മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ലംഘിച്ചു ആർ.എസ്.എസിന്റെ വംശീയ അജണ്ടയേറ്റെടുത്ത് കേരള പി.എസ്.സി
കോവിഡ്-19 പരത്തുന്നത് തബ്‌ലീഗ് ആണെന്ന ആർ.എസ്.എസ് വംശീയ അജണ്ടയേറ്റെടുത്ത് കേരള പി.എസ്.സി. “രാജ്യത്തെ നിരവധി പൗരൻമാർക്ക് കോവിഡ്-19 ബാധയേൽക്കുവാൻ കാരണമായ തബ്‌ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീൻ (ന്യൂഡൽഹി)” എന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക ബുള്ളറ്റിൻ ആരോപിക്കുന്നത്. ഒരു മാസത്തെ സംഭവങ്ങൾ ചുരുക്കി പറയുന്ന ബുള്ളറ്റിനിലെ സമകാലികം പംക്തിയിലാണ് ആർ.എസ്.എസിന്റെ വംശീയ ആരോപണം പകർത്തി വെച്ചിരിക്കുന്നത്.
ഇന്ത്യയിൽ കോവിഡിന് കാരണം ഡൽഹി മർക്കസ് നിസാമുദ്ദിനിലെ തബ്‌ലീഗ് സമ്മേളനമാണ് എന്ന് ആരോപിക്കുന്ന ആർ.എസ്.എസ് മാഗസിൻ ഓർഗനൈസർ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിൽ തബ്‌ലീഗ് വൈറസ് എന്നാണ് കൊറോണയെ കുറിച്ച് പരാമർശിച്ചിരുന്നത്. മുസ്‌ലിം സമൂഹത്തെ പ്രതിസ്ഥാനത്ത് നിർത്തി കൊറോണ ജിഹാദ്, തബ്‌ലീഗ് കോവിഡ്, പ്രഭവകേന്ദ്രം തുടങ്ങിയ പ്രയോഗങ്ങളുമായി മനോരമ, ദേശാഭിമാനി, 24 ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആർ.എസ്.എസ് പ്രചാരണം കൊഴുപ്പിച്ചു. ദ ഹിന്ദു പത്രവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആർ.എസ്.എസ് പ്രചരണത്തെ പിന്തുണക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കോവിഡ് പരത്തുന്നത് മുസ്‌ലിങ്ങൾ എന്നാരോപിച്ചു ഇന്ത്യയിലെ പലഭാഗങ്ങളിലും മുസ്‌ലിങ്ങൾക്കെതിരെ ആക്രമണങ്ങളുണ്ടായി.
ഉത്തര്‍ പ്രദേശിലെ ബിജെപി സർക്കാർ തബ്‌ലീഗ് പ്രവർത്തകരെ ദേശസുരക്ഷാ നിയമവും എപിഡെമിക് ആക്ടും ചുമത്തി ജയിലിലടച്ചു. ഇവരിൽ ഒരു പ്രവർത്തകൻ കഴിഞ്ഞ ദിവസം ജയിലിൽ വെച്ച് മരിച്ചു. പൊതുബോധത്തിൽ അത്രയും സ്വാധീനമുണ്ടാക്കിയ സംഘ് പരിവാർ പ്രചരണം ഇപ്പോൾ കേരള സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സിയും ഏറ്റെടുത്തു പ്രചരിപ്പിക്കുകയാണ്. ഭരണകക്ഷിയായ സിപിഎമിന്‍റെ മുഖപത്രവും തബ്‌ലീഗിനെ കോവിഡിന്‍റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മുഖ്യമന്ത്രിക്ക് പരാതികള്‍ അയച്ചുവെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല.
ഇന്ത്യയിൽ കോവിഡ്-19 പടരുന്നതിൽ ഡല്‍ഹിയില്‍ നടന്ന തബലീഗി ജമാഅത്ത് കൺവെൻഷന് പങ്കില്ലെന്ന് ശാസ്ത്രജ്ഞരുടെ കൂട്ടായ്മ Indian Scientists’ Response to Covid-19 (ISRC) വ്യക്തമാക്കിയിരുന്നു. വൈറസ് പടരുന്നതിൽ തബ്‌ലീഗിനാണ് ഉത്തരവാദിത്വം എന്ന അഭ്യൂഹത്തെ ലഭ്യമായ ഡാറ്റകൾ ഒന്നും തന്നെ പിന്തുണക്കുന്നില്ലെന്നും ISRC പറഞ്ഞിരുന്നു. കൊറോണയുടെ ഉറവിടം മുസ്‌ലിങ്ങൾ അല്ലെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. അത്തരത്തിലുള്ള വംശീയ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാണമെന്ന് യു.എസ് ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നു.
വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അസഹിഷ്ണുതയോടെയുള്ള പ്രചരണമഴിച്ചുവിട്ടു വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. “തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നു. ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. അതിനാല്‍ നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണം” മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളാണ് ഇത്. ഈ വാക്കുകളിൽ ഉത്തരവാദിത്വവും ആത്മാർത്ഥതയുമുണ്ടെങ്കിൽ പി.എസ്.സിയിലെ വംശീയവാദികൾക്കെതിരെ മാതൃകാപരവും ഉചിതവുമായ നടപടിയെടുക്കുകയാണ് വേണ്ടത്.
Related Articles
* കോവിഡ്-19; തബ്‌ലീഗിയെ കുറ്റപ്പെടുത്തുന്നതിൽ അടിസ്ഥാനമില്ല; ശാസ്ത്രജ്ഞർ
* തബ്‌ലീഗിനെതിരെ മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി
* തബ്‌ലീഗ് ജമാഅത്തിനെ പിശാചുവൽക്കരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയാജണ്ടകള്‍