്തിയുന്നു. ഇന്ന് കെ എൻ അരാജകവാദികൾ എന്ന് പറയുന്ന ശക്തികളുമായി യോജിപ്പിന്‍റെ സാധ്യതകളെ കുറിച്ച് അണികൾക്കിടയിൽ പറഞ്ഞിരുന്നതായി പലരും ചൂണ്ടി കാട്ടിയിട്ടുണ്ട്. ചുരുക്കത്തിൽ തൊണ്ണൂറുകളുടെ തുടക്കം മുതലാണ് കെ എൻ രാമചന്ദ്രന് പീപ്പിൾസ് വാറും എം.സി.സിയും ഇടതു വിഭാഗീയ സംഘടനകൾ ആയത്. അത്രയും കാലം വലതുപക്ഷമെന്ന് കെ.എൻ വിലയിരുത്തിയ കനുസന്യാൽ വിഭാഗവും ലിബറേഷനുമെല്ലാം യോജിക്കേണ്ട ശക്തിയുമായി. ഈ കാലയളവിലൊന്നും ഈ പാർട്ടികൾ അതുവരെ തുടർന്ന് വന്ന നിലപാടുകളിൽ വലിയ തിരുത്തലോ മാറ്റമോ വരുത്തിട്ടില്ല. പിന്നെ എങ്ങിനെ, എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് കെ എൻ രാമചന്ദ്രന്‍റെ ഈ സമീപനമാറ്റം?

ഈ ചോദ്യത്തിന് ഒറ്റ ഉത്തരമെ ഉള്ളൂ. ഇദ്ദേഹത്തിന്‍റെ യോജിപ്പും വിയോജിപ്പും നിശ്ചയിക്കുന്നത് ആശയ ശാസ്ത്ര പൊരുത്തമൊന്നുമല്ല. മറിച്ച് അതിനെ നിശ്ചയിക്കുന്നത് ഉള്ളതോ ഉണ്ടെന്ന് തോന്നുന്നതോ ആയ താൽകാലിക മെച്ചങ്ങൾക്ക് വേണ്ടി നടത്തുന്ന അവസരവാദ നീക്കങ്ങളാണ്. അതിന് വേണ്ടി മാത്രം ഒരുക്കുന്ന തത്ത്വങ്ങളാണ്. ഈ അടുത്ത കാലത്താണ് കെ എൻ Red flag പിളർത്തി കനു സന്യാൽ വിഭാഗവുമായി ലയിച്ചത്. ഇന്ന് വീറോടെ വാദിക്കുന്ന, മൂന്ന് പതിറ്റാണ്ടിലധികമായി താൻ തുടർന്ന് വന്ന പുത്തൻ കൊളോണിയൽ സാമൂഹ്യ വ്യവസ്ഥ എന്ന നിലപാട് കയ്യൊഴിഞ്ഞ് അർദ്ധ കൊളോണിയൽ അർദ്ധ ഫ്യൂഡൽ സാമൂഹ്യ വ്യവസ്ഥ എന്ന നിലപാടു മുന്നോട്ട് വെക്കുന്ന കനു സന്യാലുമായി ലയിക്കാൻ വേണ്ടിയായിരുന്നു പ്രധാനമായും പിളർന്നത്. പക്ഷെ പുത്തൻ കോളോണിയൽ നിലപാടുകളെ തള്ളി കെ എൻ പക്ഷം കനു സന്യാലുമായി ലയിച്ചു. മാസങ്ങൾക്കുള്ളിൽ വീണ്ടും പുത്തൻ കൊളോണിയൽ എന്ന നിലപാടിലേക്ക് തന്നെ മടങ്ങി കനു സന്യാലുമായി പിളർന്നു. മാസങ്ങൾക്കുള്ളിൽ എത്ര മലക്കം മറിച്ചിലുകൾ. എന്തെങ്കിലും ഒരു വിശദീകരണം ഈ കാര്യങ്ങൾക്ക് കെ എൻ രാമചന്ദ്രന്‍റെ അഭിമുഖത്തിലെവിടെയെങ്കിലും കാണാനാവുമോ? ഇല്ല. ഇതാണ് കെ എൻ രാമചന്ദ്രന്‍റെ തത്വ വിചാരം. എന്തെങ്കിലുമൊരു ഗൗരവമതിനുണ്ടെന്ന് കരുതുക പ്രയാസമാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി മാവോയിസ്റ്റുകൾ ഇത്തരം നിലപാടുകളിൽ നിലകൊള്ളുന്നത് സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങളെ കാണാത്തത് കൊണ്ടല്ല. മറിച്ച് വസ്തുനിഷ്ഠ സാഹചര്യത്തെ ശരിയായി വിശകലനം ചെയ്യുന്നത് കൊണ്ടാണ്. കെ എൻ രാമചന്ദ്രൻ ഏറെ പരിഹസിക്കുന്ന സഖാവ് കെ മുരളിയുടെ ‘ഭൂമി ജാതി ബന്ധനം’ എന്ന പുസ്തകത്തിലും, കെ എൻ പേര് മറന്ന് പോയ സഖാവ് സാകേത് രാജന്‍റെ പുസ്തകത്തിലുമെല്ലാം അർദ്ധ കൊളോണിയൽ അർദ്ധ നാടുവാഴിത്ത സാമൂഹിക സാമ്പത്തിക ബന്ധങ്ങളെ കുറിച്ച് ചരിത്രപരമായി വിശദമായ പരിശോധന നടഞ്ഞുന്നുണ്ട്. അതിലെ വിശകലനങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാവാതെ വ്യക്തിപരമായ ചില പരാമർശങ്ങൾ നടത്തുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലെ മുതലാളിത്തത്തിന്‍റെ സ്വഭാവവും വികാസവും നിർണയിച്ചത് ലോകത്തിൽ തന്നെ മുതലാളിത്തപരമായി ഏറ്റവും വികസിച്ച ഒരു വിദേശ രാജ്യത്തിന്‍റെ കോളനി വാഴ്ചയും അർദ്ധനാടുവാഴിത്ത സമ്പദ്ഘടനയുടെ ആധിപത്യവുമാണ്. സാമ്പത്തികമായും രാഷ്ട്രിയമായും സൈനികവുമായും ഏറെ മുന്നേറിയ ഒരു വിദേശ ശക്തിയും ഒരു പിന്നോക്ക സമ്പദ്ഘടനയും തമ്മിലുള്ള പ്രതിപ്രവർത്തനത്തിൽ നിന്നുമാണ്. ശക്തമായ ബ്രിട്ടീഷ് മൂലധനത്തിന് അനുസൃതമായതും നാടുവാഴിത്ത താല്‍പര്യങ്ങളോട് ബന്ധപ്പെട്ടും വളർന്നു വന്നതുകൊണ്ട് ഇന്ത്യയിലെ വൻകിട മുതലാളി വർഗ്ഗത്തിന് സ്വതന്ത്ര രാജ്യങ്ങളിലെ മുതലാളി വർഗ്ഗത്തിൽ നിന്നും വ്യത്യസ്തമായ സാമ്പത്തിക സാമൂഹിക രാഷ്ടിയ സ്വഭാവങ്ങൾ ഉണ്ടായി. ഇന്ത്യൻ ബൂർഷ്വാസി ദേശീയമെന്നും ദല്ലാൾ എന്നും രണ്ടായി വിഭജിച്ച് കിടക്കുന്നു. ഇന്ത്യൻ വൻകിട ബൂർഷ്വാസി, ദല്ലാൾ ഉദ്യോഗസ്ഥ മേധാവിത്ത മുതലാളിത്ത വർഗ്ഗമാണ്. അത് സാമ്രാജ്യത്യ മൂലധനവുമായി കൂട്ടുസംരംഭത്തിൽ ഏർപ്പെടുന്ന വ്യവസായ മുതലാളി വർഗ്ഗമാണ്. അത് സാമ്രാജ്യത്വ മൂലധനത്തിന്‍റെ താല്‍പര്യങ്ങൾ സംരക്ഷിക്കുന്ന അവരുടെ ദല്ലാളാണ്. പകരമായി അവരുടെ പിന്തുണ കിട്ടുന്നവരാണ്. സാമ്രാജ്യത്വം അസംസ്‌കൃത വിഭവകേന്ദ്രങ്ങൾ കൈക്കലാക്കുന്നതും തൊഴിലാളി വർഗ്ഗത്തെ ചൂഷണം ചെയ്യുന്നതും ദല്ലാൾ മുതലാളിത്തത്തിന്‍റെ സഹായത്തോടു കൂടിയാണ്. സമ്പദ് വ്യവസ്ഥയിലും പ്രാദേശിക മാർക്കറ്റുകളിലും സാമ്രാജ്യത്വ കുത്തക ആധിപത്യം നിലനിർത്തുന്നതിലും മൂലധന നിക്ഷേപം വർധിപ്പിക്കുന്നതിലും ഇവർക്കു താല്‍പര്യമുണ്ട്. സാമൂഹികമായി ദല്ലാൾ മുതലാളിത്ത വർഗ്ഗം വിദേശ മൂലധനവുമായും പ്രാദേശിക നാടുവാഴിത്തമായും ഉറ്റബന്ധം പുലർത്തുന്ന. വിവിധ കാലങ്ങളിൽ തങ്ങളുടെ വിദേശ യജമാനരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ദല്ലാളുകൾ വ്യത്യസ്ത ചരക്കുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ഉദാഹരണത്തിന് ഇപ്പോൾ കേരളത്തിൽ ചർച്ചകൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന സ്പ്രിംങ്‌ളർ വിവാദം. ഈ നാട്ടിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് നൽകിക്കൊണ്ട് ഇത് വളരെ വ്യക്തമായി നമുക്ക് മനസിലാക്കി തരുന്നു. വിദേശ മൂലധനത്തിന്‍റെ ദല്ലാളായി പ്രവർത്തിക്കുകയും സ്വന്തം താല്‍പര്യങ്ങൾ വിദേശ മൂലധനത്തിന്‍റെ താല്‍പര്യങ്ങളോട് ബന്ധിപ്പിക്കലുമാണ് ദല്ലാൾ മുതലാളിവർഗ്ഗത്തിന്‍റെ സ്വഭാവം. പ്രത്യക്ഷത്തിൽ തന്നെ ഇവർ സാമ്രാജ്യത്വത്തിന്‍റെ പാദസേവകരാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ഈ ദാസ്യരായ വർഗത്തെ സാമ്രാജ്യത്വം തീറ്റിപ്പോറ്റുന്നു. ഒരു അർദ്ധ കോളനിയിൽ ദല്ലാൾ മുതലാളിത്തം വ്യാപാര സ്ഥാപനത്തിലായാലും വ്യവസായ സ്ഥാപനത്തിലായാലും സാമ്രാജ്യത്വത്തിന്‍റെ താല്‍പര്യങ്ങൾക്ക് വേണ്ടി പണിയെടുക്കും. അങ്ങനെ സാമ്രാജ്യത്വത്തിന്‍റെ സാമ്പത്തിക, രാഷ്ട്രീയ കടന്നാക്രമണത്തിന് വഴിതുറന്നു കൊടുക്കും ചെയ്യുന്നു. പൂർണമായും സാമ്രാജ്യത്വത്തിന്‍റെ ദല്ലാളായി പ്രവർത്തിക്കുകയും അവരുടെ വിഭവചൂഷണത്തിനും അതുവഴി നമ്മുടെ മേൽ അവരുടെ രാഷ്ട്രീയ അധികാരം അടിച്ചേല്‍പ്പിക്കുന്നതിന് ഈ ഭരണവർഗം കൂട്ടിക്കൊടുപ്പ് നടത്തുന്നു. തങ്ങളുടെ സാമ്രാജ്യത്വ സേവവഴി ഒരു അർദ്ധകോളനിയായി നാടിനെ നിലനിർത്തുന്നു. പൊതുവിൽ മാവോയിസ്റ്റ് വിപ്ലവശക്തികൾ ഉയർത്തിപ്പിടിക്കുന്നത് ഈ നിലപാടാണ്, അർദ്ധകോളോണിയൽ അർദ്ധഫ്യുഡൽ സാമൂഹിക സാമ്പത്തിക ബന്ധം തന്നെയാണ് ഇവിടെ നിലനിൽക്കുന്നത്.

സാമ്രാജ്യത്വം അതിന്‍റെ ചൂഷണം ഒരു പുത്തൻ കൊളോനിയൽ അവസ്ഥയിലേക്ക് മാറ്റുകയാണ് ചെയ്തത്. എന്നുവെച്ചാൽ 16-ാം നൂറ്റാണ്ടിനു മുമ്പ് വിവിധകാർഷിക മുന്നേറ്റങ്ങളിലൂടെയും ജാതി വിരുദ്ധ കലാപങ്ങളിലൂടെയും ഉണ്ടായിവന്ന മുതലാളിത്ത പൂർവ്വബന്ധത്തിന്‍റെ സ്വഭാവമുള്ള നെയ്ത്തുകാരുടെയും കരകൗശലക്കാരുടെയും ഗിൽഡുകളുടെയും ഉത്പാദനം കേന്ദ്രീകരിച്ച നഗരങ്ങളെ ആസൂത്രിതമായി തകർത്ത ബ്രിട്ടീഷ് കച്ചവട മൂലധനം ഇവിടെ സ്വാതന്ത്ര്യമായി വളർന്നു വരാൻ കഴിയുമായിരുന്ന മൂലധനത്തെ തകർക്കുക വഴി അർദ്ധ നാടുവാഴിത്തത്തെ ഉറപ്പിച്ചു. കൊളോണിയലിസത്തിന് കീഴിൽ പരിഷ്കരിക്കപ്പെട്ട അർദ്ധ നാടുവാഴിത്തം വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് നിലകൊണ്ട പുത്തൻ കൊളോണിയൽ ചൂഷണത്തിന് കീഴിലും ചില മാറ്റങ്ങളോട് കൂടി തുടരുന്നു. 1947ന് ശേഷം നേരിട്ടുള്ള കോളനീകരണം അസാനിപ്പിക്കുകയും പുത്തൻ കൊളോണിയൽ ചൂഷണത്തിന് ഇവിടുത്തെ ദല്ലാൾ ബൂർഷാസിയും നാടുവാഴിത്തവും പൂർണ്ണ പിന്തുണ നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നു. സാമൂഹികമായി ദല്ലാൾ മുതലാളിത്ത വർഗ്ഗം വിദേശ മൂലധനവുമായും പ്രാദേശിക നാടുവാഴിത്തമായും ഉറ്റബന്ധം പുലർത്തുന്നു എന്നത് മുകളിൽ പറഞ്ഞല്ലോ.

കെ എൻ പറയുന്നത് കേരളത്തിലും പഞ്ചാബിലും മറ്റും കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ മുതലാളിത്തം ഉണ്ടാക്കിയെന്നാണ്. ഭൂപരിഷ്കരണവും മറ്റുമാണ് അദ്ദേഹം ഇതിനുവേണ്ടി പൊക്കിപ്പിടിക്കുന്നത്. ഒരു ഉദാഹരണം എന്ന നിലക്ക് നമുക്ക് കേരളത്തെ എടുക്കാം, ഭൂപരിഷ്‌കരണവും. കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ ഉയർന്ന ജീവിതനിലവാരം, മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ, പൊതു ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിവയിൽ മുന്നിട്ടു നിൽക്കുന്നു. പേരിനു മാത്രം പുതിയ മൂലധന നിക്ഷേപം, വളരെ ചെറിയ വ്യാവസായിക ഉത്പാദനം എന്നീ കാര്യങ്ങളിലും ഏറെ മുന്നിൽ തന്നെയാണ്. കേരളത്തിലെ ഭൂപരിഷ്കരണം കൃഷിഭൂമിയെ 2 ആക്കി തിരിക്കുന്നു, (81,82 വകുപ്പുകൾ പ്രകാരം) കൃഷിഭൂമിയെന്നും തോട്ടംഭൂമിയെന്നും. അഞ്ചു അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കർ കൃഷിഭൂമി കൈവശം വെക്കാം. അംഗങ്ങൾ കൂടുമ്പോൾ ഏക്കറിന്‍റെ വലിപ്പവും കൂടും . 81-ാം വകുപ്പ് പ്രകാരം തോട്ടംഭൂമിയും സ്വകാര്യ വനഭൂമിയും ഭൂപരിഷ്കരണത്തിന്‍റെ പരിധിയിൽ വരില്ല . ഇവിടെയാണ് അതിന്‍റെ തന്ത്രം. ഉദാഹരണത്തിന് ഒരാൾക്ക് 100 ഏക്കർ ഭൂമി ഉണ്ടെങ്കിൽ അയാൾക്ക് 15 ഏക്കർ കൃഷിഭൂമി കൈവശം വെക്കാം. ഈ നിയമത്തിലെ 82-ാം വകുപ്പ് അനുസരിച്ച് ബാക്കി ഭൂമി മിച്ചഭൂമിയായി സർക്കാരിന് നൽകണം. പക്ഷെ സ്വകാര്യ വനത്തിനും തോട്ടത്തിനും പരിധിയില്ലാത്തതിനാൽ അയാൾക്ക് ബാക്കി 85 ഏക്കർ കൈവശം വെക്കാം. 82-ാം വകുപ്പിൽ പറയുന്നത് പോലെ പുതിയ തോട്ടങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടെങ്കിൽ ഗസറ്റിൽ പരസ്യം നൽകിയാൽ മതി. അതുവഴി ഇവിടുത്തെ സവർണ്ണ ഭൂപ്രഭുക്കൾക്ക് ഒരു തുണ്ട് ഭൂമിപോലും നഷ്ടമായില്ല. ഇവിടുത്തെ ദരിദ്ര ഭൂരഹിത ജനത ഇന്നും അതുപോലെ തന്നെ തുടരുന്നു.

ബ്രിട്ടീഷ് ആധിപത്യ കാലത്തായിരുന്നു കേരളത്തിൽ ആദ്യമായി തോട്ടങ്ങൾ വലിയ തോതിൽ ഉണ്ടായി തുടങ്ങിയത്. നിസാര വിലക്കും നിസാരമായ നികുതി ഈടാക്കിയുമാണ് ഇവിടുത്തെ ഭൂമി രാജവാഴ്ച്ചയും ജന്മിത്വവും സായിപ്പിന് നൽകിയത്. ഭൂമിസർവ്വേ ചെയ്യാനുള്ള ചെലവ് മാത്രം വഹിച്ചുകൊണ്ട് യൂറോപ്യൻ തോട്ടങ്ങൾ ഇവിടെയുണ്ടായി. തിരുവിതാംകൂറിലെ 7ൽ 1 ഭാഗം കൃഷിഭൂമി കണ്ണൻ ദേവന് നൽകിയത് 5000 രൂപക്കാണ്. ബ്രിട്ടീഷ് മലബാറിൽ 6 മുതൽ 12 അണവരെയാണ് തോട്ടങ്ങൾക്ക് കരം പിരിച്ചത്. അതേസമയം, കുടിയാൻ ഉല്‍പാദനത്തിന്‍റെ പകുതി കരമായി നൽകണം. തോട്ടം മേഖലയിലേക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടത്തുന്നതിന് ഇവിടുത്തെ അർദ്ധനാടുവാഴിത്തത്തെയാണ് ഇവരും ആശ്രയിച്ചത്. അതിനെ നിയന്ത്രിക്കാൻ ജാതി മർദ്ദന മുറകളും പ്രയോഗിച്ചു. കേരളത്തിലെ ആദ്യ തോട്ടമായ അഞ്ചരക്കണ്ടി തോട്ടം സ്ത്രീകളും കുട്ടികളും അടക്കം 45 പുലയരെയാണ് വിലകൊടുത്തു വാങ്ങിയത്. വള്ളിയൂർകാവിലെ ഉത്സവത്തിന് ആദിവാസികളെ സത്യം ചെയ്യിച്ച് ഒരു വർഷത്തേക്ക് അടിമപ്പണിക്ക് കൊണ്ടുപോയതും, തൊഴിലാളികളെ കണ്ടത്തിയതും കങ്കാണിമാർ വഴിയായിരുന്നു. 1918 വരെ നിലനിന്ന ഈ സമ്പ്രദായത്തിൽ വ്യവസ്ഥകൾ ലംഘിച്ചാൽ ശിക്ഷിക്കാൻ യജമാനന് അവകാശമുണ്ടായിരുന്നു. ഈ സമ്പ്രദായം ഔപചാരികമായി നിർത്തിയെങ്കിലും ഇത് വലിയ മാറ്റങ്ങൾ ഒന്നും കൂടാതെ ഇന്നും നിലനിൽക്കുന്നു.

ഉദാഹരണത്തിന് 1947ന് ശേഷവും ഈ നികുതി സമ്പ്രദായം ആ നിലയിൽ തന്നെ തുടരുന്നു. നെല്ലിയാംപതിയിലെ 10000 ഏക്കർ സർക്കാർ ഭൂമി 1.50 മുതൽ 5 രൂപക്കാണ് സ്വകാര്യ തോട്ടങ്ങൾക്ക് നൽകിയത്. ടാറ്റയ്ക്ക് ഇടുക്കിയിൽ 58,583 ഏക്കർ തോട്ടം പാട്ടത്തിന് നൽകിയത് 50 രൂപക്കാണ് എങ്കിൽ., സർക്കാർ ഉടമസ്ഥയിലുള്ള പ്ലാന്‍റേഷൻ കോർപറേഷൻ ഏക്കറിന് 520 രൂപയാണ് നികുതി നൽകിയത്. ഈ മേഖലയിലെ തൊഴിലാളികളുടെ അവസ്ഥയും ഒട്ടും മാറിയിട്ടില്ല. പെമ്പിളൈ ഒരുമൈ സമരത്തിന്‍റെ ഭാഗമായി ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ്. അവസാനം ഉണ്ടായ പ്രളയത്തിൽ കൊല്ലപ്പെട്ട മനുഷ്യരും അവർ ജീവിക്കുന്ന പാടികളുടെ അവസ്ഥയും നമ്മൾ കണ്ടു. ചുരുക്കത്തിൽ ഭൂപരിഷ്‌രണത്തിന് ശേഷം ഇവിടെ രൂപപ്പെട്ടത് കൃഷിയിൽ താല്‍പര്യമില്ലാത്ത ഭൂഉടമസ്ഥതയും, ഭൂമി ഒരു ഉൽപ്പാദനോപാധി എന്ന നിലയിൽ നിന്ന് മാറി ഒരു ആസ്തിയും നാട്ടു പ്രമാണിത്തത്തിന്‍റെ പ്രധാനഘടകവുമായി നിലനിൽക്കുന്നു. കോളിനികളിലെ ദളിത് ജീവിതങ്ങളും പാടികളിലെ ബന്ധിത ഭൂരഹിത ജീവിതവും ഇന്നും ശക്തമായി തുടരുന്ന ജാതീയ വംശീയ സ്ത്രീ വിരുദ്ധ ആക്രമണങ്ങളും വർധിക്കുകയാണുണ്ടായത്. പാട്ടകൃഷി, ഇവിടെ ഇന്നും പ്രബലമായ സാമ്പത്തികേതര വിധേയത്വ ബന്ധങ്ങൾ ആയി തുടരുന്നു. ഇവയെല്ലാം അർദ്ധ നാടുവാഴിത്തത്തിന്‍റെ പ്രകടിതമായ രൂപങ്ങളല്ലാതെ മറ്റെന്താണ്?

ഇലക്ഷനും അവസരവാദവും

കഴിഞ്ഞ 73 വർഷമായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇലക്ഷനുകൾ ഈ രാജ്യത്ത് എന്തു തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്? ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം ദിനംപ്രതി വർധിപ്പിക്കുകയും ചെയ്യ്തുകൊണ്ടിരിക്കുന്നു.

സിപിഐ-എംഎൽ റെഡ്സ്റ്റാറിന്‍റെ പാർട്ടി പരിപാടി പാർലമെന്‍ററി സംവിധാനത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു, അഴിമതി ഇന്ന് പ്രതിരോധം, പോലീസ്, തെരഞ്ഞെടുപ്പ് വ്യവസ്ഥ മുതൽ കോടതി വരെ പടർന്നിരിക്കുന്നു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇതിന്‍റെ ഭാഗമാണ്. അതേസമയം 2019ൽ നടന്ന 19-ാം ലോക്‌സഭാ ഇലക്ഷനിൽ തങ്ങളുടെ മാനിഫെസ്റ്റോ ഒരു ജനപക്ഷ വികസന പരിപാടിയെ അടിസ്ഥാനമാക്കി ബിജെപിയെ പരാജയപ്പെടുത്തുക, ജനകീയ ബദലിനായി ഇലക്ഷനിൽ ഇടപെടുക എന്നും പറയുന്നു. ഇത് 18-ാം ലോക്സഭാ ഇലക്ഷന് ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പോലെ കള്ളപ്പണം പിടിച്ചെടുക്കുകയും ഓരോ പൗരനും 15 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുക്കും പോലുള്ള കാലാകാലമായി ഇവിടുത്തെ ഭരണവർഗ്ഗ പാർട്ടികൾ നടത്തുന്ന വാഗ്ദാന പരമ്പരകളുടെ തുടർച്ചയല്ലാതെ റെഡ്സ്റ്റാറിന്‍റെ ഇലക്ഷൻ മാനിഫോസ്റ്റയിൽ മറ്റൊന്നുമില്ല. പൂർണ്ണമായും അഴിമതിയിൽ മുങ്ങി നില്‍ക്കുന്നു എന്ന് ഇവരുടെ പാർട്ടി പരിപാടിയിൽ എഴുതിവെച്ച വാക്കുകൾ മുകളിൽ കണ്ടല്ലോ. പിന്നെ എങ്ങനെയാണു റെഡ്സ്റ്റാറിന് അവർ ശക്തമായി തള്ളിപറയുന്ന ഈ സംവിധാനം ഉപയോഗിച്ചുകൊണ്ട് ഒരു ജനകീയ ബദൽ ഉണ്ടാക്കാൻ കഴിയുക? ഇത് തികച്ചും ഇവരുടെ അവസരവാദമല്ലാതെ മറ്റെന്താണ്?

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദിത്വം എന്ന നിലയിൽ നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ മാറ്റിത്തീർക്കുക, സ്വകാര്യസ്വത്തിനെ ഇല്ലാതാക്കുക എന്ന വലിയ ലക്ഷ്യം നടത്തിയെടുക്കുന്നതിന്, വിപ്ലവത്തിന്‍റെ മുഴുവൻ കടമകളും നിർവഹിക്കുന്നതിന് ആവശ്യമായ പരിപാടി ആവിഷ്കരിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും, സായുധശക്തികൊണ്ട് അധികാരം പിടിച്ചെടുക്കുകയും എന്ന മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പരിപാടിയിൽ നിന്നും പിറകോട്ടുപോയ കെ എൻ പരിഷ്കരണവാദത്തിന്‍റെ ചവറ്റുകൊട്ടയിലാണ്. പരിഷ്കരണവാദ പാർട്ടികൾകൊണ്ട് വീർപ്പുമുട്ടുന്ന ഈ നാട്ടിലെ ജനങ്ങൾക്കിടയിൽ സത്യസന്ധമായ പരിഷ്കരണവാദമായി ബഹുജന ലൈനിനെ കെ എൻ വിശദീകരിക്കുന്നു. മറിച്ച് രാഷ്രിയാധികാരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായ വിപ്ലവ യുദ്ധത്തെ സേവിക്കുന്ന ബഹുജനലൈൻ കെ എൻ ബോധപൂർവം മറന്നു കളയുകയും ചെയ്യുന്നു.

തങ്ങളുടെ ഇലക്ഷൻ പങ്കാളിത്തത്തെ ന്യായീകരിക്കുന്നതിന് “ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത “എന്ന ലെനിന്റെ പുസ്തകത്തെ ഉദ്ധരിക്കുന്നു. ഈ പുസ്തകം എഴുതപ്പെട്ട കാലവും ബോൾഷെവിക് പാർട്ടിയുടെ പാർലമെന്ററി അനുഭവങ്ങളും മാറ്റിനിർത്തിക്കൊണ്ട് ഇലക്ഷൻ ബഹിഷ്കരണം ഒരു ഇടതുപക്ഷ വ്യതിയാനമായി ഇവർ ചിത്രീകരിക്കുന്നു. 1920ൽ ആയിരുന്നു ലെനിൻ ഈ കൃതി എഴുതിയത്. അന്നത്തെ റഷ്യൻ അവസ്ഥ, വൈദേശിക ശക്തികളെ പരാജയപ്പെടുത്തി അധികാരം ഉറപ്പിക്കുന്നതിൽ റഷ്യൻ വിപ്ലവം വിജയിച്ചിരിക്കുന്നു. ലോകത്തെമ്പാടും യൂറോപ്പിലും വിപ്ലവത്തിന്‍റെ ഒരു അല രൂപപ്പെട്ടിരിക്കുന്നു. 3-ാം ഇന്‍റര്‍നാഷണല്‍ ഉണ്ടാവുകയും യൂറോപ്പ്യൻ രാജ്യങ്ങളിൽ വിപ്ലവ സ്വഭാവമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ സംഘടിക്കുകയും ചെയ്തു. ഈ പാർട്ടികൾക്ക് ഒന്നും വിപ്ലവ പ്രവർത്തനത്തിൽ ബോൾഷെവിക് പാർട്ടിയെ പോലെ നീണ്ട അനുഭവവും പാരമ്പര്യവുമുണ്ടായിരുന്നില്ല . ലെനിന്‍റെ നേതൃത്വത്തിൽ റഷ്യക്കുള്ളിലും സർവദേശീയമായും തിരുത്തൽവാദത്തിനെതിരെ പൊരുതുകയും സാർ ചക്രവർത്തിയുടെ അടിച്ചമർത്തലിനെ അതിജീവിച്ച് വിപ്ലവപ്രവർത്തനം നടത്തുകയും ചെയ്ത ബോൾഷേവിക് പാർട്ടി മാത്രമാണ് അന്ന് 3-ാം ഇന്‍റര്‍നാഷണലില്‍ ഉണ്ടായിരുന്ന പരീക്ഷിക്കപെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി. റഷ്യൻ വിപ്ലവത്തിന്‍റെ കനത്ത സ്വധീനവും 1-ാം ലോകയുദ്ധത്തിന് ശേഷമുണ്ടായ തകർച്ചയും വിപ്ലവത്തിന് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിച്ചുവെങ്കിലും പുതിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തെഴിലാളികളുടെ മുന്നണി വിഭാഗങ്ങൾക്ക് ഇടയിൽ കാര്യമായ സ്വാധിനമുണ്ടാക്കാനായില്ല. സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നുവെങ്കിലും അതിന് ആവശ്യമായ രാഷ്ട്രീയ സംഘടന തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും തൊഴിലാളികൾക്ക് ഇടയിൽ മുന്നിട്ടു നിൽക്കുന്ന വിഭാഗത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല . ഈ സാഹചര്യത്തിലാണ് ലെനിൻ ഈ പുസ്തകം എഴുതുന്നത്. വിപ്ലവത്തിന്‍റെ  തെയ്യാറെടുപ്പിന്‍റെ പ്രശ്നത്തെ അവഗണിക്കുകയും അതിന് ആവശ്യമായ അടവുകളെക്കുറിച്ച് ഗൗരവത്തിൽ പരിശോധന നടത്തുകയും ചെയ്യാത്ത ഈ പ്രവണത തെരഞ്ഞടുപ്പിൽ പങ്കെടുക്കുന്നത് മാത്രമല്ല സംഘടന നിർമാണവും നേതൃത്വ പരിശീലനം പോലും നിഷേധിക്കുന്നു.

അതിന്‍റെ അഭിലാഷങ്ങൾ തീർത്തും വിപ്ലവകരമായിരുന്നുവെങ്കിലും അത് യാഥാർഥ്യമാക്കുന്ന ബൗദ്ധിക നീക്കങ്ങളിൽ അല്ല മറിച്ച് തീവ്രമായ വാഗ്ദാനങ്ങൾ നല്‍കുന്നതിലാണ് മുഴുകിയത്. അത് പഴയ തിരുത്തൽവാദവും പരിഷ്കരണവാദവും അതിന്‍റെ മെല്ലെപ്പോക്കും വഞ്ചന എന്ന് വിമർശിച്ചു. അതിന്‍റെ മനോഘടനയുമായി യോജിച്ചുകൊണ്ട് വിപ്ലവം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികളിലും അടവുകളിലുമാണ് ലെനിൻ ഊന്നിയത് . തിരെഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് അതിന്‍റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും തിരഞ്ഞെടുപ്പിലൂടെ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന പരിഷ്കരണ പാർട്ടികളുടെ തനിനിറം അനുഭവത്തിലൂടെ പഠിപ്പിക്കാൻ ജനങ്ങളെ നയിക്കുന്നതിലും അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന വിപ്ലവ സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് അധികാരം പിടിച്ചെടുക്കാനുമുള്ള അന്തിമ സായുധസമരത്തിനായി എത്രയും പെട്ടന്നു ഒരുങ്ങാനുമാണ് ലെനിൻ ഇത് ചെയ്തത് എന്ന് ഈ പുസ്തകം വായിക്കുന്ന ആർക്കും മനസിലാക്കാം. റഷ്യൻ സാഹചര്യത്തെ മാത്രം മുൻനിർത്തിയാണ് ലെനിൻ ഇത് എഴുതിയത്, ഒരു കാലത്തും ബൂർഷ്വാ പാർലമെന്‍റും അതിന്‍റെ തിരഞ്ഞെടുപ്പുകളും ഇല്ലാത്ത റഷ്യയെയും പാർലമെന്‍ററി അനുഭവമുള്ള ഇതര യൂറോപ്യൻ രാജ്യങ്ങളും തിരുത്തൽവാദ നേതൃത്വത്തെയും സംഘടനകളെയും ലെനിൻ ഒരേപോലെ പരിഗണിച്ചത് തെറ്റാണ് എന്ന് പിന്നിട് വിമർശിക്കപ്പെട്ടു. എന്നാൽ യുദ്ധവിരുദ്ധ പ്രചാരത്തിന് പരിമിതമായ തെരഞ്ഞടുപ്പ്‌ വേദികൾ ഉപയോഗിച്ചു എങ്കിലും ബോൾഷെവിക്കുകൾ കൃത്യമായും രഹസ്യ പാർട്ടിയെ ആശ്രയിച്ചാണ് സംഘടിതരായതും മുഴുവൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്തിയതും . ചരിത്രപരമായ എല്ലാ വസ്തുതകളെയും അനുഭവങ്ങളെയും നിഷേധിച്ചുകൊണ്ട് ആർക്കും ഒരു മുന്നോട്ട് പോക്ക് സാധ്യമല്ല.

Reference
* ഭൂമി ജാതി ബന്ധനം, തിരഞ്ഞെടുപ്പും കമ്മ്യൂണിസ്റ്റുകളും – അജിത്ത് (കെ മുരളി )
* കേരള ഭൂപരിഷ്കരണ നിയമം: മാർക്സിസ്റ്റുകൾ തൊഴിലാളികളെ വഞ്ചിച്ച ചരിത്രം -മുന്നണിപ്പോരാളി
* ബേസിക് അണ്ടർസ്റ്റാന്‍റിങ് ഓഫ് ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി
* സിപിസി 9, 10- പാർട്ടി കോൺഗ്രസിന്‍റെ റിപ്പോർട്ടുകൾ
* ഇന്ത്യയിലെ വൻകിട ബൂർഷ്വാസി -സുനിതി കുമാർ ഘോഷ്
* അധാർമ്മിക വിമർശനത്തിന്‍റെ രാഷ്ട്രീയം – രൂപേഷ്
* സി.ആര്‍.സി തിരുത്തൽവാദത്തിന്‍റെ നാരായ വേരുകൾ – 1993ലെ കേരള കമ്മ്യൂണിസ്റ്റ്‌ പാർട്ടി രേഖകൾ
* സി.ആര്‍.സി തിരുത്തൽവാദത്തിന്‍റെ നാരായ വേരുകൾ 2 – രാഷ്ട്രീയ അധികാരത്തിനുള്ള സമരവും ട്രേഡ് യൂണിയൻ – ബഹുജന സമരങ്ങളും, കേരള കമ്മ്യൂണിസ്റ്റ്‌ പാർട്ടി (കെ.സി.പി)-മുന്നണിപ്പോരാളി

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail